ഒരു സർക്കാർ ഓഫീസ്. നിറയെ ജോലിത്തിരക്കിന്റെ ഉച്ചനേരത്ത് ഒരു ഡസനോളം ആളുകൾ പടക്കം പൊട്ടുന്ന ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് വലിയ കൊടിയുമേന്തി കയറി വരുന്നു. കാബിനുകൾക്കു മുന്നിലൂടെ വരി വരിയായി അവർ നീങ്ങി. നടുത്തളത്തിൽ വട്ടത്തിൽ നിലയുറപ്പിച്ചു. ആവശ്യങ്ങൾ നിറവേറ്റാനെത്തിയ പൊതുജനം സ്തംഭിച്ചു നിൽക്കുന്നു. വന്നവരിൽ മുഴങ്ങുന്ന ശബ്ദുള്ള പ്രധാനി സ്വന്തം തൊണ്ടയുടെ കരുത്തിൽ മൈക്കില്ലാതെ പ്രസംഗം തുടങ്ങുന്നു. ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങൾ അക്കമിട്ടു അവതരിപ്പിക്കുന്നു.
നിസംഗരായ ജീവനക്കാർ സ്വന്തം ഇരിപ്പിടങ്ങളിലിരുന്ന് പ്രസംഗം കേൾക്കുന്നു. ആവശ്യക്കാരായ പൊതുജനം സ്വന്തം തിരക്കുകളുടെ കഥ മറന്ന് നിസഹായരായി പരസ്പരം കണ്ണെറിയുന്നു. ഓഫീസിന്റെ പ്രവർത്തന സമയം തൊഴിൽ അവകാശ സമരം കൈയ്യടക്കുന്നതു മിനിറ്റുകളോളം നീളുമ്പോഴും കേൾവിക്കാർ നിശബ്ദ സാക്ഷികളായി നിലകൊള്ളുന്നു. നേതാവ് പ്രസംഗിച്ചു കൊണ്ടു നിൽക്കെ, ആ ട്രഷറി കൗണ്ടറിൽ പുഞ്ചിരിച്ചുകൊണ്ടിരുന്ന യുവാവ് ഇപ്രകാരം മൊഴിഞ്ഞു: 'അവര് തന്നെ ഭരിക്കുന്നു, അവര് തന്നെ കൊടി പിടിക്കുന്നു..'
വല്യേട്ടനായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ഭരണം കയ്യാളുന്ന കേരളത്തിൽ സഹ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അവരുടെ ഭരണ സമര ദൗത്യം ഭംഗിയായി നിർവ്വഹിക്കുന്നതിന്റെ നേർച്ചിത്രമാണ് മേൽ വിവരിച്ചത്. ഭരണത്തിന്റെ ഹരിത ശീതളിമയിലൂടെ സഞ്ചരിച്ചു കൊണ്ടു തന്നെ സമരത്തിന്റെ ശോണ പതാക വഹിച്ച് എങ്ങനെ നീങ്ങാമെന്ന് കാണിച്ചു തരുന്ന രാഷ്ട്രിയ മെയ് വഴക്കത്തിന്റെ പേരായി സി.പി.ഐ മാറുമ്പോൾ ഒരു ആശങ്ക മാത്രം ബാക്കി.
നിലപാടുകളും നിലപാടു മാറ്റങ്ങളും ആർക്കു വേണ്ടിയാവാം ! ഒരു നയം ഒരിടത്ത്, മറ്റൊരു നയം മറ്റൊരിടത്ത്. നേതൃത്വം അറിഞ്ഞും അറിയാതെയും പ്രാദേശികമായ നീക്കുപോക്കുകൾ വേറെ. ഗൗരവക്കാരനായ വല്യേട്ടനോട് പിണങ്ങിയും ഇണങ്ങിയും ഒരു ധാരണയിൽ സി.പി.ഐയും അതിന്റെ പോക്ഷക സംഘടനകളും പോകുമ്പോൾ, സംസ്ഥാനത്ത് പല അടിസ്ഥാന പ്രശ്‌നങ്ങളിലും ഈ ഇരട്ടത്താപ്പ് തെളിയുന്നത് ഒരു രാഷ്ട്രീയ കൗതുകമായി കണ്ടാൽ മതിയാവും.
ഇതെഴുതുന്ന ഈ ദിവസം കേരളത്തിൽ ഡയസ്‌നോൺ പ്രഖ്യാപന ഭീഷണിയുടെ നിഴലിൽ സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം പണി മുടക്കുകയാണ്.
സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും പ്രതിഷേധ മുദ്രാവാക്യങ്ങളും. കോൺഗ്രസിന്റെ സർവീസ് സംഘടനയായ സെറ്റോയുടെ കൈ പിടിച്ച് സമരത്തിനെത്തുന്നത് മറ്റാരുമല്ല, സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ തന്നെ ! ബി.ജെ.പി പോലും ഈ സമരത്തിൽ പങ്കാളികളായില്ല എന്നത് ചിന്തനീയം. ആരാണ് ഭരിക്കുന്നത് ആരാണ് എതിർക്കുന്നത് എന്ന സാധാരണക്കാരന്റെയും ട്രഷറിയിലെ കൗണ്ടറിലിരിക്കുന്ന ചങ്ങാതിയുടേയും ചോദ്യം അവിടെ ബാക്കി നിൽക്കുന്നു.
മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരായ സി.പി.ഐ മന്ത്രിമാർക്ക് ഇന്നേ ദിവസം ജനത്തിന്റെ മുഖത്ത് എങ്ങനെ നോക്കാനാവുമെന്ന് ആരും ചോദിക്കില്ല; അത് നാട്ടുനടപ്പാണ്. മന്ത്രിസഭയിൽ തീരുമാനങ്ങൾ അന്തിമഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഈ കമ്മ്യൂണിസ്റ്റ് മന്ത്രിമാർ എതിർപ്പിന്റെ ഒരു ചെറു സ്വരമെങ്കിലും ഉയർത്താത്തതാണോ? അതോ,എല്ലാം വല്യേട്ടന് വിട്ട് സ്വന്തം ഇരിപ്പിടങ്ങൾ ഭദ്രമാക്കുന്നതാണോ? തിരുത്താനും തിരുത്തിക്കാനും കഴിയുന്നില്ലെങ്കിൽ എന്തിനാണ് ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗങ്ങൾ !
ആദർശത്തിന് പേരുകേട്ട സി.പി.ഐ മന്ത്രിമാരെ ധാരാളം കേരള ജനത കണ്ടിട്ടുണ്ട്. അവരുടെ പേരുകൾ അഴിമതിയുമായി കൂട്ടിവയ്ക്കാൻ രാഷ്ട്രീയ ശത്രുക്കൾ പോലും ആഗ്രഹിക്കാറില്ല. എന്നാൽ സി.പി.ഐ ഇനിയും ഒരു തിരുത്തൽ ശക്തിയായി മാറിയിട്ടില്ല എന്ന രാഷ്ട്രീയ കുറ്റപത്രം അവർക്ക് ചേരുമോ എന്ന് യുവനിരയിൽ നിന്ന് ഉയർന്നു വന്ന ബിനോയ് വിശ്വമെങ്കിലും ചിന്തിക്കട്ടെ. പ്രതിപക്ഷത്തിരിക്കുമ്പോൾ നല്ല സമരം ചെയ്യുന്നവരാണ് ഇടതുപക്ഷം. അത്തരം സമരങ്ങളിൽ സർക്കാരിനെ വിറപ്പിക്കണമെങ്കിൽ അവിടെയും സി.പി.എമ്മും ഘടക കക്ഷികളും മുന്നിൽ നിൽക്കണോ?
എവിടെയും രണ്ടാമൻ എന്ന നില സ്വന്തം അസ്തിത്വമായി കൊണ്ടു നടക്കുന്നത്, കമ്മ്യൂണിസ്റ്റു പാർട്ടി പിളർപ്പിന്റെ ആറു പതിറ്റാണ്ട് പിന്നിടുന്ന വേളയിലും സി.പി.ഐയ്ക്ക് ഭൂഷണമാണോ എന്ന് അവരെ മനസാ സ്‌നേഹിക്കുന്ന അനുഭാവികൾ ചിന്തിക്കുന്നുണ്ട്. ഭരണം നൽകുന്ന സുഖം. അത് നൽകുന്ന അധികാരങ്ങൾ. അവ നൽകുന്ന സൗകര്യങ്ങൾ.. ഇതിനിടെ വിട്ടുവീഴ്ചയില്ലാത്ത ആദർശം എന്നത് മരിചികയാവുന്നുവോ ! പണ്ട് മൂന്നാറിൽ, വി.എസിന്റെ പൂച്ചകൾ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ചെന്ന വേളയിൽ എതിർപ്പുമായി ചാടി വീണവരിൽ മുന്നിൽ ആരായിരുന്നു എന്നത് കേരളത്തെ അമ്പരപ്പിച്ച സമീപകാല രാഷ്ട്രീയ ചിത്രമായിരുന്നു.
മൂന്നാർ ദൗത്യത്തോട് യോജിക്കുമ്പോൾത്തന്നെ പാർട്ടിയുടെ കെട്ടിടത്തിനു മേൽ ജെ.സി.ബിയുടെ ഉരുക്കുകരങ്ങൾ നീങ്ങുന്നതിനെ സി.പി.ഐ പ്രാദേശിക നേതൃത്വം എതിർത്തു. ജില്ലാ നേതൃത്വം പിന്തുണച്ചു. ദൗത്യം ദുഷ്‌കരമാക്കാൻ ഈ നീക്കം ഇടയാക്കിയത് കുറച്ചൊന്നുമായിരുന്നില്ല.
പ്രതിരോധത്തിലായ അച്യുതാനന്ദന് പല വട്ടം സി.പി.എം നേതൃത്വവുമായി ഏറ്റുമുട്ടേണ്ടിവന്നു.
സി.പി.ഐ റവന്യൂ വകുപ്പ് ഭരിക്കെത്തന്നെ ദേവികുളം താലൂക്കിലെ അഞ്ചു വില്ലേജുകളിൽ ഭൂമിപ്രശ്‌നത്തിൽ നടന്ന സമരങ്ങളും ഇതിനൊപ്പം ചേർത്തു വായിക്കണം. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണ്ണയം,റീ സർവെ, ചിന്നക്കനാലിൽ ഭൂമി തോട്ടം തൊഴിലാളികൾക്ക് പതിച്ചു നൽകൽ എന്നിവയിൽ നടന്ന പ്രതിഷേധ സമരങ്ങളും വകുപ്പു മന്ത്രിക്കു നേരെയുള്ള മുനകളായി മാറി.
റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിൽ കോൺഗ്രസിനൊപ്പം ചേർന്ന് ഭൂപ്രശ്‌നങ്ങളിൽ പ്രചാരണ ജാഥയും നട അത് ചരിത്രം. ഇടതു സർക്കാരിന്റെ നയങ്ങളിൽ വിവാദത്തിന്റെ പാളത്തിലേറിയ കെ-റെയിലിനെതിരെ കേരളമാകെ എതിർ ശബ്ദമുയർന്നപ്പോൾ അവിടേയും ഭരണത്തിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ മുന്നിലുണ്ടായിരുന്നു. കെ -റെയിലിന്റെ പ്രയോഗികതയിൽ സംശയിച്ച് സി.പി.ഐ നേതാക്കൾ രംഗത്തു വന്നു; സർക്കാർ സമ്മർദ്ദത്തിലായി. സംശയിച്ച പ്രതിപക്ഷത്തിന്റെ എതിർപ്പിനും പിന്നാലെയാണ് സ്വപ്‌നപദ്ധതിക്കെതിരേ മുന്നണിയിൽ തന്നെ മുറുമുറുപ്പ് ഉയർന്നത്.
അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പദ്ധതിയെ തള്ളിപ്പറയാൻ തയ്വാറായില്ലെങ്കിലും സി.പി.ഐയിലെ വലിയൊരു വിഭാഗത്തിന് പദ്ധതിയുടെ പ്രായോഗികതയിലും ആവശ്യകതയിലും സംശയമുണ്ടായി. കേന്ദ്രത്തിന്റെ നിസഹകരണത്തിനും പ്രതിപക്ഷത്തിന്റെ എതിർപ്പിനും പിന്നാലെ സ്വപ്‌ന പദ്ധതിക്കെതിരേ മുന്നണിയിൽ തന്നെ മുറുമുറുപ്പ് ഉയർന്നത് സർക്കാരിന് തിരിച്ചടിയായി. ജനവികാരം എതിരാകാൻ ഇതു കാരണമായി.
കെ -റെയിലിനെതിരേ ആദ്യം എതിർപ്പുയർത്തിയത് സി.പി.എം അനുഭാവമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു.
പിന്നാലെ സി.പി.ഐ സംഘടനയായ യുവകലാ സാഹിതി പദ്ധതിക്കെതിരായ പ്രചരണത്തിന് പാർട്ടി നേതൃത്വത്തിന്റെ അനുമതി തേടി. പ്രകടന പത്രികയിലെ വാഗ്ദാനമെന്നും മുന്നണി തീരുമാനമെന്നും പറഞ്ഞ് കാനം രാജേന്ദ്രൻ അനുമതി നിഷേധിച്ചു. ഇതോടെ യുവകലാസാഹിതി പരസ്യ പ്രതിഷേധത്തിൽ നിന്നു പിന്മാറി. നിലപാടിനെതിരേ പരസ്യ പ്രതികരണത്തിനു മുതിർന്നില്ലെങ്കിലും സി.പി.ഐയിലെ വലിയൊരു വിഭാഗം പദ്ധതിക്കെതിരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനങ്ങൾ. കോവിഡ് പ്രതിസന്ധിയിൽ ജനം പൊറുതി മുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ -റെയിലിനല്ലെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾ പറഞ്ഞു.
വയൽക്കിളികൾ
ദേശീയ പാത വികസനത്തിന് തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തി വന്ന സമരം ഇടതു സർക്കാരിനെ ഏറ്റവും മുൾമുനയിൽ നിർത്തിയ സംഭവമാണ്. സി.പി.എമ്മിന് മേൽകൈയുള്ള പഞ്ചായത്തിൽ സമരം. ഒപ്പം നിന്ന് പദ്ധതിയെ പിന്തുണയ്‌ക്കേണ്ട സി.പി.ഐ അവിടെ ' ജനപക്ഷ ' ത്തു നിന്നു. വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിനൊപ്പം നിന്നു പാർട്ടി.
കർഷക സമരങ്ങളെ സി.പി.എം ഒറ്റിക്കൊടുക്കുന്നു എന്നായിരുന്നു സമരക്കാരുടെ വിമർശനം. സമര നേതാവ് സുരേഷുമായി സി.പി.ഐ ചർച്ച നടത്തി. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഇടതു സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതു വരെ കാര്യങ്ങളെത്തി. വ്യവസായ തൊഴിൽ നയങ്ങളിൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രതിസന്ധികളിൽ, വേതന വ്യവസ്ഥകളിൽ, കരാറുകളിൽ എല്ലാം തൊഴിലാളി വിരുദ്ധത കണ്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത് മറ്റാരുമല്ല, എ.ഐ.ടി.യു.സി യാണ്. എതിർപ്പിന്റെ കാഠിന്യം സർക്കാരിനെതിരെ തന്നെ.
കാലടിയിൽ സി.പി.ഐ. നടത്തിയ കൊടി കെട്ടി സമരത്തിനു നേരെ പിണറായി വിജയന് കണ്ണുരുട്ടേണ്ടി വന്നു. വിഴിഞ്ഞം മത്സ്യ തൊഴിലാളി സമരം ന്യായമാണെന്ന സി.പി.ഐയുടെ നിലപാടായിരുന്നു മറ്റൊന്ന്. തീരത്തെ മത്സ്യ തൊഴിലാളികൾക്ക് സമഗ്ര പാക്കേജ് എന്ന പ്രമേയം പാർട്ടി പാസാക്കി. ഭരണപരമായ തീരുമാനങ്ങളിൽ പാർട്ടിക്ക് എന്തു പങ്ക് എന്ന ചോദ്യം അവിടേയും ഉയർന്നു. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും ഒരു തിരുത്തൽ ശക്തിയായി തുടരുമെന്നുമാണ് ഇതിനെല്ലാം സി.പി.ഐയുടെ മറുപടി.
തലസ്ഥാനത്ത് നടുറോഡിൽ പന്തൽ കെട്ടി മീറ്റിംഗ് നടത്തിയ വല്യേട്ടനെ സി.പി.ഐയും അനുകരിച്ചു. ജോയിന്റ് കൗൺസിലിന്റെ പന്തലിനെതിരെ പാർട്ടി സെക്രട്ടറിക്ക് തന്നെ രംഗത്തു വരേണ്ടി വന്നു.
സ്റ്റാറ്റിയൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരുന്ന പ്രശ്‌നത്തിൽ സി.പി.ഐയുടെ നാലു മന്ത്രിമാർ സഭയിൽ നിശബ്ദരായിരുന്നതും വിമർശനം വിളിച്ചു വരുത്തി. ഏറ്റവും ഒടുവിൽ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിലും സി.പി.ഐ. സ്വന്തം ഭരണകൂടത്തെ എതിർക്കുന്ന നിലപാടിലാണ്. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നൽകാനുള്ള മന്ത്രിസഭാ തീരുമാനം സി.പി.ഐ അറിഞ്ഞു തന്നെയായിരുന്നു. മന്ത്രിസഭാ യോഗത്തിന് തലേദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായി പാർട്ടി മന്ത്രിമാർ ആശയവിനിമയം നടത്തിയിരുന്നു. കർഷകർക്ക് പ്രയോജനമുള്ള പദ്ധതിയെന്ന് തെറ്റിദ്ധരിച്ച് പദ്ധതിയെ പിന്തുണച്ച സി.പി.ഐ തീരുമാനത്തെ തള്ളിപറയാൻ പറ്റാത്ത അവസ്ഥയിലായി.
1999ന് ശേഷം സ്വകാര്യ മദ്യകമ്പനികൾക്ക് അനുമതി നൽകിയിട്ടില്ലെന്നും ഡൽഹി മദ്യ അഴിമതിയിൽപെട്ട കമ്പനിയാണെന്നതും സി.പി.ഐ നേതൃത്വം മനസിലാക്കിയിരുന്നില്ലത്രേ. പുതിയതായി സ്വകാര്യ ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ സി.പി.ഐ നേതൃത്വം മന്ത്രിസഭയിൽ മാത്രമല്ല പുറത്തും പ്രതികരിച്ചിട്ടില്ല.മന്ത്രിസഭായോഗത്തിന് മുൻപ് സി.പി.ഐ സംസ്ഥാന നേതൃത്വവുമായി പാർട്ടി മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്യുകയും സി.പി.ഐ അംഗീകരിക്കുകയുമായിരുന്നു. സ്വകാര്യ മദ്യനിർമാണ കമ്പനികൾ ഇപ്പോൾ തന്നെ സംസ്ഥാനത്തുണ്ടെന്നും അതിനാൽ എതിർക്കേണ്ടതില്ലെന്നുമായിരുന്നു സി.പി.ഐ നിഗമനം. കർഷകർക്ക് മെച്ചമുണ്ടാകുമെന്നതാണ് ബ്രൂവറി അനുവദിക്കുന്നതിന് സി.പി.ഐ തലകുലുക്കാൻ കാരണമത്രേ!
99 ശേഷം ബ്രൂവറി അനുവദിച്ചിട്ടില്ലെന്ന കാര്യം സി.പി.ഐ നേതൃത്വത്തിന് അറിയില്ലായിരുന്നുവെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. മന്ത്രിസഭ അംഗീകരിച്ച തീരുമാനത്തിൽ സി.പി.ഐയുടെ കൂടി അനുമതിയുള്ളതിനാൽ ഇനി തീരുമാനത്തെ തള്ളിപ്പറയാൻ പറ്റാത്ത അവസ്ഥയിലാണ് സി.പി.ഐ. എങ്കിലും സി.പി.എമ്മിനെ എതിർക്കുമ്പോൾ മാത്രം ശ്രദ്ധയിൽപ്പെടുന്ന പാർട്ടിയെന്ന നിലയിൽ സി.പി.ഐയുടെ നിലപാടുകൾ തുടരുന്നു എന്നതാണ് വിചിത്രം.!
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്