ലക്ഷ്യം യു.എസ്! പഴയ തന്ത്രം പുറത്തെടുത്ത് സൗദി അറേബ്യ 

APRIL 14, 2025, 2:18 AM

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരം താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വ്യാപാര രംഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മറ്റ് രാജ്യങ്ങള്‍ക്കുള്ള താരിഫ് ഏര്‍പ്പെടുത്തുന്നതിന് 90 ദിവസത്തെ സമയപരിധി നല്‍കിയെങ്കിലും ചൈനയ്ക്കുള്ള 125 ശതമാനം താരിഫിന് ഇളവൊന്നും ട്രംപ് നല്‍കിയില്ല. ഇതോടെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും 125 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ചൈനയും തിരിച്ചടിച്ചിരിക്കുകയാണ്. ഈ പോക്ക് തുടരുകയാണെങ്കില്‍ ലോക വ്യാപാര മേഖല പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്കായിരിക്കും പോകുന്നത്.

കാരണം അമേരിക്കയും ചൈനയും തമ്മില്‍ ആരംഭിച്ച ഈ വ്യാപാര യുദ്ധം ആഗോളതലത്തില്‍ എല്ലാ മേഖലയേയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാര യുദ്ധം മൂലമുണ്ടാകുന്ന ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയും അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകതയില്‍ ഇടിവുണ്ടാക്കുമെന്ന പ്രചരണം ചരക്ക് വിപണികളെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം നേരെ വ്യത്യസ്തമാണ് അസംസ്‌കൃത എണ്ണ വിപണിയിലെ കാര്യം. സാധാരണ ഗതിയില്‍ ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ വര്‍ധിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ അതിന് നേര്‍വിപരീതമായ രീതിയിലാണ് ഇപ്പോഴത്തെ സാഹചര്യം.

ആഗോള വിപണിയിലെ എണ്ണ വില കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ ആഴ്ച ആദ്യം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറില്‍ താഴെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയും ഒപെക് കൂട്ടായ്മയിലെ മറ്റ് ചില അംഗരാജ്യങ്ങളും പ്രതീക്ഷിച്ചതിലും വലിയ ഉല്‍പാദന വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങളാണ് എണ്ണയുടെ വില കുറച്ചത്. ഇതോടെ ഇന്ത്യയും ചൈനയും അടങ്ങുന്ന തങ്ങളുടെ ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പന വിലയും സൗദി അറേബ്യ കുറച്ചു.

വിലയിടിവിന് ശേഷം നേരിയ തോതില്‍ തിരിച്ചുവരവ് ഉണ്ടായിട്ടുണ്ടെങ്കിലും, സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കയും കാരണം ക്രൂഡ് ഓയിലിന് പ്രതീക്ഷിച്ച ഡിമാന്‍ഡ് ഉണ്ടാകുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇതോടെ ഗോള്‍ഡ്മാന്‍ സാച്ച്‌സ് 2026 ലെ എണ്ണവില പ്രവചനം ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ കുറച്ചു. അടുത്ത വര്‍ഷം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 58 ഡോളറര്‍ വരെയാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച് പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി ബ്രെന്റ് ബാരലിന് 70 ഡോളറിനും 90 ഡോളറിനും ഇടയിലാണ് വ്യാപാരം നടത്തിയിരുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം.

ഇന്ത്യക്ക് ആശ്വസിക്കാം

എണ്ണ ഉത്പാദകരായ രാജ്യങ്ങളെ സംബന്ധിച്ച് വില ഇത്തരത്തില്‍ കുറഞ്ഞ് വരുന്നത് ആശങ്കയാണെങ്കിലും ഇന്ത്യ പോലുള്ള ഉപഭോഗ രാജ്യങ്ങളെ സംബന്ധിച്ച് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ, 85 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യാന്തര എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കുന്നു. രാജ്യത്തിന്റെ വ്യാപാര കമ്മി, വിദേശനാണ്യ കരുതല്‍ ശേഖരം, രൂപയുടെ വിനിമയ നിരക്ക്, പണപ്പെരുപ്പ നിരക്ക് എന്നിവയിലും ഇത് സ്വാധീനം ചെലുത്തുന്നു.

ഇന്ത്യയുടെ എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2024-25 ലെ ആദ്യ 11 മാസത്തേക്ക് രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ ഇറക്കുമതി ബില്‍ ഏകദേശം 220 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍-ഫെബ്രുവരി മാസങ്ങളിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക് ഇറക്കുമതി ബില്ലിന്റെ മൂന്നിലൊന്നിലധികവും എണ്ണ ഇറക്കുമതി മാത്രമായിരുന്നു.

സൗദിയുടെ അപ്രതീക്ഷിത നീക്കം

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണിയിലെ എണ്ണ വില ഉയര്‍ന്ന നിലയില്‍ തന്നെ നിലനിര്‍ത്താനായി ഏത് അറ്റം വരെ പോകുന്ന രാജ്യമാണ് സൗദി അറേബ്യ. ഒപെക്കിന്റെ ഉല്‍പാദന നിയന്ത്രണത്തില്‍ അടക്കം അവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഉത്പാദന വെട്ടിക്കുറവ് ത്വരിതപ്പെടുത്താനുള്ള സൗദി അറേബ്യയുടെയും മറ്റ് ഏഴ് ഒപെക് + അംഗങ്ങളുടെയും നീക്കം അപ്രതീക്ഷിതമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എണ്ണ വില കുത്തനെ താഴേക്ക് പോകുന്ന സമയത്തും പ്രധാന എണ്ണ ഉല്‍പാദകര്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നാണ് വിപണിയില്‍ നിന്നും ഉയരുന്ന പ്രധാന ചോദ്യം. പ്രഥമദൃഷ്ട്യാ, റിയാദിന്റെ ഈ നീക്കത്തിന് രണ്ട് വിശാലമായ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇരട്ട ലക്ഷ്യം

വരുമാനത്തില്‍ കുറവു വരുത്തിയാണെങ്കില്‍ പോലും തങ്ങളുടെ വിപണി വിഹിതം സംരക്ഷിക്കുക എന്നതിനോടൊപ്പം തന്നെ ഇറാഖ്, കസാക്കിസ്ഥാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളെ സമ്മതിച്ച ഉല്‍പാദന പരിധികളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഒപെക് + നുള്ളില്‍ ഒരു അച്ചടക്കം സ്ഥാപിക്കാനും സൗദി അറേബ്യക്ക് സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ സാഹചര്യത്തില്‍ വിപണി വിഹിതം സംരക്ഷിച്ച് നിര്‍ത്തുക എന്നുള്ളത് സൗദി അറേബ്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. വിപണ രംഗത്ത് റഷ്യും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമായി വലിയ വെല്ലുവിളിയാണ് സൗദി അറേബ്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് റഷ്യയുടെ കടന്നുവരവോടെ ഇന്ത്യയിലേയും ചൈനയിലേയും സൗദി അറേബ്യയുടെ വിഹിതത്തില്‍ ഞെട്ടിച്ച വിതരണ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ വലിയ വിലക്കിഴിവ് നല്‍കി കൊണ്ടായിരുന്നു റഷ്യ ഇന്ത്യയുടേയും ചൈനയുടേയും വിപണി പിടിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് റഷ്യ.

ഡൊണാള്‍ഡ് ട്രംപ് യുഎസ് എണ്ണ, വാതക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സമയം കൂടിയാണ് ഇത്. ഈ ഘട്ടത്തില്‍ എണ്ണവില കുറയുന്നത് അമേരിക്കന്‍ ഷെയ്ല്‍ ഓയില്‍ ഉല്‍പ്പാദനക്കാരെ ദോഷകരമായി ബാധിക്കുമെന്നതാണ് ഈ നീക്കത്തിന്റെ മറ്റൊരു സാധ്യത. വ്യവസായ രംഗത്ത് നിന്നുള്ള കണക്കുകള്‍ പ്രകാരം നഷ്ടം സഹിക്കാതെ ഉല്‍പ്പാദനം മികച്ച രീതിയില്‍ വികസിപ്പിക്കുന്നതിന് യുഎസിലെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനക്കാര്‍ക്ക് ബാരലിന് ശരാശരി 65 ഡോളര്‍ വില ആവശ്യമാണ്. നിരക്ക് ഇതിലും താഴേക്ക് കൊണ്ടുവരുന്നതിലൂടെ അമേരിക്കന്‍ കമ്പനികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. സൗദി അടക്കമുള്ള മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് ബാരലിന് 60 ഡോളറിന് വില്‍ക്കുകയാണെങ്കില്‍ തന്നെ ഇടപാട് ലാഭകരമായിരിക്കും.

എണ്ണവില 60 ഡോളറോ അതില്‍ താഴെയോ നിലനിര്‍ത്തുകയാണെങ്കില്‍ അമേരിക്കന്‍ ഉല്‍പ്പാദനക്കാര്‍ക്ക് തങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫലത്തില്‍ ഇത് സൗദി അറേബ്യ പോലുള്ള പ്രബല എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ആഗോള എണ്ണ വിപണിയിലെ തങ്ങളുടെ വിഹിതം നിലനിര്‍ത്താന്‍ സഹായിക്കും.

പഴയ തന്ത്രം

സൗദി അറേബ്യ ഏകദേശം ഒരു പത്ത് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ എണ്ണ വില കുത്തനെ താഴ്ത്തിക്കൊണ്ട് വിപണിയിലെ തങ്ങളുടെ വിഹിതം നിലനിര്‍ത്തിയിരുന്നു. അന്നും സൗദി അറേബ്യയുടെ ലക്ഷ്യം അമേരിക്കയായിരുന്നു. ഇന്നത്തേതിന് സമാനമായ രീതിയില്‍ വലിയ രീതിയിലുള്ള ഉല്‍പാദന വര്‍ധനവിന് അമേരിക്കന്‍ കമ്പനികള്‍ ലക്ഷ്യമിട്ടിരുന്നു. ചുരുക്കത്തില്‍ ഒരു വശത്ത് എണ്ണ വില കുറയുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുമെങ്കിലും അത് സഹിച്ചുകൊണ്ട് ഭാവി സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ വിപണി വിഹിതം സുരക്ഷിതമാക്കുകയാണ് സൗദി അറേബ്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam