ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിറിയയുടെ പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആ പശ്ചിമേഷ്യന്‍ പര്യടനം നടത്തിയിരുന്നു. ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു യാത്ര. സൗദി അറേബ്യയും യുഎഇയും ഖത്തറുമെല്ലാം സന്ദര്‍ശിച്ച അദ്ദേഹം സിറിയയിലെ പുതിയ സര്‍ക്കാരിന് സഹായം അഭ്യര്‍ഥിച്ചു. എല്ലാ സഹായവും വാഗ്ദാനം ചെയ്ത സൗദിയും ഖത്തറും സിറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കാമെന്നേറ്റു.
13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം സിറിയയെ പൂര്‍ണമായി തകര്‍ത്തിരുന്നു. അടിസ്ഥാന സകൗര്യ വികസനമായിരുന്നു യുദ്ധാനന്തര സിറിയക്ക് ആദ്യം വേണ്ടത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറായി ഖത്തര്‍ രംഗത്ത് വന്നു. റോഡും മറ്റ് സൗകര്യങ്ങള്‍ ഒരുക്കാനും നടപടിയായി. ലോകബാങ്കിനുള്ള കടം തീര്‍ക്കാന്‍ സൗദി തയ്യാറായി. സിറിയക്ക് ഇനിയും മുന്നോട്ട് കുതിക്കാന്‍ ഉപരോധം നീക്കണമെന്നും പുതിയ ഭരണകൂടം ആവശ്യപ്പെട്ടു.
അമേരിക്കയും യൂറോപ്പുമാണ് സിറിയക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ അന്നത്തെ പ്രസിഡന്റ് ബശാറുല്‍ അസദ് ആയുധം ഉപയോഗിച്ച് നേരിട്ട സാഹചര്യത്തിലായിരുന്നു ഉപരോധം. സിറിയയുടെ ഫണ്ട് മരവിപ്പിക്കല്‍, ആയുധ ഇടപാട് തടയല്‍, വിദേശ സഹായം നിര്‍ത്തിവയ്ക്കല്‍ തുടങ്ങി വിവിധ തലങ്ങള്‍ സ്പര്‍ശിക്കുന്നതായിരുന്നു ഉപരോധം. വിമതര്‍ ഭരണം പിടിക്കുകയും ബശാറുല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തതോടെയാണ് അഹമ്മദ് അല്‍ ഷര്‍ആ പുതിയ പ്രസിഡന്റായത്.
നേരത്തെ അല്‍ഖ്വദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ തലയ്ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നു. അല്‍ഖ്വദ ബന്ധം വിട്ട് സ്വന്തമായി സായുധ ഗ്രൂപ്പും ഇദ്ദേഹം രൂപീകരിച്ചിരുന്നു. മാത്രമല്ല അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തി കഴിഞ്ഞാഴ്ച പ്രസിഡന്റ് ട്രംപിന് കൈകൊടുക്കുന്ന ഫോട്ടോ ലോക മാധ്യമങ്ങളില്‍ പ്രധാന ഇടം പിടിച്ചു. സിറിയക്ക് പുരോഗതി കൈവരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്യുന്നത് എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ ഉപരോധം നീക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു. ബിന്‍ സല്‍മാനെ പുകഴ്ത്തിയാണ് ട്രംപ് സിറിയക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചത്. പിന്നീട് ട്രംപും ബിന്‍ സല്‍മാനും അഹമ്മദ് അല്‍ ഷര്‍ആയും ചര്‍ച്ച നടത്തുകയും ചെയ്തു. ഉര്‍ദുഗാന്‍ വീഡിയോ വഴി ചര്‍ച്ചയില്‍ സംബന്ധിച്ചു.
അയഞ്ഞ് യൂറോപ്യന്‍ യൂണിയന്‍
അമേരിക്ക ഉപരോധം നീക്കിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനും അനുകൂല സമീപനം സ്വീകരിക്കുകയാണ്. സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ യൂണിയന്‍ തീരുമാനിച്ചുവെന്ന് നയതന്ത്ര പ്രതിനിധികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 അംഗ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് യൂറോപ്യന്‍ യൂണിയന്‍. ഉപരോധം നീക്കിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യൂണിയന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഉണ്ടാകും.
യൂറോപ്പിലെ രാജ്യങ്ങള്‍ സിറിയയിലെ പുതിയ സര്‍ക്കാരിനെ അംഗീകരിച്ചാല്‍ അത് മറ്റൊരു നാഴികകല്ലാകും. സൗദി അറേബ്യയുടെ ആവശ്യം പരിഗണിച്ചാണ് യൂറോപ്പും അമേരിക്കക്ക് സമാനമായ നടപടി സ്വീകരിക്കുന്നതത്രെ. ബശാറുല്‍ അസദ് രാജ്യം വിട്ട ശേഷം സിറിയയില്‍ പലയിടത്തായി അക്രമം നടന്നിരുന്നു. അസദിന്റെ അലവി വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു എന്നും വാര്‍ത്തകള്‍ വന്നു. ഇത്തരം സംഭവത്തിലെ പ്രതികള്‍ക്കെതിരെ മാത്രമായി യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പരിമിതപ്പെടുത്തിയേക്കും.
സിറിയക്കെതിരെ ലോകം അനുകൂല സമീപനം സ്വീകരിക്കുമ്പോള്‍ ആശങ്ക ഇസ്രായേലിനാണ്. ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ ഫ്രാന്‍സും ജര്‍മനിയും കാനഡയും രംഗത്തുവന്നിട്ടുണ്ട്. ഈ വേളയില്‍ തന്നെയാണ് അയല്‍ രാജ്യമായ സിറിയക്കെതിരായ ഉപരോധം നീങ്ങുന്നതും. 1967ലെ യുദ്ധത്തില്‍ സിറിയയില്‍ നിന്ന് ഇസ്രായേല്‍ പിടിച്ചടക്കിയ ഗൊലാന്‍ കുന്നിലാണ് സിറിയയിലെ നിലവിലെ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആ ജനിച്ചതും വളര്‍ന്നതും. യുദ്ധ പശ്ചാത്തലത്തില്‍ പിന്നീട് പലായനം ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്