ന്യൂഡല്‍ഹി: ലഡാക്കില്‍ ഗതാഗത നിയന്ത്രണത്തെച്ചൊല്ലി സുരക്ഷാ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ജെന്‍ സി പരാമര്‍ശം നടത്തുകയും ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഇരുപത്തഞ്ചുകാരി ഒടുവില്‍ പരസ്യമായി മാപ്പുപറഞ്ഞു. മണിക്കൂറുകളോളം വഴിയരികില്‍ കാത്തിരിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ നിരാശയും ദേഷ്യവും കൊണ്ടാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്ന് യുവതി വ്യക്തമാക്കി.
തനിക്ക് സൈന്യത്തെയോ സുരക്ഷാ സേനയെയോ അപമാനിക്കാനോ ഈ സംഭവത്തിലൂടെ പ്രശസ്തയാകാനോ യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്നും ഇന്ത്യന്‍ സൈന്യത്തെ താന്‍ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് ലഡാക്കിലെ ദ്രാസ് മേഖലയിലുള്ള മിനിമര്‍ഗ് ചെക്ക് പോസ്റ്റിന് സമീപം സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലഡാക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയും സംഘവും റോഡിലെ ഈ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല.
ഏകദേശം നാലു മണിക്കൂറിലധികം റോഡില്‍ കാത്തുകിടന്ന ശേഷവും വഴി തുറന്നു നല്‍കാതിരുന്നതാണ് യുവതിയെ ചൊടിപ്പിച്ചത്. സാദാരണക്കാരായ യാത്രക്കാരെ തടഞ്ഞിട്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ മാത്രം കടത്തിവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തര്‍ക്കം. ആളുകള്‍ ചുറ്റും കൂടി പ്രോത്സാഹിപ്പിച്ചപ്പോഴാണ് മന്ത്രിമാര്‍ക്ക് മാത്രം എങ്ങനെ പോകാന്‍ സാധിക്കുന്നു, ഞങ്ങള്‍ ജെന്‍ സി ആണ്, ഇത് സഹിക്കില്ല എന്ന് താന്‍ അറിയാതെ പറഞ്ഞുപോയതെന്ന് യുവതി വിശദീകരിച്ചു. കാര്യം ഇത്രത്തോളം വഷളാകുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ യുവതി ഇന്ത്യന്‍ സൈന്യത്തോടും, രാജ്യത്തെ ജനങ്ങളോടും, ജമ്മു കശ്മീര്‍-ലഡാക്ക് പൊലീസിനോടും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയോടും ഖേദം പ്രകടിപ്പിച്ച് മാപ്പു ചോദിക്കുന്നതായി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
