വീഞ്ഞ് കുപ്പിയിൽ നുരയുന്ന രാഷ്ട്രീയം

FEBRUARY 18, 2026, 9:15 AM

ആകെ നനഞ്ഞാൽ കുളിരില്ല എന്ന വിഖ്യാതമായ പഴഞ്ചൊല്ല് കൂട്ടിനുള്ളതിനാൽ, ഈ അവസാന നാഴികയിൽ ആര് എന്തുപറഞ്ഞാലും ആർക്ക് ചേതം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഈ നിലയ്ക്ക് പോയാൽ രഥം തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും സർക്കാരിനെ പഴി പറഞ്ഞ് സതീശനും ഒരു പരുവമാകും.

ഒരു ശബരിമല കൊണ്ട് തെരഞ്ഞെടുപ്പ് കാലം കഴിച്ചുകൂട്ടാമെന്ന കണക്ക് കൂട്ടലിലാണ് പ്രതിപക്ഷ നേതാവ് വടക്കുനിന്ന് വണ്ടി സ്റ്റാർട്ട് ചെയ്തത്. പക്ഷേ യാത്ര ഒരോ കവലയിലും എത്തുന്നത് കാത്ത് ഇത്രയേറെ വിവാദങ്ങൾ കൈ കാണിച്ച് നിൽപ്പുണ്ടാവുമെന്ന് സാരഥി പോലും ഓർത്തുകാണില്ല. ഒരു വിവാദത്തിലും ഒരു പരിധിക്കപ്പുറം പ്രതിപക്ഷം കയറി മേയരുത് എന്നൊരു വാശി സർക്കാരിനുള്ളതുപോലെയും തോന്നും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കടുത്ത പ്രതിരോധത്തിൽ നിൽക്കെയാണ് ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു കൊണ്ടുള്ള തീരുമാനം പുറത്തുവിട്ടത്. ഇനിയുള്ള മണിക്കൂറുകൾ ആ വിവാദം നുരഞ്ഞു പൊന്തട്ടെ. കഴിഞ്ഞ ഒക്ടോബറിൽ തീരുമാനിച്ചുറപ്പിച്ച ബാർനയം, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നിർഭയമായി എടുത്തിട്ടത് സർക്കാരിന്റെ വിവാദ കുളിർ പേടി മാറിയതിന് തെളിവാണ്. യാതൊരു പ്രത്യാശയും നൽകാത്ത തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഏത് കടുംകൈയും ചെയ്യാൻ അവരെ പ്രാപ്തരാക്കിയോ?

vachakam
vachakam
vachakam

വഴിനീളെ വച്ച, വികസനത്തിന്റെ നാഴികക്കല്ലുകൾ വിളംബരം ചെയ്യുന്ന പരസ്യ ബോർഡുകൾ നാട്ടുകാർ കണ്ടില്ലെന്ന് നടിച്ചാൽ പിന്നെയെന്ത് ചെയ്യും! മദ്യംവിറ്റ് ഖജനാവ് നിറയ്ക്കാനല്ല, ടൂറിസം വികസനത്തിനാണ് ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതെന്ന് പറയുമ്പോൾ ആധുനിക ലോകത്ത് അതിൽ യുക്തിയുടെ അംശമുണ്ട്. എന്നാൽ പതിവുപോലെ ക്രൈസ്തവസഭകൾ മദ്യവിരുദ്ധത പ്രകടിപ്പിച്ച് ആദ്യംതന്നെ ചാടിവീണു. മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ കാണാതെ പോകുന്ന കാര്യങ്ങളും ഉണ്ട്.

ദക്ഷിണേന്ത്യയിൽ ഇതര സംസ്ഥാനങ്ങളിൽ ബാർ ലൈസൻസിന് ബാർ ഉടമകളിൽ നിന്ന് വാങ്ങുന്ന ഫീസിന്റെ നാലിരട്ടി വാങ്ങുന്ന കേരളത്തിൽ മദ്യം വിൽക്കാൻ വേണ്ടത്ര സമയം നൽകേണ്ടതല്ലേ. ഒരു വ്യവസായം എന്ന നിലയിൽ അതിന്റെ വളർച്ചയും നിലനിൽപ്പും പ്രധാനമാണ്. ഇതര സംസ്ഥാനങ്ങളിൽ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്ക് അധിക ഫീസ് നൽകിയാൽ കൂടുതൽ പ്രവർത്തന സമയം നൽകുന്ന പതിവുണ്ട്. കേരളത്തിൽ ഇനി കൂടുതൽ ഫീസ് വാങ്ങി അത്തരം ഹോട്ടലുകൾക്ക് പുലർച്ചെ മൂന്നു വരെ പ്രവർത്തിക്കാൻ അനുമതി നൽകാൻ ഒരുങ്ങുകയാണ് സർക്കാർ. 

രാവിലെയും വൈകിട്ടും ആയി രണ്ടു മണിക്കൂർ അധികം മദ്യം വിറ്റാൽ കേരളത്തിന്റെ ക്രമസമാധാനം തകരുമെന്ന കണ്ടുപിടുത്തം കപടവാദമാണ്. അതിന്റെ പേരിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ പിണറായി സർക്കാർ ഭയക്കുന്നില്ല എന്നിടത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുമ്പ് എല്ലാ മേഖലയിലും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടാൻ ഇടയുള്ള പരിഷ്‌കാരങ്ങൾ എന്തെല്ലാമായിരിക്കും എന്നതിന് നാം കാതോർക്കേണ്ടത്. തീരുമാനം എത്ര വലുതാണെങ്കിലും മന്ത്രിസഭയിൽ ഒട്ടാകെ വലിയ ചർച്ചയൊന്നും വേണമെന്നില്ല എന്നതാണ് പലപ്പോഴും രണ്ടാം പിണറായി സർക്കാരിന്റെ ലൈൻ.

vachakam
vachakam
vachakam

പി.എം.ശ്രീ വിഷയത്തിൽ മന്ത്രിസഭയെ അറിയിക്കാതെ കേന്ദ്രസർക്കാറുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. ഈ തീരുമാനത്തിന് ശേഷവും മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി മുന്നോട്ടു പോകാൻ സർക്കാർ മടിക്കുന്നില്ല. നയപരമായ തീരുമാനമായിട്ടും സംസ്ഥാനത്തെ ബാർ സമയം കൂട്ടാനുള്ള തീരുമാനം ഇടതു മുന്നണി അറിഞ്ഞില്ല എന്ന വാർത്ത അതിനാൽ തന്നെ ആരെയും ഞെട്ടിച്ചില്ല.

സമയം നീട്ടണമെന്ന ബാർ ഉടമകളുടെ അപേക്ഷ എക്‌സൈസ് വകുപ്പ് ഉത്തരവാക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ സർക്കാരിനെ സമീപിച്ചത് പതിനൊന്ന് തവണയാണ്. നേരത്തെ പരിഗണിക്കാതെ മാറ്റിവെച്ച തീരുമാനം.

വി.എസിന്റെ സുവിശേഷം

vachakam
vachakam
vachakam

ബാർകോഴ വിവാദം പണ്ട് കത്തിനിൽക്കെ, നിയമസഭയിൽ സാക്ഷാൽ കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കാനുള്ള ശ്രമത്തിനിടെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച വി.എസ് അച്യുതാനന്ദനെ കേരളം മറന്നിട്ടില്ല. ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം? കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ മാണി വീണുപോകുന്നത് ചിത്രണം ചെയ്ത വിഎസ്. നല്ലൊരു കാഴ്ചയായിരുന്നു.

ബാർകോഴ ഒരു യാഥാർത്ഥ്യമായിരുന്നുവെന്ന് അന്ന് സി.പി.എം ഉറപ്പായും വിശ്വസിച്ചിരുന്നത് പോലെ ഇന്ന് അങ്ങനെ വിശ്വസിക്കാനുള്ള ന്യായമായ അവകാശം പ്രതിപക്ഷം എന്ന നിലയ്ക്ക് കോൺഗ്രസിനുമുണ്ട്. ഇത്തവണത്തെ ബാർനയം ഒക്ടോബർ ഒരുങ്ങുമ്പോൾ തന്നെ കാര്യം പ്രതിപക്ഷത്തിന് അറിയാമായിരുന്നു എന്ന് എക്‌സൈസ് മന്ത്രി വെളിപ്പെടുത്തുന്നു. താൻ ഒന്നുമറിഞ്ഞിട്ടില്ല എന്ന് വി.ഡി. സതീശൻ മറുപടി പറയുന്നു. കോടികൾ ഒഴുക്കാതെ മദ്യരാജാക്കന്മാർ ഒന്നും ചെയ്യില്ലെന്ന് ഇരുവരെയും കേൾക്കുന്ന ജനത്തിന് നന്നായി അറിയാം.

ടൂറിസംമേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദ്ദേശം നേരത്തെ തന്നെ സർക്കാരിനുമുന്നിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം പണ്ട് നൽകിയ ശുപാർശകളിലൊന്നാണിത്.

കാപ്‌സ്യൂൾ

ബെവ്‌കോ ഷോപ്പുകൾ അടച്ചാലും ബാറുകൾ കൂടുതൽ സമയം തുറന്നിരിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് ഉണർവേകും. വർഷാവർഷമുള്ള മദ്യനയത്തിന് പകരം അഞ്ച് വർഷത്തിലൊരിക്കൽ നയം പുതുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സർക്കാർ.

സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തന്നെ മദ്യ വിൽപ്പനയെ ആശ്രയിച്ചിരിക്കുന്ന സംസ്ഥാനത്ത് രണ്ട് മണിക്കൂർ നേരം അധികം ബാർ തുറന്നിരുന്നാൽ നേട്ടമേ വരൂ. എല്ലാ ക്വിസ് മത്സരത്തിലും ചോദ്യം പലത് ഉത്തരം ഒന്ന് അതാണ് സോഷ്യലിസം.

പ്രിജിത്ത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam