പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അമേരിക്ക-ഇറാന്‍ തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനും സമാധാനം പുനസ്ഥാപിക്കാനും പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ ആഗോള സമാധാനത്തോടുള്ള പ്രതിബദ്ധതയല്ല, മറിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഡോളര്‍ ഭിക്ഷാടനമാണെന്ന വിമര്‍ശനം ശക്തമാകുന്നു. ലോക സമാധാനത്തിനായോ മേഖലയിലെ സുരക്ഷയ്ക്കായോ നിലകൊള്ളുന്നതിന് പകരം, സ്വന്തം സാമ്പത്തിക നേട്ടത്തിനായി സമാധാന ചര്‍ച്ചകളെപ്പോലും കച്ചവടച്ചരക്കാക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നത്.
ആഗോളതലത്തില്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങള്‍ ഉറപ്പാക്കുക മാത്രമാണ് ഈ നയതന്ത്ര നാടകങ്ങള്‍ക്ക് പിന്നിലെ പ്രധാന ലക്ഷ്യം. അമേരിക്കന്‍ ട്രഷറിയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ ബൈലാറ്ററല്‍ എക്‌സ്‌ചേഞ്ച് സ്റ്റെബിലൈസേഷന്‍ സപ്പോര്‍ട്ട് ഫെസിലിറ്റിക്കായി പാകിസ്ഥാന്‍ നീക്കം നടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അവരുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിവാക്കപ്പെട്ടത്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ലഭിച്ച ഭീമമായ ധനസഹായങ്ങളും കാലാവസ്ഥാ ഫണ്ടുകളും കൈപ്പറ്റിയിട്ടും സാമ്പത്തികമായി കരകയറാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.
വിദേശനാണ്യ കരുതല്‍ ശേഖരത്തിനായി ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കുന്ന പാകിസ്ഥാന്‍, ഇപ്പോള്‍ അമേരിക്കയ്ക്ക് മുന്നിലും സാമ്പത്തിക സഹായത്തിനായി മുട്ടുകുത്തുകയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളുടെ മേല്‍ കടുത്ത നികുതിഭാരവും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ചിട്ടും സമ്പദ്‌വ്യവസ്ഥയെ നേരെയാക്കാന്‍ കെല്‍പ്പില്ലാത്ത ഭരണകൂടം ആഗോള സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ ഇറങ്ങുന്നത് തീര്‍ത്തും വിരോധാഭാസമാണ്.
അമേരിക്കയുടെ ഉപരോധങ്ങളെയും ഭീഷണികളെയും നേരിട്ട് സ്വന്തം പരമാധികാരം സംരക്ഷിക്കുന്ന ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഉപകരണമായി പാകിസ്ഥാന്‍ സ്വയം അധപതിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. അമേരിക്കയുടെ സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാമ്പത്തികമായി തകര്‍ന്ന രാജ്യങ്ങളെ ഇടനിലക്കാരാക്കി ഉപയോഗിക്കുന്ന പഴയ തന്ത്രത്തിന്റെ ഭാഗമാണിതെന്ന വിമര്‍ശനവും ഒരു ഭാഗത്തുണ്ട്. പാകിസ്ഥാന് നല്‍കുന്ന ഭീമമായ വാഗ്ദാനങ്ങള്‍ പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം കുറയ്ക്കാനുള്ള അമേരിക്കയുടെ നീക്കമായി കാണാം. സ്വന്തം സാമ്പത്തിക ലാഭത്തിനായി അയല്‍ രാജ്യമായ ഇറാന്റെ സുരക്ഷാ രഹസ്യങ്ങളും നയതന്ത്ര വിവരങ്ങളും ചോര്‍ത്തി നല്‍കാന്‍ പോലും പാകിസ്ഥാന്‍ മടിക്കില്ലെന്ന ഭയം മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.
അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് പകരമായി സ്വന്തം പ്രകൃതി വിഭവങ്ങളും ദേശീയ സ്വത്തുക്കളും അടിയറവ് വെക്കുന്ന നയമാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നത്. റെക്കോ ഡിക് ചെമ്പ്-സ്വര്‍ണ്ണ ഖനന പദ്ധതിയിലേക്കുള്ള വിദേശ നിക്ഷേപങ്ങളും, ന്യൂയോര്‍ക്കിലെ റൂസ്‌വെല്‍റ്റ് ഹോട്ടല്‍ വില്‍ക്കാനുള്ള ശ്രമങ്ങളും, അമേരിക്കന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക കരാറുകളും പാകിസ്ഥാന്റെ സാമ്പത്തിക പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ രീതിയില്‍ ലഭിക്കുന്ന ആശ്വാസധനം ജനക്ഷേമത്തിനല്ല, മറിച്ച് അഴിമതിക്കാരായ ഭരണാധികാരികളുടെയും സൈനിക തലവന്മാരുടെയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കാണ് ഉപയോഗിക്കപ്പെടുന്നതെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു.
സ്വന്തം മണ്ണിലെ ഭീകരതയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ കഴിവില്ലാത്ത ഒരു രാഷ്ട്രം ആഗോള മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നത് വിശ്വസനീയമല്ല. പാകിസ്ഥാന്റെ ഇത്തരം തന്ത്രപരമായ നീക്കങ്ങളെയും അമേരിക്കയുടെ കൂട്ടുക്കെട്ടിനെയും ജാഗ്രതയോടെയാണ് ലോക രാജ്യങ്ങള്‍ നോക്കി കാണുന്നത്. തങ്ങളുടെ പ്രതിരോധ ശേഷിയും ആണവ പദ്ധതികളും തകര്‍ക്കാനുള്ള നീക്കങ്ങളെ അതിജീവിച്ച് ഇറാന്‍ മുന്നോട്ട് പോകും. ചുരുക്കത്തില്‍ പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്ക് സമാധാനത്തിനായുള്ളതല്ല, മറിച്ച് സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ള സമാധാന നാടകം മാത്രമാണെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
