നേട്ടങ്ങളുടെ നെറുകയിൽ ആദരവിന്റെ പൊൻകിരീടവുമായി കേരള സെന്റർ 2026ലെ അവാർഡുകൾ സമ്മാനിച്ചു

OCTOBER 28, 2026, 12:44 AM

എൽമണ്ട്, ന്യൂയോർക്ക്: കേരള സെന്ററിന്റെ 34-ാമത് അവാർഡ്ദാന ചടങ്ങ് പ്രൗഢ ഗംഭീരമായി. ഒക്ടോബർ 24 വൈകുന്നേരം എൽമണ്ടിലെ സെന്റർ ആസ്ഥാനത്തായിരുന്നു അവാർഡ്ദാന ചടങ്ങ്. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരും സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമായ ഒമ്പത് വ്യക്തികളെയാണ് അവാർഡ് നൽകി ആദരിച്ചത്.

ഈ വർഷം ആദരിക്കപ്പെട്ടവരും അവരുടെ പ്രവർത്തന മേഖലകളും: ലെജിസ്ലേറ്റർ ആനന്ത് നമ്പ്യാർ - രാഷ്ട്രീയ നേതൃത്വം & മുഖ്യപ്രഭാഷകൻ, ഡോ. ജോ വർഗീസ് - വൈദ്യശാസ്ത്രം, ഡോ. ബീന എസ്. പീറ്റേഴ്‌സ് - നഴ്‌സിംഗ് നേതൃത്വം, ഡോ. ഗിരീഷ് കുമാർ പണിക്കർ - അപ്ലൈഡ് സയൻസ്, ടി. എസ്. നന്ദകുമാർ - പെർഫോമിംഗ് ആർട്‌സ്, സിബി ഡേവിഡ് - കമ്മ്യൂണിറ്റി സർവീസ്, പ്രിൻസ് ജോൺസൺ - വിദ്യാഭ്യാസം, ജോസ് ചെരിപുറം - പ്രവാസി മലയാള സാഹിത്യം, ഇൻസ്‌പെക്ടർ ഷിബു മധു - ഗവൺമെന്റ് & പബ്ലിക് സർവീസ്.

കേരള സെന്റർ ബോർഡ് മെമ്പറും പ്രോഗ്രാം ചെയർമാനുമായ ജെസ്വിൻ സാമുവലിന്റെ ആമുഖ പ്രസംഗത്തോടെ പുരസ്‌കാര ചടങ്ങിന് തിരശീല ഉയർന്നു. ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ ആയിരുന്നു എംസി. ബെയ്‌ലി സ്റ്റീഫന്റെ അമേരിക്കൻ ദേശീയ ഗാനവും ബിൻസി ചെറിയാന്റെ ഇന്ത്യൻ ദേശീയ ഗാനവും ഹൃദയഹാര്യമായിരുന്നു. പ്രസിഡന്റ് അലക്‌സ് കെ. എസ്തപ്പാൻ സെന്ററിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചുകൊണ്ട് അവാർഡ്ദാന ചടങ്ങ് ധന്യമാക്കാൻ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു.

vachakam
vachakam
vachakam


നാസ്സോ കൗണ്ടി ലെജിസ്ലേറ്റർ കാരിയെ സൊളേജസ്, മുൻ സെനറ്റർ കെവിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിക്കാനും അവാർഡുകൾ സമ്മാനിക്കാനും സന്നിഹിതരായിരുന്നു.

ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി അംഗവുമായ ഡോ. തോമസ് എബ്രഹാം കേരള സെന്ററിന്റെ പ്രവർത്തനങ്ങളും ചരിത്രവും വിവരിച്ചു സംസാരിച്ചു. ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്‌കരൻ അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ വിവരിച്ച് സംസാരിക്കുകയും മുഖ്യപ്രഭാഷകനും രാഷ്ട്രീയ നേതൃത്വത്തിനുള്ള അവാർഡ് ജേതാവുമായ വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി ലെജിസ്ലേറ്റർ ആനന്ത് നമ്പ്യാരെ പരിചയപ്പെടുത്തി.

vachakam
vachakam
vachakam

അദ്ദേഹം കൗണ്ടിയിലെ ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കനും ഹിന്ദുമതവിശ്വാസിയുമായ അംഗമാണ്. ലെജിസ്ലേറ്റർ നമ്പ്യാർ തന്റെ പ്രസംഗത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം ഇവിടുത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ കൂടുതൽ ഭാഗഭാക്കാകണമെന്നും അമേരിക്കയെ ഒരു എടിഎം മെഷീനായി മാത്രം കാണരുതെന്നും ഉത്‌ബോധിപ്പിച്ചു. കേരള സെന്റർ ഗ്രാൻഡ് പേട്രനും ട്രസ്ടീ ബോർഡ് മെംബറും ആയ വർക്കി എബ്രഹാം അവാർഡ് സമ്മാനിച്ചു.


വൈദ്യശാസ്ത്രത്തിലെ നേട്ടത്തിനുള്ള അവാർഡ് ലഭിച്ച ഡോ. ജോ വർഗ്ഗീസ് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിൽ ന്യൂറോളജി വിഭാഗത്തിലെ ചെയർമാനും ഡിസ്റ്റിംഗ്വിഷ്ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമാണ്. അമേരിക്കൻ മലയാളികൾക്കിടയിൽ കുടിയേറ്റംകൊണ്ട് കോഗ്‌നിഷനിൽ ഉണ്ടാകുന്ന വ്യതിയാനകളെ പരിശോധിക്കുന്ന എൻ.ഐ.എച്ച് ധനസഹായത്തോടെയുള്ള 'അക്കരെ' ഗവേഷണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. കേരള സെന്റർ യൂത്ത് ഫോറം ട്രഷറർ ജോയൽ തോമസ് അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റർ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. തോമസ് എബ്രഹാം അവാർഡ് സമ്മാനിച്ചു.

vachakam
vachakam
vachakam

നഴ്‌സിംഗ് നേതൃത്വത്തിന് അവാർഡ് ലഭിച്ച ഡോ. ബീന പീറ്റേഴ്‌സ് യുഎസ്എയിലെ മൂന്നാമത്തെ വലിയ പൊതുജനാരോഗ്യ സംവിധാനമായ കുക്ക് കൗണ്ടി (ഷിക്കാഗോ) ഹെൽത്തിലെ സിസ്റ്റം ചീഫ് നഴ്‌സിംഗ് എക്‌സിക്യൂട്ടീവ് ആയിരുന്നു. ആരോഗ്യ സാങ്കേതിക കമ്പനിയായ എച്ച്ആർടിഎൽവൈ ഇകോർപ്പറേറ്റഡിന്റെ (HRTLY, Inc.) സഹസ്ഥാപകയും ഇപ്പോഴവർ അതിന്റെ ചീഫ് ക്ലിനിക്കൽ ഓഫീസറുമാണ്. കേരള സെന്റർ അവാർഡ് കമ്മിറ്റി മെമ്പർ ഡോ. മേരിലിൻ ജോർജ് അവരെ പരിചയപ്പെടുത്തി. കേരള സെന്റർ ബോർഡ് ചെയർമാൻ ഡോ. മധു ഭാസ്‌കരൻ അവാർഡ് സമ്മാനിച്ചു.

അപ്ലൈഡ് സയൻസിൽ അവാർഡ് ലഭിച്ച ഡോ. ഗിരീഷ് കുമാർ പണിക്കർ ഹോർട്ടികൾച്ചറൽ വിളകളെക്കുറിച്ചുള്ള സിഫാക്ടർ (കവർ ആൻഡ് മാനേജ്‌മെന്റ്) ഗവേഷണത്തിൽ പ്രാവീണ്യമുള്ള അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ കാർഷിക ശാസ്ത്രജ്ഞനാണ്. മിസിസിപ്പിയിലെ ആൽകോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് ആൻഡ് സോയിൽ സയൻസസിൽ പ്രൊഫസറും യുഎസ്ഡിഎ കൺസർവേഷൻ റിസർച്ച് സെന്ററിന്റെ ഡയറക്ടറുമാണ് അദ്ദേഹം. കേരള സെന്ററിന്റെ മുൻ അവാർഡിയായ ജോഹരത്ത് കുട്ടി അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റർ ട്രസ്റ്റീ ബോർഡ് മെമ്പർ ഡോ. ഉണ്ണി മൂപ്പൻ അവാർഡ് സമ്മാനിച്ചു.


പെർഫോമിംഗ് ആർട്‌സിൽ അവാർഡ് ലഭിച്ച ടി.എസ്. നന്ദകുമാർ ഇന്ത്യൻ രാഷ്ട്രപതിയിൽനിന്ന് സംഗീത നാടക അക്കാദമി അവാർഡും മറ്റ് നിരവധി ബഹുമതികളും നേടിയിട്ടുള്ള വ്യക്തിയാണ്. ബോംബെ നന്ദകുമാർ എന്നും അറിയപ്പെടുന്ന ടിഎസ്എൻ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ മൃദംഗ വിദഗ്ദ്ധൻ, അധ്യാപകൻ, സംഗീതസംവിധായകൻ, എഴുത്തുകാരൻ, ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ സാംസ്‌കാരിക അംബാസഡർ എന്നീനിലകളിൽ നിരവധി പതിറ്റാണ്ടുകളായുള്ള വിശിഷ്ടമായ ഒരു കരിയറാണ് അദ്ദേഹത്തിനുള്ളത്.

1998ൽ ബോംബെയിൽ സ്ഥാപിതമായതും പിന്നീട് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഇൻകോർപ്പറേറ്റ് ചെയ്തതുമായ ടിഎസ്എന്റെ പെർക്കസീവ് ആർട്‌സ് സെന്ററിന്റെ (ടിഎസ്എൻപിഎസി) സ്ഥാപകനാണ്. കേരള സെന്റർ മെമ്പർ ഷൈനു ഗീവർഗീസ് അദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ എബ്രഹാം ഫിലിപ്പ് അവാർഡ് സമ്മാനിച്ചു.

കമ്മ്യൂണിറ്റി സേവനത്തിന് അവാർഡ് ലഭിച്ച സിബി ഡേവിഡ് നാല് പതിറ്റാണ്ടുകളായി പൊതുസേവനം, കേരളീയ കലകൾ, സംസ്‌കാരം, മാനവിക സംരംഭങ്ങൾ, കമ്മ്യൂണിറ്റി നേതൃത്വം എന്നിവയിൽ സ്വയം സമർപ്പിച്ചിരിക്കുന്ന വ്യക്തിയാണ്. കേരള സെന്റർ യൂത്ത് ഫോറം സെക്രട്ടറി സാമുവൽ ജോസഫ് അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റർ ബോർഡ് മെമ്പറും കൈരളി ടിവി യൂസ്എ സാരഥിയുമായ ജോസ് കാടാപ്പുറം മുൻ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസിന്റെ സാന്നിദ്ധ്യത്തിൽ അവാർഡ് സമ്മാനിച്ചു.


വിദ്യാഭ്യാസമേഖലയിലെ മികവിനുള്ള അവാർഡ് ലഭിച്ച പ്രിൻസ് ജോൺസൺ 2026ലെ ന്യൂയോർക്ക് സ്റ്റേറ്റ് ടീച്ചർ ഓഫ് ദ ഇയർ അവാർഡും 2025ലെ ഗിൽഡർ ലേമൻ ന്യൂയോർക്ക് ഹിസ്റ്ററി ടീച്ചർ ഓഫ് ദ ഇയർ അവാർഡും നേടിയ 27 വർഷത്തെ പരിചയസമ്പന്നനായ അധ്യാപകനാണ്. കരിയർ, സാങ്കേതിക വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി വാദിക്കുന്ന അദ്ദേഹം ന്യൂയോർക്ക് നഗരത്തിലെ ഫുഡ് ആൻഡ് ഫിനാൻസ് ഹൈസ്‌കൂളിൽ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുകയും NYCPS ക്ലൈമറ്റ് എഡ്യൂക്കേഷൻ ലീഡർഷിപ്പ് ടീമിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. കേരള സെന്ററിന്റെ മുൻ അവാർഡിയായ ഡോ. അന്ന ജോർജ് അദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്ററിന്റെ മുൻ അവാർഡിയും ബോർഡ് മെമ്പറും ഫോമാ മുൻ പ്രസിഡന്റുമായ ബേബി ഊരാളിൽ അവാർഡ് സമ്മാനിച്ചു.

പ്രവാസി മലയാള സാഹിത്യത്തിൽ അവാർഡ് ലഭിച്ച ജോസ് ചെരിപുറം
പ്രതിഭാസമ്പന്നനായ കവിയും ഹാസ്യ സാഹിത്യകാരനുമാണ്. സർഗ്ഗവേദി, ലാന എന്നീ സാഹിത്യക്കൂട്ടായ്മകളിൽ സജീവമാണ് അദ്ദേഹം. കാവ്യനർത്തകി (കവിതകൾ 2011), അളിയന്റെ പടവലങ്ങ (നർമ്മം 2012) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ. അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ കവിത, നർമ്മം, ലേഖനങ്ങൾ എന്നിവ എഴുതുന്നത് തുടരുന്നു. കേരള സെന്റർ മെമ്പർ ആമി ചെരിപുറം അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റർ മെമ്പറും അമേരിക്കൻ മലയാളി സമൂഹത്തിന്റെ ആദരണീയ നേതാവുമായ ജെ. മാത്യൂസ് അവാർഡ് സമ്മാനിച്ചു.

സർക്കാർ, പൊതുസേവനം എന്നീ മേഖലകളിലെ മികവിനുള്ള 2025 ലെ അവാർഡു ജേതാവും എന്നാൽ ഫാമിലി എമർജൻസി കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഇൻസ്‌പെക്ടർ ഷിബു മധുവിനെ ഈ വർഷത്തെ ചടങ്ങിൽ ആദരിച്ചു. കേരള സെന്ററിന്റെ യൂത്ത് ഫോറം ട്രഷറർ ജോയൽ തോമസ് അദ്ദേഹത്തെ പരിചയപ്പെടുത്തി. കേരള സെന്റർ ട്രസ്ടീ ബോർഡ് മെമ്പർ അറ്റോർണി അപ്പൻ മേനോൻ അവാർഡ് സമ്മാനിച്ചു. ഈ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി ചെയർ മേരി ഫിലിപ്പ് മറ്റ് കമ്മിറ്റിയഗംങ്ങളായ ജോസ് കാടാപ്പുറം മാത്യു വാഴപ്പള്ളി എന്നിവരുടെ സാന്നിത്യത്തിൽ സർഗവേദി കോഓർഡിനേറ്റർ മനോഹർ തോമസിന് ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.


പയനിയർ ക്ലബ്, സർഗ്ഗവേദി, ഗോപിയോ, ഫൊക്കാന ഫോമാ മുതലായ സംഘടനകളുടെ നേതാക്കൾ ഉൾപ്പെടെ നിരവധി കമ്മ്യൂണിറ്റി സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

കേരള സെന്റർ ഭാരവാഹികളായ എബ്രഹാം തോമസ്, ജോൺ പോൾ, മാത്യു വാഴപ്പള്ളി, ജെയ്‌സൺ ഗീവർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന്റെ എംസിയായിരുന്ന ഡയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ ഈ പരിപാടിയെ ഹൃദയ സ്പർശിയായ ഒരനുഭവമാക്കി.

തഹ്‌സീൻ, ബിൻസി, പ്രേം കൃഷ്ണൻ എന്നിവരുടെ മനോഹരമായ ഗാനങ്ങളും ഡോ. മധു പിള്ള കോർഡിനേറ്റു ചെയ്യുന്ന കലാഗ്രൂപ്പിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാർഡ് ചടങ്ങിന് വർണ്ണപ്പകിട്ടേകി. സെക്രട്ടറി രാജു തോമസ് വിശിഷ്ട വ്യക്തികൾക്കും സദസ്യർക്കും സ്‌പോൺസേഴ്‌സിനും ഈ പരിപാടി വിജയിപ്പിക്കുവാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.

കൊട്ടിലിയൻ റെസ്റ്ററന്റ് കേറ്റർ ചെയ്ത വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി 2026 ലെ അവാർഡ് ദാന
ചടങ്ങിന് തിരശീല വീണു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam