തല താഴ്ത്തില്ല പൂച്ച; മണി കെട്ടാതെ എലികൾ

JULY 2, 2025, 10:52 AM

ഈസോപ്പ് കഥയിൽ 'പൂച്ചയ്ക്കാര് മണി കെട്ടും' എന്നു പരസ്പരം ചോദിച്ച എലികളെ ആത്മവിമർശനത്തോടെ ഓർമ്മിക്കുന്ന നേതാക്കളുടെ എണ്ണം സി.പി.എം കേരള ഘടകത്തിൽ വളർന്നുകൊണ്ടിരിക്കുന്നു: നിലമ്പൂർ ഉപതെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ശേഷം, 'തികച്ചും വ്യക്തിപര'മെന്ന വിശേഷണത്തോടെ ഒരു സി.പി.എം നേതാവ് ഏറ്റു പറഞ്ഞതിങ്ങനെ.
'പാർട്ടിയിലെയും പൊതുവേ നേതൃനിരയിലെയും മൂല്യച്യുതി രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും പ്രകടമാണ്. വെള്ളപൂശലിനായുള്ള അഭ്യാസങ്ങൾ നിഷ്ഫലമാകുന്നതായാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ ആവർത്തിച്ചു നൽകുന്ന സൂചന.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വിവാദങ്ങളുടെ പരമ്പരയോടെ കുടത്തിൽ നിന്ന് പുറത്തു വന്ന ഭൂതങ്ങൾ പാർട്ടിയെ ഇപ്പോഴും വല്ലാതെ ഉലച്ചുകൊണ്ടിരിക്കുന്നു. ഭരണവിരുദ്ധ വികാരം ഇല്ലെന്ന അവകാശവാദം ജനങ്ങൾ സ്വീകരിക്കുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ നിലമ്പൂരിലെ തോൽവിയുടെ മുഖ്യ കാരണം അതു തന്നെയാകാം' : അദ്ദേഹത്തിന്റെ നിരീക്ഷണമിങ്ങനെ.

ഭരണവിരുദ്ധം വികാരം ഉണ്ടായിട്ടില്ലെന്നാണ്, നിലമ്പൂരിലെ പരാജയം സംബന്ധിച്ച സി.പി.എമ്മിന്റെ വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നത്. ഇടതു വോട്ടുകൾ പി.വി. അൻവറിനു ചോർന്നതോടെ യു.ഡി.എഫിന് പരമ്പരാഗതമായി ആധിപത്യമുള്ള മണ്ഡലം അവർ തിരിച്ചു പിടിച്ചതിൽ അത്ര അസ്വാഭാവികത കാണുന്നില്ല പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്. കോൺഗ്രസും മുസ്ലീംലീഗും ഏറ്റവും യോജിച്ചു പ്രവർത്തിച്ചു, ന്യൂനപക്ഷ ഏകീകരണത്തിനു വേണ്ട സോഷ്യൽ എൻജിനീയറിങ് യു.ഡി.എഫ്. നടത്തി, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വിഭാഗങ്ങളുടെ പിന്തുണ അവർ ഉറപ്പാക്കി, ബി.ജെ.പി. വോട്ടുകളും യു.ഡി.എഫ്. സ്ഥാനാർത്ഥിക്കു മറിഞ്ഞു എന്നിങ്ങനെയുള്ള ചില കാരണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

vachakam
vachakam
vachakam

ഈ വിലയിരുത്തൽ ഒരു പരിധിവരെ ശരിയെങ്കിലും വലിയ യാഥാർത്ഥ്യങ്ങൾ തമസ്‌കരിക്കപ്പെടുകയാണെന്ന ചിന്ത പാർട്ടി അണികളിലും പല നേതാക്കളിലും തീവ്രമാണെന്ന സൂചന പുറത്തുവരുന്നുണ്ട്. നിലമ്പൂർ യു.ഡി.എഫിന് പരമ്പരാഗതമായി ആധിപത്യമുള്ള മണ്ഡലം ആണെന്നതും, അവിടെ കോൺഗ്രസ്സും മുസ്ലീംലീഗും യോജിച്ചു പ്രവർത്തിച്ചു എന്നതും, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാതെ ജാഗ്രത പാലിച്ചു എന്നതും ആരും നിഷേധിക്കുന്നില്ല. പക്ഷേ, വസ്തുതാപരമല്ലാത്ത, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വിലയിരുത്തുകളിലൂടെ ജനങ്ങളുടെയും പാർട്ടി അണികളുടെയും കണ്ണിൽ പൊടിയിടാനുള്ള അഭ്യാസത്തിനെതിരെ നിശ്ശബ്ദമായി രോഷം കൊള്ളുന്നു പലരും. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നു പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയർത്തുന്നു അവർ.

ഭരിക്കുന്നവർ തന്നെ 'ഭരണ വിരുദ്ധ വികാരം ഉണ്ടെ'ന്ന് സമ്മതിച്ചാൽ അത് വിനാശകരമാകുമെന്നതിനാലാണ് അക്കാര്യത്തിൽ വിശദീകരണത്തിനു നേതൃത്വം മടിക്കുന്നതെന്നു ചൂണ്ടിക്കാണിക്കുന്നു ചില പ്രവർത്തകർ. ഏറ്റുപറച്ചിൽ ഉണ്ടായാൽ ഭരണാനുകൂല വികാരം തിരിച്ചുപിടിക്കാൻ ആവാതെ വരുമെന്നാണു വാദം. അതേസമയം, സ്വയം വിമർശനത്തിനും തിരുത്തലിനും മടി കാണിച്ച പാർട്ടിയായിരുന്നില്ല സി.പി.എം എന്നും, അപ്രകാരമുള്ള തിരുത്തലുകളിലൂടെ ജനപിന്തുണ തിരിച്ചുപിടിച്ച നിരവധി സ്വന്തം ഉദാഹരണങ്ങൾ പാർട്ടിക്കു ചൂണ്ടിക്കാണിക്കാൻ ഉണ്ടെന്നും ഓർമ്മിപ്പിക്കുന്നു ചിലരെങ്കിലും.
നിലമ്പൂർ എന്ന ഒരു നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വികാരം പോലെ തന്നെയാവണം മറ്റു 139 നിയമസഭാ മണ്ഡലങ്ങളിലും ഉള്ളത് എന്ന് കരുതുക യുക്തിസഹമല്ല.

എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിന്റെ വ്യത്യസ്ത മേഖലകളിൽ നടന്നിട്ടുള്ള നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ സർക്കാരിന് ജനവികാരം അനുകൂലമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 110 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ്. മേൽക്കൈ നേടിയപ്പോൾ 19 സീറ്റിൽ മാത്രമാണ് എൽ.ഡി.എഫ്. മുന്നിൽ എത്തിയത്. 11 ഇടത്ത് മുന്നിൽ ബി.ജെ.പിയുണ്ടായിരുന്നു. ഒരു സർക്കാരിനെ കുറിച്ചുള്ള ജനാഭിപ്രായം മനസിലാക്കാൻ ഇതിനേക്കാൾ ഉചിതമായ ഒരു അളവുകോലുമില്ല.

vachakam
vachakam
vachakam

നിലവിൽ സർക്കാരിനോടുള്ള ജനവികാരം എന്തെന്ന് ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റിയിലും ബ്രാഞ്ച് കമ്മിറ്റിയിലും ഉള്ള പാർട്ടി പ്രവർത്തകർക്ക് കൃത്യമായി അറിയാം. ഭരണ വിരുദ്ധ വികാരമാണതെന്ന് അവർ പരസ്പരം പറയുന്നുമുണ്ട്. എന്നാൽ, പാർട്ടിയുടെ ഏറ്റവും വലിയ നേതാവ് എന്ന് സംസ്ഥാന സെക്രട്ടറി തന്നെ വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനു സുഖിക്കാത്തതൊന്നും പറയാൻ ധൈര്യമുള്ള ഒരാളും ഇന്ന് സി.പി.എമ്മിൽ ഇല്ല. അക്കാരണത്താൽ മാത്രമാണ് ഭരണവിരുദ്ധ വികാരമില്ലെന്ന് പാർട്ടി വിശദീകരിക്കാൻ ശ്രമിക്കുന്നത്. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നതു യാഥാർത്ഥ്യം.

പ്രസംഗവും പ്രവൃത്തിയും നേർവിപരീതമായാൽ അൽപകാലം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഭരണത്തലിരിക്കേ കഴിഞ്ഞേക്കാം. എന്നാൽ, അത് തുറന്നു കാണിക്കാൻ കഴിയുന്ന ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടെങ്കിൽ സാമാന്യജനം തരം കിട്ടുമ്പോൾ പ്രതികരിക്കുമെന്ന കാര്യം ആവർത്തിച്ചു വ്യക്തമായി വരുന്നു വോട്ടെടുപ്പുകളിൽ.എന്നിട്ടും എം.എ. ബേബി 2024ൽ എഴുതിയതുപോലെ സത്യസന്ധവും നിർഭയവും ഉള്ളു തുറന്നതുമായ വിമർശനത്തിലൂടെ മാത്രമേ കേരളത്തിലെ സി.പി.എമ്മിന് നഷ്ടപ്പെട്ട ജനപിന്തുണ ഇനി തിരിച്ചുപിടിക്കാനാവൂ എന്ന വസ്തുത ഉന്നതനേതൃത്വം മനസിലാക്കിയതിന്റെ ലക്ഷണങ്ങൾ ഇപ്പോഴുമില്ലെന്നതു വേറെ കാര്യം.

ആഘാത പരമ്പര

vachakam
vachakam
vachakam

ചേലക്കരയിലെ ഉപ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിലനിർത്തിയപ്പോൾ ഭൂരിപക്ഷത്തിൽ വലിയ ഇടിവ് സംഭവിച്ചു. ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിൽ പോലും പഴയതിൽനിന്നും നില മെച്ചപ്പെടുത്താൻ രണ്ടാം പിണറായി സർക്കാരിന് സാധിച്ചില്ല. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 14329ൽനിന്ന് 25016 ആയി വർധിക്കുകയായിരുന്നു പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 9044ൽനിന്ന് 36454 ആയി ഉയർന്നു. പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഭൂരിപക്ഷം വർധിച്ചത് 3859ൽനിന്ന് 11840 ആയാണ്.

ചേലക്കരയിൽ സീറ്റ് ഭരണ മുന്നണിക്ക് നിലനിർത്താൻ സാധിച്ചപ്പോഴും ഭൂരിപക്ഷം 39400 നിന്ന് 12201 ആയി കുറയുകയായിരുന്നു. അന്തരിച്ച വി.വി. പ്രകാശിനെ 2021ൽ അൻവർ നിലമ്പൂരിൽ പരാജയപ്പെടുത്തിയത് 2700 വോട്ടുകൾക്കായിരുന്നു. അവിടെയാണ് അൻവർ സ്വതന്ത്രനായി മത്സരിച്ച് 19760 വോട്ടുകൾ പിടിച്ചിട്ടും യു.ഡി.എഫിന്റെ ആര്യാടൻ ഷൗക്കത്ത് 11077 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്.

എന്തുകൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ തെളിയിക്കാൻ കഴിയാതെ പോകുന്നത് എന്ന് സി.പി.എം പ്രവർത്തകർ ആശങ്കയോടെ അന്യോന്യം ചോദിക്കുന്ന കാര്യം നേതാക്കളെയും വിറളി പിടിക്കുന്നുണ്ടെന്നതാണു വസ്തുത. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും സി.പി.എം. സംസ്ഥാന നേതൃത്വം സർക്കാരിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പോരായ്മ ഉള്ളതായി വിലയിരുത്തിയിരുന്നില്ല. എന്നാൽ, കേന്ദ്ര നേതൃത്വം പിണറായി ആരാധകർക്ക് അപ്രിയമായ ചില സത്യങ്ങൾ വിലയിരുത്തി. കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോൾ പ്രകാശ് കാരാട്ട് കൊച്ചിയിൽ പറഞ്ഞത് ജനങ്ങളെ മനസിലാക്കാൻ, പ്രത്യേകിച്ച് സാധാരണക്കാരെ മനസിലാക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലെ ചോർച്ച ഗൗരവത്തോടെ കാണണമെന്നും ബംഗാളിലും ത്രിപുരയിലും ഇതാണ് സംഭവിച്ചത് എന്നുമാണ്.

ഭൂതകാല നന്മകളെ ഇറക്കി വർത്തമാനകാല തിന്മകളെ മറയ്ക്കാൻ ശ്രമിച്ചാൽ അതെല്ലാം അന്ധമായി വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉൾപ്പാർട്ടി ചർച്ചകളിലൂടെ തിരുത്താനുള്ള കർത്തവ്യത്തിൽനിന്ന് 'ഒഴിഞ്ഞുമാറിയാൽ' അത് അത്യന്തം വിനാശകരമാണെന്നും സത്യസന്ധവും നിർഭയവും ഉള്ളു തുറന്നതുമായ വിമർശനത്തിലൂടെ മാത്രമേ നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവു എന്നും അന്ന് ലേഖനം എഴുതിയ ആളാണ് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി എം.എ. ബേബി. പിണറായി സർക്കാരിന്റെ മുൻഗണനകളിൽ മാറ്റം വേണമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് അന്ന് എഫ്.ബിയിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രകമ്മിറ്റി വിലയിരുത്തി ചൂണ്ടിക്കാട്ടിയ നിർദേശ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുേെയാ, സർക്കാരിന്റെയോ ശൈലിയിലോ മുൻഗണനകളിലോ സമീപനത്തിലോ പ്രവർത്തനത്തിലോ ഒരു മാറ്റവും ഉണ്ടായില്ല എന്നത് തന്നെയാണ് നിലമ്പൂരിൽ ഇത്ര കനത്ത തിരിച്ചടിക്കുള്ള ഒന്നാമത്തെ കാരണമെന്നത് അനിഷേധ്യം. തദ്ദേശസ്ഥാപനങ്ങൾ വഴി ഈടാക്കുന്ന നികുതിയിലും ഫീസിലും വർധിപ്പിച്ച നിരക്കിൽ ഇളവ് വരുത്തിയത് അല്ലാതെ  സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തിരുത്തൽ നടപടിയും വേറെ ഉണ്ടായിട്ടില്ല.

ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുടനീളം അതിശക്തമാണ്. പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലെ ചോർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാരെ മനസിലാക്കാൻ ഇപ്പോൾ കേരളത്തിലെ സി.പി.എം. നേതൃത്വത്തിന് കഴിയുന്നില്ല. സർക്കാരിന്റെ മുൻഗണനകളിൽ വന്ന മാറ്റമാണ് പ്രധാനം. മറുവശത്ത് യു.ഡി.എഫിന്റെ തലപ്പത്ത് പ്രതിപക്ഷ നേതൃത്വത്തിൽ ഉണ്ടായിട്ടുള്ള പുതിയ ഉണർവും മാറ്റവും യുവാക്കളുടെ ഊർജവും അളക്കുന്നതിലും ഭരണപക്ഷം പരാജയപ്പെട്ടു.

പിണറായി ഭരണം തീവ്ര വലതുപക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ചു പറയുന്നതും, സർക്കാർ പാവങ്ങളുടെ വിഷമം കാണുന്നില്ലെന്ന് പറയുന്നതും, ആശാസമരത്തെ ചേർത്തുപിടിച്ചതും ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയം ബലവത്താണ്, കാലാനുസൃതവും. ആനുകാലിക സി.പി.എം. നയം കൈയൊഴിയുന്ന ഒരു വിഭാഗത്തെ ഒപ്പം നിർത്തുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ആശാസമരത്തെ പിന്തുണച്ചവർ അടക്കം യഥാർത്ഥ ഇടതുപക്ഷക്കാരായ ബുദ്ധിജീവികൾ അടക്കമുള്ളവരുടെ മതിപ്പ് നേടാൻ അതുവഴി പ്രതിപക്ഷത്തിനു സാധിച്ചു.

മറന്ന ഭൂതകാലം

കമ്യൂണിസ്റ്റ് പാർട്ടിക്ക് മർദിത ജനതയ്ക്ക് വേണ്ടി, അവരുടെ വിമോചനത്തിനു വേണ്ടി ധീരമായി പൊരുതിയ ഒരു ഭൂതകാല ചരിത്രമുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യതിചലിച്ച് മുതലാളിത്തത്തിന്റെ എല്ലാ ജീർണതകളിലും അഭിരമിച്ച ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അധികാരം മാത്രം ലക്ഷ്യമാക്കി മത സാമുദായിക വോട്ടുകൾക്കായി അടവുകളും കുതന്ത്രങ്ങളും പയറ്റുമ്പോഴും, മാധ്യമങ്ങൾക്കു മുമ്പിലും പൊതുവേദികളിലും നിന്ന് വർഗീയതയ്‌ക്കെതിരേയും മുതലാളിത്തത്തിനെതിരേയും പ്രസംഗിച്ചാൽ ജനം അത് അപ്പടി വിഴുങ്ങുന്ന കാലം പോയി.അക്കാര്യം ഇനിയും നേതാക്കൾ തിരിച്ചറിയുന്നില്ല. 

സർക്കാരിനും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും ഓഫീസിനും കുടുംബത്തിനും എതിരെ അതിഗുരുതരമായ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നപ്പോൾ തങ്ങൾ അങ്ങനെയൊന്നും ചെയ്യുന്നവരല്ലെന്ന് മേനി പറഞ്ഞതല്ലാതെ ഒരു വിഷയത്തിന്റെയും കാമ്പിലേക്ക് കടന്ന് യുക്ത്യധിഷ്ഠിതമായി നിഷേധിക്കാൻ സർക്കാരിനു സാധിച്ചില്ല. ഏതു വിഷയത്തെയും മൗനം കൊണ്ട് പ്രതിരോധിച്ചാൽ പുതിയ വിഷയങ്ങൾ വരുമ്പോൾ അത് മുങ്ങിപ്പോകുമെന്നു ചില നേതാക്കൾ കരുതി. കുറച്ചു കഴിയുമ്പോൾ 'നിങ്ങൾ മുമ്പുന്നയിച്ച ആക്ഷേപങ്ങൾ എല്ലാം പോയില്ലേ' എന്ന് തിരിച്ചു ചോദിക്കാനും കഴിയും എന്നതായിരുന്നു ഏത് ആരോപണങ്ങളോടുമുള്ള സർക്കാർ സമീപനം.

ആശയപരമായി ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന മോദി സർക്കാരും പിണറായി സർക്കാരും പരസ്പരം ഏറ്റുമുട്ടാൻ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ഉൾപ്പെടെ പല വിഷയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഏറ്റുമുട്ടൽ രാജ്ഭവന് അപ്പുറം പോയില്ല. മുകളിലുള്ളവരോട് സ്വരം കടുപ്പിക്കാത്ത സമീപനം കരുവന്നൂർ മുതൽ മാസപ്പടി വരെയുള്ള വിഷയങ്ങളിൽ ഉണ്ടാകാത്തത് പാർട്ടി അണികളെയും വിസ്മയിപ്പിച്ചു. സംസ്ഥാന ഭരണതലത്തിലുള്ളവരുടെ തല കേന്ദ്രത്തിലുള്ളവരുടെ കക്ഷത്തിൽ ആയിപ്പോയതുകൊണ്ടാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്.

വർഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞെന്നതു ശരി. എന്നാൽ, സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങൾ, വികസന വിഷയങ്ങൾ, കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും എതിരായ വിഷയങ്ങൾ എന്നിവ ചർച്ചയാകാതെ ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ പിന്തുണച്ചു എന്നതിൽ മാത്രം നിലമ്പൂരിലെ പ്രചാരണം കേന്ദ്രീകരിച്ചു. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകളും മുസ്ലിം വിരോധികളായ ക്രൈസ്തവരുടെ വോട്ടുകളും ജമാഅത്തെ വിരോധികളായ ഇതര മുസ്ലിം സംഘടനകളുടെ വോട്ടുകളും ലക്ഷ്യമിട്ടായിരുന്നു ഈ തന്ത്രമെന്ന് ആർക്കും മനസിലാകുമായിരുന്നു.

അവിടെ സി.പി.എമ്മിന് വലിയ പാളിച്ച സംഭവിച്ചു. സംഘടനകൾക്ക് കീഴിലുള്ള മുസ്ലിംകളെക്കാൾ സംഘടനാ വിധേയമില്ലാത്ത സാമാന്യ മുസ്ലിംകളാണ് മഹാഭൂരിപക്ഷവുമെന്നത് പാർട്ടി മറന്നു. അവരെ എതിരാക്കും വിധം ഭൂരിപക്ഷ വർഗീയതയോട് സി.പി.എം. അനുഭാവം പ്രകടിപ്പിച്ചത് ന്യൂനപക്ഷ ഏകീകരണത്തിനിടയാക്കുകയും ചെയ്തു. വെള്ളാപ്പള്ളിയെ കൊണ്ട് പറഞ്ഞു വർഗീയ കാർഡ് ഇറക്കിയതും വിനയായി.

ആര്യാടൻ ഷൗക്കത്തിനോട് പൊരുത്തപ്പെടാൻ കഴിയാത്ത യാഥാസ്ഥിതിക ചിന്താഗതിക്കാരായ മുസ്ലിംകളുടെ വോട്ടാണ് പി.വി. അൻവറിന്റെ വോട്ട് വിഹിതം വർധിപ്പിച്ചത്. അൻവർ മത്സരിച്ചില്ലെങ്കിൽ ഇതിൽ കുറെ സ്വരാജിന് ലഭിച്ചേനേ. ഇടതുപക്ഷ വോട്ടുകൾ ഇടതുമുന്നണി പ്രതീക്ഷിച്ചതുപോലെ സ്വരാജിനു ലഭിക്കാതിരുന്നത് സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം അതിനും മേലെ ആയിരുന്നു എന്നതിനാലാണ്.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam