തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലാകെ കുഴപ്പങ്ങളാണെന്ന് വരുത്തി തീർക്കാൻ സ്വകാര്യ ആശുപത്രികളിലെ ചില വിദേശ മൂലധന ശക്തികൾ ശ്രമിക്കുന്നതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ.
ചില മാധ്യമങ്ങളെ അവർ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും, ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 100 കിടക്കകളും ഫോം മെത്തകളും കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മികച്ച ചികിത്സയും മരുന്നും മാത്രമല്ല, കിടത്തി ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവകാശമാണ്. സർക്കാർ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സ്പോൺസർഷിപ്പിലൂടെയും സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകളുടെ വിനിയോഗത്തിലൂടെയും ആരംഭിച്ച തുടക്കം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ആ ഉത്തരവാദിത്തം ഏറ്റെടുത്ത് നൂറു കിടക്കകളും മെത്തകളും സംഭാവന ചെയ്ത എ.കെ.സി.ഡിഎയുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
കരമന ജോണ്‍ ഇനോക്ക് കോളജ് ഓഫ് ഫാര്‍മസിയില്‍ നടന്ന ചടങ്ങിൽ കട്ടിലുകളും മെത്തയും നൽകുന്നതിന്റെ സമ്മതപത്രം എ.കെ.സി.ഡി.എ ഭാരവാഹികൾ മന്ത്രിക്ക് കൈമാറി. എ.കെ.സി.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. ജയനാരായണന്‍ തമ്പി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് ഡോ. സുജിത്ത് കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ ആര്.സി. ബീന, എ.കെ.സി.ഡി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്റണി തര്യന്, ജോയിന്റ് സെക്രട്ടറി എൽ.ആർ. ജയരാജ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പി. മാധവന്‍കുട്ടി, സെക്രട്ടറി എന്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
