സർവംമായാ രണ്ടാം ഭാഗം ഷൂട്ടിങ് തുടങ്ങി, ഡെലൂലുവിന്റെ റോൾ എസ്.ഐ.ടിക്ക്?

FEBRUARY 18, 2026, 11:31 AM

തൊണ്ടി മുതലില്ല. തെളിവുകളില്ല. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല. 41 ദിവസം തടവിലിട്ട തന്ത്രിയും പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്നു കാണിക്കുന്നതൊന്നും എസ്.ഐ.ടി.യെന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കോടതിക്കു മുമ്പിൽ പറയാനില്ല. അങ്ങനെ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ആറാമത്തെ പ്രതിയും ജാമ്യം നേടി പുറത്തെത്തിക്കഴിഞ്ഞു.

പോലീസിനെതിരെ ബോംബെറിഞ്ഞ കേസിലെ രണ്ട് പ്രതികൾക്കും വീണ്ടും പരോൾ ലഭിച്ചതും ഇന്നത്തെ വാർത്തയാണ്. എസ്.എഫ്.ഐ.ക്കാർ പൊലീസുകാരെ ആക്രമിച്ച കേസ് പുകയാകുന്നതും, എസ്.എഫ്.ഐക്കാരെ ഇടിവള ധരിച്ച് സ്വയം രക്ഷയ്ക്ക് വേണ്ടി പ്രതിരോധിച്ച പൊലീസുകാരൻ ജാമ്യമില്ലാക്കേസിൽ പ്രതിയാകുന്നതും നാം കണ്ടു. 

പട്ടാപ്പകൽ മാനഭംഗപ്പെടുത്തൽ, കടയുടെ പൂട്ട് തല്ലിപ്പൊളിക്കൽ, ആനവണ്ടിയിൽ ഇടപ്പള്ളിയിൽ വച്ച് ഒരു സ്ത്രീക്കു നേരെ നടന്ന അതിക്രമം, തൃശ്ശൂർ ജില്ലയിലെ കരുവന്നൂരിൽ സ്ഥിരം ക്രിമിനലുകൾ നടത്തിയ ബർത്ത് ഡേ പാർട്ടിയിൽ ഒരു ലോഡ് ക്രിമിനലുകളെത്തിയ സംഭവം തുടങ്ങിയ ക്രമസമാധാന പ്രശ്‌നങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു. 

vachakam
vachakam
vachakam

പട്ടാപ്പകൽ ഫ്‌ളാറ്റിൽ കയറി ഒരു വയോധികയെ അടിച്ചു വീഴ്ത്തി ഏഴര പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെട്ടിരുന്നതും തിരുവല്ലാ സ്പാ റേപ്പിന് ഒരു സ്ത്രീ തന്നെ ഒത്താശ ചെയ്തുവെന്ന പരാതിയും നമ്മുടെ നാട്ടിൽ ഇതുവരെ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. എന്നിട്ടും പത്രങ്ങളിലും ചാനലുകളിലും വിജയകഥകൾ അങ്ങനെ പാറിക്കളിക്കുകയാണ്.

സിനിമയെ വെല്ലുന്ന കൈയ്യിട്ട് വാരൽ!

ജനങ്ങളെ എക്കാലവും ഇവന്റുകൾ സംഘടിപ്പിച്ച് കബളിപ്പിക്കാമെന്ന് നമ്മുടെ പാവം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതാരായിരിക്കാം? പഴയ ചില സിനിമാപ്പേരുകൾ പറയട്ടെ: പഞ്ചവടിപ്പാലം, പാപ്പീ അപ്പച്ചാ, വെള്ളിമൂങ്ങ. ഈ മൂന്ന് ചിത്രങ്ങളിലെ പ്രമേയങ്ങളും രംഗങ്ങളും സമകാലിക രാഷ്ട്രീയത്തിന്റെ മുൻകൂർ സൂചനകളായി നമ്മുടെ മുമ്പിലുണ്ട്.

vachakam
vachakam
vachakam

പാലം നിർമ്മിച്ചതിനേക്കാൾ വേഗത്തിൽ തകർന്നു വീഴുന്നതാണ് കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിന്റെ കഥ. വോട്ടർമാരെ കൊണ്ട് കൃത്രിമ സ്‌കിറ്റ് ഉണ്ടാക്കി ദിലീപിന്റെ കഥാപാത്രത്തെ പുകഴ്ത്തിപ്പറയുകയാണ് പാപ്പി അപ്പച്ചാ യിൽ നാം കണ്ടത്. ഒറ്റ എം.എൽ.എ. പാർട്ടി, കൈയിട്ട് വാരാൻ ഒന്നുമില്ലാത്ത കായിക വകുപ്പ് വേണ്ടെന്നു പറഞ്ഞ് റവന്യൂ വകുപ്പ് ചോദിച്ചുവാങ്ങുന്ന കഥയാണ് ബിജുമേനോൻ മാമച്ചൻ എന്ന കഥാപാത്രമായി വരുന്ന വെള്ളിമൂങ്ങ സിനിമയടേത്. മന്ത്രിപദം മാത്രമല്ല,

കിളിപോലുള്ള ഒരു പെണ്ണിനെയും അടിച്ചെടുക്കുന്ന ബിജുവിന്റെ കഥാപാത്രത്തെയും ഇനി നാം സിനിമയിൽ മാത്രമല്ല, റിയൽ ലൈഫിലും കാണേണ്ടിവരമോ?

vachakam
vachakam
vachakam

എന്തും ചെയ്യും കറക്കുകമ്പനിയോ  

വെറും നിയമസഭ ഇ നിയമസഭ യാക്കുന്ന പ്രൊജക്ടും, വയനാട് ദുരന്തത്തിൽപെട്ടവർക്ക് സ്റ്റൈലൻ വീട് വച്ചുകൊടുക്കുന്ന പദ്ധതിയും, ആഗോള (ഉണ്ട) അയ്യപ്പ സംഗമത്തിന്റെ സംഘാടനവുമെല്ലാം ഒരുമിച്ച് നടത്തുന്ന ഒരേയൊരു കമ്പനിയായ ഒരു ലേബർ സൊസൈറ്റി വഴി പൊതു ഖജനാവിൽ നിന്ന് ആരോ കോടികൾ അടിച്ചുമാറ്റുന്നതായിട്ടാണ് ഇപ്പോൾ കരക്കമ്പി. ആ സൊസൈറ്റിയുടെ പ്രവർത്തനം ലോകോത്തരമാണെന്നും ഇത്തരമൊരു തൊഴിലാളികൂട്ടായ്മ ചൈനയിൽ പോലുമില്ലെന്നും അവകാശപ്പെട്ടുകൊണ്ട് മുത്തശ്ശി പത്രത്തിൽ ഒരു ഫീച്ചർവന്നിരുന്നു.

പത്രസ്ഥലം വിൽക്കുന്നതിൽ ടൈംസ് ഓഫ് ഇന്ത്യ യുടെ ഏറ്റവും ഹീനമായ വഴിയിലൂടെ പോകുന്നില്ലെങ്കിലും മാറിയ സാഹചര്യത്തിൽ പണത്തിനായി എന്തും ചെയ്തു കൊടക്കേണ്ട അവസ്ഥയിലാണ് അച്ചടിമാധ്യമങ്ങൾ. അതുകൊണ്ട് സൊസൈറ്റി ക്ക് ഇന്റർനാഷണൽ ഗെറ്റപ്പ് കൊടുത്തത് നമുക്ക് മറക്കാം. പക്ഷെ, അങ്ങനെയല്ലല്ലോ ശ്രീ അയ്യപ്പനെ തൊട്ടുള്ള കളി. ഏതോ ട്രിപ്പിൾ കമ്പനിയാണത്രെ ടി സൊസൈറ്റിക്കുവേണ്ടി സംഗമം സംഘടിപ്പിച്ചത്. ചില്ലിക്കാശ് പോലും ദേവസ്വത്തിൽ നിന്നെടുക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് കടുംപിടുത്തമെടുത്തു.

പൊതുഖജനാവിൽ നിന്ന് സംഗമത്തിനായി പണമെടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ കോടതിയിൽ നൽകിയ ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലിതർക്കം മൂത്തുകഴിഞ്ഞു. ഓഡിറ്റർമാർക്ക് അവരുടെ റിപ്പോർട്ട് സത്യവിരുദ്ധമാണെന്നു തെളിഞ്ഞാൽ ഒരു പഴുതുണ്ടെന്ന കാര്യം സൊസൈറ്റിയും ദേവസ്വവും മറന്നുവോ? ആരാണോ, ഓഡിറ്ററുടെ ക്ലയന്റ് അവർ നൽകുന്ന രസീതുകളും വൗച്ചറുകളും അനുസരിച്ചാണ് ഈ റിപ്പോർട്ട് നൽകാറുള്ളത്.

ഇക്കാര്യത്തിൽ പിശക് സംഭവിച്ചാൽ ഓഡിറ്റ് ചെയ്യുന്നവർ ഉത്തരവാദികളായിരിക്കില്ലെന്നുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പും സംരക്ഷണവും ഏതൊരു കണക്ക് തയ്യാറാക്കി നൽകുമ്പോഴും അതേ റിപ്പോർട്ടിലുണ്ടാകും. ഓഡിറ്ററെ കുറ്റം പറഞ്ഞ മന്ത്രിമാർ പോലും മലക്കം മറിഞ്ഞ് ദേവസ്വം ബോർഡുകാരെ പ്രതിക്കൂട്ടിൽ നിർത്തുമ്പോഴും ഈ യാഥാർത്ഥ്യം മനസ്സിലായതുകൊണ്ടാകാം.

അകലെ, അകലെ യാണോ അണികൾ?

ഭരണം പോകുമെന്ന അങ്കലാപ്പിലാണ് സി.പി.എം. പാർട്ടികൊണ്ട് ജീവിക്കുന്നവർ, ഇതിനകം ക്ഷാമകാലം കണക്കാക്കി കോടികളോ ലക്ഷങ്ങളോ ശേഖരിച്ചിരിക്കാം. എന്നാൽ പാർട്ടിക്കുവേണ്ടി ജീവിച്ചവരുടെ സ്ഥിതി പരിതാപകരമാണ്. പാർട്ടിയിലെ പുത്തൻ പണക്കാരുടെ നോട്ടപ്പുള്ളികളാണ് സി.പി.എം.നെ ഹൃദയപൂർവം സ്‌നേഹിക്കുന്ന പലരും. സി.പി.എം.ൽ നിന്ന് ബി.ജെ.പി.യിലേക്ക് തെരഞ്ഞെടുപ്പിനു മുമ്പ് ഒഴുക്കുണ്ടാകുമെന്ന് പലരും കരുതിയിരുന്നു. എന്തിന് ജോസ് കെ.മാണി പോലും അത്തരമൊരു നീക്കത്തെപ്പറ്റി ചിന്തിച്ചിരുന്നു.

പക്ഷെ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റും, ദേശീയതലത്തിൽ നിരന്തരം അരങ്ങേറുന്ന ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളും സി.പി.എംൽ നിന്ന് കൂറുമാറി മോദിയോടൊപ്പം ചേരാമെന്നു കരുതിയിരുന്നവരെ പിന്നാക്കം വലിച്ചു. മാത്രമല്ല, ബി.ജെ.പി. വഴി കേരളാ നിയമസഭയിലേക്ക് എന്ന സ്വപ്‌നത്തിനും ഇപ്പോൾ പഴയ ഗുമ്മില്ല. തൃശൂരിൽ സംഭവിച്ച സരേഷ് ഗോപി ഇഫക്ട് കേരളത്തിൽ തൽക്കാലം സംഭവിക്കില്ലെന്ന് സി.പി.എം.കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതുകൊണ്ടാകാം, എല്ലാ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് അണികളും നേതാക്കളും ഇടിച്ചുകയറുന്നത്. യു.ഡി.എഫിന് വിജയം ഉറപ്പ്, വിജയൻ പോക്ക് എന്ന മട്ടിലുള്ള പ്രതിപക്ഷ പ്രചരണത്തിന്റെ മുനയൊടിക്കാൻ കഴിയാത്തവിധം കാര്യങ്ങൾ തകിടംമറിഞ്ഞു കഴിഞ്ഞു. എന്നാൽ, ഏതൊരു തെരഞ്ഞെടുപ്പിലും അവസാന നിമിഷം വരെയുള്ള പിണറായിയുടെ ആത്മവിശ്വാസ പ്രകടനത്തിന്റെ പിൻബലത്തിലാണ് പാർട്ടി. ഇതിനിടെ ഘടകകക്ഷികളെ കഴിയാവുന്ന ഊശിയാക്കുന്ന പതിവ് പരിപാടിയും പിണറായി തുടങ്ങിക്കഴിഞ്ഞു.

രണ്ടില വെട്ടാൻ അരിവാളോ?

കേരളാ കോൺഗ്രസ്  മാണിഗ്രൂപ്പിനെ പിളർത്താനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. മാണിഗ്രൂപ്പിന് തിരുവനന്തപുരം കവടിയാറിൽ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് പിണറായി പതിച്ചു നൽകിയത്. ഈ കരുനീക്കത്തിലൂടെ, മന്ത്രി റോഷി അഗസ്റ്റിനെ കൂടെ നിർത്താമെന്ന് പിണറായി കരുതുന്നുണ്ട്. പിണറായി വിജയൻ നവീന കേരളത്തിന്റെ ശിൽപ്പി യെന്നെല്ലാം ഡോസ് കൂട്ടി സി.പി.എം. പ്രീണനം പൊടിപൊടിച്ചു നടത്തുന്നുണ്ട് ജോസ് മോൻ.

പക്ഷെ, മാണിഗ്രൂപ്പിലെ അധികാരകേന്ദ്രമെന്നത് റോഷി അഗസ്റ്റിനിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. പണ്ട് കെ. കരുണാകരനെ ഒരുക്കാനാണ് അന്ന് രമേശ് ചെന്നിത്തല പോലെയുള്ളവർ, അദ്ദേഹം ഞങ്ങളുടെ മുതിർന്ന നേതാവല്ലേയെന്നു മാധ്യമങ്ങളോടു പ്രതികരിച്ചു തുടങ്ങിയത്. ഇപ്പോൾ റോഷി പറയുന്നത് ജോസ് കെ.മാണി എന്റെയും ചെയർമാനെന്നാണ്! ശത്രുവിനെ താഴെയിട്ട് ചവിട്ടുന്നതിനേക്കാൾ, തന്ത്രപരമാണ് എയറിൽ നിർത്തി തൊഴിക്കുന്നത്. ഇപ്പോൾ ജോസ് മോനു നിലത്തു കാലുറപ്പിക്കാനാവാത്ത വിധം എയറിയിൽ നിർത്തി വാഴ്ത്തുപാട്ട് പാടുകയാണ് റോഷി.

സി.പി.ഐ.യും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായി മാറിയേക്കാം. അതുകൊണ്ടാകാം സിനിമാ നടന്മാരായ പ്രേംകുമാറും ജയൻ ചേർത്തലയുമെല്ലാം കോൺഗ്രസിലേക്ക് ചേക്കേറുന്നത്. അഭിനയം സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലുമാകാമെന്ന് പല കൂറുമാറ്റക്കാരും തെളിയിച്ചിരിക്കേ, ഈ പ്രാദേശിക വിസ്മയ ങ്ങളെ കാര്യമാക്കേണ്ടതില്ല.

കള്ളാണോ മിന്നൽവേഗം, കർഷകനാണോ ആമ വേഗം

സംസ്ഥാനത്തെ ബാറുകളുടെ സമയം അർധരാത്രിവരെയാക്കാൻ വെറും രണ്ട് ദിവസം കൊണ്ട് സർക്കാർ തീരുമാനമെടുത്തത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാലക്കാട് ജില്ലയിൽ രണ്ടാഴ്ചയായി കൊയ്ത്തു വരമ്പത്ത് വച്ചിരിക്കുന്ന നെല്ലിനെ സംബന്ധിച്ച തീരുമാനം ഇപ്പോഴും സർക്കാർ കൈക്കൊണ്ടിട്ടില്ല. പാർട്ടി ഇപ്പോൾ പിൻവാതിൽ നിയമനം മാത്രമല്ല, പിൻവാതിൽ ഫണ്ട് പിരിവും തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. പിഴിയാനുള്ളത് മുഴുവൻ ഊറ്റിയെടുക്കുന്നതായി ഭാവിക്കുകയും രഹസ്യമായി പാർട്ടിഫണ്ട് ശേഖരണത്തിന് വഴിയൊരുക്കുകയും ചെയ്യുകയാണ് സർക്കാർ.

ഒരിക്കലും നടപ്പക്കാകാത്ത സ്വപ്‌നങ്ങളുടെ പ്രഖ്യാപനങ്ങൾ സർക്കാർ സ്ഥിരം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അധികാരം കൈമോശം വന്നാൽ, ആ ക്ഷാമകാലം മറികടക്കാനുള്ള പാർട്ടിയുടെ പണപ്പെട്ടിക്ക് ഒറ്റ താക്കോലേയുള്ളു പിണറായി വിജയൻ. പിണറായി മുഖ്യമന്ത്രിയായിരിക്കെ കേരളം സാക്ഷ്യം വഹിച്ചത് 30 രാഷ്ട്രീയ കൊലപാതകങ്ങൾക്കാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ പറയുകയുണ്ടായി. കേരളത്തിലെ 399 സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടന്നതായും കേന്ദ്രമന്ത്രി പറയുകയുണ്ടായി. ദേശീയപാതാവികസനത്തിന് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയത് കേരളമാണെങ്കിലും, ഇതേ ദേശീയപാത നിർമ്മാണം നടക്കുമ്പോൾ 22 പേർ അപകടങ്ങളിൽ മരിച്ചതായും കണക്കുണ്ട്.

റോഡപകടങ്ങളുടെ കണക്കായാലും തൊഴിലില്ലായ്മയുടെ കണക്കായാലും കേരളം കൈവരിച്ചിട്ടുള്ള പടവലങ്ങാ രൂപത്തിലുള്ള പുരോഗതി തീർച്ചയായും ജനങ്ങൾ ഏത് മുന്നണിയെ അനുകൂലിക്കുമെന്ന ഊഹം പരത്തിക്കഴിഞ്ഞു. ജനം പ്രതീക്ഷയർപ്പിക്കുന്ന ആ കൈ അവരുടെ കരുതലിനായി പ്രവർത്തിച്ചു തുടങ്ങണം. അതിനിടയിൽ ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ കോൺഗ്രസ് മുന്നണി മുൻകരുതൽ സ്വീകരിക്കണം.

അധികാരം എവിടേയ്ക്ക് ചായുമെന്ന് തിരിച്ചറിയുന്ന കേരളത്തിലെ രാഷ്ട്രീയ കങ്കാണികളെയും അവതാരങ്ങളെയും നിലയ്ക്ക് നിർത്താൻ സതീശനും കൂട്ടരും ഉറക്കമൊഴിച്ച് ഹോം വർക്ക് ചെയ്യേണ്ടിവരും. അതിനവർ തയ്യാറായാൽ ജനത്തിനും യു.ഡി.എഫ്. മുന്നണിക്കും കേരളീയർക്കായി പാഴാകാത്ത ഒരു ഗ്യാരന്റി നൽകാൻ കഴിയും. ആ വഴിക്ക് നീങ്ങട്ടെ രാഷ്ട്രീയം. ഒപ്പം സി.പി.എം. പുകച്ച് പുറത്ത് ചാടിച്ചവരെ അംഗീകരിക്കാനും ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ്സിന് അവസരമൊരുക്കും.

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam