തിരുവനന്തപുരം: കോവളത്തെ വിവിധ സ്പാകളിലും ഹോംസ്റ്റേകളിലും പതിനാറുകാരി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പും തുടര്‍നടപടികളും വിപുലീകരിക്കുന്നു. കേസില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്നാം പ്രതിയായ കുട്ടിയുടെ മാതൃസഹോദരിയെ അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ ഉള്‍പ്പെട്ട കോവളത്തെ ഡ്രീംസ്, ആയുര്‍കേരള സ്പാകളിലും ഡാലിയ ഹോംസ്റ്റേയിലുമെത്തിച്ച് പ്രതിയെ വിശദമായി തെളിവെടുക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
കേസിലെ രണ്ടാം പ്രതിയായ ജെല്ലാ ഗോപിയെ തമിഴ്‌നാട് വണ്ടല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചെന്നൈയിലെ ഗൂഡുവാഞ്ചേരിയിലുള്ള വീട്ടിലേക്കും അനുബന്ധ സ്പായിലേക്കും എത്തിച്ച് അന്വേഷണം നടത്തിവരികയാണ്. വരുംദിവസങ്ങളില്‍ ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ചന്ദ്രകുമാര്‍ വ്യക്തമാക്കി. നിലവില്‍ റിമാന്‍ഡിലുള്ള എട്ടുപേര്‍ക്ക് പുറമെ, സ്പാകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിന്ന് ലഭിച്ച നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് സൂചിപ്പിച്ചു.
അതിനിടെ, അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നല്‍കിയ വീട്ടുടമകളിലേക്കും അന്വേഷണം നീളുകയാണ്. കോവളത്ത് പ്രതിമാസം 90,000 രൂപ എന്ന ഭീമമായ തുകയ്ക്ക് ഇരുനില കെട്ടിടം വാടകയ്ക്ക് നല്‍കിയ ഉടമയില്‍ നിന്ന് അന്വേഷണ സംഘം കരാര്‍ രേഖകളും ചെക്കുകളും ശേഖരിച്ചു. സാധാരണ വാടകയേക്കാള്‍ നാലിരട്ടി തുക വാങ്ങി നല്‍കിയ കെട്ടിടങ്ങളില്‍ ആയുര്‍വേദ ചികിത്സയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവരം അറിഞ്ഞിട്ടും മൗനം പാലിച്ച ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
കേസിന്റെ അന്വേഷണം വയനാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ സജിത് കുമാര്‍ വൈത്തിരിയിലെ പ്രമുഖ ഹോട്ടലില്‍ അഞ്ചുലക്ഷം രൂപ അഡ്വാന്‍സും ഒന്നരലക്ഷം രൂപ മാസവാടകയും നല്‍കി നടത്തിയിരുന്ന സ്പായിലേക്ക് തിരുവനന്തപുരത്ത് നിന്ന് യുവതികളെ എത്തിച്ചതായി കണ്ടെത്തി. സ്പാ ജീവനക്കാരി കൃഷ്ണവേണി വഴി പതിനാറുകാരിയെ വൈത്തിരിയിലെത്തിച്ച് സജിത് കുമാര്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ തെളിവുശേഖരണത്തിനായി സജിത് കുമാറിനെയും കൊണ്ട് പൂവാര്‍, കോവളം, ചൊവ്വര എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ എസ്.ഐ.ടി തെളിവെടുപ്പ് പൂര്‍ത്തിയാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
