മത്തായിയുടെ സുവിശേഷത്തിലാണ് ഞാൻ ആദ്യമായി ഒരു ആത്മഹത്യാവാർത്ത വായിക്കുന്നത്. അവൻ കെട്ടിഞാന്നു ചത്തു എന്നതിൽ എല്ലാം ഒതുക്കിയിരിക്കുന്നു. കാര്യം മാത്രമല്ല കാരണവും പരാമർശിക്കുന്നുണ്ട്. അതിൽപ്പിന്നെ പ്രാദേശികമായി പല ആത്മഹത്യകളും കേട്ടിട്ടുണ്ട്. എല്ലാം തൂങ്ങിമരണമായിരുന്നു. പ്രണയനൈരാശ്യമാണ് പൊതുവെ കേട്ടിരുന്ന കാരണം. എന്നെ നടുക്കിയതും ഇന്നും നടുക്കം മാറിയിട്ടില്ലാത്തതുമായ രണ്ട് ആത്മഹത്യകൾ ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് അടുത്തടുത്തുണ്ടായവയാണ്.
ഒന്ന് ഏണസ്റ്റ് ഹെമിങവേ. രണ്ടാമത്തെയാൾ മർലിൻ മൺറോ. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കിയ ഹെമിങവേ സ്വയം വെടിവച്ചാണ് മരിച്ചത്. ഹോളിവുഡ്ഡ് ലോകത്തിനു സമ്മാനിച്ച സൗന്ദര്യധാമമായിരുന്നു മർലിൻ. മാരകമായ മരുന്ന് അമിതമായി കഴിച്ചുള്ള മരണമായിരുന്നു മർലിന്റത്. മാനസികമായ സമ്മർദ്ദമാണ് രണ്ടു മരണങ്ങളുടെയും പിന്നിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്.
അമേരിക്കൻ സംരംഭകയും ഫാഷൻ ഡിസൈനറുമായിരുന്ന കെയ്റ്റ് സ്‌പേഡ് 2018ൽ ആത്മഹത്യചെയ്തപ്പോൾ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്ത സജീവമായി. സമാനമായ ചർച്ചകൾക്ക് കാരണമാകത്തക്ക രീതിയിലാണ് വ്യവസായി സി.ജെ. റോയ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്ന സ്വന്തം ഓഫീസിൽ സ്വന്തം തോക്കിൽനിന്ന് നിറയൊഴിച്ച് മരിച്ചത്. റെയ്ഡുമായി മരണത്തെ ബന്ധപ്പെടുത്തുന്ന നിഗമനങ്ങൾ സ്വാഭാവികമായും ഉണ്ടായി. കർണാടക പൊലീസിന്റെ നിഗമനങ്ങൾ വ്യത്യസ്തമാണ്. റോയിയുട കണ്ടെടുക്കപ്പെട്ട ഡയറി ചിലപ്പോൾ വേറെ വഴികളിലേക്ക് വെളിച്ചം വീശുമായിരിക്കും.
സെയിൽസ്മാന്റ പരിഹാസം കേട്ട് പതിമൂന്നാം വയസ്സിൽ കാർ ഷോറൂമിൽനിന്ന് ഇറങ്ങിപ്പോയ ബാലൻ യൗവനത്തിലെത്തിപ്പോൾ ലോകത്തെ മുൻനിര കാറുകൾ ഗരേജിൽ അണിനിരത്തിയെന്നു മാത്രമല്ല മുപ്പത്തിയാറാമത്തെ വയസ്സിൽ വായ്പയെടുക്കാതെ സ്വന്തമായി വിമാനവും വാങ്ങി. ധനികർക്കുണ്ടാകുന്ന ഭ്രമങ്ങൾക്ക് റോയിയും വശംവദനായിട്ടുണ്ട്. പക്ഷേ ബാധ്യതയാകുന്ന ധൂർത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിജയ് മല്യ തുടങ്ങിയവരിൽനിന്ന് വ്യത്യസ്തനായിരുന്നു റോയ്.
ബാങ്കിന്റെയോ പൊതുജനങ്ങളുടെയോ പണം സ്വന്തമാക്കി മുങ്ങുന്ന കവർച്ചക്കാരനായിരുന്നില്ല അദ്ദേഹം. സത്യസന്ധമായി പണമുണ്ടാക്കുന്ന ആൾ സീസറിനുള്ളത് സീസറിന് കൊടുക്കാൻ തയാറാകും. സീസറിനു മാത്രമല്ല സീസറിന്റെ ഭാര്യയ്ക്കും വേണ്ടതു കൊടുക്കേണ്ടിവരും. പാർപ്പിടപദ്ധതികൾക്കു പുറമേ ടെലിവിഷൻ റിയാലിറ്റി ഷോയിലും സിനിമയിലും റോയ് കൈവച്ചിട്ടുണ്ട്. ഒരിടത്തും പൊള്ളിയതായി അറിവില്ല. ബെംഗളൂരുവിന്റെ വളർച്ചയ്‌ക്കൊപ്പം ഭാവനാപൂർണമായ വളർച്ചയായിരുന്നു റോയിയുടേത്.
നഗരത്തിന്റെ വളർച്ച മുന്നിൽ കണ്ട് അതിനുമപ്പുറം ആദ്യമേ എത്തിനിൽക്കുന്ന കോർപറേറ്റ് ക്രാന്തദർശിത്വമായിരുന്നു റോയിയുടേത്. സീസറിനുള്ള നിയമാനുസൃതമാണ്. അതിന് കണക്കും വ്യവസ്ഥയുമുണ്ട്. പക്ഷേ ഭാര്യയുടെ ആർത്തിക്ക് അതിരുണ്ടാവില്ല. കുത്തിപ്പിടിച്ച് ആവശ്യമുള്ളത് ഈടാക്കാൻ സീസറുടെ കിങ്കരന്മാരെത്തന്നെയാണ് ഭാര്യ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ സി.ബി.ഐ എന്ന പേരാണ് കേട്ടിരുന്നതെങ്കിൽ ഇപ്പോൾ ഐടി, ഇഡി എന്നിങ്ങനെ നാനാവിധത്തിലുള്ള പേരുകൾ കേൾക്കുന്നുണ്ട്. ഭീകരവിരുദ്ധ ഏജൻസിയേക്കാൾ ഭീകരസ്വഭാവമുള്ളവയാണ് ഇവയൊക്കെയും.
ആദായനികുതിവകുപ്പിന്റെ റെയ്ഡ് നടന്നുകൊണ്ടിരിക്കേ സംഭവിച്ച ദുരന്തത്തിന് ആ വകുപ്പിന്റ ഭാഗത്തുനിന്നും ചില വിശദീകരണങ്ങൾ ആവശ്യമുണ്ട്. സിനിമയിൽ കാണുന്ന റെയ്ഡുകൾ യഥാർത്ഥസ്വഭാവത്തിലുള്ളതാണെങ്കിൽ അന്വേഷണവിധേയനാകുന്നയാൾക്ക് തോക്കുമായി സ്വന്തം ഓഫീസിൽ കടന്ന് വാതിൽ കുറ്റിയിടാൻ കഴിയില്ല. അമ്മയെ എന്നല്ല ദൈവത്തെപ്പോലും വിളിക്കാനുള്ള അവസരം അവർ നൽകില്ല. മര്യാദയും മനുഷ്യത്വവും ഇല്ലാത്ത പെരുമാറ്റമാണ് നല്ല നിലയിൽ പരീക്ഷകൾ പാസ്സായി ഉദ്യോഗത്തിലെത്തുന്ന ഇക്കൂട്ടർ സ്വീകരിക്കുന്നത്. റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ നിരന്തരം നടന്നുകൊണ്ടിരുന്ന പരിശോധനകളും രേഖകൾ പിടിച്ചെടുക്കലും ആവർത്തിക്കുന്ന ചോദ്യങ്ങളും റോയിയെ അസ്വസ്ഥനാക്കിയിട്ടുണ്ടാകണം. സ്വന്തം ഓഫീസിൽ സ്വന്തം ജീവനക്കാരുടെ മുന്നിൽ അപമാനിതനാകുന്ന സാഹചര്യത്തെ അതിജീവിക്കാനുള്ള മനക്കരുത്ത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല.
പാരതന്ത്ര്യം മാത്രമല്ല അന്തസ്സിന്റെ ഹാനിയും ചിലപ്പോൾ മാനികൾക്ക് മൃതിയേക്കാൾ ഭയാനകമാകും. തൊഴിൽദായകരും നികുതിദായകരുമായ സംരംഭകരെ അപമാനിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന കലാപരിപാടികൾ അന്വേഷണ ഏജൻസികൾ അവസാനിപ്പിക്കണം. രാഷ്ട്രീയസ്വാധീനമുള്ള സംരംഭകരുടെ ഓഫീസുകളിൽ ഇപ്രകാരം റെയ്ഡിനു ചെല്ലാൻ ഈ ഏജൻസികൾ ധൈര്യം കാണിക്കുമോ? ഉത്തരവാദിത്വമുള്ള കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്താമെന്നിരിക്കേ ഉടമയെ വിളിച്ചുവരുത്തി ജീവനക്കാരുടെ മുന്നിൽവച്ച് ബന്ദിയാക്കുന്നതെന്തിന്? ഉടമയേക്കാൾ നന്നായി ഉത്തരം നൽകാൻ കഴിയുന്നത് ഉദ്യോഗസ്ഥർക്കാണ്.
രേഖകൾ സമ്പാദിക്കുന്നതിനും പരിശോധിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളപ്പോൾ വ്യക്തിയുടെ അന്തസ് എന്ന ഭരണഘടനാപരമായ അവകാശത്തിനു നിരക്കാത്ത ബ്യൂറോക്രാറ്റിക് അത്യാചാരങ്ങൾ അനുവദിക്കാനാവില്ല. കുറ്റാന്വേഷണത്തിൽ അനുവദനീയമല്ലാത്ത മൂന്നാം മുറയാണ് കോർപറേറ്റ് തലത്തിൽ പ്രയോഗിക്കപ്പെടുന്നത്. സാധാരണ പൊലീസുകാർ സാധാരണക്കാരോട് പറയുന്നതിനേക്കാൾ മ്ലേച്ഛമായ ഭാഷയാണ് റെയ്ഡിനെത്തന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് ഈയിടെ ബെംഗളൂരുവിൽ എഴുനൂറ് കോടി രൂപയുടെ ഭൂമി വിൽപന നടത്തിയിരുന്നു.
അതിൽ കണ്ണുവച്ചുകൊണ്ട് ബി.ജെ.പി നടത്തിയ ഇടപെടലാണ് റോയിയുടെ മരണത്തിൽ കലാശിച്ചതെന്ന് വാർത്ത പരന്നിട്ടുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നു പറഞ്ഞാൽ ഭരിക്കുന്ന പാർട്ടിയുമായുള്ള അനാരോഗ്യകരമായ ബന്ധം എന്നാണർത്ഥം. മഴക്കോൾ മുൻകൂട്ടി കണ്ട് കുടയെടുക്കേണ്ടത് എങ്ങനെയെന്ന് ട്വന്റി ട്വന്റിയെ യഥാസമയം തൊഴുത്ത് മാറ്റിക്കെട്ടിയ സാബുവിനറിയാം.
മൗലികാവകാശങ്ങൾ വ്യക്തമായി ആലേഖനം ചെയ്യുകയും അവയുടെ പൂർത്തീകരണത്തിനായി സുസജ്ജമായ ജുഡീഷ്യറി ഉണ്ടായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലാണ് അവയുടെ ലംഘനം നടക്കുന്നത്. വെനെസ്വേലയിൽനിന്ന് അമേരിക്ക പിടികൂടിയ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ എവ്വിധമാണ് ബ്രൂക്ലിനിലെ ജയിലിലേക്ക് കൊണ്ടുപോയതെന്ന് നാം കണ്ടു. ഇന്ത്യൻ ജയിലുകളിലെ അവസ്ഥയെന്താണ്? ബിസ്‌കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന ബ്രിട്ടാനിയ രാജൻ പിള്ള തിഹാർ ജയിലിൽ രോഗം മൂർച്ഛിച്ച് മരുന്ന് കിട്ടാതെ മരിച്ചു. ഇന്ത്യയിൽ എന്തെങ്കിലും കുറ്റം ചെയ്തതിന്റെ പേരിലായിരുന്നില്ല അറസ്റ്റ്.
സിംഗപ്പൂരിന് കൈമാറുന്നതിനുവേണ്ടി അദ്ദേഹത്തെ തിഹാറിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. സ്റ്റാൻ സ്വാമി എന്ന പുരോഹിതൻ ഒരിറ്റ് വെള്ളമിറക്കാതെ മഹാരാഷ്ട്ര ജയിലിൽ അന്ത്യശ്വാസം വലിച്ചു. ഇങ്ങനെയൊക്കെയാണ് അവസ്ഥയെങ്കിൽ ഒരു വെടിയുണ്ടയിൽ എല്ലാം അവസാനിപ്പിക്കുന്നതാണ് അഭികാമ്യം എന്ന് ദുർബലമാനസർ കരുതിപ്പോകും. വോട്ടർ പട്ടികയുടെ പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യചെയ്യുന്നത് നാംകണ്ടു. നഷ്ടപ്പെടാനുള്ളത് ഉദ്യോഗം മാത്രമായിരുന്നിട്ടും ഏറ്റവും വിലപ്പെട്ട ജീവൻ അവർ ഉപേക്ഷിച്ചു.
ജീവത്യാഗം എന്ന പരമമായ ത്യാഗം മഹത്തായ ലക്ഷ്യങ്ങളെ മുൻനിർത്തിയായിരിക്കണം. കേവലം റിയൽ എസ്റ്റേറ്റ് സംരംഭകൻ മാത്രമായിരുന്നില്ല സി.ജെ. റോയ്. ജീവകാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റ സഹായഹസ്തമുണ്ടായിരുന്നു. ചാനൽ റിയാലിറ്റി ഷോയുടെ സ്‌പോൺസർ എന്ന നിലയിലാണ് കോൺഫിഡന്റ് ഗ്രൂപ്പും റോയിയും മലയാളികൾക്ക് പരിചിതരാകുന്നത്. സഹൃദയനായ റോയി സിനിമാരംഗത്തുമെത്തി.
കാസനോവ, മരയ്ക്കാർ അറബിക്കടലിന്റ സിംഹം, ഐഡന്റിറ്റി, മേം ഹും മൂസ തുടങ്ങിയവ അദ്ദേഹത്തിന് നിർമാണ പങ്കാളിത്തമുള്ള സിനിമകളാണ്. ഏറ്റവുമൊടുവിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അനോമി. ദി ഇക്വേഷൻ ഓഫ് ഡെത്ത് എന്നുകൂടി പേരിനൊപ്പമുണ്ട്. മരണത്തിന്റെ, പ്രത്യേകിച്ച് ആത്മഹത്യയുടെ, സൂത്രവാക്യമെന്തെന്ന് ആർക്കറിയാം?
ഡോ. സെബാസ്റ്റ്യൻ പോൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
