ഹൂസ്റ്റൺ: ഇലപ്പച്ചകളിൽ വെയിൽത്തുണ്ടുകൾ നെയ്‌തെടുക്കുന്ന മിഥുനമാസത്തിലെ ഉഷ്ണകാലം വീണ്ടുമെത്തിയിരിക്കുന്നു. വസന്തത്തിന്റെ മധുര സ്മരണകളിൽ നിന്നും വേനലിന്റെ അത്യുഷ്ണത്തിലേക്ക് പ്രകൃതി വഴിമാറുമ്പോൾ, ആ മാറ്റം താൽക്കാലികമായ ചില അസ്വാസ്ഥ്യങ്ങൾ സമ്മാനിച്ചേക്കാം. എങ്കിലും, വീട്ടുപടിയ്ക്കപ്പുറത്തെ കൊച്ചുതോട്ടത്തിലേക്ക് കണ്ണെത്തിക്കുമ്പോൾ ഉള്ളിൽ നിറയുന്നത് വല്ലാത്തൊരു ആനന്ദമാണ്. കൊമ്പുകളിൽ പഴുത്തുപാകമായ പഴങ്ങളും, മാമരങ്ങളിൽ കൂടുകൂട്ടി ചിലയ്ക്കുന്ന വൈവിധ്യമാർന്ന പക്ഷികളും, മരച്ചില്ലകളിലൂടെ ഓടിത്തിമിർക്കുന്ന അണ്ണാറക്കണ്ണൻമാരും ഈ ഗ്രീഷ്മകാലത്തും നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് നമുക്ക് പകർന്നുനൽകുന്നത്.
ഈ ഋതുഭേദങ്ങളുടെ പശ്ചാത്തലത്തിൽ, കലയും സംസ്‌കാരവും സർവോപരി സാഹിത്യവും നെഞ്ചിലേറ്റുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിലെ പ്രിയ അംഗങ്ങൾ പതിവുപോലെ തങ്ങളുടെ പ്രതിമാസ യോഗത്തിനായി സ്റ്റാഫോർഡിലുള്ള 'മസാല ഹട്ട് ' കേരള റെസ്റ്റോറന്റിൽ വീണ്ടുമെത്തി. കനത്ത ഹൂസ്റ്റൺ ചൂടിനും ഇടയ്ക്കിടെ പെയ്തിറങ്ങുന്ന വേനൽമഴയ്ക്കും ഇടിമിന്നലിനും മധ്യേയും, സാഹിത്യ പ്രേമികളായ അംഗങ്ങൾ ഒത്തുചേരുകയും ഹൃദ്യമായ ചർച്ചകളിൽ പങ്കാളികളാവുകയും ചെയ്തു.
മുഖ്യ ചർച്ചാവിഷയം അവതരിപ്പിച്ചത് ചരിത്രകാരനും ഇതിഹാസ ഗവേഷകനുമായ ഡോളി കാച്ചപ്പിള്ളി ആയിരുന്നു. ഭാരതീയ ഇതിഹാസങ്ങളും മറ്റു നാടുകളിലെ സമാന കഥകളിലും പഠനം നടത്തിക്കൊണ്ടിരിക്കയാണ് കാച്ചപ്പിള്ളി. ഭാരതീയ ഇതിഹാസമായ രാമായണം അടിസ്ഥാനപരമായി ഒരു ഇന്ത്യൻ കാവ്യമാണെങ്കിലും, അതിന്റെ ചില ഘടകങ്ങളും കഥാപാത്രങ്ങളും സമാനമായ പ്രമേയങ്ങളും കെനിയ, സുഡാൻ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ വായ്‌മൊഴി പാരമ്പര്യങ്ങളിലും പ്രാദേശിക സാഹിത്യങ്ങളിലും കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവ രാമായണത്തിന്റെ നേരിട്ടുള്ള പുനരാവിഷ്‌കാരങ്ങളല്ല, മറിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള പുരാതനമായ കപ്പൽപ്പാതകളും വ്യാപാരബന്ധങ്ങളും വഴി രൂപപ്പെട്ട ചരിത്രപരമായ സ്വാധീനങ്ങളാണ്.
നമ്മുടെ രാമായണത്തിനു സമാനമായ കഥകൾ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, സുഡാൻ, എത്യോപ്യ തുടങ്ങിയ ദേശങ്ങളിലും ഉണ്ടെന്ന് ഉദാഹരണസഹിതം അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനു വർഷങ്ങളിലൂടെ സംഭവിച്ച കാലാകാലങ്ങളിലൂടെ വിവിധ ജനതകളുടെ സഞ്ചാരങ്ങളിലൂടെയും കുടിയേറ്റങ്ങളിലൂടെയും കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കെനിയ സ്വാഹിലി കവിതകൾ ഒരു ഉദാഹരണമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡവും കിഴക്കൻ ആഫ്രിക്കൻ തീരവും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സമുദ്രവ്യാപാരം കാരണം, സ്വാഹിലി സാഹിത്യത്തിൽ ഇന്ത്യൻ സാംസ്‌കാരിക ശൈലികളുടെ വലിയ സ്വാധീനമുണ്ട്. 1728ൽ എഴുതപ്പെട്ട സ്വാഹിലി ഭാഷയിലെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കാവ്യങ്ങളിൽ ഒന്നായ 'ഉതെൻസി വാ തമ്പുക' എന്ന കൃതിയിൽ പറയുന്ന വീരഗാഥകളും, തട്ടിക്കൊണ്ടുപോകലുകളും, സാഹസികാന്വേഷണങ്ങളും രാമായണം പോലുള്ള ആഫ്രോയൂറേഷ്യൻ ഇതിഹാസങ്ങളുമായി ഏറെ സാമ്യമുള്ളവയാണ്.
പടിഞ്ഞാറൻ, വടക്കൻ സുഡാൻ പ്രദേശങ്ങളിലെ വായ്‌മൊഴി കഥകളിലും പ്രാദേശിക നാടോടിക്കഥകളിലും രാമായണത്തിന് സമാനമായ പ്രധാന കഥാതന്തുക്കൾ കാണാം. ഉദാഹരണത്തിന്, വിശ്വസ്തയായ ഒരു ഭാര്യയെ ഒരു അന്യദേശ മന്ത്രവാദി തട്ടിക്കൊണ്ടുപോകുന്നതും, അവളെ രക്ഷിക്കാൻ ഭർത്താവ് നടത്തുന്ന കഠിനമായ പോരാട്ടങ്ങളും അന്വേഷണങ്ങളും ഇതിന് ഉദാഹരണമാണ്. ചെങ്കടൽ പാതകൾ വഴി പുരാതന സാമ്രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന പങ്കുവെക്കപ്പെട്ട പുരാണ പശ്ചാത്തലങ്ങളിൽ നിന്നാണ് ഇത്തരം കഥകൾ രൂപപ്പെട്ടത്.
പരമ്പരാഗത എത്യോപ്യൻ ചരിത്രമനുസരിച്ച്, അവിടുത്തെ ഭരണാധികാരികൾ തങ്ങളെ 'കുഷിന്റെ' വംശപരമ്പരയായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ വേദങ്ങളിലും പുരാണങ്ങളിലും ശ്രീരാമന്റെ ഇരട്ടക്കുട്ടികളിൽ ഒരാളുടെ പേര് 'കുശൻ' എന്നാണ്. ഈ സമാനത മുൻനിർത്തി, എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌ലി സെലാസി എത്യോപ്യക്കാർക്കും ശ്രീരാമന്റെ വംശപരമ്പരയ്ക്കും തമ്മിൽ പുരാതനമായ ഒരു ചരിത്രബന്ധമുണ്ടെന്ന് ഔദ്യോഗികമായി നിരീക്ഷിച്ചിട്ടുണ്ട്.
ചരിത്രവും ശാസ്ത്രവും ഭാവനയും ലേശം നർമ്മവും കലർത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം കൗതുകകരമായിരുന്നു. മാത്യു വെള്ളമറ്റം, മാത്യു നെല്ലിക്കുന്ന്, കുര്യൻ മ്യാലിൽ, എ.സി. ജോർജ്, ജോർജ് ജോസഫ്, സജി കൊല്ലന്തറ, ബോബി മാത്യു, സുരേന്ദ്രൻ നായർ, ജോൺ മാത്യു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
റൈറ്റേഴ്‌സ് ഫോറത്തിന്റെ മുൻ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട്, മുൻ പ്രസിഡന്റ് സുഗുണൻ ഞെക്കാടിന്റെ സഹധർമ്മിണി ഭവാനി സുഗുണൻ, റൈറ്റേഴ്‌സ് ഫോറത്തിന്റെ അഭ്യുദയകാംക്ഷിയും ഹൂസ്റ്റണിലെ ഒരു സാമൂഹിക പ്രവർത്തകനുമായിരുന്ന ജോസഫ് സി ജോസഫ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കുര്യൻ മ്യാലിൽ രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. സുരേന്ദ്രൻ നായരും ബോബി മാത്യുവും പുസ്തകങ്ങൾ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തിൽ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യു അദ്ധ്യക്ഷനായിരുന്നു. സാഹിത്യ ചർച്ചയുടെ മോഡറേറ്ററായി ജോൺ മാത്യു പ്രവർത്തിച്ചു. ട്രഷറർ മാത്യു വെള്ളമറ്റത്തിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ചെറിയാൻ മഠത്തിലേത്ത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
