ന്യൂനപക്ഷ പ്രീണനത്തിന്റെ ക്രൈസ്തവ പക്ഷ 'ടാഗ്‌ലൈൻ' സമ്പുഷ്ടമാക്കാൻ ഇടതു മുന്നണി നേതൃത്വം കണ്ടെത്തിയ 'സൺഡേ സ്‌കൂൾ അധ്യാപക ക്ഷേമനിധി' ശുപാർശ ചാപിള്ളയാകുമെന്ന വിലയിരുത്തൽ ശക്തം. മദ്രസ അധ്യാപകർക്കുള്ളതിന് സമാനമായി സൺഡേ സ്‌കൂൾ അധ്യാപകർക്കു ക്ഷേമനിധി ഏർപ്പെടുത്തുന്നതിനായി ക്രൈസ്തവസഭകളോട് സർക്കാർ അഭിപ്രായം ചോദിച്ചതോടെ തന്നെ ചുവടുവയ്പ്പു പാളി.
കേരളത്തിലെ ക്രൈസ്തവ വിശ്വാസപരിശീലകർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരും ഉപജീവനത്തിനായി സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക വൃത്തി ഉൾപ്പെടെ മറ്റ് ഉദ്യോഗങ്ങൾ വഹിക്കുന്നവരും ആണെന്നിരിക്കേ ഈ സന്നദ്ധ സേവനത്തിന് സാമ്പത്തിക പ്രതിഫലം, ക്ഷേമനിധി എന്നിവയൊന്നും പ്രസക്തമല്ലെന്ന യാഥാർത്ഥ്യം ആവർത്തിച്ചു വ്യക്തമാകാനിടയാക്കുന്നു 'സൺഡേ സ്‌കൂൾ അധ്യാപക ക്ഷേമനിധി' വേണമോയെന്നതിനെപ്പറ്റി നടക്കുന്ന ചർച്ചകൾ.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് മാർഗ്ഗനിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ശുപാർശ ചെയ്യപ്പെട്ടതാണ്, വിശ്വാസ പരിശീലനത്തിന് പൊതു ഖജനാവിൽ നിന്നു പണം വ്യയം ചെയ്യുന്നതായി പ്രഥമദൃഷ്ട്യാ ആരോപണമുയരാനിടയാക്കുന്ന ഈ പദ്ധതി. അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നേ കണ്ടുള്ള മധുരം വയ്പ്പാണിതെന്ന സംശയം പല കോണുകളിൽ നിന്നുമുയരുന്നു.
ക്രൈസ്തവ മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം, തുടങ്ങിയവയെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമാക്കാതെയും വിശ്വാസപരിശീലന മേഖലയെക്കുറിച്ചുള്ള പഠനമില്ലാതെയും ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ചു മാത്രം അഭിപ്രായം ചോദിച്ചിരിക്കുന്ന സർക്കാരിന്റെ നിലപാടിൽ സഭാ നേതൃത്വങ്ങൾ താൽപ്പര്യം കാണിക്കുന്നതേയില്ല. വിശ്വാസപരിശീലനം സഭയുടെ ഹൃദയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ വിഹിതം സ്വീകരിക്കുന്ന ചുരുക്കം ചില വിദേശരാജ്യങ്ങളിലെ സഭാ ശുശ്രൂഷകളുടെ ഫലദായകത്വവും അവിടുത്തെ വിശ്വാസവളർച്ചയും കുത്തനെ കീഴോട്ടുപോയ അനുഭവം കത്തോലിക്കാ സഭയ്ക്കുണ്ട്.
നിലവിൽ മദ്രസ അധ്യാപക ക്ഷേമനിധി നിധിയുമായി ബന്ധപ്പെട്ട് കൊഴുക്കുന്ന വ്യാജ പ്രചാരണങ്ങളുടെ അനുബന്ധമായി 'സൺഡേ സ്‌കൂൾ അധ്യാപക ക്ഷേമനിധി' വിവാദം കത്തിപ്പടരാൻ സഭാ നേതൃത്വം ഒത്താശ ചെയ്യില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്രസ അധ്യാപക ചെലവ് സർക്കാർ വഹിക്കുന്നുവെന്ന കള്ളക്കണക്കാണ് കഴിഞ്ഞ മൂന്നുനാലു വർഷമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത്.
ഈ വ്യാജവാർത്ത വലിയ തോതിൽ കേരളത്തിൽ അതിശക്തമായ വർഗീയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. ചില രാഷ്ട്രീയ സാമുദായിക നേതാക്കൾ നടത്തിവരുന്ന വർഗീയ പരാമർശങ്ങളുടെ ലാവയിൽ കാൽ ചവിട്ടി പൊള്ളുകയും വിങ്ങുകയും ചേരി തിരിയുകയുമാണ് മലയാളികളുടെ മനസ്സും വാക്കും. അതിനിടയിലേക്കാണ് ക്രിസ്ത്യൻ മതാധ്യാപകർക്ക് ക്ഷേമനിധി വാഗ്ദാനവുമായി വസ്തുനിഷ്ഠമായ വിവരങ്ങളുടെ പശ്ചാത്തലമില്ലാതെ സർക്കാർ എത്തിയത്.
വിശ്വാസപരിശീലനത്തിനുപോലും സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കുമ്പോൾ പലപ്പോഴും സാമൂഹികവും ധാർമികവുമായ വിഷയങ്ങളിൽ സ്വതന്ത്ര നിലപാടെടുക്കാൻ സഭയ്ക്ക് സാധിക്കാതെ വരുമെന്ന വിമർശനമുയരുന്നുണ്ട്. അത് സഭയുടെ പ്രവാചക ശബ്ദത്തെ ദുർബലമാക്കും. രാഷ്ട്രീയമായി ശരിയെന്നു കാണാവുന്ന പല കാര്യങ്ങളും സുവിശേഷാത്മകമായി ശരിയായി കൊള്ളണമെന്നില്ലെന്നതിനാൽ ഇതിന് ചുവടുപിടിച്ച് പക്ഷങ്ങളും ചേരിതിരിവും സഭയ്ക്കുള്ളിൽ തന്നെ വർദ്ധിക്കുന്ന സാഹചര്യവും ഉണ്ടാകുമെന്ന ആശങ്ക അനേകർ പങ്കുവെക്കുന്നു.
ദാനമായി വിശ്വാസിക്ക് ലഭിച്ചത് ദാനമായി അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സ്വമനസാലെയും നിസ്വാർത്ഥമായും കടന്നുവരുന്ന വിശ്വാസ പരിശീലകർ മനസ്സുകൊണ്ടുപോലും അതിന് പ്രതിഫലമോ പ്രത്യുപകാരമോ ആഗ്രഹിക്കാറില്ല. ജോലിയേക്കാൾ സുകൃതം ആയിട്ടാണ് അതിനെ കാണുന്നതും. അത്തരമൊരു കാര്യത്തെ വരുമാനത്തിന്റെ പരിസരത്തേക്ക് കൊണ്ടുവരുമ്പോൾ അത് വാണിജ്യവൽക്കരിക്കപ്പെടുക സ്വാഭാവികം.
ലൗകികമായ ആനുകൂല്യങ്ങൾ സുവിശേഷത്തിന്റെ ഭാഗമാകുമ്പോൾ അത് വിപണന ചരക്ക് ആകും, രാഷ്ട്രീയത്തിന്റെ ഭാഗമാകും. ക്രമേണ ഇതിലേക്ക് കടന്നുവരുന്നവരുടെ മനസ്സിനെയും കാഴ്ചപ്പാടുകളെയും ഇത്തരം കാര്യങ്ങൾ ബാധിക്കും. ഇത് വിശ്വാസ പരിശീലനത്തിന്റെ ആത്മീയ ഉൾക്കാഴ്ചകളെയും പരിസരത്തെയും തച്ചുടയ്ക്കും. ഇത്തരത്തിൽ ഔദ്യോഗികതയിലേക്കുള്ള മാറ്റം വിശ്വാസ പരിശീലനം സ്വീകരിക്കുന്ന കുട്ടികളുടെ മനസ്സുകളെ പോലും ബാധിക്കാമെന്നും പതിറ്റാണ്ടുകളായി സൺഡേ സ്‌കൂൾ അധ്യാപനം വിജയകരമായി നിർവഹിച്ചുവരുന്ന നിരവധി പേർ പറയുന്നു.
പ്രത്യേക റിക്രൂട്ട്‌മെന്റ്
ജെ.ബി കോശി കമ്മീഷൻ കമ്മീഷൻ 2023 ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, സർക്കാർ ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ദലിത് സമുദായങ്ങളിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമുള്ള നിരവധി നടപടികൾ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സർക്കാർ ജോലികളിൽ ലാറ്റിൻ കത്തോലിക്കർക്കും ദലിത് ക്രിസ്ത്യാനികൾക്കും ഉള്ള പ്രാതിനിധ്യം പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ടീയമായി പ്രാധാന്യമുള്ള ഈ ശുപാർശകൾ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നു നിരീക്ഷകർ പറയുന്നു.
സർക്കാർ സർവീസുകളിൽ ക്രിസ്ത്യാനികൾ, നാടാർ, മതം മാറിയ ക്രിസ്ത്യാനികൾ എന്നിവരുടെ കുറവ് നികത്താൻ പ്രത്യേക റിക്രൂട്ട്‌മെന്റ് വേണമെന്ന് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ടെന്ന വിവരത്തെച്ചൊല്ലിയും മുറുമുറുപ്പുയർന്നു തുടങ്ങിയിട്ടുണ്ട്. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ലാറ്റിൻ കത്തോലിക്കർക്കും ആംഗ്ലോഇന്ത്യക്കാർക്കും 3 ശതമാനം സംവരണം നൽകണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ക്രിസ്ത്യൻ സമുദായങ്ങൾക്കുള്ള സംവരണം ആറു ശതമാനമായി വർധിപ്പിക്കണം തുടങ്ങിയ ശുപാർശകൾ റിപ്പോർട്ടിൽ ഉണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. ദലിത് ക്രിസ്ത്യാനികൾ വലിയ വിവേചനമാണ് നേരിടുന്നത്. അതിനാൽ പട്ടികജാതി (എസ്‌സി) സമൂഹത്തിനു ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും അവർക്ക് നൽകണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പിന്നാക്ക ക്രിസ്ത്യൻ സമൂഹങ്ങൾക്ക് നിലവിൽ സർക്കാർ ജോലികളിൽ 8 ശതമാനം സംവരണം ഉണ്ട്, എന്നാൽ വിദ്യാഭ്യാസത്തിൽ 4 ശതമാനം മാത്രമേ ഉള്ളൂ. വിദ്യാഭ്യാസ ക്വാട്ട 6 ശതമാനം ആയി വർദ്ധിപ്പിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. എയ്ഡഡ് മേഖലയിലെ എല്ലാ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളിലും 20% കമ്മ്യൂണിറ്റി ക്വാട്ട വേണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. സ്വാശ്രയ മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ കോളജുകളിൽ, സർക്കാർ അനുവദിച്ച സീറ്റുകളിൽ 20% കമ്മ്യൂണിറ്റി ക്വാട്ടയ്ക്കായി സംവരണം ചെയ്യണം. ശേഷിക്കുന്ന 50% സീറ്റുകളിൽ 30% ജനറൽ കമ്മ്യൂണിറ്റി ക്വാട്ടയും 20% മനേജ്‌മെന്റ് ക്വാട്ടയുംസ്ഥാപനത്തിന്റെ സമുദായത്തിനാകണം. പ്രവേശനം മെറിറ്റ് അടിസ്ഥാനമാക്കിയാകണം.
ന്യൂനപക്ഷ ക്ഷേമ വകുപ്പിലും ന്യൂനപക്ഷ കമ്മീഷൻ, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, ന്യൂനപക്ഷ ക്ഷേമ സമിതികൾ എന്നിവയുൾപ്പെടെയുള്ളവയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ക്രിസ്ത്യാനികൾക്ക് ആനുപാതിക പ്രാതിനിധ്യം ലഭിക്കണമെന്ന് റിപ്പോർട്ട് പറയുന്നു. മതവികാരം സംരക്ഷിക്കുന്നതിന് റിപ്പോർട്ട് ഊന്നൽ നൽകുന്നു. ക്രിസ്ത്യൻ വിശ്വാസത്തെയോ ആചാരങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്ന സിനിമകൾ, പ്രസിദ്ധീകരണങ്ങൾ, ചിത്രങ്ങൾ അല്ലെങ്കിൽ രചനകൾ എന്നിവയ്‌ക്കെതിരെ രേഖാമൂലമുള്ള പരാതികൾ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
നന്ദിയോടെ സമർപ്പിതർ
കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള പ്രത്യേക പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതും ഇതിനിടെ ചർച്ചാ വിഷയമാകുന്നുണ്ട്. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ആനുകൂല്യം നൽകാനാണ് മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനമുണ്ടായത്.
അവിവാഹിതരായ 50 വയസിൽ കൂടുതൽ ഉള്ള സ്ത്രീകളിൽ ശമ്പളം, പെൻഷൻ, സർക്കാരിന്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്ത സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും. കന്യാസ്ത്രീകളും ഇതിൽ ഉൾപ്പെടും. നിലവിൽ പെൻഷൻ അനുവദിക്കുന്നതിന് ആവശ്യമായുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഇവർക്ക് ഒഴിവാക്കി നൽകും. ഇതിന് പകരം പ്രത്യേക അപേക്ഷാ ഫോറം അംഗീകരിക്കും. സർക്കാർ പ്രഖ്യാപനത്തെ കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ സ്വാഗതം ചെയ്തിരുന്നു.
കോൺവെന്റുകളിലെ കന്യാസ്തീകൾ, മഠങ്ങളിലെയും മത സ്ഥാപനങ്ങളിലെയും അന്തേവാസികൾ എന്നിവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലായെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും നേരത്തെ നിഷ്‌കർഷിച്ചിരുന്നതായി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു. സമർപ്പിത ജീവിതം നയിക്കുന്നുവെന്ന കാരണത്താൽ പൗരന്മാർക്ക് അർഹമായ പല ആനുകൂല്യങ്ങളും സന്യസ്തർക്കു നിഷേധിക്കപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡ് പോലും ഈ അടുത്ത കാലത്താണ് ലഭ്യമായിത്തുടങ്ങിയത്. മതം, ജീവിതാന്തസ് തുടങ്ങിയവ പരിഗണിക്കാതെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും അർഹതയുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്നത് സർക്കാർ ഉറപ്പക്കേണ്ട ഒരു നയമാണ്.
'സ്ഥിരവരുമാനം ഇല്ലാത്ത, സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാത്ത അവിവാഹിതരായ ഏതൊരു സ്ത്രീക്കും അർഹതയുള്ള ഒരു പദ്ധതിയാണിത്. എല്ലാ മതങ്ങളിലുമുള്ള അർഹരായ സന്യസ്തർക്കുകൂടി ലഭ്യമാകുന്ന രീതിയിൽ പുനഃക്രമീകരണം നടത്തപ്പെടുന്ന അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതിയെ, കന്യാസ്ത്രീകൾക്ക് അനർഹമായി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും ബാലിശവും ജനാധിപത്യ ചൈതന്യത്തിന് വിരുദ്ധവുമാണ്.'
ക്രൈസ്തവ സമർപ്പിതരുടെ സാമൂഹിക സേവനങ്ങളെ തമസ്‌കരിച്ച്, അവരെ കേവലം മതപ്രവർത്തകരായി മാത്രം ചിത്രീകരിക്കാനുള്ള നീക്കങ്ങളും സഭ സന്യസ്തരെ സംരക്ഷിക്കുന്നില്ല എന്നുള്ള അടിസ്ഥാനരഹിതമായ വാദങ്ങളും ഈ വിവാദങ്ങൾക്കിടയിൽ ചിലർ പ്രചരിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
