ദേശീയതലത്തിൽ മികച്ച കലാപ്രതിഭകളുടെ സംഗമത്തിന് ഒരുങ്ങി ശാക്തേയം 2027 കൺവെൻഷൻ
ന്യൂയോർക്ക് : മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH) സംഘടിപ്പിക്കുന്ന മൂന്നാമത് ഗ്ലോബൽ ഹിന്ദു കൺവെൻഷനായ ശാക്തേയം 2027ന്റെ കലാമത്സര വിഭാഗം ചെയർപേഴ്‌സണായി ന്യൂജേഴ്‌സിയിൽ നിന്നുള്ള വീണ രാധാകൃഷ്ണൻ ചുമതലയേറ്റു. പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്റെ സഹോദരിയാണ് വീണ.
2027 ജൂലൈ 2 മുതൽ 5 വരെ കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഡബിൾട്രീ ബൈ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ശാക്തേയം കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ.
ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിൽ ധാരാളം മികച്ച കലാപ്രതിഭകളുള്ളതിനാൽ ട്രൈസ്റ്റേറ്റ് മേഖലയിൽനിന്ന് വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മികച്ച കലാകാരന്മാരും കലാകാരികളും മത്സരങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ദേശീയതലത്തിലെ പ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തുന്ന ശ്രദ്ധേയമായ കലാസംഗമമായി ശാക്തേയം 2027 മാറും.
കലാരംഗത്തുള്ള വ്യക്തിപരമായ അനുഭവവും സംഘടനാപ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തവും വീണ രാധാകൃഷ്ണന്റെ നേതൃത്വത്തിന് കരുത്തേകുന്നു. നൃത്തത്തിലും കൊറിയോഗ്രഫിയിലും പ്രത്യേക താൽപര്യമുള്ള വീണ ഇന്നും തന്റെ കലാപ്രവർത്തനങ്ങൾ സജീവമായി തുടരുന്നു.
വീണ രാധാകൃഷ്ണന്റെ നേതൃത്വവും കലാരംഗത്തെ പരിചയസമ്പത്തും ശാക്തേയം 2027ലെ കലാമത്സരങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്ര ദേശീയ കൾച്ചറൽ കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത ഹരിദാസ് അഭിപ്രായപ്പെട്ടു. കലാപരമായ കഴിവുകൾക്കൊപ്പം സംഘാടനമികവും മികച്ച ഏകോപനശേഷിയുമുള്ള വീണയുടെ സാന്നിധ്യം മത്സരങ്ങളുടെ ആസൂത്രണം മുതൽ നടത്തിപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഏറെ സഹായകരമാകും. ദേശീയതലത്തിൽ വിപുലമായി സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും നടത്താൻ വീണയുടെ നേതൃത്വത്തിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും സ്മിത ഹരിദാസ് പറഞ്ഞു.
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് കൊമേഴ്‌സ്യലൈസേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വീണ, ക്ലീൻ ബ്യൂട്ടി ബ്രാൻഡായ Shudh Beatuyയുടെ സഹസ്ഥാപക കൂടിയാണ്.
2024ൽ മന്ത്ര വനിതാ ഫോറത്തിന്റെ കോ -ചെയർപേഴ്‌സണായി സംഘടനാപ്രവർത്തനങ്ങളിൽ സജീവമായ വീണ, വിവിധ പ്രവർത്തനങ്ങളിലൂടെ സംഘടനയുമായുള്ള ബന്ധം തുടർന്നുവരുന്നു.
കേരളത്തിലെ സാംസ്‌കാരിക നഗരമായ തൃശൂർ സ്വദേശിനിയായ വീണ, ഭർത്താവിനും കൗമാരപ്രായക്കാരായ രണ്ട് പെൺമക്കൾക്കുമൊപ്പം ന്യൂജേഴ്‌സിയിലെ ഹോപ്പ്‌വെല്ലിലാണ് താമസം.
പുതുതലമുറയിലെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, ഭാരതീയ കലാപാരമ്പര്യത്തെ അമേരിക്കൻ മലയാളി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക, ദേശീയതലത്തിൽ കലാകാരന്മാർക്ക് മികച്ച വേദിയൊരുക്കുക എന്നിവയാണ് ശാക്തേയം 2027 കലാമത്സരങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
വീണ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ ശാക്തേയം 2027ന്റെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറുമെന്ന പ്രതീക്ഷയിലാണ് മന്ത്ര നേതൃത്വം.
MANTRAH SHAKTHEYAM 2027 – Global Hindu Convention July 2–5, 2027 | DoubleTree by Hilton, Stamford, Connecticut
രഞ്ജിത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
