വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റായി ജോളി തടത്തിലിനെ തിരഞ്ഞെടുത്തു

AUGUST 24, 2026, 10:26 AM

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ പ്രസിഡന്റായി, നിലവിലെ യൂറോപ്യൻ റീജിയൻ ചെയർമാനും മുതിർന്ന നേതാവുമായ ജോളി തടത്തിൽ (ജർമനി) ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഡാളസിലെ വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ഗ്ലോബൽ കോൺഫറൻസിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. ലോക മലയാളികളെ ഒരുമിപ്പിക്കുന്നതിനായി 1995 ജൂലൈ 3ന് ന്യൂജേഴ്‌സിയിൽ രൂപം കൊണ്ട വേൾഡ് മലയാളി കൗൺസിൽ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിലുള്ള ഈ സ്ഥാനലബ്ധി ഏറെ സന്തോഷകരവും തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതുമാണെന്ന് ജോളി തടത്തിൽ പറഞ്ഞു.

കൗൺസിലിന്റെ യൂറോപ്പ് റീജിയൻ പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിൽ തിളക്കമാർന്ന സേവനം കാഴ്ചവച്ച അദ്ദേഹം 2002ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എ. ബേബി, പി.ജെ. ജോസഫ്, എം.എം. ഹസൻ, ജി.ജി. തോംസൺ ഐ.എ.എസ്. തുടങ്ങിയ രാഷ്ട്രീയ വ്യക്തിത്വങ്ങളും കലാ-സാംസ്‌കാരിക-സാഹിത്യ പ്രതിഭകളും ഉൾപ്പെടെ ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ ഗ്ലോബൽ കോൺഫറൻസിന് നേതൃത്വം നൽകി. 2006ൽ എറണാകുളം ടൗൺ ഹാളിൽ 25 ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും മറ്റും നൽകിയ സമ്മേളനത്തിന്റെ ജനറൽ കൺവീനറായിരുന്നു ജോളി തടത്തിൽ.

യൂറോപ്പ് റീജിയന്റെ പ്രസിഡന്റായിരിക്കെ കൊച്ചി ഗോകുലം പാർക്കിൽ, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കോൺഫറൻസിൽ നിർദ്ധനർക്കുള്ള 5 വീടുകളുടെ താക്കോൽ നൽകി. കൗൺസിലിന്റെ ഭവനപദ്ധതി ഉൾപ്പെടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുന്നതിൽ റീജിയൺ ഗ്ലോബൽ തലങ്ങളിൽ ജോളി തടത്തിൽ സജീവമാണ്. നോർക്ക രൂപീകരിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ജോളി തടത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

1991ൽ ജർമനിയിലെത്തിയ ജോളി തടത്തിൽ മൂവാറ്റുപുഴ തോട്ടക്കര സ്വദേശിയാണ്. എം.എസ്.സി. കരസ്ഥമാക്കിയ ശേഷം ഫെഡറൽ ബാങ്കിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം ജർമനിയിലേക്ക് കുടിയേറിയത്. അവിടെ നിന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ ബിരുദം സമ്പാദിച്ചു. ഹോം കെയർ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജോളി തടത്തിൽ 10 ഓൾഡ് ഏജ് ഹോമുകളുടെ സാരഥ്യം വഹിക്കുന്നു. ഈസ്റ്റ് വെസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ നാട്ടിൽ നിന്നുള്ള ഈസ്റ്റേൺ, വിശ്വാസ്, മലബാർ ചോയ്‌സ്, ഡബിൾ ഹോഴ്‌സ്, സാറാസ് തുടങ്ങിയ കമ്പനികളുടെ കറി പൗഡറുകളുടെയും മറ്റും യൂറോപ്പിലെ അംഗീകൃത വിതരണ ഏജൻസിയും ജോളി തടത്തിലിനുണ്ട്.

നഴ്‌സ് ഡയറക്ടറായ മേഴ്‌സി തടത്തിലാണ് ജോളിയുടെ ഭാര്യ. നിക്കോൾ, നെൽസൺ, നാൻസി എന്നിവർ മക്കൾ. ഇതിൽ നിക്കോൾ 'അങ്ങനെയൊരവധിക്കാലത്ത്' എന്ന ചലച്ചിത്രത്തിൽ നെടുമുടി വേണുവിന്റെ മകളായി ശ്രദ്ധേയമായ വേഷം ചെയ്തു. നാൻസി 'കടൽ കടന്ന മാത്തുക്കുട്ടി' എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി തിളങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam