അസിം മുനീറിന് ഇത് നാണക്കേടിന്റെ പ്രതിഫലമോ? 

MAY 20, 2025, 6:29 PM

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാക് മണ്ണില്‍ കനത്ത നാശം വിതച്ചിട്ടും സൈനിക മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍. സായുധ സേനയിലെ കരിയറില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡ് നേടിയതിന് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം നല്‍കുന്ന ബഹുമതിയാണ് ഫീല്‍ഡ് മാര്‍ഷല്‍. ഇതാണ് അസിം മുനീറിന് ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അപ്രതീക്ഷിതവും വിചിത്രവുമായ ഒരു തീരുമാനത്തിലാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മന്ത്രിസഭ, സൈനിക മേധാവിയായ അസിം മുനീറിന് സ്ഥാനക്കയറ്റം നല്‍കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തോടെ ആരംഭിച്ച ഇന്ത്യയ്ക്കെതിരായ നിരവധി സൈനിക നടപടികള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ജനറല്‍ അസിം മുനീറിന്റെ പ്രകോപനപരവും വിദ്വേഷം അടങ്ങിയതുമായ വര്‍ഗീയ പ്രസംഗമാണ് മതപരമായ പ്രകോപനപരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് കാരണമായതെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇസ്ലാമിനോടുള്ള കൂറ് അംഗീകരിക്കാത്തതിനാണ് ഇന്ത്യയില്‍ 26 സാധാരണക്കാരെ, അതും ബൈസരന്‍ താഴ്വരയിലെ കാഴ്ച്ചകള്‍ കാണാനെത്തിയ വിനോദസഞ്ചാരികളെ, ഭീകരര്‍ വെടിവച്ച് കൊന്നതെന്നാണ് കരുതപ്പെടുന്നത്.

പാകിസ്ഥാന്റെ ചരിത്രത്തില്‍ ഈ അഭിമാനകരമായ സൈനിക പദവി നേടുന്ന രണ്ടാമത്തെ വ്യക്തി മാത്രമാണ് ജനറല്‍ അസിം മുനീര്‍. 2022 നവംബറില്‍ പാകിസ്ഥാന്‍ ആര്‍മിയുടെ തലവനായി ജനറല്‍ മുനീര്‍ നിയമിതനായതിനുശേഷം അദ്ദേഹത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനമാണ് പുതിയ നീക്കം അടയാളപ്പെടുത്തുന്നത്.

ഈ സ്ഥാനക്കയറ്റം അസിം മുനീറിന്റെ അധികാരത്തോടുള്ള ആദരവ് മാത്രമല്ല, സൈനിക ശ്രേണിയുടെ ഉന്നതങ്ങളില്‍ തന്ത്രപരമായി അദ്ദേഹത്തിന് സ്ഥാനം നല്‍കുന്നത് കൂടിയാണ്. മാത്രമല്ല പാകിസ്ഥാന്റെ പരമോന്നത സൈനിക ബഹുമതിയുമായി ബന്ധപ്പെട്ട പഞ്ചനക്ഷത്ര ചിഹ്നം ഇനി മുതല്‍ അസിം മുനീറും അഭിമാനത്തോടെ വഹിക്കും, അതും ഇന്ത്യയില്‍ നിന്ന് അത്രയധികം തിരിച്ചടികള്‍ നേരിട്ടിട്ടും.

1947ല്‍ പാകിസ്ഥാന്‍ രൂപീകൃതമായതിനുശേഷം, രാജ്യം ഒരിക്കല്‍ മാത്രമേ ഫീല്‍ഡ് മാര്‍ഷല്‍ എന്ന പഞ്ചനക്ഷത്ര പദവി നല്‍കിയിട്ടുള്ളൂ. 1965-ല്‍ പാകിസ്ഥാന്റെ ഏകാധിപതിയായിരുന്നതിനാല്‍ സ്വയം ഫീല്‍ഡ് മാര്‍ഷല്‍ ആയി മാറിയ ജനറല്‍ അയൂബ് ഖാന്‍ മാത്രമാണ് ഈ പദവി നേരത്തെ വഹിച്ചിട്ടുള്ള വ്യക്തി. അതിലാണ് രണ്ടാമനായി അസിം മുനീറിന്റെ പേര് കൂടി എത്തുന്നത്.

ഫീല്‍ഡ് മാര്‍ഷലിന്റെ ഏറ്റവും ഉയര്‍ന്ന റാങ്ക് ഒരു ആചാരപരമായ റാങ്ക് മാത്രമാണ്, അല്ലാതെ പ്രത്യേക പദവിയല്ല. അതിനാല്‍ തന്നെ സ്ഥാനക്കയറ്റത്തിന് ശേഷവും അസിം മുനീര്‍ കരസേനാ മേധാവിയായി തന്നെ തുടരും. എങ്കിലും ഇതുമായി ബന്ധപ്പെട്ട വേറെ ചില നിര്‍ണായക ചോദ്യങ്ങളും ഉയരുന്നുണ്ട്. ഈ തിടുക്കപ്പെട്ടുള്ള സ്ഥാനക്കയറ്റം അസിം മുനീറിന് വിരമിക്കല്‍ പ്രായം ഇല്ലെന്ന് അര്‍ത്ഥമാക്കുന്ന ഒന്നാണോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

നേരത്തെ മൂന്ന് വര്‍ഷം മുന്‍പ് സൈനിക മേധാവിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ കൃത്യം ഒരു വര്‍ഷത്തിനുശേഷം, പാര്‍ലമെന്ററി നിയമ ഭേദഗതിയിലൂടെ അസിം മുനീറിന്റെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. പാകിസ്ഥാനില്‍ സാധാരണ സൈനിക മേധാവിയുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നു.

നേരത്തെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ പാകിസ്ഥാന്‍ നിരവധി വീഡിയോകളും അവകാശവാദങ്ങളും മുന്നില്‍കാട്ടി വ്യാജ പ്രചാരണത്തിന്റെ കെട്ടഴിച്ചുവിട്ടിരുന്നു. ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടം ഉണ്ടായെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ഇവയെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പക്ഷേ ഈ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അസിം മുനീറിന് പുതിയ പദവി ലഭിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam