തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു. രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
സ്വകാര്യ ആശുപത്രിമേഖലയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും ചികിത്സയുടെ ഗുണനിലവാരം, സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള ശുപാർശകൾ കമ്മിറ്റി സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്, മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനകളുടെ നിരക്ക്, മുറിവാടക, വിവിധ ചികിത്സാ പ്രൊസീജറുകൾക്കും ഇടപെടലുകൾക്കുമുള്ള നിരക്ക് എന്നിവ വിശദമായി പരിശോധിച്ചാകും നിയമനിർമാണത്തിനുള്ള നിർദേശങ്ങൾ തയ്യാറാക്കുക. സ്വകാര്യ ആശുപത്രികൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് നിർണായക സാന്നിദ്ധ്യമാണെങ്കിലും ചില ആശുപത്രികൾ പാവപ്പെട്ടവരെ അമിതമായി ചൂഷണം ചെയ്യുന്നതായി മന്ത്രി കെ.മുരളീധരൻ പറഞ്ഞു. താങ്ങാനാകാത്ത സ്വകാര്യ ആശുപത്രികളിലെ ബില്ലുമായി നിരവധി പേരാണ് സഹായം തേടി എത്തുന്നത്. ആരോഗ്യരംഗത്തെ ഈ അമിത കച്ചവട താത്പര്യം അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗികൾക്ക് ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രതീക്ഷിക്കാവുന്ന ചെലവ് വ്യക്തമാക്കുക, ബില്ലിൽ ഓരോ ഇനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക, മരുന്നുകളുടെ വിലയിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഉറപ്പാക്കേണ്ടതുണ്ട്.
സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് നൽകുന്ന മരുന്നുകൾ എം.ആർ.പിയെക്കാൾ (MRP) കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം. ആശുപത്രികൾ മരുന്നുകൾ വാങ്ങുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന വിലയും സംബന്ധിച്ച സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനവും പരിശോധിക്കും.
ലബോറട്ടറി പരിശോധനകൾ, സി.ടി, എം.ആർ.ഐ സ്കാനിംഗ്, മറ്റ് ഡയഗ്നോസ്റ്റിക് സേവനങ്ങൾ, മുറിവാടക, പ്രൊസീജർ നിരക്കുകളിലെ നിയന്ത്രണവും പരിശോധിക്കും. സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സാദ്ധ്യതകളും സമിതി വിലയിരുത്തും. സ്വകാര്യ ആശുപത്രികളുടെ ആരോഗ്യ മേഖലയിലെ സംഭാവന സർക്കാർ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ ചികിത്സ സാധാരണക്കാർക്ക് താങ്ങാനാകാത്ത തരത്തിൽ ചെലവേറിയതാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനച്ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചുകൊണ്ട്, രോഗികളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിലുള്ള പ്രായോഗിക നിയന്ത്രണ സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
