കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ കുതിച്ചുചാട്ടമായേക്കാവുന്ന മൂന്നാം റെയിൽപ്പാത ആലപ്പുഴ വഴി നിർമ്മിക്കുന്ന കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും റെയിൽവേ ബോർഡിന്റെയും സജീവ പരിഗണനയിൽ.
കോട്ടയം വഴി മാത്രം മൂന്നാം പാത പരിമിതപ്പെടുത്താതെ, ആലപ്പുഴ തീരദേശ പാതയെക്കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുസംബന്ധിച്ച് കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് അനുകൂലമായ ഉറപ്പ് ലഭിച്ചിട്ടുണ്ട്.
നിലവിൽ പുരോഗമിക്കുന്ന എറണാകുളം-അമ്പലപ്പുഴ രണ്ടാം റെയിൽപ്പാതയുടെ പണി പൂർത്തിയാകുന്ന മുറയ്ക്ക് മൂന്നാം പാതയുടെ നിർമ്മാണവും ആരംഭിക്കുമെന്നാണ് സൂചന. അമ്പലപ്പുഴ-തുറവൂർ റീച്ചിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടില്ലെങ്കിലും പാത നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ ക്ഷണിച്ചിട്ടുണ്ട്. രണ്ടാം പാതയുടെ ഭൂമിയേറ്റെടുക്കലിനൊപ്പം തന്നെ മൂന്നാം പാതയ്ക്ക് ആവശ്യമായ ഭൂമി കൂടി ഏറ്റെടുക്കാൻ സാധിച്ചാൽ ചെലവും സമയവും ഒരുപോലെ ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മംഗലാപുരം മുതൽ തിരുവനന്തപുരം വരെ മൂന്നാം പാത യാഥാർത്ഥ്യമാകുന്നത് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. കോട്ടയം വഴിയുള്ള പാതയിൽ ധാരാളം വളവുകളും കയറ്റിറക്കങ്ങളും ഉള്ളതിനാൽ വേഗതയേറിയ ചരക്കുഗതാഗതത്തിന് പരിമിതികളുണ്ട്. എന്നാൽ കുറഞ്ഞ വളവുകളുള്ള ആലപ്പുഴ തീരദേശ പാതയിലൂടെ ചരക്കു ട്രെയിനുകൾ വേഗത്തിൽ കടത്തിവിടാൻ സാധിക്കുമെന്നത് പദ്ധതിയുടെ പ്രധാന നേട്ടമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
