ജനവിധിയുടെ പാഠങ്ങൾ

MAY 13, 2026, 1:28 PM

വിജയം എല്ലാവരെയും സന്തോഷിപ്പിക്കുമെങ്കിലും അമിത വിജയം ചിലരെ വിറളി പിടിപ്പിക്കും. സ്വയം മറന്ന് പലതും പറയും, പ്രവർത്തിക്കും. അത് അവർക്കുതന്നെ വിനയായി വരുകയും ചെയ്യും. പഴയത്‌പോലെ പറഞ്ഞതു പറഞ്ഞില്ലെന്നു പറയാനും തിരുത്തിപ്പറയാനും അത്ര എളുപ്പവുമല്ല. പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിക്കാൻ പുതുമാധ്യമങ്ങൾ ധാരാളം.

കേരളമുൾപ്പെടെ അഞ്ചു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കണക്കുകൂട്ടലുകൾ പലതും തെറ്റിച്ചു. കേരളം തന്നെ അതിൽ പ്രധാനം. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും കേരളത്തിലെപ്പോലെ വിസ്മയങ്ങൾ ഏറെ ഉണ്ട്. പശ്ചിമബംഗാളിൽ മമതാ ബാനർജിയുടെ ആത്മവിശ്വാസം ഫലവത്തായില്ല.

കേരളം പുതിയൊരു ഭരണക്രമത്തിലേക്കു നീങ്ങുകയാണ്. ഇനി യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ നടക്കണം. ജനവിധി അംഗീകരിക്കാനും ജനങ്ങൾക്ക്‌വേണ്ടി നിലകൊള്ളാനും കഴിയണം. അധികാരമെന്നത് ആരുടെയും കുത്തകയല്ലെന്നും അതു ജനം നൽകുന്നതാണെന്നുമുള്ള തിരിച്ചറിവുണ്ടായാൽ ഇതു സാധിക്കും. എന്നാൽ കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഉണ്ടായ വലിയ കാലതാമസം യു.ഡി.എഫിനു ജനങ്ങൾ നൽകിയ വൻവിജയത്തെ പരിഹസിക്കുന്നതായി.

vachakam
vachakam
vachakam

പ്രചാരണതന്ത്രങ്ങളോ കൂറ്റൻ ഫ്‌ളെക്‌സ് ബോർഡുകളോ കുറിക്കുകൊള്ളുന്ന പരസ്യവാചകങ്ങളോ ഒന്നുമല്ല ജനത്തെ സ്വാധീനിക്കുന്നതെന്ന് കേരളം തെളിയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആധുനിക മുഖം ഇനിയും പലരും മനസിലാക്കാനിരിക്കുന്നതേയുളളൂ. ഇപ്പോൾ വിജയം ആഘോഷിക്കുന്നവരും പരാജയത്തിന്റെ കയ്പു കുടിച്ചവർക്കും അതു ബാധകമാണ്. തങ്ങളല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യം ജനാധിപത്യത്തിൽ തീർത്തും പ്രസക്തമല്ലെന്നുകൂടി ഈ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.

വോട്ടർമാർ കൂടുതൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുന്ന കാലമാണിത്. പ്രത്യേകിച്ചും 'ജെൻ സി'യുടെ രാഷ്ട്രീയ നിലപാടുകളിൽ വലിയ മാറ്റം വന്നിരിക്കുന്നു. അന്ധമായ രാഷ്ട്രീയ അടിമത്തം മാറി വരുകയാണ്. ഏകാധിപത്യ പ്രവണത ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കും. അതു തിരിച്ചറിയമ്പോഴാണ് ജനകീയ മുന്നേറ്റങ്ങളുണ്ടാകുന്നത്. പല ലോകരാജ്യങ്ങളിലും നാം അതു കണ്ടു, കണ്ടുകൊണ്ടിരിക്കുന്നു.

ജനാധിപത്യ ഭരണസംവിധാനം ഇന്നും വളരെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ഇന്ത്യക്ക് അപചയങ്ങൾ പലതും സംഭവിച്ചിട്ടുണ്ടെങ്കിലും ശക്തമായ ഭരണഘടനയും വിവേകമുള്ള ജുഡീഷറിയും വീര്യം നഷ്ടമായിട്ടില്ലാത്ത മാധ്യമങ്ങളും പോരായ്മകൾ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകുന്നു.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പു ഫലം എല്ലാവർക്കും ഏതെങ്കിലുമൊക്കെ ചില പാഠങ്ങൾ നൽകുന്നു. അത് വിലയിരുത്താനും പഠിക്കാനും അതിന്റെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താനും രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും കഴിയണം. ആസാമിലും പുതുച്ചേരിയിലും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും നേരത്തേ നടത്തിയ വിലയിരുത്തലുകൾക്കു സമാനമായ ഫലമാണ് വന്നിരിക്കുന്നത്. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലുമാണ് അട്ടിമറി ഉണ്ടായത്. ബംഗാളിൽ മമതയുടെ രാഷ്ട്രീയതന്ത്രങ്ങളെ അതിജീവിക്കാൻ ബി.ജെ.പിക്കു കഴിഞ്ഞു. മമതയുടെ താൻപോരിമയും അമിത പ്രതീക്ഷയും അപകടമായി. പ്രതിപക്ഷ സഖ്യത്തെ ദുർബലപ്പെടുത്തുന്നതിൽ മമതയുടെ പങ്ക് ചെറുതായിരുന്നില്ല.

തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായി. നടൻ വിജയ്യുടെ പാർട്ടി നടത്തിയ മുന്നേറ്റം പല കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ്. പാർലമെന്ററി രംഗത്ത് പ്രാഥമിക തലത്തിൽപോലും പരിചയമില്ലെങ്കിലും വിജയ് വലിയ വിസ്മയമാണ് തീർത്തിരിക്കുന്നത്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷവും തമിഴ്‌നാട്ടിൽ താരമൂല്യം ഇന്നും പ്രധാനം തന്നെ. തുടക്കത്തിലെ മിന്നുംപ്രകടനം തുടരുമോ എന്നാണ് ഉറ്റുനോക്കുന്നത്. ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി നിയമിച്ചത് കല്ലുകടിയാകുമെന്നു കണ്ട് അതിൽ നിന്നും ഉടൻ പിന്മാറാൻ വിജയ് കാണിച്ച മിടുക്ക് നന്നായി.  
പ്രശ്‌നങ്ങളുടെ കൂമ്പാരത്തിലേക്കാണ് കേരളത്തിൽ പുതിയൊരു സർക്കാർ കടന്നുവരുന്നത്.

വിവിധ മേഖലകളിൽ വിലക്കയറ്റത്തിന്റെ ശംഖൊലി മുഴങ്ങിക്കഴിഞ്ഞു. വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചത് രാജ്യമാകെ ഭക്ഷണശാലകളിലും കേറ്ററിംഗ് രംഗത്തും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഹോട്ടൽ വ്യവസായത്തെ ഏറെ ബാധിക്കുന്ന ഈ വില വർധന അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പു പൂർണമായതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ധന വില വർധന സമഗ്രമായ വിലക്കയറ്റത്തിന്റെ മുന്നോടിയാണ്.
കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിന്റെ കണക്കുകൾ നേരത്തെതന്നെ വന്നിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇനിയുമേറെ വരാനിരിക്കുന്നു.

vachakam
vachakam
vachakam

ചക്കളത്തിപോരാട്ടത്തിന് സമയമില്ല. അതു ജനം സമ്മതിക്കുകയുമില്ല. വികസനം എന്നതു ജനത്തിന് ബോധ്യമാകണം. അതിനു പിആർ വർക്ക് മാത്രം പോരാ. സമൂഹമാധ്യമ പോരാട്ടങ്ങൾ യാഥാർത്ഥ്യങ്ങളെ പൊതിഞ്ഞുപിടിക്കാനേ സഹായിക്കൂ. വേണ്ടതു സുതാര്യതയാണ്, ഭരണപാടവമാണ്. ജനങ്ങൾ തങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം യു.ഡി.എഫ് എത്രമാത്രം സാക്ഷാത്കരിക്കും എന്നാണ് കേരളം കാത്തിരിക്കുന്നത്. വിസ്മയതീരത്തുനിന്ന് ഇനി നമുക്കു യാഥാർത്ഥ്യങ്ങളുടെ സമതലത്തിലേക്കു വരാം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ധർമടത്തുനിന്നു ജയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ വോട്ടെണ്ണലിന്റെ ആദ്യ ആറു റൗണ്ടിലും പിന്നിലായിരുന്നു. കഴിഞ്ഞ തവണത്തേതിന്റെ മൂന്നിലൊന്നു ഭൂരിപക്ഷത്തിന് ഈ ഇടതുകോട്ടയിൽ നിന്ന് അദ്ദേഹം വിജയിച്ചെങ്കിലും ആദ്യ റൗണ്ടുകളിലെ തിരിച്ചടി തന്നെയാവും അദ്ദേഹത്തിനേറ്റ കനത്ത ആഘാതം.

19 മന്ത്രിമാരിൽ 13 പേരുടെ പരാജയവും നിസാരമായി കാണാനാവില്ല. വിവാദങ്ങളും കാര്യക്ഷമതയില്ലായ്മയും ഇവരുടെ തോൽവിക്കു വഴി തെളിച്ചു. വികസനത്തിന്റെ വായ്ത്താരികളല്ല യാഥാർത്ഥ്യങ്ങളാണ് ജനം വിലയിരുത്തുന്നത്. സിറ്റിംഗ് എം.എൽ.എമാരുടെ കൂട്ടത്തോൽവിയും ശ്രദ്ധേയം. ഇവരിൽ പലരും മണ്ഡലത്തിൽ സജീവമായിരുന്നുവെങ്കിലും ജനം തിരസ്‌കരിച്ചു. അതിനു വികസനത്തിലുപരിയായ രാഷ്ട്രീയ കാരണങ്ങളുമുണ്ടാവാം. എൽ.ഡി.എഫിലെ എട്ടു ഘടകകക്ഷികൾക്കും ഒരു സീറ്റുപോലും നേടാനായില്ല.

മുൻകാലങ്ങളിലെപ്പോലെ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവർത്തകരുമൊന്നും കൂട്ടത്തോടെ പിന്തുണയും പ്രസ്താവനയുമായി എത്തിയില്ല. തുടർഭരണത്തിനെതിരായ കവി സച്ചിതാനന്ദന്റെ പരസ്യ നിലപാടുകൾ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ശ്രദ്ധിക്കപ്പെട്ടു. അശോകൻ ചെരുവിലും എൻ.എസ്. മാധവനും കെ.വി. മോഹൻകുമാറുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തുടർഭരണം സ്വപ്‌നം കാണുക മാത്രമല്ല അതിന്റെ ആവശ്യതകയും നിരത്തി.

മാധ്യമങ്ങളിൽ ചിലത് പരസ്യമായി രാഷ്ട്രീയം കളിച്ചപ്പോൾ മറ്റു ചിലർ ഒളിഞ്ഞും തെളിഞ്ഞും കൂറു തെളിയിച്ചു. ദൃശ്യമാധ്യമങ്ങളിലെ പ്രകടനങ്ങളായിരുന്നു രസകരം. ശ്രോതാക്കളെ രസിപ്പിക്കാൻ അവതാരകരിൽ ചിലർ മിമിക്രി കലാകാരന്മാരെയും വെല്ലുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. ഫലപ്രഖ്യാപനദിവസം അതിന്റെ കലാശക്കൊട്ടായിരുന്നു. കാർഷിക സർവകലാശാലാ വൈസ് ചാൻസലർ കൂടിയായിരുന്ന ബി. അശോകിന്റെ സസ്‌പെൻഷനിലേക്കു നയിച്ച സർക്കാർ വിമർശനങ്ങൾ ചിലതൊക്കെ പരിധിവിട്ടെന്നു കരുതുന്നവരേറെ.

ഏതായാലും ഫലപ്രഖ്യാപനത്തിന്‌ശേഷമാണ് അത് പുറത്തുവന്നത്. സർക്കാർ പദവിയിൽ ഇരിക്കുമ്പോൾ ചില നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും അശോക് നടത്തിയ വെളിപ്പെടുത്തലുകൾ പലതും സത്യമെങ്കിൽ അത് മറ്റാർക്കാണ് ഇത്രയും ആധികാരികമായി പറയാനാവുക? കിഫ്ബിയെക്കുറിച്ചുള്ള വിമർശനങ്ങളും അതുവഴി സമാഹരിച്ച പണം പോയ വഴികളും ഈ മുതിർന്ന ഐ.എ.എസുകാരൻ പറയുന്നത് നാം എങ്ങിനെ അവിശ്വസിക്കും? അതൊക്കെ സത്യമാണെങ്കിൽ അടുത്ത വരുന്ന സർക്കാരിന്റെ സ്ഥിതി എന്താവും?

പ്രതിഭയും ശേഷിയുമുള്ള സംസ്ഥാനമാണ് കേരളമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താൻ ശേഷിയുള്ളതാവും യു.ഡി.എഫ് സർക്കാർ എന്നാണ് അദ്ദേഹം പറഞ്ഞത്. അതേ, കേരളത്തിന് പ്രതിഭയ്ക്കും ശേഷിക്കും യാതൊരു കുറവുമില്ല. അത് ഉപയോഗപ്പെടുത്തുന്നതിലാണ് വീഴ്ചയുണ്ടാകുന്നത്. ധാരാളം യുവ ജനപ്രതിനിധികൾ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനിതാ പ്രാതിനിധ്യവും വർധിച്ചു. മന്ത്രിസ്ഥാനത്തും മറ്റേതെങ്കിലും പദവികളിലും ഇരുന്നു മാത്രം നടത്തേണ്ടതല്ല പൊതുപ്രവർത്തനം. അതു ജനങ്ങളുടെ ഇടയിൽ അവരോടൊപ്പം നിന്നു ചെയ്യേണ്ടതാണ്. ഫ്‌ളക്‌സും ബാനറുമില്ലാതെ സൈക്കിളിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ ചാണ്ടി ഉമ്മനെ റിക്കാർഡ് ഭൂരിപക്ഷത്തിൽ പുതുപ്പള്ളി ജയിപ്പിച്ചു.

അരലക്ഷവും അതിലേറെ ഭൂരിപക്ഷവും നേടി മുമ്പു ജയിച്ചവരെ ജനം മൂലയ്ക്കിരുത്തി.
അഞ്ചുവർഷം കഴിഞ്ഞു വീണ്ടും ജനത്തെ അഭിമുഖീകരിക്കേണ്ടതാണെന്ന ചിന്ത ഓരോ ജനപ്രതിനിധിയും മറക്കാതിരിക്കട്ടെ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതു യാഥാർത്ഥ്യമായാൽ ഒരു പക്ഷേ അതു മൂന്നു വർഷം കഴിഞ്ഞും ഉണ്ടാകാം. അതുകൊണ്ട് ഈ മാൻഡേറ്റിനെ ഫലപ്രദമായി വിനിയോഗിക്കാൻ ജയിച്ചവർക്കു കഴിയട്ടെ. ജനവിരുദ്ധത ഉണ്ടാകുമ്പോൾ തിരുത്താനും സ്വയം തിരുത്തപ്പെടാനുമുള്ള വിശാലമനസ്‌കത പരാജിതർക്കും ഉണ്ടാകട്ടെ. ജനാധിപത്യം തുടർപ്രക്രിയയാണ്. അത് കാലാകാലങ്ങളിൽ വിലയിരുത്തപ്പെടും.

സാധാരണഗതിയിൽ സർക്കാർ മാറിയാലും ഭരണയന്ത്രം തിരിക്കുന്ന ഉദ്യോഗസ്ഥരാവും കാര്യങ്ങൾ പലതും നിശ്ചയിക്കുക. ആ സാഹചര്യമൊക്കെ മാറിയിട്ടുണ്ട്. ശക്തരായ ഭരണാധികാരികളും അവരിൽ പിടിമുറുക്കുന്ന പാർട്ടിയുടെ ഭരണവുമൊക്കെ നാം കണ്ടിട്ടുണ്ട്. സി.പി.എം പോലുള്ള കേഡർ പാർട്ടികൾ അധികാരത്തിലെത്തുമ്പോൾ ഒരുപക്ഷേ മുഖ്യമന്ത്രിയേക്കാൾ കരുത്തരായ പാർട്ടി സെക്രട്ടറിമാർ ഉണ്ടാവാം. ആ രീതിയൊക്കെ മാറിപ്പോയി. കഴിഞ്ഞ ദശകങ്ങൾ അതു വ്യക്തമാക്കുന്നുണ്ട്.

ഇത്തവണ നിയമസഭയിൽ മികച്ച അംഗബലമാണ് കോൺഗ്രസിനുള്ളത്. യു.ഡി.എഫിന്റെ റിക്കാർഡ് വിജയം കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും തന്ത്രപരമായ ചില നിലപാടുകളുടെയും നീക്കുപോക്കുകളുടെയും കൂടി ഫലമാണ്. സി.പി. ജോണിനെപ്പോലെ കാലങ്ങളായി യു.ഡി.എഫിനൊപ്പം നിൽക്കുന്നവരെ മാത്രമല്ല, സമീപനാളുകളിൽ സി.പി.എം വിട്ടുവന്ന ജി. സുധാകരനെയും വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും പോലുള്ളവരെയും വിജയിപ്പിച്ചെടുക്കാൻ കോൺഗ്രസും സഖ്യകക്ഷികളും ഏറെ ആത്മാർത്ഥമായി പ്രവർത്തിച്ചു. പതിറ്റാണ്ടുകളായി ശത്രുപക്ഷത്തുനിന്നവരെപ്പോലും സാഹചര്യം മനസിലാക്കി പിന്തുണയ്ക്കാനും ജയിപ്പിച്ചെടുക്കാനും നടത്തിയ ശ്രമം രാഷ്ട്രീയ തന്ത്രജ്ഞത തന്നെ.

വിജയം എല്ലാവരെയും സന്തോഷിപ്പിക്കുമെങ്കിലും അമിത വിജയം ചിലരെ വിറളി പിടിപ്പിക്കും. സ്വയം മറന്ന് പലതും പറയും, പ്രവർത്തിക്കും. അത് അവർക്കുതന്നെ വിനയായി വരുകയും ചെയ്യും. പഴയതുപോലെ പറഞ്ഞതു പറഞ്ഞില്ലെന്നു പറയാനും തിരുത്തിപ്പറയാനും അത്ര എളുപ്പവുമല്ല. പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിക്കാൻ പുതുമാധ്യമങ്ങൾ ധാരാളം. കോൺഗ്രസിലും യു.ഡി.എഫിലും തർക്കങ്ങളും തീരുമാനമെടുക്കാനുള്ള കാലതാമസവും പുത്തരിയല്ലെങ്കിലും ചക്കളത്തിപ്പോരാട്ടങ്ങൾ പഴയതുപോലെ ജനം സഹിക്കില്ല. അണിയറക്കളികൾ പലതും ജനം പെട്ടെന്നു തിരിച്ചറിയും. വോട്ടു ചെയ്തതോടെ ജനത്തിന്റെ റോൾ കഴിഞ്ഞെന്നും ഇനിയുള്ള ഞങ്ങൾ കാര്യങ്ങൾ തീരുമാനിക്കുമെന്നുമുള്ള ചിന്ത നേതാക്കൾക്കുണ്ടായാൽ അതിനു ചുട്ട മറുപടി കാത്തിരിപ്പുണ്ടെന്നു മറക്കാതിരിക്കാം.

ഉദ്യോഗസ്ഥതലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എ. ജയതിലകിന് ജൂൺവരെ കാലാവധി ഉണ്ടെങ്കിലും പുതിയ മന്ത്രിസഭ വരുമ്പോൾ അദ്ദേഹത്തിനു മാറ്റമുണ്ടാകും. കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം രാജിവച്ചുകഴിഞ്ഞു. കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറികൂടിയായിരുന്നു ഡോ. എബ്രാഹാം. കിഫ്ബിയിലൂടെ സർക്കാരിൽ വലിയ സ്വാധീനം അദ്ദേഹം ചെലുത്തിയിരുന്നു.
മുതിർന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കും സ്ഥാനചലനം ഉണ്ടാവും. സർക്കാരിനെയും ഉദ്യോഗസ്ഥ തലപ്പത്തുള്ളവരെയും വിമർശിച്ചതിന് സസ്‌പെൻഷനിലായ പ്രശാന്തിനും ബി. അശോകിനും എവിടെയാണ് താവളം ഒരുക്കുക എന്നതും ശ്രദ്ധേയമാവും. പത്തുവർഷം മുമ്പ് എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ വിവിധ വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിൽ സ്വന്തം ആൾക്കാരെ താമസംവിനാ വിനിയോഗിച്ചിരുന്നു.

യു.ഡി.എഫ് ഉയർന്ന തലങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ ഇത്തരം കാര്യങ്ങളിൽ പലപ്പോഴും അമാന്തം കാണിക്കാറുണ്ട്. അതു പലരും മുതലെടുക്കുകയും ചെയ്യും. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം യു.ഡി.എഫിന്റെ കാലത്ത് പലപ്പോഴും സംഭവിക്കാറുണ്ട്. അധികാരം കൈയാളുന്നവരുടെ ഇംഗിതമനുസരിച്ചാണിത്. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനാണെന്നൊക്കെ പറയും. പക്ഷേ, അന്യായമായ പല പരിഗണകളും അർഹരല്ലാത്തവർക്കു ലഭിക്കുമ്പോൾ മാറി നിൽക്കുന്നവരും മാറ്റി നിർത്തപ്പെടുന്നവരും പിന്തള്ളപ്പെടും. ഗ്രൂപ്പു രാഷ്ട്രീയത്തിന്റെയും പ്രീണനത്തിന്റെയും പുതിയ പതിപ്പുകൾ ഇറക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതു കോൺഗ്രസിന്റെയും മുന്നണിയുടെയും നാടിന്റെയും നാശത്തിനേ ഉതകൂ.

ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന ഒട്ടേറെ പദ്ധതികളുടെ ഭാവിയും ജനം ഉറ്റുനോക്കുന്നു. സിൽവർ ലൈൻ പദ്ധതി മുതൽ കോട്ടയത്തെ ആകാശപ്പാതവരെ നുറു കണക്കിനു പദ്ധതികൾ. ശബരിമല സ്വർണക്കടത്തു കേസ്, സഹകരണ ബാങ്ക് തട്ടിപ്പ്, പി.എം. ശ്രീ കരാർ. ലൈഫ് മിഷൻ, തുടങ്ങി ഒട്ടേറെ വിവാദങ്ങളോടും പുതിയ സർക്കാർ സ്വീകരിക്കുന്ന നിലാപാടുകൾ പ്രധാനമാണ്. ശക്തമായ ഭരണനേതൃത്വം ഇതിനെല്ലാം ആവശ്യമാണ്. മുഖം നോക്കാതെയുള്ള ചില നടപടികളും തീരുമാനങ്ങളും വേണ്ടിവരും. അതു യു.ഡി.എഫിന്റെ രാഷ്ട്രീയ ശൈലിയിൽ എത്രമാത്രം സാധ്യമാകുമെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. നൽകിയ അവസരം ഫലപ്രദമായി വിനിയോഗിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam