ആലപ്പുഴയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ മുൾമുനയിൽ നിർത്തി അമ്പലപ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. സി.പി.ഐ.എമ്മുമായി തെറ്റിപ്പിരിഞ്ഞ് മുൻ മന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതോടെ, അദ്ദേഹത്തെ നേരിടാൻ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിനെ രംഗത്തിറക്കാൻ പാർട്ടി ആലോചിക്കുന്നു. സുധാകരൻ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ വി.എസിന്റെ കുടുംബത്തിൽ നിന്നൊരാൾ വരുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ഇന്ന് രാവിലെ 11 മണിക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കും. അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന് തന്നെയാണ് സൂചനകൾ. അങ്ങനെയെങ്കിൽ സിറ്റിംഗ് എം.എൽ.എ എച്ച്. സലാമിന് പകരം അരുൺ കുമാർ സ്ഥാനാർത്ഥിയായേക്കും.
സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. നേതാക്കളെ വീടിനുള്ളിൽ കയറ്റാൻ പോലും സുധാകരൻ തയ്യാറായില്ല എന്നത് പോര് മുറുകുന്നതിന്റെ സൂചനയാണ്.
യു.ഡി.എഫ് സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് സി.പി.ഐ.എമ്മിന് വലിയ തിരിച്ചടിയാണ്. സുധാകരനോടൊപ്പം പാർട്ടി പ്രവർത്തകർ കൊഴിഞ്ഞുപോകാതിരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് പ്രാദേശിക നേതൃത്വം.
എന്നാൽ സുധാകരൻ പാർട്ടിയെ വഞ്ചിക്കുകയാണെന്ന വികാരം ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമാണ്. വി.എസിന്റെ മകൻ സ്ഥാനാർത്ഥിയായി എത്തുന്നതോടെ അമ്പലപ്പുഴയിലെ മത്സരം കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടമായി മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
