വഴി മുടക്കുന്ന പണിമുടക്ക്

FEBRUARY 18, 2026, 8:15 AM

ഫെബ്രുവരി 12ലെ 24 മണിക്കൂർ ദേശീയ പണിമുടക്ക് തൊഴിലെടുക്കാതെയും മറ്റുള്ളവരുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുത്തിയും യാത്രക്കാരുടെ വഴിമുടക്കിയും നടത്തിയതിനെക്കുറിച്ചു വ്യത്യസ്തമായ ചില അഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഓരോ പണിമുടക്കു കഴിയുമ്പോഴും ഇത്തരം ചില ചിന്തകൾ ഉയരാറുണ്ടെങ്കിലും ഇത്തവണ ചില പ്രമുഖ നേതാക്കൾ അതു ഉച്ചത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ശരി തരൂർ എംപിയും പണിമുടക്കിനെക്കുറിച്ചു പറഞ്ഞ അഭിപ്രായങ്ങൾ പുതിയൊരു ചിന്തയ്ക്കു വഴിതെളിക്കണം. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പലർക്കും ഇതിനോടു യോജിപ്പുണ്ടാകുമെങ്കിലും അവരാരും അതു പരസ്യമായി പറയില്ല.

ഭാരത് ബന്ദ് യഥാർഥത്തിൽ മറ്റൊരു കേരള ബന്ദ് മാത്രമായി മാറിയെന്നത് ഖേദകരമായൊരു വൈരുധ്യമാണെന്നാണ് ശശി തരൂർ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസപ്പെടുത്തലുകൾക്കു അപ്പുറത്തേക്കു വളർന്നപ്പോൾ അസംഘടിതരായ ഭൂരിപക്ഷത്തിനുമേൽ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിനു മുന്നിൽ കേരളം മാത്രം ബന്ദിയാക്കപ്പെടുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുമ്പോഴും തടസപ്പെടുത്താനുള്ള അവകാശത്തെ എങ്ങിനെ പിന്തുണയ്ക്കാനാവും എന്നും തരൂർ ചോദിക്കുന്നു.

പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ കായികബല രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്നു നാം ഉറപ്പുവരുത്തുകയാണെന്ന് വിശ്വപൗരനെന്നു വിശേഷിപ്പക്കപ്പെടുന്ന ഇദ്ദേഹം പറയുമ്പോൾ അതിനു കൂടുതൽ സാംഗത്യമുണ്ട്. ഐക്യരാഷ്ട്രസഭയിൽ ദീർഘകാലം പ്രവർത്തിച്ചയാളെന്ന നിലയിൽ മറ്റു രാജ്യങ്ങളിലെ പണിമുടക്കു രീതികളും തൊഴിൽ സാഹചര്യങ്ങളും അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടാവും.

vachakam
vachakam
vachakam

ദൈനംദിന ജീവിതവും ഗതാഗതവും സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ല. സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു എന്നു പറയുന്ന തരൂർ ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് ഇതിനെ മാറ്റി സ്ഥാപിക്കാവുന്നതേയുള്ളൂ എന്നും ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം കായികമായൊരു ഉപരോധമാകരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പണിമുടക്ക് ബന്ദിനും ഹർത്താലിനും സമാനമായ അവസ്ഥയിലേക്കു മാറ്റുന്നതു ശരിയാണോ എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം. ദേശീയ പണിമുടക്കുദിവസം സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മാറ്റിവയ്ക്കാത്തതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളത്തിലും ത്രിപുരയിലും പോലും ഇത്തരമൊരു സാഹചര്യം ഉണ്ടാകാറില്ലായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.ജനജീവതം മൊത്തത്തിൽ സ്തംഭിക്കുന്ന ഈ രീതി കാലഹരണപ്പെട്ടതാണോ എന്നതിൽ പൊതുചർച്ച വേണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. മറ്റു പ്രധാനപ്പെട്ട നേതാക്കളാരും ഇത്രയും തുറന്നൊരു അഭിപ്രായപ്രകടത്തിനു തയ്യാറായിട്ടില്ല.

പക്ഷേ, പലരുടെയും മനസിൽ അതുണ്ടാവും. രാജ്യത്തിന്റെ, ജനങ്ങളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവർ അതു തുറന്നു പറയുകതന്നെ വേണം. രാജ്യത്ത് മറ്റൊരും സംസ്ഥാനവും ഈ പണിമുടക്കിൽ സ്തംഭിച്ചില്ല. അതൊരു പുതുമയല്ല. മുമ്പും പണിമുടക്ക് എന്നു പറഞ്ഞാൽ കേരളത്തിൽ അതു സമ്പൂർണമായിരിക്കും. ഫെബ്രുവരി 12ലെ ദേശീയ പണിമുടക്കും അതിന് അപവാദമായില്ല. കേരളത്തിൽ പൊതുഗതാഗതം ഏതാണ്ടു പൂർണമായി സ്തംഭിച്ചു. വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടുന്നു. ചരക്കുവാഹനങ്ങൾ തടഞ്ഞു. സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു. വഴി തടയാനും വാഹനങ്ങൾ തടയാനും കൊടിഭേദമെന്യേ ചിലർ തെരുവുകളിലെത്തി. പണിമുടക്കിനോടുള്ള ഐക്യദാർഢ്യം റാലികളുടെ മുൻനിരയിൽനിന്ന് നേതാക്കളും നിർവഹിച്ചു.

vachakam
vachakam
vachakam

ചെന്നൈയിലും ബംഗാളിലും ഒഡിഷയിലും മറ്റു ചില കേന്ദ്രങ്ങളിലും പ്രകടനവും മറ്റും നടന്നു എന്നതൊഴിച്ചാൽ ദേശീയ തലത്തിൽ പണിമുടക്ക് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കിയില്ല. പണിമുടക്കിന് കേരളത്തിൽ മാത്രം ഇപ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്നു. ജനജീവിതം സ്തംഭിപ്പിക്കുന്ന ഈ സമരത്തിന്റെ യഥാർഥ ഗുണഭോക്താക്കൾ ആരാണ്? ആരൊക്കയാണ് ഇതിന് ഇരകളാകുന്നത്? ദിവസവേതനക്കാരും താത്കാലിക തൊഴിലാളികളുമൊക്കെ ഉൾപ്പെടുന്ന വലിയൊരു വിഭാഗം അസംഘടിത തൊഴിലാളികൾക്ക് ഈ പണിമുടക്കുമൂലം എന്തു പ്രയോജനമാണു ലഭിക്കുക? അവരുടെ ദിവസവേതനം നഷ്ടപ്പെട്ടു എന്നു മാത്രം. ആ വരുമാനം കൊണ്ടു വീടു പുലർത്തുന്നവരും കേരളത്തിൽ ധാരാളം ഉണ്ടല്ലോ. അതിതീവ്ര ദാരിദ്ര്യം ഉച്ചാടനം ചെയ്തുവെന്നേ സർക്കാരും അവകാശപ്പെന്നുള്ളൂ.  

സാമൂഹ്യ സുരക്ഷാപെൻഷൻ വാങ്ങുന്ന ലക്ഷക്കണക്കിനാളുകൾ ഉള്ള സംസ്ഥാനമാണു കേരളം. അതു കൃത്യമായി കിട്ടുന്നില്ലെങ്കിലും ജീവിക്കാനുള്ള വരുമാനം ഇല്ലാത്തവർക്കാണ് അതു നൽകുന്നതെന്നാണല്ലോ  വയ്പ്. ഒരു വിദഗ്ധ തൊഴിലാളിക്ക് ഒരു ദിവസം കിട്ടുന്ന കൂലിയാണ് സാമൂഹ്യ സുരക്ഷ പെൻഷനായും വിധവാ പെൻഷനായും മറ്റും ഒരു മാസം ലഭിക്കുന്നത്.രാഷ്ട്രീയപ്രബുദ്ധതയും സാംസ്‌കാരിക സമ്പന്നതയും സമ്പൂർണ സാക്ഷരതയുമൊക്കെ അവകാശപ്പെടുന്ന സമൂഹമാണ് കേരളത്തിലുള്ളത്. ഇതൊക്കെ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ നാം വിളമ്പും, വീമ്പിളക്കും. ഇതെല്ലാം പറഞ്ഞു പഴകിയതുകൊണ്ടാവാം നവോത്ഥാനമാണ് ഇപ്പോഴത്തെ പ്രധാന അവകാശവാദം.

പക്ഷേ മാറുന്ന കാലത്തിനനുസരിച്ചുള്ള രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങൾക്കു മുന്നിൻ നാം പലപ്പോഴും മുഖം തിരിച്ചുനിൽക്കുന്നു. പണിയെടുക്കാനുള്ള മടി മലയാളിയുടെ മറ്റൊരു മുഖമുദ്രയാണ്. അതു നാട്ടിൽ മാത്രമേ ഉള്ളൂ. നാടു വിട്ടാൽ എന്തു വിടുപണി ചെയ്യാനും മലയാളി തയാർ. മറുനാട്ടിലായാലും ഗൾഫിലായാലും തൊഴിലുടമയ്ക്കു മുന്നിൽ നാം പഞ്ചപുച്ഛമടക്കി നിൽക്കും. അവധിക്കു നാട്ടിൽവരുമ്പോൾ വീരസ്യങ്ങളൊക്കെ വിളമ്പും. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡ് പിൻലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനസ്ഥാപിക്കുക, കർഷക വിരുദ്ധ നയങ്ങൾ പിൻവലിക്കുക തുടങ്ങി പ്രസക്തമായ വിഷയങ്ങളായിരുന്നു പണിമുടക്കിന് ആധാരം.

vachakam
vachakam
vachakam

ബി.ജെ.പി അനുകൂല ബി.എം.എസ് ഒഴികെ ഒട്ടുമിക്ക തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുത്തു. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും സി.പി.ഐയുടെയുമൊക്കെ തൊഴിലാളി സംഘടനകൾ ഇതിലുണ്ട്. എന്നാൽ കേരള സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പണിമുടക്കിൽ ഭാഗഭാക്കായില്ല. അതിനവർ പറഞ്ഞ കാരണം കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡിനേക്കൾ തൊഴിലാളിവിരുദ്ധമായ നയങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നാണ്. ഡിഎ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാത്ത കാര്യവും അവർ ചൂണ്ടിക്കാടുന്നു.

പണിമുടക്കിന് ഡയസ് നോൺ ബാധകമാക്കിയിരുന്നു. അതായാത് ജോലിക്കു കയറാത്തവർക്ക് അന്നത്തെ ശമ്പളം നഷ്ടമാകും. അതു നഷ്ടമാക്കിയും പണിമുടക്കിൽ പങ്കുചേർന്ന് സമരം വിജയിപ്പാക്കാൻ ഏറ്റവും കൂടുതൽ തൊഴിലാളികൾ തയാറാവുന്നത് കേരളത്തിലായിരിക്കും. തൊഴിലാളി വർഗത്തിന്റെ സംഘടിത ശക്തി പ്രകടിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിൽതന്നെയാണ്. സംഘശക്തി ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ ഉപയോഗിക്കാം. പക്ഷേ അത് ധാർഷ്ട്യമായോ ചൂഷണമായോ മാറുമ്പോഴാണ് ജനങ്ങൾക്ക് അതൃപ്തി ഉണ്ടാകുന്നത്.

രാജ്യത്തെ തൊഴിൽ മേഖല നിരവധിയായ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഐടി മേഖലയിൽ ഉൾപ്പെടെ ഇതു പ്രകടമാണ്. പ്രവൃത്തി സമയത്തിന്റെ ദൈർഘ്യവും ജോലിഭാരവും നിയന്ത്രിക്കാൻപോലും ആർക്കും സാധിക്കുന്നില്ല. സർക്കാരിന്റെ ഇടപെടലുകൾപോലും അവിടെ പരിമിതമാകുന്നു. രാജ്യത്തെ പ്രധാന ഐടി ഹബ്ബായ ബംഗളുരുവിൽ ദേശീയ പണിമുടക്ക് നടക്കന്നതിന്റെ ലാഞ്ചനപോലും കാണാനായില്ല. അവിടെ നിരത്തുകളും മറ്റും എന്നത്തേയും പോലെ സജീവം. മറ്റു പ്രധാന നഗരങ്ങളിലെല്ലാം സ്ഥിതി ഇതുതന്നെ. ദേശീയതലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഇത്തരമൊരു തൊഴിലാളി പണിമുടക്ക് കേരളത്തിൽ മാത്രം ഇത്രയേറെ സജീവമാകുന്നതിന്റെ കാരണംകൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. ഈ സമരസംസ്‌കാരം നമ്മുടെ അവകാശബോധത്തിന്റെ പ്രതിഫലനമാവാം. പക്ഷേ ഇത്തരമൊരു പണിമുടക്ക് സംസ്‌കാരം നമ്മുടെ തൊഴിൽ മേഖലയെ എത്രമാത്രം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.

സംഘടിത മേഖലയിൽ മാത്രമല്ല തൊഴിലാളികൾ ഉള്ളത്. സർക്കാർ മേഖലയിലും ദിവസ വേതനക്കാരും താത്കാലിക ജോലിക്കാരും ഏറെയുണ്ട്. അവരുടെയൊക്കെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ? എയ്ഡഡ് മേഖലയിൽ എത്രയോ അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. സ്വകാര്യ മേഖലയിലെ തൊഴിൽ സാഹചര്യത്തെക്കുറിച്ചു പറയുകയും വേണ്ട. ഐടി മേഖലയിൽ വൻശമ്പളം പറ്റുന്നവർ ഉണ്ടാകാം. പക്ഷേ അവിടെയും വലിയ ചൂഷണം നടക്കുന്നുണ്ട്. പക്ഷേ സർക്കാരിന് എന്തു ചെയ്യാനാവും. കോർപറേറ്റുകളെ പ്രീണിപ്പിക്കുന്ന നയമാണ് എല്ലാ ഭരണാധികാരികളും സ്വീകരിച്ചുപോരുന്നത്. സർക്കാർ തൊഴിൽ നയ രൂപീകരണത്തിൽ അതു പ്രതിഫലിക്കും. അവിടെ തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും ന്യായമായി സംരക്ഷിക്കപ്പെടമെങ്കിൽ ഭരണനേതൃത്വം ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിവരും.

പണിമുടക്കു ദിവസം എവിടെയെങ്കിലും അക്രമമുണ്ടോ എന്നു നോക്കി നടക്കുകയാണ് മാധ്യമങ്ങൾ എന്ന് സി.ഐ.ടി.യു നേതാവ് എളമരം കരിം ആരോപിക്കുന്നു. ചക്ക മുറിക്കുമ്പോൾ അതിലൊരു കുരു മുറിയുന്നതു വലിയ കാര്യമാണോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ദേശീയ പണിമുടക്കിനു ഹേതുവായ പ്രശ്‌നങ്ങളോടു തങ്ങൾ അനുകൂലമാണെങ്കിലും കേരളത്തിൽ മാത്രമാണ് ഹർത്താലിനും ബന്ദിനും സമാനമായ പണിമുടക്കായി മാറുന്നതെന്ന കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടുന്നു. ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമല്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പണിമുടക്കിലെ രാഷ്ട്രീയം ഇങ്ങനെയൊക്കെ പുറത്തുവരുമ്പോൾ പണിമുടക്കുകളുടെ ജനവിരുദ്ധത ചർച്ച ചെയ്യപ്പെടുകതന്നെ വേണം.

തൊഴിലില്ലായ്മയെക്കുറിച്ചു നാം ഇപ്പോൾ അധികമൊന്നുംപറയാറില്ല. അതു പറയാൻ നമുക്ക് അവകാശവുമില്ല. കാരണം ഈ കൊച്ചുകേരളത്തിൽ മുപ്പതു ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ എന്നാണ് നാം അവരെ ആദവോടെ വിളിക്കുന്നത്. അതിഥി തൊഴിലാളികൾ ഇന്നു ചെയ്യുന്ന ജോലികൾ പലതും പണ്ടു നമ്മുടെ നാട്ടുകാർതന്നെ ചെയ്തുകൊണ്ടിരുന്നതാണ്. ഇപ്പോൾ പാടത്തു പണിയെടുക്കാനും റബർ വെട്ടാനും കൂലിപ്പണിക്കുമെല്ലാം ബംഗാളി എന്ന പൊതുനാമത്തിൽ വിളിക്കപ്പെടുന്ന അതിഥി തൊഴിലാളി വേണം. അല്ലെങ്കിൽ പാടത്തു നെല്ലു നടാനോ കള എടുക്കാനോ റബറിന്റെ പാൽ എടുക്കാനോ കഴിയാത്ത അവസ്ഥയാണ്.

തൊഴിലാളിവർഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് ഏറെ ബോധ്യമുള്ളവരാണ് മലയാളികൾ. നമ്മുടെ രാഷ്ട്രീയ ചരിത്രം അതിന്റെ പോരാട്ട കഥകൾ നിറഞ്ഞതാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുണ്ടാക്കിയതും ഈ തൊഴിലാളിവർഗ പോരാട്ടമാണ്. കുട്ടനാട്ടിലെ പാടശേഖരങ്ങളിലും കയർ, കശുവണ്ടി മേഖലകളിലും കണ്ണൂരിലെ ബീഡിത്തൊഴിലാളികളിലുമൊക്കെ സമരവീര്യം പകർന്നു നൽകിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അന്നു പല കൊടിയ ചൂഷണങ്ങളും തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നുവെന്നതും അത് അവസാനിപ്പിക്കാനായി എന്നതും വസ്തുതയാണ്. ജന്മികുടിയാൻ സംഘർഷങ്ങളും വ്യവസായ മേഖലയിലെ തൊഴിലാളിമുതലാളി ഏറ്റുമുട്ടലുകളൊക്കെ അതിന്റെ ഭാഗമാണ്. ഏതായാലും അധ്വാനിക്കുന്ന തൊഴിലാളികളുടെ ദുരിത ജീവിതത്തിന് വലിയൊരു മാറ്റം ഇതിലൂടെ കൈവരിക്കാനായി എന്നതും ചരിത്രം.

കാലം മാറിയതോടെ സംഘടിത തൊഴിലാളി വർഗം ഏറെ കരുത്തുറ്റതായി. തൊഴിൽ മേഖലയിൽ അവർക്കു കരുത്തു പകരുന്ന പല നിയമനിർമാണങ്ങളും നടന്നു. ഭൂപരിഷ്‌കരണം ഉൾപ്പെടെയുള്ള നിയമങ്ങൾ കാർഷിക മേഖലയിൽ വിപ്ലവകരമായ പല മാറ്റങ്ങളും വരുത്തി. അടിച്ചമർത്തപ്പെട്ട തൊഴിലാളി സമൂഹം എന്നത് ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അവകാശബോധമുള്ള സംഘടിത തൊഴിലാളി വർഗം ഏറെ വിലപേശൽ ശക്തിയുള്ള സമൂഹമായി മാറിയിരിക്കുന്നു. ഭരണകൂടം പോലും അവരുടെ താളത്തിനൊത്തു തുള്ളുന്ന സ്ഥിതിയിലെത്തി. റിവേഴസ് ഗിയറിലുള്ള ചൂഷണം സാധാരണമായി.

പതിനായിരങ്ങളും ലക്ഷങ്ങളും മാസവരുമാനം ലഭിക്കുന്ന സംഘടിത സർക്കാർ ജീവനക്കാർ ഭരണകൂടങ്ങളെപ്പോലും വരച്ചവരയിൽ നിർത്താനുള്ള ശേഷി കൈവരിച്ചു. പോലീസിൽപോലും സംഘടനാപ്രവർത്തനം സജീവമാണിപ്പോൾ. അച്ചടക്കനടപടികൾക്കുപോലും അസോസിയേഷന്റെ നിലപാട് നിർണായകമായി. രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി സർക്കാർ ജീവനക്കാരുടെ സംഘടനകൾ പലതും മാറി. മാറിമാറിവരുന്ന ഭരണകൂടങ്ങളുടെ പിണിയാളുകളായ ഉദ്യോഗസ്ഥർ നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിലും നിർണായക ശക്തിയായി.

ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും താളത്തിനൊത്തു തുള്ളുന്ന ബ്യൂറോക്രസി വീണ്ടും പിടിമുറുക്കുന്നു. കാര്യങ്ങൾ പലതും നടത്തിയെടുക്കാൻ അവരുടെ സഹായം അനിവാര്യമായി വരുന്നു. അതുകൊണ്ടുതന്നെ അവരെ പ്രീണിപ്പിക്കാനും ഭരണകൂടം ശ്രദ്ധിക്കുന്നു. അപ്പോൾപ്പിന്നെ പണിമുടക്കിനെതിരേ സംസാരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാവും. പക്ഷേ പണിമുടക്കു സംസ്‌കാരത്തിന് കാലികമായ മാറ്റം വന്നേ തീരൂ.

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam