നേപ്പാളിൽ വീശിയടിച്ച പ്രളയത്തിലും മണ്ണടിച്ചിലിലുംപ്പെട്ട് മരണമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരുടെ അനുഭവങ്ങൾ കേട്ട് ലോകം ഞെട്ടിയിരിക്കുകയാണ്. കൈലാസ മാനസസരോവർ തീർഥാടനത്തിനായി പുറപ്പെട്ട 21 അംഗ സംഘമാണ് പ്രകൃതി ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ചെന്നൈയിൽ തിരിച്ചെത്തിയത്. ഒരു സാരിയും കേബിൾ വയറും ജീവൻ രക്ഷിക്കാനുള്ള വടമാക്കി മാറ്റിയാണ് ഇവർ കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെട്ടത്.
നേപ്പാളിലെ രസുവ ജില്ലയിൽ വെച്ചാണ് തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ടത്. ആദ്യം വൻ പൊടിപടലം ഉയർന്നതും ബോംബ് സ്ഫോടനത്തിന് സമാനമായ വൻ ശബ്ദം കേട്ടതായും തീർഥാടകർ ഓർത്തെടുക്കുന്നു. തൊട്ടുപിന്നാലെ കൂറ്റൻ പാറക്കല്ലുകളും ചെളിവെള്ളവും അതിവേഗത്തിൽ റോഡിലേക്ക് കുതിച്ചെത്തുകയായിരുന്നു.
വാഹനം അപകടത്തിൽപ്പെടുമെന്ന് ഉറപ്പായതോടെ ഡ്രൈവർ വശത്തെ വാതിലിലൂടെ എല്ലാവരും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ചളിയിൽ കാൽ പൂണ്ടുപോവുകയും കൂറ്റൻ വെള്ളച്ചാട്ടം റോഡിനെ വിഴുങ്ങുകയും ചെയ്തതോടെ മുകളിലുള്ള കുത്തനെയുള്ള മലഞ്ചെരിവിലേക്ക് കയറുക മാത്രമായിരുന്നു ഏക വഴി. ചളി നിറഞ്ഞതും വഴുക്കുന്നതുമായ ഈ മല കയറുക എന്നത് പ്രായമായവർക്കും സ്ത്രീകൾക്കും അസാധ്യമായ കാര്യമായിരുന്നു.
ഈ ഘട്ടത്തിലാണ് ഉയർന്ന പ്രദേശത്ത് എത്തിയ മയിലാടുതുറൈ സ്വദേശിയായ രത്നകുമാറും ഭാര്യ പൂങ്കുഴലിയും ദൈവത്തെപ്പോലെ രക്ഷയ്ക്കെത്തിയത്. പൂങ്കുഴലിയുടെ സാരി അഴിച്ചെടുത്ത് നീളമുള്ള കയറുപോലെ താഴ്ഭാഗത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഈ സാരിയിലും സമീപത്തുണ്ടായിരുന്ന കേബിൾ വയറുകളിലും പിടിച്ച് ഓരോരുത്തരായി വഴുക്കലുള്ള മലഞ്ചെരിവ് കയറി സുരക്ഷിത സ്ഥാനത്ത് എത്തി.
നടക്കാൻ പോലും സാധിക്കാതിരുന്ന ഒരു സ്ത്രീയുടെ അരയിൽ സാരി കൂട്ടിക്കെട്ടിയാണ് മുകളിലുള്ളവർ ചേർന്ന് വലിച്ച് കയറ്റിയത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട കഠിനമായ പോരാട്ടത്തിനൊടുവിലാണ് 21 പേരും ജീവനോടെ മലമുകളിലേക്ക് കയറിപ്പറ്റിയത്. തങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് താഴേക്കിറങ്ങി വന്ന രത്നകുമാറിനെയും ഭാര്യയെയും പാർവതി പരമേശ്വരന്മാരെപ്പോലെയാണ് കണ്ടതെന്ന് അതിജീവിച്ചവർ വിതുമ്പലോടെ പറഞ്ഞു.
തുടർന്ന് അവിടുത്തെ സായുധ പൊലീസ് ക്യാമ്പിലെത്തിയ സംഘത്തിന് കുടിവെള്ളവും ബിസ്ക്കറ്റും ലഭിച്ചു. പിന്നീട് രണ്ട് മണിക്കൂറോളം മുള്ളുനിറഞ്ഞ കഠിനമായ മലമ്പ്പാതയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് ഇവർ ഹെലികോപ്റ്റർ ലാൻഡിങ് കേന്ദ്രത്തിൽ എത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും തമിഴ്നാട് സർക്കാരിന്റെയും അടിയന്തര ഇടപെടലിലൂടെയാണ് ഇവരെ കാഠ്മണ്ഡുവിൽ എത്തിച്ച് നാട്ടിലേക്ക് മടക്കിയയച്ചത്.
English Summary: A group of 21 pilgrims from Tamil Nadu miraculously escaped deadly flash floods in Nepal by using a saree as a makeshift rescue rope. The pilgrims scaled a slippery muddy slope after being trapped in Rasuwa district during their Kailash Manasarovar yatra. Selfless actions by fellow pilgrims and swift coordination by government authorities ensured their safe return to Chennai.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Nepal Floods, Tamil Nadu Pilgrims Escaped, Nepal Rescue Operation, Saree Rescue Lifeline
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
