ഫ്‌ളോറിഡ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ ഗവർണറായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ബൈറൺ ഡൊണാൾഡ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും മുൻ കോൺഗ്രസ് അംഗവുമായ ഡേവിഡ് ജോളിയെ പരാജയപ്പെടുത്തിയാണ് ഡൊണാൾഡ്‌സ് വിജയിച്ചത്.
ഫ്‌ളോറിഡയുടെ ചരിത്രത്തിൽ ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവർഗക്കാരൻ എന്ന ചരിന്രേട്ടവും ഡൊണാൾഡ്‌സ് സ്വന്തമാക്കി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ സ്ഥാനത്തെ നിയന്ത്രണവും ഇതോടെ തുടരും.
നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികളും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്. ഫ്‌ളോറിഡ തിരഞ്ഞെടുപ്പ് വകുപ്പിന്റെ അനൗദ്യോഗിക കണക്കുകൾ പ്രകാരം ബൈറൺ ഡൊണാൾഡ്‌സിന് 39,17,186 വോട്ടുകളും (49.72 ശതമാനം), ഡേവിഡ് ജോളിക്ക് 38,63,452 വോട്ടുകളും (49.04 ശതമാനം) ലഭിച്ചു. 53,734 വോട്ടുകളുടെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
നിലവിലെ ഗവർണർ റോൺ ഡിസാന്റിസിന് കാലാവധി പരിധി കാരണം വീണ്ടും മത്സരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഗവർണറെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നത്. കോൺഗ്രസ് അംഗമായ ഡൊണാൾഡ്‌സിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീടുകളുടെ വിലവർധന, ഇൻഷുറൻസ് പ്രീമിയം, ജീവിതച്ചെലവ്, കുടിയേറ്റനയങ്ങൾ, വിദ്യാഭ്യാസം, സാമ്പത്തിക വികസനം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി ചർച്ചയായത്. മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായിരുന്ന ഡേവിഡ് ജോളി പിന്നീട് ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നാണ് ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചത്. മിതവാദ രാഷ്ട്രീയ നിലപാടുകളും ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള പദ്ധതികളും ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.
അതേസമയം, സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക, നികുതി, കുടിയേറ്റ നയങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്ന വാഗ്ദാനമാണ് ഡൊണാൾഡ്‌സ് മുന്നോട്ടുവച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഫ്‌ളോറിഡയിൽ ഗവർണർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡെമോക്രാറ്റിക് പാർട്ടിക്ക് സാധിച്ചിട്ടില്ല. ഇത്തവണയും റിപ്പബ്ലിക്കൻ പാർട്ടി വിജയം നേടിയതോടെ ആ രാഷ്ട്രീയ സാഹചര്യം തുടരുകയാണ്.
2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്‌ളോറിഡയിലെ രാഷ്ട്രീയ സാഹചര്യവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
