ന്യൂഡല്‍ഹി: നാലുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവാവിനെ ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. നിഹാല്‍ വിഹാറിലെ ലക്ഷ്മി പാര്‍ക്കില്‍ താമസിച്ചിരുന്ന 31 കാരനായ വിനയ് ഗുപ്തയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിവര്‍ഷം 60 ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന ഐടി ജീവനക്കാരനാണ് വിനയ്. സംഭവവുമായി ബന്ധപ്പെട്ട് വിനയ്യുടെ ഭാര്യ രേഖ, ഇവരുടെ രണ്ട് സഹോദരന്മാര്‍ എന്നിവരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നര വര്‍ഷം മുമ്പ് വിവാഹിതരായ വിനയ്-രേഖ ദമ്പതികള്‍ക്ക് നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. കുട്ടികളിലൊരാള്‍ക്ക് മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ വിനയ് ശബ്ദമുയര്‍ത്തി സംസാരിച്ചതില്‍ പ്രകോപിതയായ രേഖ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ 10 മിനിറ്റിന് ശേഷം പിതാവ്, അമ്മാവന്‍, സഹോദരന്മാര്‍, നാത്തൂന്‍ എന്നിവരടങ്ങുന്ന ആറംഗ സംഘവുമായി രേഖ തിരിച്ചെത്തി. വീട്ടിലെത്തിയവര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കാന്‍ ശ്രമിച്ച വിനയ്യെ ഇവര്‍ കൂട്ടമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
വിനയ്യുടെ മാതാപിതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്മാറിയില്ല. കഴുത്ത് ഞെരിക്കുകയും നെഞ്ചിലും വയറ്റിലും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തതാണ് വിനയ്യുടെ മരണത്തിന് കാരണമായത്. ആക്രമണത്തിന് തൊട്ടുമുമ്പ് വീടുകളിലെ സിസിടിവി ക്യാമറകള്‍ രേഖ ബോധപൂര്‍വം ഓഫാക്കിയതായും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കൊല്ലപ്പെട്ട വിനയ്യുടെ കുടുംബം ആരോപിക്കുന്നു. നേരത്തെയും ഗാര്‍ഹിക കാര്യങ്ങളെച്ചൊല്ലി കുടുംബത്തില്‍ വഴക്കുകള്‍ ഉണ്ടായിരുന്നതായും ചെറിയ തര്‍ക്കങ്ങളില്‍ പോലും രേഖയുടെ സഹോദരന്മാര്‍ വിനയ്യെ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 103 (1), 3 (5) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ മനപ്പൂര്‍വം ഓഫാക്കിയതാണോ എന്നും കൊലപാതകത്തില്‍ ഓരോരുത്തര്‍ക്കുമുള്ള പങ്ക് വ്യക്തമാക്കാനും അറസ്റ്റിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
