അതിതീവ്ര വർഷവും ഉരുൾപൊട്ടലും ആവർത്തിക്കുമ്പോൾ കേരള ജനതയുടെ നെഞ്ചിൽ മിന്നൽ പ്രവാഹമുണർത്തുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തമിഴ്‌നാട് പുലർത്തി വരുന്ന ദുശ്ശാഠ്യങ്ങൾ മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് സൂചന. അണക്കെട്ടിൽ വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചത് നിർണ്ണായക സംഭവ വികാസമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാടിന്റെ വാദം തള്ളിയാണ് ജല കമ്മീഷന്റെ തീരുമാനം. 12 മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ന്യൂഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയിൽ ചേർന്ന മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാ പരിശോധന എന്നത്. എന്നാൽ, 2021ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026ൽ മാത്രം നടത്തിയാൽ മതി എന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. സുരക്ഷാ പരിശോധന നടത്തിയിട്ടേ അറ്റകുറ്റപ്പണിയാകാവൂ എന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയാകട്ടെ, ഇപ്പോൾ സുരക്ഷാ പരിശോധന ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. സുരക്ഷാ പരിശോധന നടത്താനുള്ള കേന്ദ്ര ജല കമ്മീഷന്റെ തീരുമാനം വലിയ ആശ്വാസത്തോടെയാണ് കേരളം ശ്രവിച്ചത്. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതിലുള്ള ആഹ്ലാദം വിവിധ കോണുകളിൽനിന്ന് ഉയരുകയും ചെയ്തു.
പക്ഷേ കാര്യങ്ങൾ അത്ര സുഗമമായി പോകുമോ എന്ന സന്ദേഹം പ്രകടിപ്പിക്കുന്നവരുമുണ്ട്. ജല കമ്മീഷന്റെ തീരുമാനത്തെക്കുറിച്ചുള്ള തമിഴ്‌നാടിന്റെ പ്രതികരണം വ്യക്തമായിട്ടില്ല. ഇതിന് മുൻപ് അണക്കെട്ടിലെ വിശദ പരിശോധന 2011 ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയായിരുന്നു അന്ന് പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധർ ഉൾപ്പെടുന്ന സമിതിയായിരിക്കും ഇനി പരിശോധന നടത്തുക. ഇതിൽ കേരളം നിർദേശിക്കുന്ന അജണ്ടയും ഉൾപ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ പരിശോധിക്കും. സുപ്രീംകോടതിയിൽ നിലവിലുള്ള മുല്ലപ്പെരിയാർ കേസുകളിൽ കേരളത്തിന്റെ വാദങ്ങൾക്ക് ബലമേകും ഇതെല്ലാമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. അതേസമയം, ഒരു വർഷത്തേക്ക് വിഷയത്തിൽ 'സ്റ്റാറ്റസ്‌കോ' നിലനിൽക്കുമെന്ന നിരീക്ഷണവുമുണ്ട്.
എക്കാലവും കേരളത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ. വലിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സജീവ ചർച്ചയാകും മുല്ലപ്പെരിയാർ. പിന്നെയെല്ലാം പഴയപടി. അണക്കെട്ടു സ്ഥിതി ചെയ്യുന്നതു കേരളത്തിൽ; അവിടെനിന്നുള്ള വെള്ളം തമിഴ്‌നാടിനും. ഈ വിചിത്ര സ്വഭാവം കൊണ്ടുതന്നെ ഇരു സംസ്ഥാനങ്ങൾക്കും നിർണായകമാണ് മുല്ലപ്പെരിയാർ വിഷയം. അണക്കെട്ട് കേരളത്തിലാണെങ്കിലും അതിന്റെ സംരക്ഷണവും നിയന്ത്രണവുമെല്ലാം ഫലത്തിൽ തമിഴ്‌നാടിന്റേത്. അതേസമയം, അണക്കെട്ടിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആ ദുരന്തം പേറേണ്ടത് കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളാവും. ഇതിനിടെ, പരസ്പരവിരുദ്ധവും ആകെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ അഭിപ്രായപ്രകടനങ്ങൾ പല കോണുകളിൽനിന്നും ഉയരുന്നതും മുല്ലപ്പെരിയാറിലെ യഥാർഥ്യത്തെക്കുറിച്ചു ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു.
അണക്കെട്ടിനു ബലക്ഷയം ഇല്ലെന്നു പറയുന്നവർ തന്നെ അതു ബലപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നു. മറ്റൊരു കൂട്ടർ പുതിയ അണക്കെട്ടാണു പരിഹാരം എന്നു സമർഥിക്കുന്നു. ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ട് പൊളിച്ച് പുതിയതു പണിയണമെന്ന ആവശ്യത്തെ തമിഴ്‌നാട് നഖശിഖാന്തം എതിർക്കുന്നു. അതിനായി നിയമപരമായും രാഷ്ട്രീയമായും 'ധനപരമായു'മൊക്കെ കരുക്കൾ നീക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് 'നിലവിൽ' പൂർണമായും സുരക്ഷിതമാണെന്നായിരുന്നു ഉന്നതാധികാര സമിതി 2012ൽ സുപ്രീം കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സാങ്കേതിക പഠനങ്ങളും ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടി. എന്നാൽ, 'എത്ര നന്നായി സംരക്ഷിച്ചാലും ഭാവിയിൽ ആരുടെയും നിയന്ത്രണത്തിൽ നിൽക്കാത്ത കാരണങ്ങളാൽ അണക്കെട്ടിനു ബലക്ഷയമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെ'ന്ന ഉന്നതാധികാര സമിതിയുടെ നിരീക്ഷണത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയെന്നതാണു വസ്തുത.
പന്ത്രണ്ടു
മാസത്തിനുള്ളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന നിർദേശം
ഫലപ്രാപ്തിയിലെത്തണമെങ്കിൽ പല തടസങ്ങളും അതിജീവിക്കേണ്ടിവരും. ജല കമ്മീഷൻ
നിർദേശപ്രകാരമുള്ള സമിതിയുടെ ഘടന പ്രധാനമാണ്. അതിൽ കേരളത്തിന്റെ വാദങ്ങൾ
സമർഥമായും ശാസ്ത്രീയമായും അവതരിപ്പിക്കപ്പെടണം. സ്ഥാപിത താത്പര്യങ്ങൾ
മനസിലാക്കി നിലപാടുകൾ എടുക്കണം. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത കേരള സർക്കാർ ഉൾക്കൊള്ളണം.
ഇപ്പോഴത്തെ താത്കാലിക നേട്ടത്തിൽ അഭിരമിക്കാതെ മുന്നോട്ടുള്ള നീക്കങ്ങൾ
ശക്തിപ്പെടുത്തുകയാണു വേണ്ടത്.
വയനാട്ടിൽ അടുത്ത കാലത്തുണ്ടായ വലിയ
പ്രകൃതിദുരന്തം അപ്രതീക്ഷിതമായ അപകടങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ
കൂടിയാണ്. ഇവിടെ അത്തരമൊരു അപകടം അറിഞ്ഞുകൊണ്ടു നാം വരുത്തണോ എന്ന
ചോദ്യമുയരുന്നു.
അതു പൂർണമായി തടയാനായില്ലെങ്കിലും ആഘാതം കുറയ്ക്കാനുള്ള ശ്രമമെങ്കിലും നടക്കേണ്ടിയിരിക്കുന്നു. വയനാട് ദുരന്തം ഒരു മാസം പിന്നിട്ട ദിവസം മെട്രോ ശ്രീധരൻ മുല്ലപ്പെരിയാറിനെക്കുറിച്ചൊരു വിശകലനം നടത്തുകയുണ്ടായി. കേരളം കേന്ദ്രസർക്കാരുമായും തമിഴ്‌നാടുമായും ചേർന്ന് ആധുനിക രീതിയിലുള്ള ബദൽ സംവിധാനം ഉണ്ടാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. മുല്ലപ്പെരിയാറിൽനിന്നു തമിഴ്‌നാട് വൈഗ നദിയിലേക്കു വെള്ളം കൊണ്ടുപോകുന്ന ഭാഗത്ത് ആറു മീറ്റർ വ്യാസത്തിൽ നാലു കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമിക്കുക, വൈഗ നദിയിൽ ഓരോ കിലോമീറ്റർ അകലത്തിൽ ചെറു ഡാമുകൾ നിർമിക്കുക തുടങ്ങിയ നിർദേശങ്ങളും മെട്രോ ശ്രീധരൻ മുന്നോട്ടു വച്ചു. ഇതു സുപ്രീംകോടതിയുടെ പരിഗണനയിലെത്തുമെന്നു കരുതേണ്ടിയിരിക്കുന്നു. തുടർന്നുള്ള വാദഗതികളും നിർണ്ണായകമായേക്കും.
മൂന്നു നൂറ്റാണ്ടുകൾ
1895 ഒക്ടോബർ പത്തിന് കമ്മീഷൻ ചെയ്തതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ബ്രിട്ടീഷ് മിലിട്ടറി എൻജിനിയർ ജോൺ പെന്നിക്വിക്കാണ് മുല്ലപ്പെരിയാറിന്റെ ശിൽപി. ജോൺ പെന്നിക്വിക്ക് അണക്കെട്ടിന് കൽപ്പിച്ച പ്രായം 50 വർഷം. എന്നാൽ അണക്കെട്ടിന് ഇപ്പോൾ 139 വയസ്സുകഴിഞ്ഞു. ഓരോ മഴക്കാലവും പെരിയാർ തീരവാസികൾ കഴിയുന്നത് ഭയപ്പാടോടെയാണ്. ഏതാനും വർഷങ്ങളായി കേരളത്തിന്റെയാകെ പേടിസ്വപ്‌നമാണ് ഉരുക്കും സിമന്റുമില്ലാതെ നിർമ്മിതമായ ഈ ഭീമൻ ഡാം.
മുല്ലപ്പെരിയാർ ഭാഗത്ത് അണക്കെട്ടു പണിയാനുള്ള ആശയം രൂപപ്പെട്ടത് 272 വർഷം മുമ്പാണ്. പെരിയാർ നദിയിൽ അണകെട്ടി വെള്ളം തിരിച്ചുവിടാനുള്ള പദ്ധതി 1789 ൽ രാമനാട് നാട്ടുരാജ്യം നടത്തി. അക്കാലത്ത് ബ്രിട്ടീഷ് പ്രവിശ്യയായ മധുരയും സമീപ നാട്ടുരാജ്യമായ രാമനാടും കൊടും വരൾച്ചയുടെ പിടിയിലായിരുന്നു. ഇതോടെയാണ് പെരിയാറിലെ വെള്ളം ചിറകെട്ടി തിരിച്ചുവിടാമെന്ന ആശയം രാമനാട് രാജാവ് മുത്തുരാമലിംഗ സേതുപതിയുടെ മുഖ്യകാര്യക്കാരൻ മുതിരുള്ളപ്പ പിള്ളയുടെ മനസ്സിൽ ഉദിക്കുന്നത്. 1752 മുതൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള നീക്കങ്ങൾ മദ്രാസ് പ്രസിഡൻസി തുടങ്ങിയിരുന്നു. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ ബ്രിട്ടീഷുകാർ നിരവധി പഠനങ്ങളും നടത്തി. 1862 ആഗസ്റ്റിൽ നടന്ന ഗൗരവമായ ചർച്ചകളെ തുടർന്നായിരുന്നു മദ്രാസ് പ്രസിഡൻസി തിരുവിതാംകൂറിന് കത്തെഴുതുന്നത്. എന്നാൽ, 1886 ഒക്ടോബർ 29 നാണ് അണക്കെട്ട് നിർമാണ കരാറായത്.
1867ൽ പെരിയാർ നദിയിൽ 162 അടി ഉയരത്തിൽ അണക്കെട്ട് നിർമിക്കാൻ മധുരയിലെ എൻജിനിയർ മേജർ റീവ്‌സ് പുതിയ നീക്കം നടത്തി. ചുരുളിയാറ്റിലൂടെ വെള്ളം വൈഗയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് പരാജയപ്പെട്ടു. 1862ൽ വീണ്ടും അടുത്ത പദ്ധതിക്ക് തുടക്കമിട്ടു. ആ വർഷം സെപ്തംബർ നാലിന് മദ്രാസ് പ്രസിഡൻസി തിരുവിതാംകൂർ ദിവാൻ മാധവറാവുവിന് ആദ്യ കത്ത് അയച്ചു. ദിവാൻ നവംബർ 25ന് മറുപടി നൽകി. തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും റസിഡന്റായിരുന്ന ഫിഷർ ഡിസംബർ ഒന്നിന് ദിവാന് നൽകിയ കത്തിൽ അണകെട്ടുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി ഉടൻ നൽകണമെന്ന് മുന്നറിയിപ്പ് നൽകി. പര്യവേക്ഷണത്തിന് ബ്രിട്ടീഷ് എൻജിനിയർമാരെ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ലാഭം തുല്യമായി പങ്കിടണമെന്നും 1863 ജനുവരി 14ന് ദിവാൻ മറുപടി നൽകി. പിന്നീട് ബ്രിട്ടീഷ് എൻജിനീയർ ബാർട്ടന്റെ നേതൃത്വത്തിൽ പെരിയാർ നദിയുടെ ഉത്ഭവ സ്ഥാനത്തെ കൊടുംകാടുകളിൽ പഠനം നടത്തി.
മുല്ലയാർ, പെരിയാർ നദികളുടെ സംഗമകേന്ദ്രത്തിന് പത്ത് കിലോമീറ്റർ താഴെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്. നിർമാണത്തിനിടെ രണ്ടു തവണ പ്രളയത്തിൽ അണക്കെട്ട് ഒഴുകിപ്പോയി. പിന്നീട് മദ്രാസ് പ്രസിഡൻസി പദ്ധതി ഉപേക്ഷിച്ചെങ്കിലും പെന്നിക്വിക്ക് ബ്രിട്ടനിലുള്ള സ്വത്തുക്കൾ വിറ്റ പണവുമായി തിരികെയെത്തി നിർമാണം നടത്തി. 1895 ഒക്ടോബർ പത്തിന് വെന്റ്‌ലോക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ട് കമീഷൻ ചെയ്തു. 2014ൽ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തിയത്. അതിനു ശേഷം അഞ്ച് തവണ ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടു, 2018 ലെ വൻ പ്രളയ വേളയിൽ ഉൾപ്പെടെ.
999 വർഷത്തേക്ക്
മുല്ലപ്പെരിയാറിന്റെ
കാര്യത്തിൽ 999 വർഷത്തേക്കുണ്ടാക്കിയ പാട്ടക്കരാർ 1886 ജനുവരി ഒന്നിനാണ്
തിരുവിതാംകൂറും മദ്രാസ് സംസ്ഥാനവും തമ്മിൽ ഒപ്പ് വെച്ചത്. കരാറടിസ്ഥാനത്തിൽ
8,000 ഏക്കർ സ്ഥലം ജലസംഭരണിക്കും 100 ഏക്കർ സ്ഥലം മറ്റു നിർമാണ
പ്രവർത്തനങ്ങൾക്കുമായി നൽകി. പെരിയാർ പ്രോജക്ട് എന്ന പേരിൽ
അറിയപ്പെടുന്നത് ഈ പ്രദേശമാണ്.
പെരിയാർ തടാകത്തിലെ ജലം കിഴക്കോട്ട്
തിരിച്ചുവിട്ട് മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം ജില്ലകളിൽ ജലസേചനം
നടത്തുക എന്നത് മാത്രമായിരുന്നു ഈ കരാർ കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
ഇക്കാര്യത്തിൽ മദ്രാസിന്റെ ഭാഗത്തു നിന്ന് 1940ൽ ആദ്യത്തെ
കരാർലംഘനമുണ്ടായി. തടാകത്തിൽ നിന്നും ടണലിലൂടെ മധുരയിൽ ഒഴുകിയെത്തുന്ന ജലം
ഉപയോഗപ്പെടുത്തി അവർ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള രൂപരേഖ തയ്യാറാക്കി.
ജലസേചനത്തിനല്ലാതെ
കുടിവെള്ളമായി പോലും ഈ വെള്ളം ഉപയോഗിക്കുന്നത് കരാർ ലംഘനമാണെന്ന്
തിരുകൊച്ചി വാദിച്ചു. തർക്കമായി. ഒടുവിൽ തിരു കൊച്ചിയുടെ വാദം ശരിവെക്കുന്ന
തീർപ്പുമുണ്ടായി. എന്നാൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമം മദ്രാസ്
സർക്കാർ തുടർന്നുകൊണ്ടേയിരുന്നു. 1956-59 കാലഘട്ടത്തിൽ മൂന്ന്
പെൻസ്റ്റോക്ക് പൈപ്പുകളുടെ പണി അവർ പൂർത്തിയാക്കി. പിന്നീങ്ങോട്ട് കരാർ
ലംഘിച്ചുകൊണ്ടവർ വൈദ്യുതി ഉത്പാദനം ആരംഭിച്ചു. 1965ൽ അവർ അനധികൃതമായി
നാലാമതായി ഒരു പെൻസ് സ്റ്റോക്ക് പൈപ്പ് കൂടി സ്ഥാപിച്ചു.
1956ൽ കേരള
രൂപവത്കരണ ശേഷം പെരിയാർ പാട്ടക്കരാർ പുതുക്കുന്നതിന് തമിഴ്‌നാട് സർക്കാർ
കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുകയുണ്ടായി. 1958ലും 1969ലും അന്നത്തെ
മുഖ്യമന്ത്രിയായിരുന്ന ഇഎംഎസുമായും 1960ൽ മുഖ്യമന്ത്രിയായിരുന്ന പട്ടം
താണുപിള്ളയുമായും ഇതുസംബന്ധിച്ച് അവർ ചർച്ച നടത്തി. ഇതിന്റെ
തുടർച്ചയെന്നോണം 1979 മെയ് 29ന് അച്യുത മേനോൻ മുഖ്യമന്ത്രിയായിരിക്കെ
മുല്ലപ്പെരിയാർ കരാർ 1954 മുതൽക്കുള്ള മുൻകാല പ്രാബല്യത്തോടെ പുതുക്കി
നിശ്ചയിക്കപ്പെടുകയും ചെയ്തു.
ഒരു നൂറ്റാണ്ടു മുമ്പ് കല്ലും ചെളിയും ചുണ്ണാമ്പും ശർക്കരയും ചേർത്തുനിർമിച്ച അണക്കെട്ട് പണിത സമയത്ത് ചെറിയ തോതിലും അതിനുശേഷം 1964, 72, 79 കാലങ്ങളിൽ കൂടിയ തോതിലും ചോർച്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഡാമിന്റെ സുരക്ഷിതത്വം മുൻനിർത്തിയുള്ള റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ് ക്യാപ്പിംഗ്, റിസർവോയർ ലെവൽ 136 അടിയിലേക്ക് താഴ്ത്തൽ, വേണ്ട രീതിയിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തൽ, കൂടുതലായി സ്പിൽവേകൾ പണിയൽ തുടങ്ങിയവ നടത്തി. മെയിൻ ഡാമിന്റെ സ്പിൽവേയുടെ നേരെ മറുഭാഗത്ത് ഇന്നുകാണുന്ന ബേബി ഡാം കരാർ വ്യവസ്ഥ ലംഘിച്ച് തമിഴ്‌നാട് നടത്തിയ പണിയാണ്. കരാർ ലംഘിച്ചു നടത്തിയ നിർമാണമായതിനാൽ ബേബി ഡാം വേണമെങ്കിൽ കേരള സർക്കാരിനു പൊളിച്ചുമാറ്റാമെന്നതാണ് നിയമോപദേശം.
അങ്ങനെ ചെയ്യുന്ന പക്ഷം ജലസംഭരണിയിൽ 115 അടിയിലേറെ ജലനിരപ്പ് ഒരിക്കലും ഉയർത്തിനിർത്താൻ തമിഴ്‌നാടിന് സാധിക്കില്ല. പക്ഷേ കേരളം ഏറ്റുമുട്ടലിന്റെ പാതയല്ല; സമാധാന മാർഗമാണ് സ്വീകരിച്ചിട്ടുള്ളത്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിന്നപ്പോൾ കോടതി വിധി അവർക്കനുകൂലമായി എന്ന നിരീക്ഷണമുണ്ട്. നേരത്തെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആനന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി റിപ്പോർട്ടും അവർക്കനുകൂലമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി പി. ചിദംബരവും മുഖ്യമന്ത്രി ജയലളിതയും കരുണാനിധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും ഈ വിഷയത്തിൽ ഒന്നിച്ചു നിന്നു.
വൈകാരിക പ്രശ്‌നമാക്കി മുല്ലപ്പെരിയാറിനെ അവർ സജീവമാക്കി നിലനിർത്തി. എന്നാൽ കേരളത്തിൽ അതേ തരത്തിലുള്ള രാഷ്ട്രീയ ഐക്യം ഒരിക്കലുമുണ്ടായില്ല. എന്തായാലും, അന്തർസംസ്ഥാന ബന്ധങ്ങൾ അടങ്ങിയിരിക്കുന്ന ഈ വിഷയത്തിൽ കൂട്ടായ ചർച്ചയും സമവായവും അനിവാര്യം തന്നെ. അതേസമയം, നാടിന്റെ സുരക്ഷ എന്നതു തന്നെയാവണം മുഖ്യ ചിന്ത. അതു കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളുടെ സമൃദ്ധിയും നിലനിർത്തിക്കൊണ്ടുതന്നെയാകണമെന്നതും പ്രധാനം.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്