കരുണാകരൻ പുതിയ രാഷ്ടീയ പാർട്ടിയുമായി കൊമ്പുകോർക്കാൻ കച്ചമുറുക്കുന്നു

APRIL 24, 2025, 12:32 AM

കരുണാകരന്റെ പുതിയ പാർട്ടിയുടെ പേരിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)യുടെ പേരിനോട് സാദൃശ്യമുണ്ടായിരുന്നതിനാൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ തന്നെ സമീപിച്ചു. പുതിയ പേര് പറ്റില്ലെന്ന് കമ്മീഷൻ തീർപ്പു കല്പിച്ചു. അതോടെ ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (കരുണാകരൻ) എന്നാക്കി മാറ്റി.

ഒടുവിൽ അത് സംഭവിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം കേരളത്തിൽ വീണ്ടും പിളരുകയാണ്. 2005 മെയ് ഒന്നിന് തൃശൂരിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കരുണാകരൻ അദ്ദേഹത്തിന്റെ അനുയായികളുടെ വലിയൊരു യോഗം വിളിച്ചുകൂട്ടി. അവിടെവച്ച് പുതിയൊരു രാഷ്ട്രീയ പാർട്ടികൂടി കേരള മണ്ണിൽ രൂപം പ്രാപിച്ചു.

നാഷണൽ കോൺഗ്രസ് (ഇന്ദിര) അങ്ങനെയായിരുന്നു കരുണാകരന്റെ പുതിയ പാർട്ടിയുടെ പേര്. ഇന്ദിരാഗാന്ധിയുടെ ചിത്രത്തോടൊപ്പം ചർക്ക ആ ലേഖനം ചെയ്ത ത്രിവർണ പതാക. കെ. മുരളീധരനെ ആ യോഗത്തിൽ പുതിയ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പുതുതായി രൂപംകൊണ്ട പാർട്ടിയുടെ പേര് മൂന്നു പ്രാവശ്യം ഉറക്കെ പറഞ്ഞുകൊണ്ട് കരുണാകരൻ പാർട്ടി രൂപീകരണം പൂർത്തിയായതായി പ്രഖ്യാപിച്ചു. തുടർന്ന് ആകാശം പൊട്ടുമാറുച്ചത്തിൽ അനുയായികൾ അതേറ്റൂപറഞ്ഞു. തുടർന്ന് പുതിയ പതാക കെ. മുരളീധരന് കൈമാറി.
അണികൾ അത്യാവേശത്തിൽ കരുണാകരനും മരളീധരനും ജയ്‌വിളിച്ചുകൊണ്ടേയിരുന്നു. കരുണാകരന്റെ പുതിയ പാർട്ടിയുടെ  പേരിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)യുടെ പേരിനോട് സാദൃശ്യമുണ്ടായിരുന്നതിനാൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ തന്നെ സമീപിച്ചു. പുതിയ പേര് പറ്റില്ലെന്ന് കമ്മീഷൻ തീർപ്പു കല്പിച്ചു. അതോടെ ഡെമോക്രാറ്റിക് ഇന്ദിരാകോൺഗ്രസ് (കരുണാകരൻ) എന്നാക്കി മാറ്റി.

vachakam
vachakam
vachakam

ഇതിനോടകം കേരളാ കോൺഗ്രസ്സിലെ ടി.എം. ജേക്കബ്, ബാലകൃഷ്ണപിള്ള വിഭാഗങ്ങൾ യു.ഡി.എഫ്. വിട്ടിരുന്നു. ഇരുവർക്കും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാതിരുന്നതായിരുന്നു കാരണം. ടി.എം. ജേക്കബിനെ തന്ത്രപൂർവ്വം കരുണാകരൻ വശത്താക്കി. ജേക്കബിന്റെ കേരളാ കോൺഗ്രസിനെ കരുണാകരന്റെ ഡി.ഐ.സിയിൽപ്പിച്ചു. എന്നാൽ ആർ. ബാലകൃഷ്ണപിള്ളയെ കൂടെ കൂട്ടാൻ കരുണാകരൻ കൂട്ടാക്കിയില്ല. അതോടെ ബാലകൃഷ്ണപിള്ള വൈകാതെ തന്നെ യു.ഡി.എഫിൽ തിരികെയെത്തി.

2005 ജൂണിൽ നടന്ന കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും നവംബറിലെ തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിന് കനത്ത പരാജയം സംഭവിച്ചു. കരുണാകരൻ വിഭാഗം മാറിയതിന്റെ ക്ഷീണം കോൺഗ്രസിനുണ്ടെന്നു തെളിയിക്കാൻ കിട്ടിയ അവസരം കരുണാകരനും കൂട്ടരും പരമാവധി മുതലെടുത്തു.

സി.പി.ഐയുടെ പന്ന്യൻ രവീന്ദ്രനെതിരേ കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്ന വി.എസ്. ശിവകുമാർ മത്സരിച്ച തിരുവനന്തപുരത്ത് ഡി.ഐ.സി. പന്ന്യനുവേണ്ടി സജീവമായി പ്രവർത്തിച്ചു. ഈ പുതിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായി. കെ. കരു ണാകരൻ രാജ്യസഭാംഗത്വം രാജിവെച്ചു. പകരം എ.കെ. ആന്റണിയെ പാർട്ടി ആ പദവിയിലേക്ക് നിയോഗിച്ചു.

vachakam
vachakam
vachakam

കരുണാകരനും ഉമ്മൻചാണ്ടിയുമായുള്ള പോര് അതിരൂക്ഷമായി. ഇതിനിടെ 2005 ജൂലായ് 12, 18, 19 തീയതികളിൽ നടന്ന അവിശ്വാസപ്രമേയ ചർച്ചയായിരുന്നു അവസാനത്തെ അങ്കം. ചർച്ചയുടെ തത്സമയസംപ്രേക്ഷണം നടത്തുന്നുണ്ട്. നിയമസഭയിൽ നടക്കുന്നത് ജനങ്ങൾ അതേപടി കേട്ടു മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് ഉമ്മൻചാണ്ടി അങ്ങിനെ ചെയ്തത്. ഏതാണ്ട് 25 മണിക്കൂലേറെ നീണ്ടു ചർച്ച. 

എന്തായാലും ഉമ്മൻചാണ്ടി പലരാഷ്ടീയ നീക്കൾക്കിടയിലും ഭരണകാര്യങ്ങളിൽ അതീവ ശ്രദ്ധ കൊടുക്കാൻ മറന്നില്ല. എന്നിട്ടും പതിനൊന്നു മാസംകൊണ്ട് ഭരണത്തിലിരിക്കുന്നവർ 2415 കോടി രൂപയുടെ അഴിമതി നടത്തി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. അതായത്, പ്രതിമാസം ശരാശരി 219.63 കോടി രൂപയുടെ അഴിമതി. പ്രതിപക്ഷ നേതാവ് ഒരുകഷ്ണം കടലാസിൽ ഉമ്മൻചാണ്ടിക്കും കൂട്ടർക്കും എഴുതിക്കൊടുത്തത് അഴിമതിക്കണക്കാണ്. 'ചായക്കടയിലെ പറ്റ് എഴുതുന്നതുപോലെയാണിത്' എന്ന് കെ.എം. മാണി അതിനെ ഏറെ പരിഹസിച്ചു. ഏതാണ്ട് എല്ലാ മന്ത്രിമാർക്കെതിരേയും ആരോപണം വന്നു. ഡി.ഐ.സിയിൽ എത്തിയ ടി.എം. ജേക്കബായിരുന്നു പ്രതിപക്ഷത്തെ ഒരു മുഖ്യതാരം. ജേക്കബ് ഈവക കാര്യങ്ങളിൽ എപ്പോഴും അങ്ങനെയാണ്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും എല്ലാവരുടെയും മുമ്പനായിരിക്കും. 


vachakam
vachakam
vachakam

സുനാമി ഫണ്ടിന്റെ വകമാറ്റി ചെലവഴിക്കൽ, കൊടിയ അഴിമതി, ക്രമസമാധാനത്തകർച്ച, മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ, ഉപതിരഞ്ഞെടുപ്പ് തോൽവികൾ എന്നിവയാണ് പ്രതിപക്ഷം ആയുധമാക്കിയതെങ്കിലും ചർച്ച കറങ്ങിത്തിരിഞ്ഞ് ലാവ്‌ലിൻ കേസിൽ എത്തിനിന്നു. എതിരാളികളെ കുടുക്കാൻ വിരിച്ച അവിശ്വാസക്കെണിയിൽ പ്രതിപക്ഷംതന്നെ ആടിവീണു എന്നുപറയുന്നതായിരിക്കും ഉചിതം..!

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ നവീകരണം സംബന്ധിച്ച് കൺസൾട്ടൻസിക്ക് കാനഡയിലെ എസ്.എൻ.സി. ലാവ്‌ലിനുമായി വൈദ്യുതിബോർഡ് ധാരണയുണ്ടാക്കിയതോടെയാണ് ആ ഇടപാടിന്റെ തുടക്കം. പിണറായി വിജയൻ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത്.

കൺസൾട്ടൻസി കരാറിനെ ഉപകരണങ്ങൾ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 20.31 കോടി രൂപയുടെ കൺസൾട്ടൻസി ഫീസിനു പുറമേ 149.15 കോടി രൂപയു ടെ ഉപകരണം വാങ്ങാനായിരുന്നു കരാർ. മലബാർ കാൻസർ സെന്ററിന് 98.3 കോടി രൂപയുടെ സഹായവും ലാവ്‌ലിൻ വാഗ്ദാനം ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള കരാറാണ്. അത് നടപ്പാക്കിയതിലെ അനാവശ്യതിടുക്കവവും ഒത്തുകളിയും കൊണ്ട് 374.5 കോടി രൂപ ചിലവഴിച്ചുള്ള പദ്ധതി നവീകരണത്തിൽ സർക്കാരിന് വൻ നഷ്ടമുണ്ടായതായി 2005 ജൂലൈയിൽ പുറത്തുവന്ന റിപ്പോർട്ടിൽ സിഐജി കുറ്റപ്പെടുത്തിയിരുന്നു. അതുപോലെ കാൻസർ സെന്ററിന് വാഗ്ദാനം ചെയ്ത പണം കിട്ടിയതുമില്ല. 

വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ലാവിലിൻ ക്രമക്കേടുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ വിറപ്പിച്ചു. ലാവലിൻ കരാർ ജി കാർത്തികേയന്റെ കാലത്താണ് എന്ന് പ്രതിപക്ഷം വാദിച്ചപ്പോൾ കാർത്തികേയൻ ഉണ്ടാക്കിയത് കൺസൾട്ടൻസി സർവീസിനുള്ള കരാർ മാത്രമായിരുന്നു എന്നും സപ്ലൈ കരാർ പിണറായി വിജയന്റെ കാലത്താണെന്നും ക്രമക്കേട് സംഭവിച്ചത് അതിന്റെ നടത്തിപ്പിലാണെന്നും രേഖയുടെ പിൻബലത്തോടെ സമർപ്പിച്ചുകൊണ്ട്  ആര്യാടൻ കയ്യടി വാങ്ങിക്കൂട്ടി.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam