ഡൽഹി:  ജനകീയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ തർക്കങ്ങളുടെയും കേന്ദ്രം

JULY 22, 2026, 8:15 PM

ഡൽഹി രാഷ്ട്രീയം ഇപ്പോൾ വലിയ ജനകീയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ തർക്കങ്ങളുടെയും കേന്ദ്രമാണ്. തൊഴിലില്ലായ്മ, അഴിമതി, വിദ്യാഭ്യാസ മേഖലയിലെ തകർച്ച, പരീക്ഷാ ക്രമക്കേടുകൾ  എന്നിവയ്‌ക്കെതിരെ ജൻസി തലമുറയും, 'കോക്ക്രോച്ച് ജനതാ പാർട്ടി' (സിജെപി)പോലെയുള്ള യുവജന സംഘടനകളും ഡൽഹിയിലെ തെരുവുകളിൽ ശക്തമായ പ്രക്ഷോഭത്തിലാണ്

പാർലമെന്റ് സമ്മേളനം ആരംഭിച്ചതോടെ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികളുടെ ഭാവിക്കും എതിരെ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധങ്ങ ളും അതിശക്തമായി മാറിയിരിക്കുന്നു. ആ മാറ്റത്തിന് നിതാനമായത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ നടത്തിയ സമരം തന്നെയാണ്. ലേറ്റായി എത്തി എന്ന വിമർശനം നേരിട്ട രാഹുൽ ഗാന്ധി എന്തായാലും ലേറ്റസ്റ്റായി പ്രവർത്തിക്കുകയായിരുന്നു. 

ഒടുവിൽ ആ സമരത്തെ ഡെൽഹി പോലീസ് നേരിട്ട രീതി ഏറെ വിമർശനങ്ങൾക്കു കാരണമായി.  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വരെ വലിച്ചിഴയ്ക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ഒക്കെ ചെയ്ത കാഴ്ച ഡൽഹിയെത്തന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഡൽഹിയിൽ വലിയ സംഘർഷാവസ്ഥ തന്നെയാണിപ്പോഴും. ഡൽഹിയിലേ ജന്തർ മന്തറിലേക്ക് ജൻസികൾ ഒഴുക്ക് നിലയ്ക്കുന്നതേയില്ല.

vachakam
vachakam
vachakam

പതിനെട്ടാം നൂറ്റാണ്ടിൽ മഹാരാജ ജയ് സിംഗ് രണ്ടാമനാണ് ഡൽഹിയിൽ ജന്തർ മന്തർ നിർമ്മിച്ചത്. ഡൽഹിയിൽ അദ്ദേഹം നിർമ്മിച്ച നിരീക്ഷണാലയം എല്ലാ ക്രമരഹിതമായ പ്രതിഷേധങ്ങളും നടക്കുന്ന സ്ഥലമായി മാറുമെന്ന് അദ്ദേഹം ഓർത്തിരിക്കാൻ ഇടയില്ല.


ഈ ജൻസി പങ്കാളിത്തം ആശങ്കയോടെയാണ് ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ഇപ്പോൾ കാണുന്നതെന്ന കാര്യത്തിൽ സംശയമില്ല. കോക്രോച്ച് ജനതാപാർട്ടി ഈ സമരം തുടങ്ങിയിട്ട് 47 ദിവസമായി. പരീക്ഷാക്രമക്കേടുകളാണ് സമരത്തിന് മുഖ്യകാരണം. നീറ്റു പരീക്ഷയ്ക്കു ശേഷം 13 കുട്ടികൾ ക്രമക്കേടിൽ മന നൊന്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതൊന്നും ഭരിക്കുന്ന പാർട്ടിക്ക് ഇക്കാലമത്രയും ഒരു വിഷയമേ ആയിരുന്നില്ല. ബി.ജെ.പി രാഹുലിനെ കാണുന്നില്ലെന്നു പരിഹസിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ ഇത്രയും വലിയ പ്രശ്‌നം ഉണ്ടായിട്ടും കഴിഞ്ഞ രണ്ടു ദിവസമായി പ്രധാനമന്ത്രിയെ പാർലമെന്റിൽ പോലും കാണുന്നില്ല. ജന്തർ മന്തറിൽ സിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ അഭ്യാസപ്രകടനങ്ങൾക്കിടെ പോലീസിനൊപ്പം നുഴഞ്ഞുകയറിയ ഗുണ്ടകൾ അതിക്രൂരമായി കുട്ടികളെ തല്ലിച്ചതക്കുകയുണ്ടായി. ഈ ഗുണ്ടകൾ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് കോൺഗ്രസ് പറയുന്നത്.  വിചിത്രമെന്നു പറയട്ടെ ഇതൊന്നും വടക്കേ ഇന്ത്യയിലെ ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലെ പ്രധാന പത്രങ്ങളൊന്നും കണ്ടമട്ട് കാണിക്കുന്നില്ല.

എന്നുമാത്രമല്ല, പോലീസിനെ സമരക്കാരും കോൺഗ്രസും ആക്രമിച്ചു എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. ദേശീയ മാധ്യമങ്ങൾ മിക്കവയും ഒട്ടകപ്പക്ഷികളെപ്പോലെ തലതാഴ്ത്തി. ഭരണകൂടത്തെ പ്രസാദിപ്പിക്കാൻ വേണ്ടതുമാത്രം ചികഞ്ഞെടുക്കുന്നു. 
ഭരണകൂടവും പോലീസും സമരം പൊളിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിനോക്കിയിട്ടും സമരക്കാർ തെല്ലും കുലുങ്ങാതെ, നിർഭയരായി രാപകലില്ലാതെ സമരപ്പന്തലിൽ കുത്തിയിരിക്കുന്നു. 

വിപ്ലവകാരികളെ രാഷ്ട്രീയത്തടവുകാരായി പരിഗണിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലാഹോർ സെൻട്രൽ ജയിലിൽ 63 ദിവസം നിരാഹാരസമരം നടത്തി ജീവൻ വെടിഞ്ഞ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ പ്രവർത്തകനായിരുന്നു ജതീന്ദ്രനാഥ് ദാസ് എന്ന ജതിൻദാസ്. 1929 സെപ്തംബർ 13 ന് രക്തസാക്ഷിയാകുമ്പോൾ ജതിൻദാസിന് 25 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടന്ന ചർച്ചയിൽ, ജതിൻ ദാസിന്റെ രക്തസാക്ഷിത്വത്തെപ്പറ്റി സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായ എം.ആർ ജയ്കർ വേദനയോടെ പറഞ്ഞു കാര്യങ്ങളാണ് ഇപ്പോൾ ഓർമ്മ വരുന്നത്. 

vachakam
vachakam
vachakam

'ജതീന്ദ്രനാഥ് ദാസ് ഇഞ്ചിഞ്ചായി മരിച്ചു. ഭക്ഷണം കഴിയ്ക്കാത്തതിനാൽ ഒരു കൈ പക്ഷാഘാതം മൂലം തളർന്നു. മറ്റേ കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായി. മനുഷ്യന് ലഭിച്ച ഏറ്റവും വിലപ്പെട്ട സംഗതിയായ കാഴ്ചയും നഷ്ടപ്പെട്ടു. കണ്ണുകളിലെ അഗ്‌നി, പതിയെപ്പതിയെ അണഞ്ഞു. 'ഇപ്പോൾ ജതിൻദാസിനെ ഓർക്കുന്നത്, വിദ്യാഭ്യാസ പ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക്ക് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന നിരാഹാര സമരത്തിന്റെ വാർത്തകൾ കേൾക്കുന്നതിനിടയിലാണ്.
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജന്തർ മന്തറിൽ 26 ദിവസമായി നിരാഹാര സമരത്തിലാണ് അദ്ദേഹം.

സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ആദ്യം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത് വലിയ കോലാഹലത്തിന് ഇടയാക്കി. അപ്പോൾ കോടതി ഇടപട്ടു. അങ്ങിനെ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയായ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. 

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 7:40 ഓടെ ഡൽഹി പോലീസാണ് സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് വി.എം.എം.സി & സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹം ബോധാവസ്ഥയിലായിരുന്നു. പരിശോധനയിൽ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറവാണെന്നും മൂത്രത്തിൽ കീറ്റോണുകളുടെ അളവ് അപകടകരമായ രീതിയിൽ വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവനെ പ്രതിയുള്ള ആശങ്കയല്ല, മോദി സർക്കാരിനെ ഇത്തരം ബലപ്രയോഗത്തിന് പ്രേരിപ്പിക്കുന്നത്. മറിച്ച്, സമൂഹം വളരെയേറെ വിലമതിക്കുന്ന സോനം വാങ്ചുകിന്റെ ജീവന് ആപത്തുണ്ടായാൽ, അത് സർക്കാരിന്റെ ആണിക്കല്ല് ഇളക്കുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്.

ഈ സമരത്തിലേർപ്പെട്ടതിനു ശേഷം സോനം വാങ്ചുക്കിന്റെ ഭാരം 11 കിലോ കുറഞ്ഞു എന്നാണ് പറയുന്നത്. സർക്കാർ നേരിട്ടെത്തി ഉറപ്പുനൽകുകയാണങ്കിൽ ഇന്നു തന്നെ നിരാഹാരം അവസാനിപ്പിക്കാം എന്നാണ് സോനം വാങ്ചുക്ക് പറയുന്നത്. 

പൊതുജനങ്ങളെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഏറെ ഡൽഹിയിലിപ്പോൾ നിലനിൽക്കുന്നു. മെട്രോ സ്റ്റേഷനുകൾ അടച്ചു: സമരക്കാരെ നിയന്ത്രിക്കാൻ സുരക്ഷാ കാരണങ്ങളാൽ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഡൽഹിയിലെ പ്രധാനപ്പെട്ട 16 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചുപൂട്ടിയത് യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കി (എങ്കിലും പിന്നീട് ഇവ ഭാഗികമായി തുറന്നു).

പ്രതിഷേധം കനത്ത മധ്യ ഡൽഹിയിലെ ചില ഭാഗങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയുമാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ക്രൂരമായ അക്രമം നടത്തിയെന്ന പരാതിയിൽ, സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഡൽഹി ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.

സമരങ്ങൾക്കൊപ്പം ഡൽഹിയിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിലും വിദ്യാർത്ഥികൾ തെരുവിൽ സമരം തുടരുകയാണ്. മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഈ സമരങ്ങൾക്ക് പൂർണ്ണ പിന്തുണ നേരത്തെ തന്നെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

കസ്റ്റഡിയിലായ വിദ്യാർത്ഥികളെ കാണാനും, അവർക്ക് ആവശ്യമായ നിയമവൈദ്യ സഹായങ്ങൾ നൽകാനും കെജ്രിവാൾ മുൻപന്തിയിലുണ്ട്. അതേസമയം, കോൺഗ്രസ് ഈ പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എഎപി കോൺഗ്രസിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam