ലോകം വീണ്ടുമൊരു ആണവ മത്സരത്തിലേക്കോ മൂര്‍ച്ചകൂട്ടി ഇന്ത്യയും ചൈനയും 

JUNE 9, 2026, 5:21 AM

ആഗോളതലത്തില്‍ ആണവായുധ കിടമത്സരം പുതിയൊരു തലത്തിലേക്ക് കടക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിരക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആണവായുധങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായാണ് 'സിപ്രി ഇയര്‍ബുക്ക് 2026' വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണം 180 ല്‍ നിന്ന് 190 ആയി ഉയര്‍ന്നു. പശ്ചിമേഷ്യയിലും ഏഷ്യയിലാകെയും വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും ചൈന, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായുള്ള തന്ത്രപരമായ മത്സരവുമാണ് പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

ശീതയുദ്ധ കാലത്തിന് ശേഷം ആഗോളതലത്തില്‍ ആണവായുധങ്ങളുടെ എണ്ണം കുറയുന്ന പ്രതിഭാസത്തിന് ഇപ്പോള്‍ വലിയ രീതിയില്‍ മങ്ങലേറ്റിരിക്കുകയാണ്. ലോകത്ത് നിലവില്‍ ആണവായുധങ്ങളുള്ള അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍, ഉത്തരകൊറിയ, ഇസ്രായേല്‍ എന്നീ ഒന്‍പത് രാജ്യങ്ങളും തങ്ങളുടെ ആയുധങ്ങള്‍ നവീകരിക്കുന്നതിലേക്ക് തിരിഞ്ഞതോടെ ലോകത്ത് വീണ്ടുമൊരു ആണവ മത്സരം ആരംഭിച്ചതായി സിപ്രി ഡയറക്ടര്‍ കരിം ഹഗാഗ് മുന്നറിയിപ്പ് നല്‍കുന്നു.

2026 ജനുവരിയിലെ കണക്കനുസരിച്ച് ലോകത്താകെ 12,187 ആണവായുധങ്ങളുണ്ട്. ഇതില്‍ 9,745 എണ്ണം ഏത് സമയത്തും ഉപയോഗിക്കാവുന്ന രീതിയില്‍ സൈനിക സംഭരണശാലകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം 4,012 ആണവായുധങ്ങള്‍ മിസൈലുകളിലും വിമാനങ്ങളിലും ഇതിനകം ഘടിപ്പിച്ചു കഴിഞ്ഞു. ഇതില്‍ തന്നെ 2,100 നും 2,200 നും ഇടയില്‍ ആണവായുധങ്ങള്‍ അതിവേഗ ആക്രമണത്തിന് സജ്ജമായി ഉയര്‍ന്ന നിരീക്ഷണത്തിലാണ്.

ഇന്ത്യയുടെ ആണവ ആധുനിക വല്‍ക്കരണ പദ്ധതികള്‍ ഇപ്പോള്‍ പ്രധാനമായും ചൈനയെ പ്രതിരോധിക്കുന്നതിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ബെയ്ജിങ്ങിന്റെ വര്‍ദ്ധിച്ച് വരുന്ന സൈനിക ശേഷിയും അതിവേഗം വളരുന്ന ആണവ ശേഖരവുമാണ് ഇതിന് കാരണം. നിലവില്‍ ഒന്‍പത് ആണവ രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ ആയുധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ചൈനയാണ്. ചൈനയുടെ കൈവശം ഇപ്പോള്‍ 620 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ തങ്ങളുടെ 'ന്യൂക്ലിയര്‍ ട്രയാഡ്' അഥവാ കര, വ്യോമ, കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ആണവാക്രമണ ശേഷി ശക്തമാക്കുന്നത്.

ഇന്ത്യ ഇപ്പോഴും ആദ്യം ആക്രമിക്കില്ല എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ അതിശക്തമായി തിരിച്ചുപിടിക്കാന്‍ ശേഷിയുള്ള സെക്കന്‍ഡ് സറ്റ്രൈക്ക് ഉറപ്പാക്കാനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.

ഇന്ത്യന്‍ പ്രതിരോധ രംഗത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടം എംആര്‍ഐവി സാങ്കേതിക വിദ്യയുടെ വികസനമാണ്. ഒരു മിസൈലില്‍ തന്നെ ഒന്നിലധികം ആണവായുധങ്ങള്‍ ഘടിപ്പിച്ച്, അവയെ വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേസമയം തൊടുത്തുവിടാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ശത്രുവിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഇതോടൊപ്പം തന്നെ കാനിസ്റ്ററുകളില്‍ സൂക്ഷിക്കാവുന്ന മിസൈലുകളും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. പ്രിഥ്വി-2, അഗ്‌നി-1, മീഡിയം റേഞ്ച് മിസൈലുകളായ അഗ്‌നി-2, അഗ്‌നി-3, ദീര്‍ഘദൂര മിസൈലുകളായ അഗ്‌നി-4, അഗ്‌നി-5 എന്നിവയാണ് ഇന്ത്യയുടെ കരുത്ത്. ഇതില്‍ പുതിയ 'അഗ്‌നി-പി' മിസൈല്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ആക്രമണത്തിന് സഹായിക്കുന്നതാണ്.

ആണവ ആക്രമണം ഉണ്ടായാല്‍ ഏറ്റവും സുരക്ഷിതമായി തിരിച്ചടിക്കാന്‍ സാധിക്കുന്നത് കടലിനടിയിലുള്ള അന്തര്‍വാഹിനികള്‍ക്കാണ്. ഇന്ത്യയുടെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്മറൈനായ ഐഎന്‍എസ് അരിഹന്ത് ആണ് ഈ സുരക്ഷ ഉറപ്പാക്കുന്നത്. സമാധാനകാലത്ത് പോലും ഇത്തരം അന്തര്‍വാഹിനികളില്‍ ഇന്ത്യ ആണവായുധങ്ങള്‍ സജ്ജമാക്കി നിര്‍ത്താറുണ്ടെന്ന് സിപ്രി നിരീക്ഷിക്കുന്നു. കെ-15, കെ-4 തുടങ്ങിയ സബ്മറൈന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകള്‍ കടലില്‍ നിന്നുള്ള ഇന്ത്യയുടെ ആക്രമണ ശേഷി ഇരട്ടിയാക്കുന്നു.

ചൈനയെ ലക്ഷ്യമിടുമ്പോഴും പാകിസ്ഥാന്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആസൂത്രണങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പാകിസ്ഥാന്റെ കൈവശം നിലവില്‍ 170 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ കരസേനാ മേധാവിത്വത്തെ പ്രതിരോധിക്കാന്‍ ചെറിയ തരം തന്ത്രപരമായ ആണവായുധങ്ങളിലാണ് പാകിസ്ഥാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2025 മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ചുരുങ്ങിയ ദിവസത്തെ സായുധ സംഘര്‍ഷത്തെക്കുറിച്ചും സിപ്രി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പാകിസ്ഥാന്റെ ആണവ നിലയങ്ങളെന്ന് സംശയിക്കുന്ന ചില കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നുവെങ്കിലും, ഇരു രാജ്യങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതെ നിയന്ത്രിക്കാന്‍ ശ്രദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ആണവ നിയന്ത്രണ കരാറുകള്‍ പരാജയപ്പെടുന്നതും സുതാര്യത കുറയുന്നതും വരും വര്‍ഷങ്ങളില്‍ വലിയൊരു ആയുധ മത്സരത്തിന് വഴിതുറക്കുമെന്ന ആശങ്കയോടെയാണ് സിപ്രി റിപ്പോര്‍ട്ട് അവസാനിക്കുന്നത്. എന്നാല്‍ മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ ഇനിയും പ്രതിരോധ രംഗത്ത് കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തുമെന്നുറപ്പാണ്.

English Summary

According to the latest SIPRI Yearbook, India has increased its nuclear stockpile from 180 to 190 weapons as part of its ongoing strategic modernization to counter growing regional security threats and intense competition from China and Pakistan. While maintaining its "No First Use" policy, India is strengthening its nuclear triad and "Second Strike" capabilities through advanced technologies like MIRV (Multiple Independently Targetable Re-entry Vehicles) on its Agni-series missiles and secure submarine-launched ballistic missiles via INS Arihant. This build-up comes amid a broader, worrying global trend where the post-Cold War decline in atomic weapons has stalled, with China rapidly expanding its arsenal to 620 warheads and Pakistan holding around 170, heightening the risk of a new international arms race.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam