കള്ളപ്പണവേട്ടയോ അതോ സാമ്പത്തിക തിരിച്ചടിയോ? നോട്ടുനിരോധനം ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍

NOVEMBER 7, 2026, 9:38 PM

2016 നവംബര്‍ എട്ടിലെ നോട്ടുനിരോധന പ്രഖ്യാപനത്തിന് പത്തുവര്‍ഷം തികയുമ്പോള്‍, അന്നത്തെ ആ ബിഗ് ബാങ് നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ അകല്‍ച്ചയുണ്ടെന്ന സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറന്‍സിയും പിന്‍വലിച്ചത് കള്ളപ്പണം, ഹവാല, അഴിമതി, ഭീകരപ്രവര്‍ത്തനം എന്നിവ പൂര്‍ണ്ണമായി തുടച്ചുനീക്കുമെന്ന വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍, പിന്‍വലിച്ച പണത്തിന്റെ 99 ശതമാനവും തിരികെ ബാങ്കുകളിലെത്തിയെന്നും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതില്‍ ഈ നയം പരാജയപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

എടിഎമ്മുകള്‍ക്ക് മുന്നില്‍ ജനം ക്യൂനിന്ന് വലഞ്ഞ ആ രാത്രി രാജ്യത്തിന്റെ ഗ്രാമീണ, അസംഘടിത മേഖലകളില്‍ കനത്ത സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം മൂന്നുകോടിയില്‍ നിന്ന് 7.8 കോടയായി ഉയര്‍ന്നതും നോട്ടു നിരോധനത്തിന്റെ പരോക്ഷമായ ഗുണഫലങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക രംഗത്തെ ഈ ഡിജിറ്റല്‍വത്കരണം കോര്‍പ്പറേറ്റുകളുടെ കൈകളില്‍ ഉപഭോക്തൃ വിവരങ്ങളും കനത്ത നികുതി ഭാരവും എത്തിക്കുന്നതിന് കാരണമായെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. കൂടാതെ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധനയോടൊപ്പം വലിയ തോതിലുള്ള തട്ടിപ്പുകള്‍ക്കും ഇത് വഴിയൊരുക്കിയിട്ടുണ്ട്.

തുടര്‍ന്നുവന്ന ജി.എസ്.ടിയും കോവിഡും കൂടിയായതോടെ രാജ്യത്തെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും ആശ്രയിക്കുന്ന അസംഘടിത മേഖല ഇപ്പോഴും പൂര്‍ണ്ണമായി കരകയറിയിട്ടില്ല. സ്വര്‍ണവും റിയല്‍ എസ്റ്റേറ്റും പോലുള്ള മറ്റ് രൂപങ്ങളിലേക്ക് കള്ളപ്പണം വഴിമാറുന്നത് തടയാന്‍ തക്കവഴക്കമുള്ള നടപടികള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നാണ് ഈ പത്താം വര്‍ഷത്തില്‍ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന പ്രധാന വിലയിരുത്തല്‍. രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഭൂരിഭാഗവും ആശ്രയിക്കുന്ന അസംഘടിതമേഖലയെയും ഗ്രാമീണമേഖലയെയും ഈ ഇരട്ട പ്രഹരങ്ങള്‍ വളരെ ദോഷകരമായാണ് ബാധിച്ചത്. രാജ്യത്തെ 90 ശതമാനത്തോളം ജനങ്ങളും ഏതെങ്കിലും വിധത്തില്‍ അസംഘടിത മേഖലയുമായാണ് ബന്ധപ്പെട്ട് ജീവിക്കുന്നത്. നോട്ടുനിരോധനം ഈ മേഖലയുടെ പണലഭ്യതയെ പെട്ടെന്ന് സ്തംഭിപ്പിച്ചു.

ദ്രുതഗതിയിലുള്ള ആ സാമ്പത്തിക ആഘാതം ചെറുകിട കച്ചവടക്കാരെയും ഗ്രാമീണ വിപണികളെയും പൂര്‍ണ്ണമായി തളര്‍ത്തി. പണത്തിന് പകരമായി ഡിജിറ്റല്‍ ഇടപാടുകള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ സജ്ജമല്ലാതിരുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതം വലിയ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെ വന്ന ജി.എസ്.ടി നടപ്പാക്കല്‍ രീതിയും സങ്കീര്‍ണ്ണതകളും ഈ മേഖലയ്ക്ക് മേല്‍ മറ്റൊരു വലിയ പ്രഹരമായി മാറി. വലിയ തോതിലുള്ള നികുതി അടയ്ക്കാനും സങ്കീര്‍ണ്ണമായ അക്കൗണ്ടിംഗ് രീതികള്‍ പാലിക്കാനും ആവശ്യമായ സാങ്കേതിക അറിവുകളോ സംവിധാനങ്ങളോ ഇല്ലാതിരുന്ന ചെറുകിട നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പലരും തങ്ങളുടെ ബിസിനസ്സ് അവസാനിപ്പിക്കുകയോ വലിയ കോര്‍പ്പറേറ്റുകളുടെ ഉപകരാര്‍ ജോലികളിലേക്ക് ചുരുങ്ങുകയോ ചെയ്തു.

കാര്‍ഷിക മേഖലയും ഗ്രാമീണ സമ്പദ്വ്യവസ്ഥയും ഈ പ്രതിസന്ധികളുടെ ആഘാതത്തില്‍ നിന്ന് ഇനിയും പൂര്‍ണ്ണമായി മോചിതരായിട്ടില്ല. തൊഴിലവസരങ്ങള്‍ കുറഞ്ഞതും യഥാര്‍ത്ഥ കൂലി വര്‍ധിക്കാത്തതും അസംഘടിത തൊഴിലാളികളുടെ ജീവിത നിലവാരം താഴേക്ക് നയിച്ചു. ഈ ഗുരുതരമായ പ്രതിസന്ധികളില്‍ നിന്ന് ചെറുകിട സംരംഭങ്ങളെയും അസംഘടിത മേഖലയെയും കരകയറ്റാന്‍ ഘടനാപരമായ സാമ്പത്തിക നയങ്ങളും ശക്തമായ പിന്തുണയും അത്യാവശ്യമാണ്. ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ കുറഞ്ഞ പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്ന ക്രെഡിറ്റ് ഗ്യാരന്റി പദ്ധതികള്‍ വിപുലീകരിക്കുകയും ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ മൂലധനം നല്‍കി ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പാക്കുകയും വേണം.

ജി.എസ്.ടി ഘടനയില്‍ കൂടുതല്‍ ലളിതമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചെറിയ വ്യാപാരികള്‍ക്ക് ലളിതമായ രീതിയില്‍ നികുതി അടയ്ക്കാനുള്ള കോമ്പോസിഷന്‍ സ്‌കീമിന്റെ പരിധി ഉയര്‍ത്തുകയും, റിട്ടേണ്‍ ഫയലിംഗ് നടപടികള്‍ ലളിതമാക്കുകയും, ചെറുകിട സ്ഥാപനങ്ങള്‍ക്ക് തിരികെ ലഭിക്കേണ്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കാലതാമസമില്ലാതെ ലഭ്യമാക്കുകയും ചെയ്യണം. ഗവണ്‍മെന്റ് വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നിശ്ചിത ശതമാനം എംഎസ്എംഇകളില്‍ നിന്നും കൈത്തറി മേഖലകളില്‍ നിന്നും നിര്‍ബന്ധമായും സംഭരിക്കേണ്ടതാണ്.

ഒ.എന്‍.ഡി.സി പോലുള്ള സൗജന്യ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലേക്ക് അസംഘടിത കച്ചവടക്കാരെ സൗജന്യമായി ചേര്‍ക്കുകയും വലിയ കോര്‍പ്പറേറ്റുകളോട് മത്സരിക്കാന്‍ പ്രാപ്തരാക്കുകയും വേണം. പരമ്പരാഗത ഉല്‍പ്പാദന രീതികളില്‍ നിന്ന് ആധുനിക യന്ത്രങ്ങളിലേക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലേക്കും മാറാന്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായവും സബ്സിഡിയും നല്‍കേണ്ടതുണ്ട്. ഒപ്പം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ്, ഇ-ശ്രം പോര്‍ട്ടല്‍ വഴിയുള്ള ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ കൂടുതല്‍ ശക്തമായി നടപ്പിലാക്കുകയും തൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണത്തിലൂടെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തുകയും ചെയ്യുന്നത് വഴി മാത്രമേ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സാധിക്കൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam