ജൂൺ 17 മുതൽ 21 വരെ അഞ്ചു ദിവസമാണ് പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടന്നത്. ജൂൺ 17 ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രാസാദ ശുദ്ധിയും പിറ്റേന്ന് വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചവരെ ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തഞ്ചു കലശം എന്നിവയോട് കൂടി ബിംബ ശുദ്ധി ക്രിയകളും, ഉച്ചപൂജയ്ക്കു ശേഷം ശ്രീഭൂതബലിയും നടന്നു.
അന്ന് വൈകീട്ട് അത്താഴപൂജയും ശീവേലിയുമോടെ അടുത്ത മൂന്നു ദിവസം നീണ്ടു നിന്ന വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കാഴ്ച്ചശീവേലിയും അനവധി വാദ്യകലാകാരന്മാർ അവതരിപ്പിച്ച പാഞ്ചാരി മേളവും കണ്ണിനും കാതിനും ഇമ്പമേറിയപ്പൊൾ, മദ്ദളകേളിയും തായമ്പകയും പഞ്ചവാദ്യവുമെല്ലാം ക്ഷേത്രോൽസവത്തിന്റെ തനിമയിലേക്കു മേളാസ്വാദകരെ എത്തിച്ചു.
ജൂൺ 20 ശനിയാഴ്ച്ച ക്ഷേത്രമൈതാനിയിൽ നടത്തിയ ഭഗവതിയ്ക്കായുള്ള പൊങ്കാല വേറിട്ട അനുഭവമായി. ഇരുന്നൂറിലധികം ദേവി ഭക്തർ ഓരോരുത്തരും അവരവർക്കായി പ്രത്യേകം തയ്യാറാക്കിയ അടുപ്പുകളിൽ പൊങ്കാല നിവേദ്യം തയാറാക്കി ദേവീസ്തുതികളോടെ പൊങ്കാലയിട്ടു പ്രാർത്ഥിച്ചു.
നിത്യേന മൂന്നു നേരം ശീവേലി, നവകം പഞ്ചഗവ്യം അഭിഷേകം ചുറ്റുവിളക്ക് എന്നീ ചടങ്ങുകൾക്ക് പുറമെ ഗണപതിക്ക് സഹസ്ര അപ്പം നിവേദ്യം, അയ്യപ്പന് പുഷ്പാഭിഷേകം, ഭഗവതിയ്ക്കു പൂമൂടൽ, മൂന്ന് ദിവസങ്ങളിലായി നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവ കൊണ്ടുള്ള സഹസ്രദീപ വിളക്ക് എന്നിവ ചടങ്ങുകളുടെ ഭാഗമായി നടത്തി.
മിഥുന മാസത്തിലെ ഉത്രം നക്ഷത്ര ദിവസമായ ജൂൺ 21 ഞായറാഴ്ച്ച ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശവും മറ്റു ഉപദേവതമാർക്കായി കലശങ്ങളും തുടർന്നു ഉച്ചപൂജയ്ക്ക് ശേഷം ശ്രീഭൂതബലിയും എഴുന്നള്ളിപ്പും നടന്നു.
ഉത്സവത്തിന് മുന്നോടിയായി വിഷു മുതൽ ഭക്തരുടെ വീടുകളിൽ ഭഗവാന്റെ കോലവും തിരുവുടയാടയുമായി സന്ദർശിച്ചു പറയെടുപ്പ് നടത്തുകയും ഉണ്ടായി. ഒട്ടാവ മുതൽ ലണ്ടൻ വരെയുള്ള 11 നഗരങ്ങളെ വിവിധ ദേശങ്ങളായി തിരിച്ചാണ് മുന്നൂറോളം വീടുകളിൽ പറയെടുപ്പ് നടത്തിയത്.
ക്ഷേത്ര മൈതാനത്തിൽ പ്രത്യേകം തയ്യാറാക്കിയ 'പൂന്താനം കലാവേദി'യിൽ അറുന്നൂറോളം കലാകാരൻമാർ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു. കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭജന, വാദ്യോപകരണ സംഗീതം, ഗാനമേള തുടങ്ങി വൈവിധ്യവും ഒന്നിനൊന്നു മേന്മയുമേറിയ പരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ചു അരങ്ങേറിയത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കായി നിത്യേന അന്നദാനവും ഒരുക്കിയിരുന്നു. പ്രതിഷ്ഠ ദിന ആഘോഷങ്ങളുടെ സമാപനം അന്നദാന സദ്യയോടും വിപുലമായ പരിപാടികളോടെയും ആയിരകണക്കിന് ഭക്ത ജനങ്ങൾ ആഘോഷങ്ങളിൽ ഒത്തു ചേർന്നു.
മറ്റു പ്രവിശ്യകളിൽ നിന്നുൾപ്പെടെ കാനഡയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തരാണ് പ്രതിഷ്ഠാ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
