കൈറോ അന്താരാഷ്ട്ര ഫത്‌വ സമ്മേളനം സമാപിച്ചു
കോഴിക്കോട്: ആഗോള സമാധാനത്തിനായി ലോകമെങ്ങുമുള്ള മതപണ്ഡിതർ ഒന്നിച്ചു പ്രവർത്തിക്കണമെന്നും പാലസ്തീൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രശ്‌നങ്ങൾക്ക് ചർച്ചയിലൂടെ അതിവേഗം പരിഹാരം കാണണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ നേതൃത്വത്തിൽ തലസ്ഥാനമായ കൈറോയിൽ നടന്ന അന്താരാഷ്ട്ര ഫത്‌വ സമ്മേളനത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ ഫത്‌വാ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ജനറൽ സെക്രട്ടറിയേറ്റ് ഫോർ ഫത്‌വ അതോറിറ്റീസ് വേൾഡ് വൈഡ് സംഘടിപ്പിച്ച സമ്മേളനത്തിൽ 40ലധികം രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് പണ്ഡിതരും മുഫ്തിമാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു.
'അതിവേഗം വളരുന്ന ലോകത്ത് ധാർമിക അടിത്തറയുടെയും ഫത്‌വകളുടെയും പ്രസക്തി' എന്ന വിഷയത്തിൽ സമ്മേളനത്തിന്റെ മൂന്നാം സെഷനിലാണ് കാന്തപുരം സംസാരിച്ചത്. മനുഷ്യർക്കിടയിലെ സമത്വവും സാഹോദര്യവും വർധിപ്പിക്കുന്നതിലും വിവിധ മതങ്ങൾക്കിടയിലെ മതാന്തര സംഭാഷണങ്ങൾക്കും തീവ്രവാദത്തെ ചെറുക്കുന്നതിലും ഫത്‌വകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിവിധ സെഷനുകൾ നടന്നത്.
ഈജിപ്ത് മതകാര്യവകുപ്പ് മന്ത്രി ഡോ. ഒസാമ അൽഅസ്ഹരി, ഈജിപ്ത് മുഫ്തി ഡോ. ശൗഖി ഇബ്‌റാഹീം അല്ലാം, അൽ അസ്ഹർ യൂണിവേഴ്‌സിറ്റി അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽദുവൈനി, ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈൻ, ഇന്റർനാഷണൽ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറൽ ഡോ.ഖുതുബ് സാനോ, ബോസ്‌നിയൻ മുഫ്തി ശൈഖ് ഹുസൈൻ കവസോവിച്ച്, തായ്‌ലന്റ് മുഫ്തി ശൈഖ് ഹാരുൺ ബൂൺ ചോം, അബുദാബിയിലെ ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് ചെയർമാൻ ഹിസ് എക്‌സലൻസി ഡോ. ഒമർ അൽദാറായി, യുണൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷന്റെ ഡയറക്ടർ നിഹാൽ സാദ് തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്