പൃഥ്വിരാജ് കപൂർ എന്ന നടനേയും ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിനേയും നർത്തകിയായ രുഗ്മിണീദേവി അരുൺഡേലിനേയും നിയമജ്ഞനായ അല്ലാടി കൃഷ്ണസ്വാമി അയ്യരേയും പോലെയുള്ളവരെ ഉൾപ്പെടുത്തി ആരംഭിക്കുകയും സാലിം അലിയും ഷബാനാ ആസ്മിയും എം.എഫ്. ഹുസൈനും പോലെയുള്ളവർ ഇടം പിടിക്കുകയും സച്ചിൻ ടെൻഡുൽക്കറും ഇളയരാജയും പോലെയുള്ളവർ എത്തിച്ചേരുകയും ചെയ്ത ഒരു പട്ടികയിലേക്കാണ് ഒരു സാധാരണ രാഷ്ട്രീയപ്രവർത്തകനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നും ആർ.എസ്.എസുകാരനായ സദാനന്ദനെ രാഷ്ടപതി രാജ്യസഭാംഗമാക്കിയ സംഭവം ഏറെയൊന്നും ചർച്ച ചെയ്യപ്പെടാതെ പോയി. അതിനു കാരണം മറ്റു ചില സംഭവവികാസങ്ങൾ ഉരുത്തിരിഞ്ഞു വന്നതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ ബോധപൂർവ്വം അങ്ങിനെ ഉണ്ടാക്കിയെടുത്തതുമാകാം.
സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ സവിശേഷ ജ്ഞാനമോ അനുഭവസമ്പത്തോ ഉള്ള പ്രമുഖരെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 80 രാഷ്ട്രപതിക്കു നൽകുന്ന അവസരമുപയോഗിച്ചാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. സ്വതന്ത്രഭാരതത്തിൽ ഈ ബഹുമതി ആദ്യമായി ലഭിച്ച മലയാളി അന്ന് മലയാളികൾക്കിടയിൽ മാത്രമല്ല അഖിലേന്ത്യാതലത്തിൽ തന്നെ അറിയപ്പെട്ടിരുന്ന സർദാർ കെ.എം. പണിക്കരാണ്.
തുടർന്നുള്ള വർഷങ്ങളിൽ, ഗാന്ധിജിയുടെ സഹപ്രവർത്തകനായും ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറായും രാജ്യമൊട്ടാകെ അറിയപ്പെട്ട ജി. രാമചന്ദ്രനും രാഷ്ട്രത്തെയാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാമും ഹരിതവിപ്ലവനായകനായ കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനും ബഹിരാകാശ ശാസ്ത്രജ്ഞനായ കെ. കസ്തൂരി രംഗനും ഒക്കെയാണ് നാമനിർദേശത്തിലൂടെ രാജ്യസഭയിലെത്തിയ മലയാളികൾ. കേരളത്തിനു മാത്രമല്ല, ഭാരതത്തിനും ലോകത്തിനാകെയും ഈടുറ്റ സംഭാവനകൾ നൽകി ചരിത്രവ്യക്തിത്വങ്ങളായവർ.
2014 ൽ ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് പേരെ നാമനിർദ്ദേശം ചെയ്തിരുന്നു. ഭരത് അവാർഡ് നേടിയ നടൻ സുരേഷ് ഗോപിയെയും ഒളിംപ്യൻ പി.ടി. ഉഷയെയും ആണ് നേരത്തെ നാമനിർദ്ദേശം ചെയ്തത്. സുരേഷ് ഗോപി പിന്നീട്, ബി.ജെ.പി സ്ഥാനാർത്ഥിയായി നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിക്കുകയും ലോക്‌സഭയിലേക്ക് തൃശൂരിൽ നിന്ന് ജയിച്ച് ബി.ജെ.പിക്ക് കേരളത്തിൽ നിന്നുള്ള ആദ്യ ലോകസഭാ ജയം സമ്മാനിക്കുകയും ചെയ്തു.
കേരളത്തിൽ നിന്ന് ആദ്യമായാണ് പൂർണ്ണ സമയ, ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകനായ ഒരാളെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ വന്ന് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഈ തിരുമാനം വരുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്.
സദാശിവൻ എന്ന വ്യക്തിയെ ബി.ജെ.പി നിർദ്ദേശിച്ചിരുന്നെങ്കിൽ ആരും അത് എതിക്കാൻ പോകുകയില്ല. സ്വന്തം പാർട്ടിക്കുവേണ്ടി അക്രമത്തിൽ പരിക്കേറ്റ ഒരാളെ ആ രാഷ്ട്രീയപാർട്ടിക്കു സംരക്ഷിക്കാനോ ഉയർത്തിക്കാട്ടാനോ ശ്രമിക്കാം. അവർക്കു തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ നൽകാം.
ജനം പരാജയപ്പെടുത്തുകയാണെങ്കിൽ (അത് ഇദ്ദേഹത്തിന്റെ കാര്യത്തിൽ രണ്ടുവട്ടം സംഭവിച്ചിട്ടുണ്ടത്രെ) മറ്റ് അവസരങ്ങൾ ഭരണകക്ഷികൾക്കു ലഭ്യമാണ്. രാജ്യസഭയിലേക്കു തന്നെ മത്സരിപ്പിച്ച് അംഗമാക്കാം. നിയമസഭകളിലെ ഭൂരിപക്ഷമനുസരിച്ച് അതു സാധ്യമാണ്. ഫലത്തിൽ അതും ജനഹിതത്തെ മറികടക്കുന്ന മാർഗമാണെങ്കിലും നിയമസഭകളിലേക്കു നേടിയ ജനാധിപത്യജയങ്ങളെ അടിസ്ഥാനമാക്കി തങ്ങൾക്കിഷ്ടമുള്ളവരെ രാജ്യസഭയിലേക്കെത്തിക്കാൻ ഈ വഴി രാഷ്ട്രീയകക്ഷികൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്. അതിപ്പോൾ ഒരു നാട്ടുനടപ്പുപോലെയായിരിക്കുന്നു. ഇപ്പോൾ അരങ്ങേറിയ രീതി ഏറെതാമസിയാതെ നാട്ടുനടപ്പാകുകയും ചെയ്‌തേക്കാം..!
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരാളാണ് എറ്റവും ഒടുവിൽ രാജ്യസഭയിലെത്തിയിരിക്കുന്ന വ്യക്തി. കണ്ണൂർ ജില്ലയിൽ അഞ്ച് വർഷത്തിന്റെ ഇടവേളയിൽ സി.പി.എമ്മിലെ സുധീഷും, സദാനന്ദനും അക്രമരാഷ്ടീയത്തിന്റെ ഇരകളാണ്. ഈ രണ്ട് നേതാക്കളും എതിർപാർട്ടിക്കാരുടെ അക്രമത്തിന് ഇരയായത്.
1994 ജനുവരി 25ന്, അന്ന് ആർ.എസ്.എസിന്റെ ജില്ലാ സഹകാര്യവാഹ് ആയിരുന്ന സദാനന്ദന് സി.പി.എം പ്രവർത്തകരുടെ വെട്ടേറ്റാണ് ഇരുകാലുകളും നഷ്ടപ്പെട്ടത്. ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹകയായിരുന്ന സമയത്താണ് യുവാവായ സദാനന്ദൻ രാഷ്ട്രീയ അക്രമത്തിനിരയാകുന്നത്. 1994 ജനുവരി 25 രാത്രി 8.20 സദാനന്ദന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
രണ്ട് കാലുകളിലും വെട്ടേറ്റ് വീണ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. സംഭവം നടക്കുമ്പോൾ മുപ്പത് വയസ്സായിരുന്നു. ഇതിന് തിരിച്ചടിയായി 24 മണിക്കൂറിനകം നടത്തിയ അതിക്രമത്തിൽ അന്ന് എസ്.എഫ്.ഐ സംസ്ഥാന നേതാവും ജില്ലാപഞ്ചായത്തംഗവുമായിരുന്ന കെ.വി. സുധീഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് ദിവസങ്ങളോളം കണ്ണൂർ സംഘർഷഭരിതമായി തുടർന്നു എന്നത് ചരിത്രം..!
കേരളത്തിലെ അക്രമരാഷ്ട്രീയം ദേശീയതലത്തിൽ ചർച്ചാവിഷയമാക്കാനാണത്രെ ഈ നാമനിർദേശം. അപ്പോൾ ഭരണഘടനയോ? ഭരണഘടനയുടെ എൺപതാം വകുപ്പ് വിഭാവനം ചെയ്ത ഉന്നതലക്ഷ്യങ്ങളോ?
നടനായ പൃഥ്വിരാജ് കപൂറും ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസും നർത്തകിയായ രുഗ്മിണീദേവ് അരുൺഡേലും നിയമജ്ഞനായ അല്ലാടി കൃഷ്ണസ്വാമി അയ്യരും പോലെയുള്ളവരെ ഉൾപ്പെടുത്തി ആരംഭിക്കുകയും സാലിം അലിയും ഷബാനാ ആസ്മിയും എം.എഫ്. ഹുസൈനും പോലെയുള്ളവർ ഇടം പിടിക്കുകയും സച്ചിൻ ടെൻഡുൽക്കറും ഇളയരാജയും പോലെയുള്ളവർ എത്തിച്ചേരുകയും ചെയ്ത ഒരു പട്ടികയിലേക്കാണ് ഒരു സാധാരണ രാഷ്ട്രീയപ്രവർത്തകനെ നിയോഗിച്ചിരിക്കുന്നത്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്