പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂർ യുദ്ധരീതിയിൽ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ്. പാകിസ്ഥാൻ ഭീകരവാദികൾ നിരായുധരും നിഷ്കളങ്കരുമായ വിനോദ സഞ്ചാരികളെ വെടിയുതിർത്ത് കൊലപ്പെടുത്തിയപ്പോൾ ഇന്ത്യ തിരിച്ച് ആക്രമിച്ചത് ഭീകര കേന്ദ്രങ്ങളെയാണ്. പാകിസ്ഥാൻ പോറ്റി വളർത്തുന്ന കൊടുംഭീകരരുടെ ആസ്ഥാനങ്ങൾ തകർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
കൃത്യതയാർന്ന ആക്രമണങ്ങളിൽ പാകിസ്ഥാൻ ജനതയ്ക്കോ അവരുടെ വസ്തുവകകൾക്കോ ഒരു പോറലുപോലും ഉണ്ടായില്ല. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ എന്തു ചെയ്തു എന്ന് അന്താരാഷ്ട്ര സമൂഹത്തോട് വിശദീകരിക്കാൻ ജനപ്രതിനിധികളടങ്ങുന്ന നയതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഇന്ത്യ. കോൺഗ്രസ് എം.പിയായ ശശി തരൂരിനെ സംഘത്തിൽ സർക്കാർ ഉൾപ്പെടുത്തിയത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദമായിരിക്കുന്നു. കോൺഗ്രസ് സർക്കാരിന് നൽകിയ പാനലിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ സർവകക്ഷി സംഘത്തിന്റെ തലവനാക്കുകയും ചെയ്തു. പാർട്ടിയോട് ആലോചിക്കാതെയാണ് തരൂർ സർക്കാർ തീരുമാനത്തിന് സമ്മതം മൂളിയത്. ഇത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ പാർട്ടിക്ക് വലിയ തെറ്റു പറ്റിയിട്ടുണ്ട്. തരൂർ പാർട്ടിയുടെ സമ്മതം ചോദിക്കാതെ തീരുമാനമെടുക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ അടക്കം ഒട്ടേറെ വിദേശ നയതന്ത്ര സ്ഥാപനങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള ശശി തരൂരിനെ ഇപ്പോഴത്തെ നയതന്ത്ര സംഘത്തിനുള്ള കോൺഗ്രസ് പാനലിൽ നേതൃത്വം ഉൾപ്പെടുത്തേണ്ടിയിരുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ കാര്യത്തിൽ മാത്രമല്ല, ഇന്ത്യൻ ദേശീയതയെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തിന്റെ നിലപാടാണ് ശശി തരൂർ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യം വലുത് രാഷ്ട്രീയം പിന്നീട് എന്ന നിലപാടാണ് ഏതൊരു ഇന്ത്യൻ പൗരനും സ്വീകരിക്കേണ്ടത്.
ശശി തരൂർ തികഞ്ഞ ദേശാഭിമാനിയാണ്. അതുകൊണ്ടാണ് പലപ്പോഴും രാഷ്ട്രീയം മാറ്റിവച്ച് രാഷ്ട്രത്തിനു വേണ്ടി അദ്ദേഹം സംസാരിക്കുന്നത്. മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്തും ബി.ജെ.പിയുടെ കാലത്തും അദ്ദേഹം ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഓർക്കണം. വിദേശത്തേക്കുള്ള പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നതിന് കോൺഗ്രസ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
ഇങ്ങനെയൊരു സംഘത്തിലേക്ക് പാർട്ടിയുടെ പ്രതിനിധികളെ നിശ്ചയിക്കുമ്പോൾ ഏതൊരു കോൺഗ്രസുകാരന്റെയും മനസിൽ ആദ്യം വരുന്ന പേര് ശശി തരൂരാണ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ എടുക്കുന്ന നിലപാടിനൊപ്പം നിൽക്കുന്ന തരൂർ, സർക്കാരിനെ വിമർശിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കുന്നത്. തരൂരിനെതിരെ നീക്കം നടത്തുന്നവർ ഒരു കാര്യം ആലോചിക്കേണ്ടതുണ്ട്. ശശി തരൂരിന്റെ നിലപാടുകൾ ഇന്ത്യൻ ദേശീയതയ്ക്ക് ഉതകുന്നതായിരിക്കുമെന്ന് ഉറപ്പാണ്.
രാജ്യമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂവെന്ന നാട്ടുചൊല്ല് മാത്രം ഓർത്താൽ മതി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയാണ്. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന ഒന്നും ആ പാർട്ടിയിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഏതെങ്കിലും നേതാവിനെ ഒതുക്കാനുള്ള അവസരമായി കാണരുത്. വിശാലമായ രാജ്യതാൽപ്പര്യത്തിന് മുൻഗണന നൽകണം. അല്ലെങ്കിൽ കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നു പോകും. ജനങ്ങളുടെ മനസിൽ അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ പാർട്ടി ചെയ്യരുത്. ഇത് എതിരാളികൾക്ക് വലിയ ആയുധമാകും.
ശശി തരൂർ ഒരു ജനപ്രതിനിധിയാണ്. ജനങ്ങളെയും രാഷ്ട്രത്തെയും സേവിക്കാൻ അദ്ദേഹത്തിന് അവസരം നൽകിയത് കോൺഗ്രസ് പാർട്ടിയാണ്. അതുകൊണ്ട് എന്തു കാര്യം തീരുമാനിക്കുമ്പോഴും പാർട്ടിയോട് ആലോചിക്കണം. പാർട്ടിയിൽ നിന്ന് അനുമതി നേടിയെടുക്കാൻ നയതന്ത്ര ചാതുര്യമുള്ള നേതാവു കൂടിയാണ് അദ്ദേഹം. പ്രതിനിധി സംഘത്തിനുള്ള പാനലിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ പാർട്ടിയുടെ അന്തസ് ഉയരുമായിരുന്നു.
ജെയിംസ് കൂടൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്