കട്ടവനും മുക്കിയവനും പാർട്ടിവക പട്ടും വളയും മോഷണം ചൂണ്ടികാണിച്ചവന് കുലം കുത്തി പട്ടവും !

FEBRUARY 4, 2026, 8:32 AM

കണ്ടക ശനി പാർട്ടികൾക്ക് ബാധകമാണോ? ബാധകമാണെന്നു ജ്യോതിഷപണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിൽ സി.പി.എം. തീർച്ചയായും ശനിയുടെ അപഹാരത്തിൽ കിടന്നുപിടയുകയാണ്. പത്തനംതിട്ട ജില്ലയിൽ, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്തു. പക്ഷെ, ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ചോ പാർട്ടിയുടെ മുൻ എം.എൽ.എ. പത്മകുമാറിനെയോ, മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെക്കുറിച്ചോ അദ്ദേഹം ഒന്നും പറഞ്ഞില്ല.

ജയിച്ച എം.എൽ.എമാരും തോറ്റ എം.എൽ.എമാരും ഒന്നു പോലെ പ്രചരണത്തിനിറങ്ങണമെന്ന ഒരന്ത്യശാസനം പിണറായിയുടെ വകയായി യോഗത്തിലുണ്ടായി. ജനങ്ങൾ പാർട്ടിയെ ശബരിമലക്കാര്യത്തിൽ തെറ്റിദ്ധരിക്കില്ലെന്ന് ഇപ്പോഴും പിണറായി കരുതുന്നുണ്ടോ? 'പൂച്ച കണ്ണടച്ച് പാലു കുടിച്ചാൽ' അതാരും കാണില്ലെന്ന മട്ടിലാണോ പത്തനംതിട്ടയിൽ പാർട്ടിയുടെ പോക്ക്?

വിവാദപുരുഷനായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും സ്വർണ്ണത്തിൽ നിർമ്മിച്ച ഉപഹാരങ്ങൾ നൽകിക്കാണുമെന്നും, അതുകൊണ്ട് ശബരിമലയിലെ സ്വർണ്ണം കട്ടത് സോണിയയും കോൺഗ്രസുമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വിളിച്ചു പറയുന്നതുകേട്ടു. ഇത്രത്തോളം നട്ടപ്‌രാന്ത് പറയാൻ ഈ മനുഷ്യന് എങ്ങനെ തോന്നുന്നു, ആവോ?

vachakam
vachakam
vachakam

പയ്യന്നൂരിലെ പാർട്ടിയും ഫണ്ട് വിവാദവും

പയ്യന്നൂർ സി.പി.എമ്മിന്റെ ഉരുക്കു കോട്ടയാണ്. പക്ഷെ, രക്തസാക്ഷിയായ ധൻരാജിന്റെ പേരിലും ഓഫീസ് മന്ദിരം നിർമ്മിക്കാനുമായി പിരിച്ച ഫണ്ട് ഏരിയാ സെക്രട്ടറിയായിരുന്ന ടി.ഐ. മധുസൂദനൻ ഭാഗികമായി വിഴുങ്ങിയെന്ന് അരനൂറ്റാണ്ട് കാലത്തെ പാർട്ടി പാരമ്പര്യമുള്ള മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചത് പാർട്ടിയെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

കാസർകോട്ടെ കുമ്പളയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഇടതു മുന്നണിയുടെ വികസന മുന്നേറ്റ ജാഥപോലും ഇതോടെ  ദിശതെറ്റിയതായി മാറി. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനാണ് ജാഥാ ക്യാപ്ടൻ. വി.കുഞ്ഞിക്കൃഷ്ണനെ വർഗ വഞ്ചകൻ, ഒറ്റുകാരൻ, കോടാലി ക്കൈ തുടങ്ങിയ ഓമനപ്പേരുകൾ ഉപയോഗിച്ച ഗോവിന്ദൻ മാഷ്, ഇങ്ങനെയുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കുമെന്നാണ് ചൊവ്വാഴ്ച (ഫെബ്രുവരി) എം.വി.ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയത്.

vachakam
vachakam
vachakam

ഗോവിന്ദന്റെ പരിപാടിക്ക് ആളെ കൂട്ടാൻ കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ നേരിട്ടിറങ്ങിയെന്നാണ് പരദൂഷണക്കാർ പറയുന്നെങ്കിലും, യോഗത്തിൽ കാലിയായ വെളുത്ത പ്ലാസ്റ്റിക് കസേരകൾ ശൂന്യമായി കിടക്കുന്നത് ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി.

വി.എസി.ന്റെ 'ഗ്രൂപ്പ്' പുനർജനിക്കുമോ?

പിണറായി വിജയൻ തല്ലിക്കെടുത്തിയ വി.എസ്.ഗ്രൂപ്പിന്റെ 'പുതിയ പാർട്ടി രൂപ' ങ്ങളെ ചിലർ പേടിച്ചു തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ടയിൽ സഖാവ് കെ.സി. രാജഗോപാൽ എന്നൊരാൾ പാർട്ടി അവഗണിച്ചിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചതും പാർട്ടിയിലെ 'പുത്തൻ പണ'ക്കാരെ എടുത്തിട്ടലക്കിയതും ഓർമ്മയില്ലേ? പയ്യന്നൂരിലെ കാര വാർഡിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ വൈശാഖ് എന്ന ചെറുപ്പക്കാരൻ തോൽപ്പിച്ചു. ഇതെല്ലാം  ചേർത്തു വായിക്കുമ്പോൾ, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി വി.എസ്. അനുകൂലികളുടെ ഒരു കൂടിവരവ് ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. അത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാൻ രാഷ്ട്രീയ കരുത്തുള്ള ജി.സുധാകരനെ ഇപ്പോൾ പാർട്ടി നിയമസഭാ സീറ്റ്  നൽകി പ്രീണിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. 

vachakam
vachakam
vachakam

ബുധനാഴ്ച (ഫെബ്രുവരി 4) വൈകുന്നേരം വി.എസ്. അച്ചുതാനന്ദന്റെ ഐ.ടി. സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന ജോസഫ് മാത്യുവാണ് വി.കുഞ്ഞിക്കൃഷ്ണന്റെ 96 പേജുകളുള്ള പുസ്തകം പ്രകാശനം ചെയ്തത്. പാർട്ടിയിലെ കുലം കുത്തികൾക്കുള്ള ഹാൻഡ് ബുക്കായി മാറാൻ ഇടയുള്ള ഈ ഗ്രന്ഥം, പണ്ടു മുതലേ പാർട്ടി പറയുന്നിടത്ത് കണ്ണും പൂട്ടി സമ്മതിദാനാവകാശം പ്രയോഗിക്കുന്ന വോട്ട് കുത്തികൾക്ക് സ്വന്തം  പാർട്ടിയിലെ ജീർണത തിരിച്ചറിയാൻ കാരണമായേക്കാം. സംസ്ഥാനതലത്തിൽ ഇനിയും രൂപമെടുക്കാത്ത വി.എസ്. പക്ഷക്കാരുടെ പുതിയ കുടിവരവുകൾക്ക് നേതൃത്വത്തെ തിരുത്താൻ അണികൾ തയ്യാറാകണം എന്ന ഗ്രന്ഥം പ്രചോദനമാകും. വൻ ജനാവലിയാണ് പയ്യന്നൂരിലെ ഗാന്ധി പാർക്കിൽ പുസ്തക ചടങ്ങിനെത്തിയത്.

പാർട്ടിയുടെ അന്വേഷണം കുറ്റക്കാരെ രക്ഷിക്കനോ?

പിണറായി പക്ഷത്തേയ്ക്ക് 'രായ്ക്കു രാമാനം' മറിഞ്ഞ് മന്ത്രി പദം വരെ താരമാക്കിയ മണിയാശാനെ പോലെയുള്ളവർ സംസ്ഥാനത്തെവിടെയുമുണ്ട്. മറ്റ് പാർട്ടികളിൽ നിന്ന് സി.പി.എമ്മിലേക്ക് കുടിയേറിയവരെ 'നോട്ട് മാല' യണിയിച്ച് സ്വീകരിച്ച ചരിത്രമാണ് പിണറായിക്കുള്ളത്. പച്ച നോട്ടുകൾ വീശിക്കാണിച്ച് പാർട്ടിയുടെ കൊടിക്കീഴിലേക്ക് പിണറായി ആട്ടിത്തെളിച്ചുകൊണ്ടുവന്ന പലർക്കും 'ഉന്നതപദവി' കൾ കിട്ടിയത് യാദൃശ്ചികമല്ല. പാലക്കാട്ടെ സി.പി.എം. ജില്ലാ സെക്രട്ടറി പോലും പിണറായി റിക്രൂട്ട് ചെയ്ത മുൻ കോൺഗ്രസ്സുകാരനാണ്. സ്ഥാനമൊഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് കോൺഗ്രസ് വിട്ടുവന്നപ്പോൾ പിണറായി  'ഉന്നതപദവി' നൽകിയതായാണ് ചരിത്രം. 

പ്രതിപക്ഷ, മാധ്യമ വിചാരണകൾ നേരിട്ടവർക്ക് വളരെയെളുപ്പം സ്ഥാനമാനങ്ങൾ നൽകി സ്വന്തക്കാരായി മാറ്റാൻ മുഖ്യമന്ത്രി ഏറെ മിടുക്ക് കാണിച്ചിട്ടുണ്ട്. കളങ്കിതരെ കണ്ടുപിടിക്കാനും അവരെ 'ചെല്ലും ചെലവും' നൽകി കൂടെ നിർത്താനും പിണറായി കാണിക്കുന്ന രാഷ്ട്രീയ കൗശലം അഭിനന്ദനീയമാണ്. അതുകൊണ്ടാകാം, ഏറ്റവും പുതിയ പാർട്ടി മെമ്പർമാരുടെ കണക്ക് നോക്കുമ്പോൾ പുതിയതായി വന്ന 53% പേരും പിണറായി റിക്രൂട്ട് ചെയ്തവരാണെന്ന കണക്കുകളുള്ളത്.

ഫണ്ട് വിവാദം സംബന്ധിച്ച കാര്യങ്ങൾ വി.കുഞ്ഞിക്കൃഷ്ണൻ പാർട്ടിക്കുള്ളിൽ പറയണമായിരുന്നുവെന്ന കെ.കെ.രഗേഷിന്റെ കുറ്റപ്പെടുത്തൽ വല്ലാത്ത കോമഡിയാണ്. 4 മുതൽ 5 വരെ വർഷങ്ങളായി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഈ 'ഫണ്ട് മോഷണം' നിരന്തരം കുഞ്ഞിക്കൃഷ്ണൻ അവതരിപ്പിച്ചതിനു രേഖകളുണ്ട്. 2022ലാകട്ടെ ജില്ലാ കമ്മിറ്റിയിൽ കുഞ്ഞിക്കൃഷ്ണൻ അക്കമിട്ട് അവതരിപ്പിച്ച ആരോപണങ്ങളുടെ കോപ്പികൾ ചാനലുകൾ പുറത്തുവിട്ടിരുന്നു. ഫണ്ട് വിവാദത്തിൽ എം.എ. ബേബി പറഞ്ഞത് പാർട്ടി ഫണ്ട് നഷ്ടപ്പെട്ടില്ലെന്നാണ്.

കണക്ക് അവതരണത്തിൽ ചില അപാകതകളുണ്ടായിട്ടുണ്ടാവാമെന്ന ഒഴുക്കൻ മറുപടിയും ബേബിയിൽ നിന്നുണ്ടായി. എം.വി.ഗോവിന്ദനാകട്ടെ, ആരോപണങ്ങൾ പയ്യന്നൂരിലെ പാർട്ടി അന്വേഷിക്കുമെന്നും, പിരിച്ച പണത്തിന്റെ കണക്ക് പൊതുജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും കൂടി വാർത്താ സമ്മേളനത്തിൽ പറഞ്ഞുവെങ്കിലും പിന്നീട് നിലപാട് മാറ്റി. പൊതുജനങ്ങളിൽ നിന്ന് പാർട്ടി പിരിച്ച പണത്തിന്റെ കണക്ക് ജനസമഷം അവതരിപ്പിക്കുമെന്നും ഗോവിന്ദൻ തിരുത്തിപ്പറഞ്ഞു. വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിനു മുമ്പ് പാർട്ടി കണക്ക് അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന് ഗോവിന്ദൻ മാഷ് പറയുന്നത്, ''ഞങ്ങൾക്ക് മനസ്സില്ല'' എന്ന കട്ടായ മറുപടിയാണ്.

വികസന മുന്നേറ്റത്തിന്റെ വായ്ത്താരികൾ

കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നാണ് ഇടതുമുന്നണിയുടെ വടക്കൻ വികസന മുന്നേറ്റ ജാഥ തുടങ്ങിയത്. ഈ ബജറ്റിൽ പോലും വികസനത്തിനായി ഇടതുസർക്കാർ ചെലവഴിച്ചത് 12.18  ശതമാനമാണെന്ന് ധനമന്ത്രിയുടെ തന്നെ കണക്കിലുണ്ട്. വരുമാനത്തിന്റെ 72 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തീർക്കൽ, സബ്‌സിഡി നൽകൽ എന്നിവയ്ക്ക് വിനിയോഗിക്കുന്ന സർക്കാർ വക ഏതു തരത്തിലുള്ള വികസന മുന്നേറ്റമാണ് നടത്തിയത്? ഗോവിന്ദൻ മാഷിന്റെ ജാഥ പാലക്കാട്ടെ തരൂരിലാണ് അവസാനിക്കുക. ഫെബ്രുവരി 6ന് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ നയിക്കുന്നത് കേരളാ കോൺഗ്രസ് മാണിഗ്രൂപ്പിന്റെ ചെയർമാൻ ജോസ് കെ.മാണിയാണ്.

അങ്കമാലിയിൽ നിന്ന് ജാഥ തുടങ്ങും. ചരിത്രത്തിലാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരളം മുഴുവൻ നടന്നു തീർക്കുന്ന 'യാത്ര' കൾ സി.പി.എം. ഒഴിവാക്കിയിരിക്കുകയാണ്. വികസന മുന്നേറ്റ ജാഥയുടെ 'തെക്കൻ എഡിഷൻ' സി.പി.ഐ. നേതാവ് ബിനോയ് വിശ്വത്തിന്റെ വകയാണ്. തൃശ്ശൂരിൽ നിന്നാരംഭിക്കുന്ന ഈ ജാഥ തിരുവനന്തപുരത്താണ് സമാപിക്കുക. ഈ വികസനമുന്നേറ്റ ജാഥകൾ വഴി ഇടതുസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന് ഏതോ 'പി.ആർ. പ്രതിഭ' പിണറായിയെ ധരിപ്പിച്ചതിനെ തുടർന്നാണ് ഈ ജാഥകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഈ ജാഥകൾ വഴി കിട്ടാനിടയുള്ള വോട്ടും പോയി കിട്ടുമെന്ന് കരുതുന്ന സഖാക്കളുണ്ടെന്നു മാത്രം.

നമുക്ക് പ്രഹരമായി വീണ്ടും പാളുന്ന പദ്ധതികൾ

വൈദ്യുതി ബോർഡിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയെക്കുറിച്ചുള്ള വാർത്ത കേരളത്തിന്റെ വൈദ്യുതി ഉപയോക്താക്കൾ നേരിടാൻ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണ്. നിയമസഭയിൽ ശബരിമല സ്വർണ്ണക്കൊള്ളയിൽ കടിച്ചു തൂങ്ങുന്ന പ്രതിപക്ഷം, വൈദ്യുതി ഉൽപ്പാദന രംഗത്ത് ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥത ഇനിയെങ്കിലും ജനസമക്ഷം അവതരിപ്പിക്കാനുള്ള ജാഗ്രത കാണിച്ചേ തീരു. ഇടതുപക്ഷം ഭരിക്കുമ്പോൾ പോലും, ഇലക്ട്രിസിറ്റി ബോർഡിലെ ഭരണപക്ഷ യൂണിയനുകളെ നിയന്ത്രിക്കാൻ ആർക്കും കഴിയുന്നില്ല.

കെ.എസ്.ഇ.ബി.യുടെ ചെയർമാനായിരിക്കെ, ബിജു പ്രഭാകർ ഐ.എ.എസ് 13,000 കോടി രൂപയുടെ വൈദ്യുതി വാങ്ങിയതിനെക്കുറിച്ചുള്ള കണക്ക് ഓഡിറ്റ് ചെയ്യാൻ ഇടതുപക്ഷ യൂണിയനുകൾ അനുവദിക്കാതെ പോയ സംഭവം സൂചിപ്പിക്കുകയുണ്ടായി. ജനങ്ങൾ  പ്രത്യക്ഷമായി അനുഭവിക്കേണ്ടിവരുന്ന വൈദ്യുതി നിരക്ക് വർദ്ധനയെക്കുറിച്ച് പോലും പരിശോധന നടത്താൻ കഴിയാത്ത വിധം വൈദ്യുതി ബോർഡിലെ 'യൂണിയൻ ഭരണം' ഇപ്പോഴും തുടരുകയാണ്. രണ്ടാഴ്ച മുമ്പ് വൈദ്യുതി ബോർഡ് ഓഫീസുകളിൽ നടത്തിയ വിജിലൻസ് റെയിഡുകളിൽ ബോർഡിലെ 41 ഉദ്യോസ്ഥർ സംശയമുനയിലാണ്. ഇപ്പോൾ, വൈദ്യുതി ബില്ലിൽ 'പവർ കട്ടില്ലാതെ പത്തുവർഷം' എന്ന പരസ്യ വാചകം ബോർഡ് എഴുതിച്ചേർക്കുമ്പോൾ അതൊരു തമാശയായി ജനത്തിന് തോന്നിപ്പോകുകയാണ്.

ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കാനുള്ള 'ഇൻടേക്' സംവിധാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിയാതെ പോയതോടെ പള്ളിവാസൽ വിപുലീകരണ പദ്ധതി അടച്ചിട്ടതായിട്ടാണ് മനോരമയുടെ എം.എ. അനൂജിന്റെ റിപ്പോർട്ട്. ഇതോടെ ദിവസേന 70 ലക്ഷം രൂപ എന്ന കണക്കിൽ ബോർഡിന് 15 ദിവസം കൊണ്ട് നഷ്ടമായത് 10 കോടി രൂപയാണ്. 19 വർഷം മുമ്പ് നിർമ്മാണം തുടങ്ങിയതാണ് ഈ പദ്ധതി. 2024 നവബറിൽ പദ്ധതിയുടെ ടെസ്റ്റ് റൺ തുടങ്ങി.

എന്നാൽ ഡിസൈൻ പിഴവ് പ്രശ്‌നമായി. മാലിന്യം ടണലിന്റെ അകത്തു കടക്കുന്നതു തടയാൻ ഒരു സ്വകാര്യ കമ്പനി നിർമ്മിച്ച യന്ത്ര സംവിധാനം കണ്ണുമടച്ച് ബോർഡ് വാങ്ങി സ്ഥാപിച്ചതും വിനയായി. 60 മെഗാ വാട്ടാണ് ഈ വിപുലീകരണ പദ്ധതിയുടെ ശേഷി. ഇപ്പോഴും 'അന്നന്നുള്ള കഞ്ഞി' ക്ക് അരി വാങ്ങുന്ന ലാഘവത്തോടെ ഫാസ്റ്റ് ഫുഡ് രീതിയിലാണ് ബോർഡ് വൈദ്യുതി വാങ്ങുന്നത്. പള്ളിവാസൽ പദ്ധതി പാളിയതോടെ, ബോർഡിന്റെ ഈ പിടിപ്പുകേടും വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വെള്ളിടിയായി മാറാം.

ആന്റണിചടയമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam