'അമ്പമ്പടാ... ഇവൻ ആര്?!' എന്ന് ഉറക്കത്തിൽ നിന്നുപോലുമെന്നോണം ലാൽ വിളിച്ചുകൂവി. കൊടിവെച്ച ആ വലിയ കെട്ടിടത്തിന് മുന്നിൽ വാളും പിടിച്ച് നിൽക്കുന്നവനെ ഇമവെട്ടാതെ ലാൽ നോക്കിനിന്നു.
അപ്പോഴാണ് പെട്ടെന്ന് ഒരു ടാക്‌സി കാർ പാഞ്ഞുവന്നത്. റോഡിൽ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ നിന്നിരുന്ന ആ കാട്ടുപൊട്ടന്റെ തൊട്ടടുത്ത് വന്ന്, മുട്ടുമുടിച്ചില്ല എന്ന മട്ടിൽ ടാക്‌സി ഡ്രൈവർ ബ്രേക്ക് ചവിട്ടി!ആ ഡ്രൈവർ വിളിക്കാത്ത തെറികളില്ലായിരുന്നു.
ലാൽ വീണ്ടും അഭിനയം തുടരുന്നതിന് മുൻപ് തന്നെ ശശികുമാറും അശോകനും അത്യധികം പരിഭ്രാന്തിയോടെ ഓടിയടുത്തു.
'മതിയെടാ മതി... ജോറായിട്ടുണ്ട്! ഇനിയും നീ അഭിനയിച്ചാൽ നിന്റെ ശരീരത്തിൽ പ്ലാസ്റ്റർ ഇടേണ്ടി വരും. മതി, നീ തന്നെയാണ് ഞങ്ങളുടെ മന്ദബുദ്ധി!'
അങ്ങനെ തന്റെ പ്രഥമ സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതാ പരീക്ഷയിൽ മോഹൻലാൽ വിജയം നേടി. മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ ഉദയം ഇവിടെ കുറിക്കപ്പെടുകയായിരുന്നു.
'തിരനോട്ട'ത്തിലെ കുട്ടപ്പൻ എന്ന വേലക്കാരനായിരുന്നു ലാൽ; തികച്ചും ഒരു കോമഡി കഥാപാത്രം. ആദ്യകാലങ്ങളിൽ നായകനാകാനോ വില്ലനാകാനോ ആയിരുന്നില്ല ലാലിന് താല്പര്യം. ഹാസ്യരംഗങ്ങളിൽ ശരിക്കും ഒന്നു മിന്നിത്തെളിയണമെന്നായിരുന്നു കക്ഷിയുടെ മോഹം.
'തിരനോട്ട'ത്തിൽ മന്ദബുദ്ധിയുടെ വേഷത്തിലേക്ക് മോഹൻലാലിനെ തിരഞ്ഞെടുത്തുവെങ്കിലും ചിത്രീകരണം അപ്പോൾ തന്നെ തുടങ്ങാൻ കഴിഞ്ഞില്ല.
ചിത്രത്തിന് പണം മുടക്കാമെന്ന് ഏറ്റിരുന്നത് പാച്ചല്ലൂർ ശശി എന്ന കോൺട്രാക്ടർ ആയിരുന്നു. തികച്ചും സഹൃദയനായ ശശിയുടെ മനസ്സ് നിറയെ കലയും കലാപരിപാടികളുമായിരുന്നു. അദ്ദേഹം മുൻപ് ഒരു നാടകത്തിൽ അഭിനയിച്ച് മികച്ച നടനുള്ള അവാർഡ് വരെ നേടിയിട്ടുണ്ട്.
സത്യത്തിൽ ഈ ചെറുപ്പക്കാരുടെ സിനിമാഭ്രാന്തിന് തിരികൊളുത്തിയത് പാച്ചല്ലൂർ ശശിയായിരുന്നു. അശോകനും കൂട്ടരും എഴുതിയുണ്ടാക്കിയ തിരക്കഥയൊക്കെ ശശി തിരുത്തിയെഴുതി. ചിത്രത്തിന്റെ സംവിധാന ചുമതല അശോകനെ ഏൽപ്പിച്ചു.
സഹസംവിധായകനായി സുരേഷിനെ ചുമതലപ്പെടുത്തി. ക്യാമറ കുമാർ തന്നെയായിരുന്നു. ഇതിനെല്ലാം പുറമെ ചിത്രത്തിന്റെ സംവിധാന മേൽനോട്ടം ഉള്ളൂർ ഗോപാലകൃഷ്ണൻ എന്നൊരാളെ ഏൽപ്പിച്ചു. പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പിയുടെ അസിസ്റ്റന്റായിരുന്ന ഗോപാലകൃഷ്ണൻ കഥ മിനുക്കിയെടുത്തത് ഇങ്ങനെയായിരുന്നു:
ഒരു പട്ടാളക്കാരന്റെ മകളായ മീരയുടെ മാനസിക വിഭ്രാന്തിയായിരുന്നു ചിത്രത്തിന്റെ പ്രമേയം. കുറച്ച് ഗ്ലാമറിന് പ്രാധാന്യം നൽകിക്കൊണ്ടാണ് കഥ വികസിപ്പിച്ചെടുത്തത്. മീര അവളുടെ നഗ്‌നശരീരം പ്രദർശിപ്പിക്കുന്നതും ഒടുവിൽ അത് അവളെ വലിയൊരു കെണിയിലാക്കുന്നതുമായിരുന്നു കഥ. രേണുചന്ദ്രികയും രവികുമാറുമായിരുന്നു നായികാനായകന്മാർ.
മോഹൻലാൽ മീരയുടെ വീട്ടിലെ വേലക്കാരനും. ബുദ്ധിവികാസം പ്രാപിക്കാത്ത ഒരു പതിനെട്ടുകാരൻ. ഭൂലോക ഉഴപ്പന്മാരായിരുന്നെങ്കിലും ലാലും അശോകനും സുരേഷുമൊക്കെ വലിയ ഈശ്വരവിശ്വാസികളായിരുന്നു. അവർ ഒത്തുകൂടി തിരുവനന്തപുരത്തെ പ്രശസ്തമായ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി ദർശനം നടത്തുക പതിവായിരുന്നു. ഒരിക്കൽ തൊഴുതു മടങ്ങുമ്പോൾ ഇതാ പാച്ചല്ലൂർ ശശി മുന്നിൽ നിൽക്കുന്നു!
'ഇനി നമുക്ക് ചിത്രീകരണം ആരംഭിക്കാം,' ശശി പ്രഖ്യാപിച്ചു. എല്ലാവരും വലിയ സന്തോഷത്തിലായി.
പൂജയ്ക്കുള്ള നല്ല സമയവും കുറിച്ചു; 1971 സെപ്തംബർ 3. അന്ന് ആറ്റുകാൽ ഭഗവതിയുടെ അനുഗ്രഹത്തോടെ ആദ്യരംഗം ദേവിയുടെ സന്നിധിയിൽ വെച്ച് തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചു. സംവിധായകനായ അശോകന് ആകെയൊരു പരിഭ്രമം. അവൻ ഉറ്റസുഹൃത്തുക്കളായ ശശികുമാറിനോടും ലാലിനോടും പറഞ്ഞു:
'എനിക്ക് ഒരു കുന്തവും അറിയില്ലെടാ... കാര്യങ്ങളൊക്കെ നിങ്ങളും കൂടി ഒന്നു നോക്കിക്കോണം...' ശശികുമാറിന് അല്പം ധൈര്യമുണ്ടായിരുന്നു.
'നീ വിഷമിക്കേണ്ടടാ,' എന്ന് പറഞ്ഞ് അശോകന്റെ തോളിൽ തട്ടി ശശി ആശ്വസിപ്പിച്ചു.
'നമുക്ക് വരുന്നിടത്തുവെച്ച് കാണാം. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടില്ലേ?'
അങ്ങനെയാണ് 'തിരനോട്ട'ത്തിന്റെ തുടക്കം.
മോഹൻലാലിന്റെ വീടിന് ചുറ്റുവട്ടത്തായിരുന്നു 'തിരനോട്ട'ത്തിന്റെ ലൊക്കേഷൻ. അന്ന് സിനിമാ യൂണിറ്റിന് ഭക്ഷണവും മെസ്സും ഒരുക്കിയത് മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയായിരുന്നു. നേരം പുലരുന്നതോടെ നടീനടന്മാരും സാങ്കേതിക വിദഗ്ധരുമെല്ലാം ബസിലും സൈക്കിളിലുമായി മുടവൻമുകളിലെ 'ഹിൽവ്യൂ' എന്ന ലാലിന്റെ വീട്ടിലെത്തും. മകന്റെ നേതൃത്വത്തിൽ കുറച്ചു പിള്ളേർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്ന് മാത്രമാണ് ശാന്താദേവിയമ്മ കരുതിയത്. ലാലിന്റെ അമ്മയ്ക്ക് അന്ന് സിനിമയുടെ വ്യാകരണമൊന്നും അറിയില്ലായിരുന്നല്ലോ.
ചിത്രീകരണം കൂടുതലും ലാലിന്റെ വീട്ടിൽ തന്നെയായിരുന്നതുകൊണ്ട് വീട് മുഴുവൻ 'കുളമായി' എന്ന് പറഞ്ഞാൽ മതിയല്ലോ! ലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ നല്ല അടുക്കും ചിട്ടയുമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ ചിട്ടകളെല്ലാം തെറ്റി. ശാന്താദേവിയമ്മയ്ക്ക് ആവശ്യത്തിലധികം ജോലിയുമായി. ചിത്രീകരണം കഴിഞ്ഞാൽ വീട് പഴയതുപോലെ നന്നാക്കിത്തരാമെന്ന് പാച്ചല്ലൂർ ശശി ഇടയ്ക്കിടെ അമ്മയ്ക്കും ലാലിനും ഉറപ്പ് നൽകുന്നുണ്ടായിരുന്നു.
ഇതിനിടയിൽ സിനിമയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആരോ പറഞ്ഞു റെഡ്യാറെപ്പോയി കണ്ടാൽ അദ്ദേഹം പ്രശ്‌നം പരിഹരിക്കുമെന്ന്. ഒട്ടേറെ സിനിമക്കാർക്ക് റെഡ്യാർ പണം കുറഞ്ഞ പലിശയ്ക്ക് നൽകിയിട്ടുണ്ടത്രേ. ഒടുവിൽ സിനിമാക്കാരുടെ കൺകണ്ട ദൈവമെന്ന് പറയപ്പെടുന്ന തിരവേങ്കിടം റെഡ്യാറെപ്പോയി കാണാൻ പാച്ചല്ലൂർ ശശി തീരുമാനിച്ചു. അങ്ങനെ ശശി നല്ല നേരം നോക്കി റെഡ്യാറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തിരവേങ്കിടം മുതലാളി ശശിയെ വിശ്വസിച്ച് പണം കൊടുക്കാമെന്ന് ഏറ്റു.
അപ്പോഴാണ് മറ്റ് ചില പ്രശ്‌നങ്ങൾ ഉണ്ടായത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശശികുമാർ ടീമുമായി ഉടക്കിപ്പിരിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കാനിരിക്കെയാണ് ശശികുമാർ പിരിഞ്ഞുപോയത്. പക്ഷേ, അശോകൻ കുലുങ്ങിയില്ല. എങ്ങനെയെങ്കിലും ചിത്രം പൂർത്തിയാക്കിയിട്ടേ അടങ്ങൂ എന്ന വാശിയിലായിരുന്നു അവൻ. ഇതിനിടയിൽ അശോകന്റെ സിനിമയെക്കുറിച്ച് പ്രിയദർശൻ അറിഞ്ഞിരുന്നു. തങ്ങളോട് സിനിമയെക്കുറിച്ച് ഒന്നും പറയാത്തതിൽ പ്രിയന് അല്പം വിഷമം തോന്നി.
ഒരിക്കൽ പ്രിയന്റെ ഉറ്റസുഹൃത്ത് ശ്രീകാന്തിന്റെ വീട്ടിൽ വെച്ച് ചിത്രീകരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പ്രിയൻ ആവേശത്തോടെ അങ്ങോട്ടോടി. അവിടെ ഷൂട്ടിംഗിന്റെ വലിയ ബഹളമായിരുന്നു. മോഹൻലാൽ അതിൽ നടനാണെന്ന് പ്രിയൻ അപ്പോഴാണ് അറിയുന്നത്. ഒരു ദിവസം അശോകൻ കുമാർ പ്രിയന്റെ സഹായം തേടിയെത്തി. ആദ്യം മുതൽ 'തിരനോട്ട'ത്തിൽ സഹകരിപ്പിക്കാത്തതിന്റെ വാശി പ്രിയനുണ്ടായിരുന്നു.
'സിനിമ ആകെ ബോറായിട്ടുണ്ട് അശോകൻ,' പ്രിയൻ ഉള്ള കാര്യം തുറന്നുപറഞ്ഞു. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് ക്യാമറാമാൻ കുമാറും സമ്മതിച്ചു.
'തിരനോട്ട'ത്തെ രക്ഷിക്കാൻ ഒരു വഴിയേ ഉള്ളൂ എന്ന് അവൻ പറഞ്ഞു;
'കുറച്ചൊക്കെ എഴുതുകയും വായിക്കുകയും ചെയ്യുന്ന ആരെങ്കിലും വേണം. അത് നമ്മുടെ കൂട്ടത്തിൽ അവൻ മാത്രമേ ഉള്ളൂ; പ്രിയദർശൻ.' അങ്ങനെയാണ് അശോകൻ പ്രിയന്റെ മുന്നിലെത്തുന്നത്.
പ്രിയദർശൻ അല്പം ഗമയിൽ ഇരുന്നിട്ട് ചോദിച്ചു:
'ഞാൻ വരുന്നതിനെക്കുറിച്ച് മോഹൻലാൽ എന്താണ് പറയുന്നത്?'ലാലിന് പ്രശ്‌നമൊന്നുമില്ലായിരുന്നു. പക്ഷേ, സുരേഷിന് അത്ര താല്പര്യമില്ലായിരുന്നു.
'അത് പ്രിയൻ കണക്കാക്കേണ്ട, ഞങ്ങൾ മാനേജ് ചെയ്‌തോളാം,' എന്ന് അശോകൻ ഉറപ്പ് നൽകി.
അങ്ങനെ 'തിരനോട്ട'ത്തിന് വേണ്ടി പ്രിയദർശൻ രംഗത്തെത്തി. പ്രിയന്റെ വരവ് സുരേഷിനെ അസ്വസ്ഥനാക്കി. ആര് പറഞ്ഞിട്ടും സുരേഷ് വഴങ്ങിയില്ല. പ്രിയന്റെ ഭാഗത്തുനിന്നും സുരേഷിനോടുള്ള പെരുമാറ്റം മോശമായിരുന്നു. അതോടെ അശോകനും സുരേഷും തമ്മിലുള്ള ബന്ധം ഉലഞ്ഞു. എങ്ങനെയെങ്കിലും സുരേഷിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് പ്രിയൻ.
മോഹൻലാൽ ഇത്തവണ എല്ലാവരെയും കൂട്ടിയണയ്ക്കാനാണ് ശ്രമിച്ചത്. പക്ഷേ, പ്രിയദർശന് അന്ന് ആരോടെങ്കിലും പിണക്കം തോന്നിയാൽ പിന്നെ അടങ്ങിയിരിക്കില്ല. എങ്ങനെയെങ്കിലും അവനെ തകർക്കണമെന്ന ചിന്ത മാത്രമായിരുന്നു കക്ഷിക്ക്. ഇങ്ങനെയൊക്കെയാണെങ്കിലും തിരക്കഥയിലും സംഭാഷണത്തിലും പ്രശസ്തമായ ആ 'പ്രിയൻ ടച്ച്' വരുത്തി കാര്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
അങ്ങനെ 'തിരനോട്ട'ത്തിന്റെ ചിത്രീകരണം ഒരുവിധം ഭംഗിയായി പൂർത്തിയായി. ഇനി ഡബ്ബിംഗ് ഘട്ടമാണ്. ഇതിനിടയിൽ സുരേഷ് പൂർണ്ണമായും പ്രോജക്ടിൽ നിന്നും പിന്മാറി. അശോകനും പ്രിയദർശനും വലിയ കൂട്ടുകാരായി മാറി. ഡബ്ബിംഗിന്റെ ആവശ്യങ്ങൾക്കായി അശോകൻ പ്രിയദർശനെയും കൂട്ടി നേരത്തെ തന്നെ മദ്രാസിലേക്ക് (ചെന്നൈ) പുറപ്പെട്ടു. അപ്പോൾ മോഹൻലാലിന് തോന്നി സുരേഷിനെ അങ്ങനെ പിണക്കിവിടുന്നത് ശരിയല്ലെന്ന്. അവനെ എങ്ങനെയെങ്കിലും ഇതിൽ സഹകരിപ്പിക്കണം.
ലാൽ ഒരു ദിവസം രാവിലെ സുരേഷിന്റെ വീട്ടിലെത്തി. അപ്പോൾ സുരേഷ് കടുത്ത ദേഷ്യത്തിലായിരുന്നു.
'എടേ ലാലേ... നീ അറിഞ്ഞില്ലേ? അവന്മാർ നമ്മളെ കൂട്ടാതെ ഡബ്ബിംഗിന് പോയി...!'
'നമുക്കും പോകാം, ഞാൻ നിന്നെ വിളിക്കാൻ വന്നതാ. നീ എതിരൊന്നും പറയരുത്,' മോഹൻലാൽ പറഞ്ഞു.
അതോടെ സുരേഷിന്റെ ദേഷ്യമൊക്കെ അടങ്ങി. അങ്ങനെ അവർ പാച്ചല്ലൂർ ശശിയെ കാണാൻ തീരുമാനിച്ചു. ശശി അന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുരേഷിന്റെ വീടിനടുത്തായിരുന്നു ആ നഴ്‌സിംഗ് ഹോം. ഇരുവരും ശശിയെ കാണാൻ പോയി. ശശി സുരേഷിനെയും ലാലിനെയും സ്വീകരിച്ചിരുത്തി. സുരേഷ് പഴയ പിണക്കമെല്ലാം മറന്ന് പൂർണ്ണമായും സിനിമയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ലാലാണ് ശശിയോട് പറഞ്ഞത്.
ശശി തലയണ ഭിത്തിയിലേക്ക് ചാരിവെച്ച് അതിൽ തലചായ്ച്ചുകൊണ്ട് ദയനീയമായി പറഞ്ഞു:
'തിരവേങ്കിടം മുതലാളി കുറച്ചു പൈസയല്ലേ തന്നിട്ടുള്ളൂ. എല്ലാവർക്കും കൂടി മദ്രാസിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് എടുക്കാൻ പണം തികയില്ലല്ലോടാ...'
മോഹൻലാലിന് മദ്രാസിൽ പോകാൻ സ്വന്തമായി പണം റെഡിയായിരുന്നു. എന്നാൽ സുരേഷിന് ടിക്കറ്റ് എടുക്കാൻ തൽക്കാലം പണമില്ലെന്ന് അറിഞ്ഞതോടെ മോഹൻലാലിന് കടുത്ത പ്രയാസവും ചമ്മലുമുണ്ടായി. കാരണം സുരേഷിനെ വീണ്ടും കൂട്ടുകൂട്ടി കൊണ്ടുവരാൻ ശ്രമിച്ചത് ലാലായിരുന്നല്ലോ.
സത്യത്തിൽ സുരേഷിനെ പൂർണ്ണമായും ഒഴിവാക്കാൻ പ്രിയദർശനും അശോകനും കൂടി തയ്യാറാക്കിയ കൃത്യമായ ഒരു പദ്ധതിയായിരുന്നു അത്! സുരേഷിനെ ഡബ്ബിംഗിന്റെ കാര്യങ്ങൾക്കായി മദ്രാസിലേക്ക് വിടേണ്ടതില്ല എന്ന് അവർ മദ്രാസിൽ നിന്നും വിളിച്ച് മുൻകൂട്ടി ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു.
(തുടരും)
ജോഷി ജോർജ്
കഥ ഇതുവരെ
വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ
https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal
വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments
വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും
https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop
വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
