എത്ര കൂട്ടിയാലും കിഴിച്ചാലും കണക്കുകൾ അങ്ങോട്ട് ശരിയാകുന്നില്ല. ഇത് കണക്ക് ചോദിക്കുന്നവരുടെ കൂടി കാലമായി മാറുകയാണോ? പക വീട്ടാനും പകരം ചോദിക്കാനും പഴങ്കഥകളേക്കാൾ നല്ല ആയുധം പഴയ കണക്കുകൾ തന്നെ! തെരഞ്ഞെടുപ്പ് അടുക്കുംതോറും രാഷ്ട്രീയ കക്ഷികളുടെ ക്യാപ്‌സ്യൂൾ നിർമ്മാണശാലകളിൽ സ്റ്റോക്ക് തീരുകയാണ്.
ഒരു ക്യാപ്‌സ്യൂളുകളും ഏൽക്കാത്തവിധം ജനങ്ങളുടെ ചിന്താധാരയിൽ സാമാന്യ ബോധത്തിന്റെയും തിരിച്ചറിവിന്റെയും രക്തയോട്ടം പണ്ടത്തെക്കാൾ ശക്തമാണ് ഇപ്പോൾ. അപ്പോൾ കണക്കുകൾക്കാണ് ഇനി മാർക്കറ്റ്. കാണാപാഠം പഠിച്ച കണക്ക് വെച്ച് ചർച്ചയ്ക്ക് വരുന്നവർ മിക്കവരും വിഡ്ഢിപ്പെട്ടികളിലെ കോമാളികളായി മാറുന്ന കാഴ്ചയും നന്നായി ആസ്വദിക്കുന്നുണ്ട് മലയാളികൾ.
എല്ലാവരും കണക്ക് പറയുകയാണ്. അഴിമതിക്ക് കണക്ക്. രാഷ്ട്രീയ പ്രതിയോഗികളുടെ ജീവിതം തകർത്തതിനും ജീവനെടുത്തതിനും കണക്ക്. കളവ് നടത്തിയതിനും കളവു മറച്ചതിനും കേസെടുത്തതിനും കേസെടുക്കാത്തതിനും കണക്ക്. പിന്നെയുമുണ്ട് കണക്കിലെ കളികൾ !
ആദ്യം കുഞ്ഞികൃഷ്ണന്റെ കണക്ക് വരട്ടെ, പിന്നാലെ പാർട്ടിയുടെ കണക്ക് കൊണ്ടുവരാം എന്നാണ് ഏറ്റവും ഒടുവിലത്തെ ചിത്രം. ഏതായാലും പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ സധൈര്യം പോലീസ് കാവലിൽ ആ പുസ്തകം പുറത്തിറക്കി. സാക്ഷാൽ വി.എസ് അച്യുതാനന്ദന് മനസാ സമർപ്പിച്ചുകൊണ്ട്!
*നിയമസഭാ തെരഞ്ഞെടുപ്പിൽ എത്ര സീറ്റിൽ ആരൊക്കെ മത്സരിക്കണം എന്നത് അടുത്ത കണക്ക്. ഈ കണക്കിൽ ഇടതുമുന്നണിയെക്കാൾ ബേജാറ് യു.ഡി.എഫിനാണ്. വിശേഷിച്ച്, ഇത്തവണ അല്പം വിജയപ്രതീക്ഷ അവർക്ക് മുന്നിലുള്ളപ്പോൾ.
സീറ്റുകളുടെ കാര്യത്തിൽ ഒരിഞ്ച് പിന്നോട്ടില്ല എന്ന നിലപാടുള്ള മുസ്ലിംലീഗ് യു.ഡി.എഫിന്റെ നട്ടെല്ലാണ്. അവരെ പിണക്കിക്കൂടാ. അവർ പറയുന്ന കണക്ക് വെട്ടിക്കൂടാ! യു.ഡി.എഫിനോട് ഒട്ടി നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ അരികും മൂലയും വകഞ്ഞെടുക്കാം എന്ന മോഹം വി.ഡി. സതീശനും കൂട്ടർക്കും ഉണ്ടെങ്കിലും അവിടെയും കണക്കുകൾ പിഴയ്ക്കും എന്നാണ് കരുതപ്പെടുന്നത്. ജോസ് കെ. മാണി ഇങ്ങോട്ട് വരുന്നില്ല എന്നറിഞ്ഞ നിമിഷം മുതൽ പി.ജെ. ജോസഫ് മുന്തിയ ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ തവണ പത്ത് സീറ്റിലായിരുന്നു കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ നാല് സീറ്റെങ്കിലും വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലും മൂന്ന് സീറ്റെങ്കിലും കിട്ടുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇതിൽ ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ മണ്ഡലങ്ങൾ ഉൾപ്പെടും. ഏതായാലും, കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ സർവ്വേ അന്തിമ ഘട്ടത്തിലാണ്. ഇനി പ്രദേശിക നേതൃത്വത്തിന്റെ അഭിപ്രായം ആരായും. അതിനുശേഷം വേണം പ്രതിപക്ഷ നേതാവിന് പ്രചാരണ ജാഥ തുടങ്ങാൻ.
അതിനിടെ, സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ എണ്ണി പറയാനുള്ള വികസന മുന്നേറ്റ ജാഥകൾ നയിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നേട്ടങ്ങളേക്കാൾ, എത്ര പറഞ്ഞാലും തീരാത്ത ശബരിമല പോലുള്ള തീപിടിച്ച വിഷയങ്ങൾ മറുവശത്ത്. ഈ ധർമ്മസങ്കടത്തിന്റെ കണക്ക് വോട്ടെടുപ്പ് ദിനത്തിൽ ആരെല്ലാം ആർക്കെല്ലാം തീർത്തു കൊടുക്കുമെന്ന് കണ്ടറിയാൻ ഇനി അധിക ദിവസങ്ങൾ ഇല്ല.
കഥ പറയുന്ന കണക്കുകൾ
അതിനിടെ, ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ ഇരുവശത്തെയും കള്ളന്മാരുടെ കണക്കുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘത്തിന് അപ്രതീക്ഷിതമായി ഹൈക്കോടതിയുടെ ഗുഡ് സർട്ടിഫിക്കറ്റ് വന്നു. പ്രതികൾക്ക് ജാമ്യം നൽകിയാലും അത് കേസന്വേഷണത്തെ ബാധിക്കില്ലെന്ന കോടതിയുടെ നിരീക്ഷണം യഥാർത്ഥത്തിൽ അസ്വസ്ഥരാക്കേണ്ടത് സി.പി.എം നേതാക്കളെയും ഭരണപക്ഷത്തെയുമാണ്.
കാരണം അവരാണ് പ്രതിചേർക്കപ്പെട്ടവരിൽ അധികവും. എന്നാൽ കേസ് ഇല്ലായ്മ ചെയ്യാൻ പുറത്തിറങ്ങുന്ന പ്രതികൾ ശ്രമിക്കുമെന്നഅനാവശ്യ ഭീതിയാണ് രമേശ് ചെന്നിത്തലയെപോലുള്ള നേതാക്കൾ പോലും പ്രകടിപ്പിക്കുന്നത്.
അദ്ദേഹം പലവട്ടം മോഹിച്ചത് പോലെ ഇനിയുള്ള കാലം കിടിലൻ ഡയലോഗുകളുമായി വെള്ളിത്തിരയിലേക്ക് മടങ്ങുമോ എന്നതും ചിന്തനീയമാണ്. വാസ്തവത്തിൽ കുഞ്ഞികൃഷ്ണന്റെ കണക്ക് പുസ്തകം എല്ലാവർക്കും ഒരു പാഠമാണ്. പാർട്ടിയുടെ ചെയ്തികൾക്ക് ഒപ്പം നിൽക്കുകയും തെറ്റു കണ്ടാൽ പോലും തിരുത്താൻ തയ്യാറാവാതിരിക്കുകയും, നിർണായ നിമിഷങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്ന അണികൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠം.
സത്യം തുറന്നു പറഞ്ഞ വേളയിൽ പാർട്ടി ഒപ്പമില്ല. ഇതുവരെ പറയാത്ത സത്യങ്ങൾ ഇപ്പോൾ പറയുന്നത് എന്തിന് എന്ന പാർട്ടിയുടെ ചോദ്യത്തിലും അല്പം കഴമ്പുണ്ട്. അവിടെയാണ് പാർട്ടി സെക്രട്ടറിയുടെ കോടാലിക്കൈ പ്രയോഗം പ്രസക്തമാകുന്നത്.
ആരോ ചോദിച്ചത് പോലെ, ടി.പി. വധക്കേസ് കാലം മുതൽ പാർട്ടിയുടെ ചെയ്തികളോട് അകലം പാലിക്കാതെ കഴിഞ്ഞുകൂടിയ കുഞ്ഞികൃഷ്ണൻ, ഇപ്പോൾ എന്ത് ധാർമികതയുടെ പേരിലാണ് കേവലം ഫണ്ട് വെട്ടിപ്പിന്റെ കണക്ക് പുസ്തകവുമായി രംഗത്തുവരുന്നത്. ഒരുപക്ഷേ, ആ പുസ്തകത്തിൽ കണക്കുകൾക്കപ്പുറം കാര്യങ്ങളും ഉണ്ടാകും.
അതുകൊണ്ടാവാം സി.പി.എം അതിനെ വല്ലാതെ ഭയക്കുന്നത്. ഭയം ഉള്ളതിനെ ഇല്ലായ്മ ചെയ്യുക എന്ന ഒരു ശൈലിപ്രയോഗിച്ചാൽ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വരുത്താവുന്ന ക്ഷീണം മറികടക്കാൻ ഗോവിന്ദൻ മാസ്റ്റർ എന്ത് തന്ത്രമാണ് തന്റെ വാർ റൂമിൽ മിനുക്കിയെടുക്കുക എന്ന് കൂടി കണ്ടറിയേണ്ടി വരും.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
