പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാളസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ പ്രെസ്റ്റൺപാർക്കർ റോഡിലായിരുന്നു പ്രതിഷേധം. കഠിനമായ തണുപ്പിനെ അവഗണിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു.
ഈ മാസം ആദ്യം മിനിയാപൊളിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസ്) ഉദ്യോഗസ്ഥൻ റെനീ ഗുഡ് എന്ന 37കാരിയെ വെടിവെച്ചുകൊന്നിരുന്നു. ഇതിനെതിരെയും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുമാണ് പ്രതിഷേധം നടന്നത്.
സ്വയരക്ഷയ്ക്കായി വെടിവെച്ചതാണെന്ന് ഭരണകൂടം വാദിക്കുമ്പോൾ, റെനീ ഗുഡിന്റെ മരണം കൊലപാതകമാണെന്ന് സമരക്കാർ ആരോപിക്കുന്നു. മിനസോട്ടയിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്ന് ഫെഡറൽ ഏജൻസികൾ തടയുന്നതായും പരാതിയുണ്ട്.
'ഐസിനെ പുറത്താക്കുക' , 'ഞങ്ങൾക്ക് രാജാവില്ല' തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. അമേരിക്കൻ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും സമാധാനപരമായാണ് സമരം നടന്നത്.
'ക്രൂരത അവസാനിപ്പിക്കാനാണ് താൻ ഇവിടെ എത്തിയത് ' എന്ന് 69 വയസ്സുള്ള പ്രതിഷേധക്കാരിയായ കാരെൻ പ്രൈസ് പറഞ്ഞു. കുടിയേറ്റക്കാരെ ക്രൂരമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് നഴ്സായ മിഷേൽ അഭിപ്രായപ്പെട്ടു. ഫോർട്ട് വർത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഐസിനെതിരെ പ്രതിഷേധങ്ങൾ പടരുകയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
