പാർട്ടികളിൽ മുഴങ്ങുന്നു, വിമത യുദ്ധ കാഹളം

MARCH 4, 2026, 11:57 PM

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സി.പി.എമ്മിന്റെ  സ്ഥാനാർത്ഥി മുഖങ്ങൾ തെളിയുമെന്ന് ഇടതുമുന്നണി കൺവീനർ വെളിപ്പെടുത്തിക്കഴിഞ്ഞു. ഘടകകക്ഷികൾക്ക് യാതൊരു പരാതിയുമില്ലാത്ത മത്സരചിത്രമായിരിക്കും അതെന്നുകൂടി ടി.പി. രാമകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നു.

ഇതുവരെ വാർത്തകളിൽ യുദ്ധസമാന പ്രാധാന്യത്തോടെ നിറഞ്ഞു നിന്നിരുന്ന വീണാ ജോർജും വി.ഡി.സതീശനും ഇറാൻ-ഇസ്രയേൽ പോരാട്ടത്തിന് മുന്നിൽ അല്പം മങ്ങിപ്പോയെങ്കിലും സംസ്ഥാന രാഷ്ട്രീയം ചൂടുപിടിക്കുകതന്നെയാണ്. യുദ്ധമുഖത്ത് എന്തും സംഭവിക്കട്ടെ, രാഷ്ട്രീയ പോർമുഖം തുറന്ന ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് ഭരണ പ്രദേശത്ത് അടുത്ത മെയ് മാസ പുലരിയിലെ പുഞ്ചിരി ആരുടേതാണെന്ന് നിശ്ചയിക്കാനുള്ള സമയമായിരിക്കുന്നു.

മത്സരമോഹികൾ

vachakam
vachakam
vachakam

തെരഞ്ഞെടുപ്പിനു മുൻപ് പല വിസ്മയങ്ങളും സംഭവിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രവചനം ഏറെക്കുറെ ശരിയായി. ഇരുവശത്തും ബി.ജെ.പിയിലും വിസ്മയങ്ങളുടെ പെരുമഴയാണ്. വിസ്മയം ഡിസൈൻ ചെയ്ത പോലെയല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് സതീശനും കണ്ടറിഞ്ഞു. സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് യൂത്ത് കോൺഗ്രസ് അവരുടേതായ പട്ടിക മുന്നോട്ടുവച്ചത്.

തൃപ്പൂണിത്തുറയിൽ കെ. ബാബു ഒഴികെ വയോധികനായ എല്ലാ കോൺഗ്രസ് നേതാക്കളും മത്സരമോഹികളാണ് എന്ന കാഴ്ച. 50% യുവാക്കൾ വേണമെന്ന രാഹുൽ ഗാന്ധിയുടെ മോഹം പൂവണിയുന്ന  ലക്ഷണമില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ മുതൽ കെ. സുധാകരൻ വരെ നീളുന്ന അഭിവന്ദ്യ നേതാക്കൾ ഒരുവശത്ത്. മറുവശത്ത് യുവനിരയിലുമുണ്ട് പ്രശ്‌നങ്ങൾ. തൃത്താലയിൽ വി.ടി.ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവുമായി ഒരു വിഭാഗം പാലക്കാട് യോഗം ചേർന്ന് പ്രതിഷേധിച്ചു കഴിഞ്ഞു. കഴിഞ്ഞതവണത്തെ ബൽറാമിന്റെ തോൽവി കണക്കിലെടുത്ത് ഇത്തവണ അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നവരാണ് ഈ വിഭാഗം.

മുല്ലപ്പള്ളി രാമചന്ദ്രൻ മത്സര രംഗത്ത് വരുന്നതിന് എതിരെയും ഒരു വിഭാഗം രംഗത്തിറങ്ങി. സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാകുന്നതിന് മുമ്പാണ് കൊയിലാണ്ടിയിൽ കോൺഗ്രസിന് തലവേദനയായി വിമത ശബ്ദം ഉയരുന്നത്. നേതൃത്വം നിർബന്ധിച്ചിട്ടും മത്സര രംഗത്തുനിന്ന് മാറിനിൽക്കാൻ സന്നദ്ധത കാണിച്ച കെ. ബാബുവിനെ പോലുള്ള നേതാക്കളും കോൺഗ്രസിൽ ഉണ്ടെന്നറിയുമ്പോൾ അവിടുത്തെ തീരുമാനങ്ങൾ പലതും വ്യക്തിപരം കൂടിയാണ് എന്ന് കണേണ്ടിവരും. ഒരോ നേതാവും സ്വയം ഹൈക്കമാൻഡ് ആവുന്ന സംവിധാനം.

vachakam
vachakam
vachakam

ഒരു ഗോവിന്ദൻ ചിരി

പതിറ്റാണ്ടുകളോളം പാർട്ടിക്കുവേണ്ടി നിലകൊള്ളുകയും പാർട്ടി സമ്മാനിച്ച പദവികൾ ശിരസാവഹിക്കുകയും ചെയ്തശേഷം രാഷ്ട്രീയ സായാഹ്നത്തിൽ പാർട്ടിയോട് പിണങ്ങുന്ന കമ്മ്യൂണിസ്റ്റുകാരെ എന്തു വിളിക്കണം?

ആലപ്പുഴയിലെ സി.പി.എമ്മിന്റെ മുഖമായ ജി. സുധാകരൻ പാർട്ടിയോട് ഇടഞ്ഞ് അമ്പലപ്പുഴയിൽ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസുകാർ പറയുന്നത് വരെ കാര്യങ്ങളെത്തി. സുധാകരന് ഒരുവട്ടം കൂടി മത്സരിക്കാൻ താല്പര്യമുണ്ടെന്ന് ആലപ്പുഴ ജില്ലാകമ്മറ്റിയിൽ നിന്ന് സൂചന വന്നപ്പോൾ തന്നെ ആ പേര് വെട്ടാൻ ആദ്യം പേന എടുത്തത് പാർട്ടി സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തന്നെ!സുധാകരൻ മത്സരിക്കുമോ എന്ന ചോദ്യത്തിന്, പതിവുപോലെ താത്വികമായ ഒരു മറുപടി പ്രതീക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ലഭിച്ചത് പരമ പുച്ഛത്തോടെയുള്ള ഒരു ഗോവിന്ദൻ ചിരിയാണ്.

vachakam
vachakam
vachakam

ആ ചിരി സുധാകരന് രസിച്ചില്ല. പോരാളിയായ സുധാകരൻ ഇടഞ്ഞു. പരസ്യമായി പ്രതിഷേധിച്ചു. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി സ്വാന്തനിപ്പിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ഒഴിവാക്കപ്പെട്ടത്, പ്രായപരിധി പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നത്, പുന്നപ്ര വയലാർ പോലുള്ള പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയത് എല്ലാം സുധാകരനെ വേദനിപ്പിച്ചിരുന്നു. താൻ മന്ത്രിയായിരിക്കെ തുടങ്ങിവച്ച പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് പോലും ക്ഷണിക്കാത്ത അവഗണന!

സുധാകരൻ പറഞ്ഞു;സി.പി.എം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം.വി. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം.വി. ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാർട്ടി  സെക്രട്ടറി കളിയാക്കി ചിരിച്ചു. അതിനെ ആരും തിരുത്തിയില്ലെന്നും അദ്ദേഹം  വിമർശിച്ചു.

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും: നിയമ സഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി. സുധാകരന്റെ കടന്നാക്രമണം. വാർത്താ സമ്മേളനത്തിലെ എം.വി. ഗോവിന്ദന്റെ പരാമർശം പങ്കുവെച്ച് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.

ഹി..ഹി..ഹി...എന്ന എം.വി. ഗോവിന്ദൻ ചിരി മാത്രമാണ് ജി. സുധാകരനെ പ്രകോപിപ്പിച്ചത് എന്ന് കരുതുക വയ്യ. 63 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ? എന്തിനും തയ്യാറായി കോൺഗ്രസ് നേതൃത്വം പാലക്കാട് പോലെ ആലപ്പുഴയിലും കൈ നീട്ടി നിൽക്കുകയാണ്.

ആലപ്പുഴയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തി ജി.സുധാകരൻ കളത്തിലിറങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ജില്ലയിൽ കഴിഞ്ഞ കുറേ നാളുകളായി നേരിടേണ്ടിവരുന്ന അവഗണനയ്‌ക്കൊപ്പം സംസ്ഥാന സെക്രട്ടറിയിൽനിന്നു നേരിടേണ്ടിവന്ന അവഹേളനവുമാണ് പാർട്ടി അംഗത്വം പുതുക്കാതെ സമൂഹമാധ്യമത്തിൽ അതൃപ്തി പരസ്യപ്പെടുത്തി രംഗത്തെത്താൻ സുധാകരനെ പ്രേരിപ്പിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ സമീപനം ഇതാണെങ്കിൽ എന്തിനാണ് ഇനി അവിടെ നിൽക്കുന്നത് എന്നാണ് സുധാകരൻ ഏറെ അടുപ്പമുള്ളവരോടു ചോദിച്ചത്.

അതിനിടെ,സാക്ഷാൽ ശൈലജ ടീച്ചറെ ഒതുക്കുമോ എന്ന വലിയ ചോദ്യം പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സജീവമാണ്. ടീച്ചർ ഏതായാലും വിമത വേഷം അണിഞ്ഞിട്ടില്ല.സ്ഥാനാർത്ഥി പട്ടികയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ ധാരണയിലെത്തി. മുൻ ആരോഗ്യമന്ത്രിയായ കെ.കെ. ശൈലജ, പേരാവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറ്റാനുള്ള ആദ്യ നീക്കത്തിൽ കടുത്ത അതൃപ്തി കെ.കെ. ശൈലജ പ്രകടിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റ് ഇക്കാര്യം പരിശോധിച്ചിരുന്നു. സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് ഷൈലജയെ മാറ്റാനുള്ള തീരുമാനം പാർട്ടിയിൽ ഒതുക്കാനാണ് നീക്കമെന്നും വിമർശനം ഉയർന്നിരുന്നു.

അതിനിടെ, പയ്യന്നൂരിൽ സി.പി.എം വിമത വിഭാഗം മത്സരത്തിന് ഒരുങ്ങുന്നു. ടി.ഐ. മധുസൂദനനെതിരെ വിമതവിഭാഗം സ്ഥാനാർത്ഥിയെ നിർത്തും. വി. കുഞ്ഞികൃഷ്ണനോ പയ്യന്നൂർ നഗരസഭ കൗൺസിലർ സി. വൈശഖോ സ്ഥാനാർത്ഥിയാകും. സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമതരും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

സി.പി.എം നേതൃത്വത്തോട് ഇടഞ്ഞ് കെ.ടി.ഡി.സി ചെയർമാൻ പദവി ഒഴിഞ്ഞ മുൻ എം.എൽ.എ പി.കെ. ശശി ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. ചില മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുടെ മധ്യസ്ഥതയിലാണ് അണിയറയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം.

ചില മുസ്ലിം ലീഗ് നേതാക്കൾ ശശിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവച്ചതോടെയാണ് മുൻ ഷൊർണൂർ എം.എൽ.എ യു.ഡി.എഫ് സ്ഥാനാർഥിയയേക്കുമെന്ന അഭ്യൂഹം ശക്തമായത്.

പുതുമുഖ യാത്രയോ?

പുതുയുഗയാത്ര കഴിയുമ്പോൾ ബിഗ് സ്‌ക്രീനിൽ തെളിയുന്നത് ജാഥാ ക്യാപ്ടന്റെ മുഖം തന്നെ ആയിരിക്കുമോ എന്നതാണ് കോൺഗ്രസിലെ വലിയ ചോദ്യം. യാത്രാമധ്യേ മറ്റൊരു റൂട്ടിൽ സഞ്ചരിച്ച മുൻ കെ.പി.സി.സി അധ്യക്ഷൻ കൂടിയായ രമേശ് ചെന്നിത്തല, സാമുദായിക നേതാക്കളെ മുഖം കാണിക്കാൻ പോയത് നിസാരമായി തള്ളിക്കളയാൻ കഴിയില്ല. പോരാത്തതിന് ഹൈക്കമാന്റിനെ പോക്കറ്റിലിട്ടു നടക്കുന്ന മറ്റൊരു കണ്ണൂരുകാരൻ പരിസരത്തുള്ളപ്പോൾ !

പ്രിജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam