ഇന്ത്യാചരിത്രത്തിൽ നട്ടെല്ലുള്ള ഒരേയൊരു തിരഞ്ഞെടുപ്പ് കമ്മീഷണറേ ഉണ്ടായിട്ടുള്ള. അതാണ് പാലക്കാട്ട് തിരുനെല്ലി മഠത്തിലെ നാരയണ അയ്യർ ശേഷൻ. കക്ഷി 1990നും 1996 നും ഇടയിൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ 150 പിഴവുകൾ ലിസ്റ്റ് ചെയ്ത ശേഷൻ അവയെ ഇല്ലാതാക്കി. പിന്നെ പഴുതുകളടച്ചുള്ള ചില പരിഷ്‌ക്കാരങ്ങളും ചട്ടങ്ങളും നിർദേശിച്ച് 32 പേജുള്ള മാർഗനിർദ്ദേശ പുസ്തകം ഉണ്ടാക്കി. ഇന്ത്യയിൽ ശരിയായി തിരഞ്ഞെടുപ്പ് നടത്തേണ്ടതെങ്ങനെയാണെന്ന് വിശദമാക്കുന്ന ആ ആധികാരിക രേഖകൾ മാറി മാറി വന്ന സർക്കാരുകൾ കണ്ടില്ലെന്നു നടിച്ചു. ഒടുവിൽ ചവറ്റുകൊട്ടയിലുമിട്ടു. അതിന്റെ തിക്തഫലമാണ് തിരഞ്ഞെടുപ്പുകളിൽ ഇന്നു നടക്കുന്ന അതിക്രമങ്ങൾ..!
'ഒരു കോമയോ സെമി കോളനോ ഒരു കുത്തോ പോലും ഞാൻ നിയമങ്ങളിൽ കൂട്ടിച്ചേർത്തിട്ടില്ല. എന്താണാ പണ്ടുണ്ടായിരുന്ന നിയമം, അത് ഞാൻ നടപ്പിലാക്കി എന്ന് മാത്രം.' ശേഷൻ പറഞ്ഞതങ്ങിനെയാണ്. 1995 ഫെബ്രുവരി 10 ലെ ന്യൂയോർക്ക് ടൈംസിൽ ഇങ്ങനെയൊരു വാർത്തയുണ്ടായിരുന്നു: ''ഇന്ത്യയിലെ ഏറ്റവും ആദരിക്കുന്ന വ്യക്തിത്വത്തെ കണ്ടെത്താൻ ഒരു അഭിപ്രായസർവേ നടത്തിയാൽ, ഏറ്റവും ശക്തനായ വ്യക്തി ടി.എൻ. ശേഷനായിരിക്കും.
എന്നാലിന്നോ..! ആ പത്രം ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷന് ഏതു സ്ഥാനം കൊടുക്കുമെന്ന് ഊഹിക്കാവുന്നേയുള്ളു. മലയാളികൾക്ക് ഏറെ പരിചിതനാണ് ഇന്നത്തെ കമ്മീഷണർ. എറണാകുളം അസിസ്റ്റന്റ് കളക്ടർ, അടൂർ സബ് കളക്ടർ, കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഫോർ എസ്സി/എസ്ടിയുടെ എംഡി, കൊച്ചിൻ കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ, കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് എംഡി, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് ഡയറക്ടർ, എറണാകുളം ജില്ലാ കളക്ടർ, ഗോശ്രീ ഐസ്ലാൻഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറി, എയർപോർട്ട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ എംഡി, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടർ, ഡൽഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണർ എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുമ്പോൾ തലയെടുപ്പുള്ള, മീശവെച്ച, ചുള്ളനായിരുന്നു. പോരാത്തതിന് ഗസൽ പാട്ടുകാരനും..!
എന്നാൽ വടക്കേയന്ത്യയിലേക്ക് കടന്നതോടെ മീശകളഞ്ഞു. കുറിവരച്ചു. പിന്നെ സങ്കിശരണം ഗച്ചാമിയെന്ന പാട്ടിലായി കമ്പം. ആഭ്യന്തര മന്ത്രാലയത്തിലായിരിക്കുമ്പോൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിൽ മുമ്പനായിരുന്നു ഈ ഹാർവാർഡിലെ ഈ പൂർവ്വ വിദ്യാർത്ഥി. കഴിഞ്ഞ വർഷം മാർച്ച് 14ന്, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, കക്ഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായങ്ങ് നിയമിച്ചു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ യോഗത്തിന് ശേഷമാണ് ഗ്യാനേഷ് കുമാറിനെ നിയമിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധണെന്നു മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറയുന്നതൊക്കെ ആരുകേൾക്കാൻ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയതിൽ വലുതല്ലല്ലോ മറ്റൊന്നും. പുതിയ മുഖ്യകമ്മിഷനെ കണ്ടെത്തുന്നതിന്റെ തുടക്കം മുതലേ കേന്ദ്ര സർക്കാർ തന്ത്രങ്ങൾകൊണ്ടുള്ള കസർത്തുകളിയിലായിരുന്നു. എങ്കിലും ഇത്രത്തോളം വരമെന്നാരും കരുതിയില്ല..!
രാഹുൽ ഗാന്ധിയുടെ അഭിപ്രായം, സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിലൂടെ സർക്കാർ സുപ്രീം കോടതി ഉത്തരവ് ലംഘിക്കുകയും ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വിശ്വാസം തകർക്കുകയും ചെയ്തുവെന്നാണ്. നാട്ടിൽ ജനാധിപത്യം പലരണമെങ്കിൽ ഇനിയെങ്കിലും ഉണരൂ പൗരസമൂഹമോ..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്