വിവാഹം സ്വർഗത്തിൽ; മോചനം കോടതിയിൽ

FEBRUARY 18, 2026, 7:34 AM

മനം പോലെയാണോ മംഗല്യം, ഈ മംഗല്യാമണോ സൗഭാഗ്യം...1977ൽ റിലീസായ മുറ്റത്തെ മുല്ലയെന്ന സിനിമയ്ക്കു വേണ്ടി പാപ്പനംകോട് ലക്ഷ്മണനെഴുതി ദക്ഷിണാമൂർത്തിയുടെ സംഗീത സംവിധാനത്തിൽ യേശുദാസ് പാടിയ ഈ മനോഹര ഗാനത്തിലെ വരികൾ നിരന്തരം പരോക്ഷമായി മുഴങ്ങുന്നയിടമാണ് കുടുംബ കോടതികൾ. കേരളത്തിലെ ഏറ്റവും തിരക്കും സങ്കീർണ്ണതയുമുള്ള കോടതികളുടെ ഗണത്തിലേക്ക് കുടുംബ കോടതികൾ എത്തിയിട്ടു വർഷങ്ങളേറെയായി.

നാടിന്റെ പുരോഗമന സൂചികകളിലൊന്നാകാമിതെന്ന അഭിപ്രായം സാമൂഹിക നിരീക്ഷകർ വിപരീതാർത്ഥത്തിൽ പങ്കുവയ്ക്കുന്നു. വ്യക്തികളുടെ ആരോഗ്യകരമായ വ്യക്തിത്വ വികാസത്തിന് കെട്ടുറപ്പുള്ള കുടുംബമുണ്ടാകുക അത്യന്തപേക്ഷിതം. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബം സമൂഹവുമായി വ്യക്തികളെ കണ്ണിചേർക്കുന്ന പാലമാണ്. കുടുംബ കോടതികളുടെ തിണ്ണ നിരങ്ങുന്ന കുടുംബങ്ങളുടെ എണ്ണം കുതിച്ചുയരവേ, വർത്തമാന കേരളം നേരിടുന്ന തീവ്ര സാമൂഹിക പ്രശ്‌നങ്ങളിലൊന്നായി അത് മാറുന്നു.

ആത്മഹത്യ സംഭവിക്കുമ്പോൾ മാത്രം സമൂഹം തിരിച്ചറിയേണ്ട വിഷയമല്ല കുടുംബ കോടതി കേസുകൾ. മരിച്ചതിനു തുല്യമായി ജീവിക്കുന്ന വാദികളും പ്രതികളും ലക്ഷക്കണക്കിനുണ്ട്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്തുന്നു. വിവാഹം സ്വർഗത്തിൽ നടക്കുന്നുഎന്ന നിരീക്ഷണം പാഴായി പരിണമിക്കുന്നു.

vachakam
vachakam
vachakam

ഒാരോ വർഷവും 30,000ത്തിന് മുകളിലാണ് സംസ്ഥാനത്തെ കുടുംബ കോടതികളിൽ എത്തുന്ന വിവാഹ മോചന കേസുകളുടെ എണ്ണം. ശരാശരി 80-90 വിവാഹമോചന കേസുകൾ പുതുതായി ഒരോ ദിവസവും ഫയൽ ചെയ്യപ്പെടുന്നു. നിലവിൽ 28 കുടുംബ കോടതികളാണുള്ളത്. 2024 ജൂൺ വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ കുടുംബ കോടതികളിൽ തീർപ്പ് കൽപ്പിക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം 1,11,667 ആണ്. കുടുംബ കോടതികളിൽ എത്താതെ തന്നെ തകരുന്ന കുടുംബങ്ങൾ ഏറെയാണ്. വേർപിരിഞ്ഞു താമസിക്കുന്നവരെക്കൂടി ചേർത്താൽ ദിനംപ്രതി തകർച്ചയിലേക്ക് പതിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇനിയും കൂടും.

കൃത്യ സമയത്ത് വിവാഹമോചനം ചെയ്യാതെ ആത്മഹത്യയിലേക്കും പങ്കാളിയുടെ കൊലപാതകത്തിലേക്കും കുടുംബ പ്രശ്‌നങ്ങൾ വളരുന്നത് വാർത്തയല്ലാതായിട്ടുണ്ട്. കുടുംബ കോടതികളിൽ എത്തുന്ന കേസുകളിൽ വിധി എന്ത് തന്നെയായാലും അത്തരം കേസുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദം അളന്ന് തിട്ടപ്പെടുത്താൻ കഴിയുന്നതല്ല. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കുട്ടികളുടെ മനോഘടനയെ തകർക്കുന്നു. ആർക്കൊപ്പം നിൽക്കണമെന്നറിയാത്ത ആശയക്കുഴപ്പം അവരിലുണ്ടാക്കുകയും ചെയ്യുന്നു. കോടതികൾ കുട്ടികളുടെ കസ്റ്റഡി ആർക്കാണോ കൊടുക്കുന്നത് അവരും അവരുടെ വീട്ടുകാരും ചേർന്ന് എതിരാളിക്കെതിരെ ഉപയോഗിക്കാനുള്ള ചാവേറുകളായി കുട്ടികളെ വളർത്തിയെടുക്കുന്നു എന്നത് കുടുംബ കോടതി കേസുകളിലെ ഏറ്റവും അരോചകമായ കാര്യമാണ്.

കുടുംബ പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ തടസ്സമായി വരുന്നത് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണെന്ന് ഈ മേഖലയിലെ നിയമജ്ഞരും സോഷ്യൽ കൗൺസിലർമാരും പറയുന്നു. ഒന്ന്, പങ്കാളികളുടെ മാനസിക ഘടനയിലെ വൈകല്യങ്ങൾ. മറ്റൊന്ന് ദമ്പതികളുടെ പ്രശ്‌നം മറ്റുള്ളവർ ഏറ്റെടുക്കുകയും ഭാര്യക്കും ഭർത്താവിനും അവരുടെ പ്രശ്‌നത്തിന്റെ പരിഹാരത്തിൽ യാതൊരു വിധ പങ്കാളിത്തവും കൊടുക്കാതെ മറ്റുള്ളവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദുരവസ്ഥ. കുടുംബ പ്രശ്‌നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലൻ സംശയരോഗമാണ്. മറ്റൊന്ന് പങ്കാളികളിൽ ഒരാളുടെയോ രണ്ട് പേരുടെയോ ചിത്തഭ്രമം, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള മാനസിക പെരുമാറ്റ വൈകല്യങ്ങൾ.

vachakam
vachakam
vachakam

പെരുമാറ്റ വൈകല്യങ്ങളും ചിത്തഭ്രമം പോലുള്ള ഗൗരവതരമായ പ്രശ്‌നങ്ങളുമായി ആളുകൾ കുടുംബ കോടതിയിലേക്ക് എത്തുമ്പോൾ കോടതികൾ ഇത്തരം വിഷയങ്ങളുടെ നെല്ലും പതിരും വേർതിരിക്കാൻ പറ്റുന്ന പ്രൊഫഷണലുകളുടെ സഹായത്തോടെ മാത്രമേ തീരുമാനത്തിലെത്താൻ പാടുള്ളൂ. എന്നാൽ പലപ്പോഴും യഥാർഥ പ്രശ്‌നത്തെ കണ്ടെത്താനുള്ള ആഴത്തിലുള്ള ശ്രമങ്ങളൊന്നും നടക്കാറില്ല എന്നതാണ് സത്യം. ഒരാളുടെ മനോവൈകല്യത്തിന്റെ ഇരയാകുന്ന ആളോട് ഇതൊക്കെ നിങ്ങളുടെ തോന്നലാണ് അല്ലെങ്കിൽ അയാളെ കണ്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ എന്നുള്ള തരത്തിലുള്ള മറുപടികൾ ഉണ്ടാകുന്നു. ഇത് പരാതിക്കാർക്ക് ഗുണകരമായതല്ല.

പങ്കാളികളിൽ ഒരാൾക്കോ രണ്ട് പേർക്കോ മനോവൈകല്യങ്ങൾ ഉള്ള സാഹചര്യത്തിൽ സാധാരണയുള്ള പ്രശ്‌നപരിഹാര സമീപനങ്ങൾ ഫലപ്രദമാകില്ല. കുടുംബ കോടതിയിൽ എത്തുന്ന കേസുകളിൽ യാതൊരുവിധ പ്രശ്‌നപരിഹാരവും സാധ്യമാകാത്ത രീതിയിൽ പങ്കാളികളെ തമ്മിൽ അകറ്റുന്ന മറ്റൊരു കാര്യം അവർ പരസ്പരം കൊടുക്കുന്ന ഹർജികളിൽ എതിർകക്ഷിയെപ്പറ്റി ആരോപിക്കുന്ന കാര്യങ്ങളാണ്. പരപുരുഷ/പരസ്ത്രീ ബന്ധങ്ങൾ, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങൾ തുടങ്ങിയ ആരോപണങ്ങൾ ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയാത്ത വിധം ആളുകളെ തമ്മിൽ അകറ്റും.

ആരോപണ പ്രത്യാരോപണങ്ങൾ പങ്കാളികൾക്കിടയിൽ മാത്രം ഒതുക്കാതെ അതിലേക്ക് അവരുടെ മാതാപിതാക്കളെ, സഹോദരങ്ങളെ വലിച്ചിടുക തുടങ്ങി ആത്മാഭിമാനമുള്ള ഒരാൾക്കും ബന്ധം തുടരാൻ കഴിയാത്ത വിധത്തിലുള്ള ആരോപണങ്ങൾ പരസ്പരം ഉന്നയിക്കുക വഴി ചർച്ച പോയിട്ട് പരസ്പരമൊന്ന് കാണാൻ പോലും തയ്യാറില്ലാത്ത വിധം ആളുകൾ അകന്നുപോകുന്നു. കുടുംബ കോടതിയിലെ കേസുകളിൽ പെടുന്ന ആളുകളെ വലിയ മനോസംഘർഷത്തിലേക്ക് നയിക്കുന്നതിൽ ഇത്തരം കള്ളക്കഥകൾക്ക് നിർണായക പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

vachakam
vachakam
vachakam

കേസ് ജയിക്കുകയെന്നത് വക്കീലിന്റെയും പങ്കാളിയെ മുട്ടുകുത്തിക്കുകയെന്നത് പരാതിക്കാരുടെയും ജീവന്മരണ പോരാട്ടമായി മാറുമ്പോൾ അവിടെ ജയത്തിനു വേണ്ടി എന്തും ചെയ്യുന്ന അനാരോഗ്യകരമായ സാഹചര്യം ഉണ്ടാകുന്നു. കള്ളക്കഥകൾ ആളുകളുടെ മനോവീര്യം തകർക്കുകയും പൊതുസമൂഹത്തിൽ അവർ നേടിയ മാന്യത നഷ്ടപ്പെടുത്തുകയും മറ്റുള്ളവരെ നേരിടാൻ കഴിയാത്ത വിധം ആളുകളെ മാനസിക സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ പലപ്പോഴും ആളുകൾ ആത്മഹത്യ ചെയ്യുകയോ അപര വ്യക്തിയെ കൊല്ലുകയോ ചെയ്യുന്ന സംഭവങ്ങൾ കുറവല്ല.

സ്ത്രീപക്ഷമോ?

കുടുംബ കോടതികൾ പുരുഷന്മാർക്ക് എതിരാണ് എന്നൊരു തോന്നൽ പുരുഷന്മാർക്കിടയിൽ വ്യാപകം. യാഥാർത്ഥ്യം എന്തെന്നറിയാൻ കൃത്യമായ വിവരങ്ങൾ പൊതുമണ്ഡലത്തിൽ ഇല്ലെന്നതാണ് സത്യം. കുട്ടികളുടെ കസ്റ്റഡി അമ്മമാർക്ക് ലഭിക്കുന്ന സാഹചര്യങ്ങളിൽ മിക്കപ്പോഴും ഉയർന്ന പ്രതിമാസ ജീവനാംശം പിതാവിൽ നിന്ന് ലഭിക്കാൻ ആളുകൾ കേസ് കൊടുക്കാറുണ്ട്. കോടതികൾ മിക്കപ്പോഴും സ്ത്രീകൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുക സ്വാഭാവിക നടപടി. അയാൾക്ക് ചിലപ്പോൾ അയാളുടേതല്ലാത്ത കാരണത്താൽ കുടുംബവും കുഞ്ഞുങ്ങളും ഒക്കെ നഷ്ടപ്പെട്ടിരിക്കാം.

അത്തരം നഷ്ടങ്ങൾക്ക് പുറമേ വലിയ സാമ്പത്തിക ഭാരവും പേറേണ്ട ദുഃസ്ഥിതി വരാം. കുടുംബ കോടതിയിൽ കേസ് കൊടുക്കുന്ന മിക്ക സ്ത്രീകളും ഭർത്താവിനെതിരെ ക്രിമിനൽ കേസ് കൂടി കൊടുക്കാറുണ്ട്. ഇതോടെ എക്കാലവും കോടതിയുടെ തിണ്ണ നിരങ്ങേണ്ട അവസ്ഥയിലേക്ക് നയിക്കുന്നു. വാദിയും പ്രതിയും സമൂഹവും തോൽക്കുന്ന ഇടങ്ങളാണ് കുടുംബകോടതികൾ.ഈയിടെ യുവതീയുവാക്കൾക്ക് സുപ്രീം കോടതി നൽകിയ ഉപദേശം കുടുംബ കോടതി കേസുകളുടെ കാര്യത്തിലും പൊതുവേ പ്രസക്തമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.

വിവാഹത്തിനു മുമ്പ് പുരുഷനും സ്ത്രീയും അന്യരാണ്. സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയെയും വിശ്വസിക്കരുത്. വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിന് സമ്മതിക്കരുത്. ഇക്കാര്യത്തിൽ കടുത്ത ജാഗ്രത പാലിക്കണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയന്റെ ജാമ്യപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ കോടതി ബഞ്ചിന്റെ സാരോപദേശം.

വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ആത്മാർഥതയില്ലാത്ത, ശാരീരിക ആകർഷണത്തിനു പുറത്ത് മാത്രം പൊട്ടിമുളയ്ക്കുന്നതാണ് ഇന്നത്തെ പ്രണയബന്ധങ്ങൾ മിക്കതും. ലൈംഗിക ആവശ്യം നിറവേറ്റിക്കഴിഞ്ഞാൽ ബന്ധത്തോട് താത്പര്യം കുറയുകയും മറ്റൊരു ബന്ധം തേടിപ്പോകുകയും ചെയ്യുന്നത് പതിവു സംഭവമാണ്. വേഗത്തിൽ തുടങ്ങുന്ന ബന്ധങ്ങൾ അത്രതന്നെ വേഗത്തിൽ അവസാനിക്കുന്നു. ആഴത്തിലുള്ള ബന്ധങ്ങൾക്ക് പകരം താത്കാലികമായ സുഖം മാത്രമാണ് ലക്ഷ്യം. സിനിമകളിലും സീരിയലുകളിലും താത്കാലിക ബന്ധങ്ങളെയും ലൈംഗികതയെയും ആഘോഷിക്കുന്നത് പുതിയ തലമുറയെ തെറ്റായി സ്വാധീനിക്കുന്നു. ഒരാളെ സ്‌നേഹിക്കുന്നതിനു പകരം ഉപയോഗിക്കുക എന്ന മാനസികാവസ്ഥയാണ് മിക്കവർക്കും.

കൂട്ടുവേണം, പക്ഷേ വിവാഹമെന്ന ഉത്തരവാദിത്വം വേണ്ട എന്ന ചിന്താഗതിയും ശക്തിപ്പെട്ടു വരുന്നു. ഇത്തരം പ്രവണതകളാണ് പ്രണയത്തിൽ സ്ത്രീ വഞ്ചിക്കപ്പെടാനും വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ഉപേക്ഷിക്കപ്പെടാനും ഇടയാക്കുന്നത്.പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ വൈവാഹിക ബന്ധങ്ങളാണ് കുടുംബത്തെ നിലനിർത്തുന്നത്. വിവാഹപൂർവ ബന്ധങ്ങൾ വിവാഹമെന്ന പവിത്രമായ കരാറിനോടുള്ള ഗൗരവവും വിശ്വാസവും കുറയ്ക്കാൻ ഇടയാക്കുന്നു. ഇത് കുടുംബമെന്ന വ്യവസ്ഥിതിയുടെ അടിത്തറക്ക് ഇളക്കം തട്ടിക്കുകയാണ്. യുവ തലമുറ ഇത്തരം ബന്ധങ്ങളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ വരും തലമുറയുടെ മൂല്യബോധത്തെ അത് ബാധിക്കും. ഏതൊരു സമൂഹവും നിലനിൽക്കുന്നത് ചില അലിഖിത നിയമങ്ങളിലൂടെയും മൂല്യങ്ങളിലൂടെയുമാണ്.

അധാർമിക ബന്ധങ്ങൾ മിക്കപ്പോഴും അവസാനിക്കുന്നത് അശാന്തിയിലാണ്. അത് വ്യക്തിയുടെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ ബാധിക്കുന്നു. ഇത് സമൂഹത്തിൽ പ്രതികാര നടപടികൾ, ബ്ലാക്ക് മെയിലിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിക്കാനും ഇടയാക്കുന്നു. ഉത്തരവാദിത്വമില്ലാത്ത ബന്ധങ്ങൾ ഏകാന്തതയും മാനസിക വ്യഥയും വർധിപ്പിക്കും. വിവേകവും സദാചാര ബോധവുമാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന ഘടകങ്ങൾ. ലൈംഗികതയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത അവസ്ഥ സമൂഹത്തിൽ ലൈംഗിക അരാജകത്വത്തിന് വഴിയൊരുക്കുകയും ലൈംഗിക കുറ്റകൃത്യങ്ങളും ചതിയും വർധിക്കാൻ ഇടയാക്കുകയും ചെയ്യും.

ബെംഗളൂരുവിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ചോള കാലഘട്ടത്തിൽ നിർമിക്കപ്പെട്ട ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ വിവാഹച്ചടങ്ങുകൾ നടത്തുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കർണാടകയിലെ ഏറ്റവും ജനപ്രിയമായ വിവാഹ വേദികളിൽ ഒന്നായിരുന്നതുതന്നെയാണ് ക്ഷേത്രത്തിൽ ഇപ്പോൾ വിവാഹ ചടങ്ങുകൾ നടത്താൻ ക്ഷേത്രം അധികൃതർ അനുവദിക്കാത്തതിനു കാരണവും.

ക്ഷേത്രത്തിലെ പൂജാരിമാർക്ക് ക്ഷേത്രാചാരങ്ങൾ നടത്തുന്നതിനേക്കാൾ കൂടുതൽ സമയം വിവാഹമോചനക്കേസുകളിൽ സാക്ഷി പറയുന്നതിനായി കോടതികളിൽ ചെലവഴിക്കേണ്ടിവന്നതോടെയാണ് ക്ഷേത്രം ഈ തീരുമാനത്തിലേക്കെത്തിയത്.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam