റിപ്പോര്‍ട്ടര്‍ ടി.വി അക്കൗണ്ടിലേക്ക് 336 കോടിയുടെ നിഗൂഢ നിക്ഷേപം; ജി.എസ്.ടി ഇന്റലിജന്‍സ് അന്വേഷണം ഊര്‍ജിതമാക്കി

NOVEMBER 7, 2026, 8:21 PM

കാഞ്ഞങ്ങാട്: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് ദുരൂഹതയേറുന്നു. കമ്പനിയുടെ അക്കൗണ്ടുകളിലെത്തിയ 336.47 കോടി രൂപയുടെ സ്രോതസ്സ് വ്യക്തമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം വിപുലമായ അന്വേഷണം ആരംഭിച്ചു. ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന അവകാശവാദത്തോടെ വിദേശ അക്കൗണ്ടിലേക്ക് അയച്ച 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് ആരോപണത്തില്‍ സമന്‍സ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ഏജന്‍സിയുടെ പുതിയ നീക്കം.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 549.22 കോടി രൂപയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഗോകുലം ചിറ്റ്സില്‍ നിന്നും ലഭിച്ച 137.75 കോടിയുടെയും ഹിന്ദുജ ഫിനാന്‍സ് കമ്പനി അനുവദിച്ച 75 കോടി രൂപയുടെയും വിവരങ്ങള്‍ മാത്രമാണ് നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. ശേഷിക്കുന്ന വലിയ തുകയുടെ സ്രോതസ്സാണ് ഏജന്‍സികളെ സംശയത്തിലാക്കിയിരിക്കുന്നത്.

ജി.എസ്.ടി തിരുവനന്തപുരം ജോയിന്റ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൊല്ലം ഇന്റലിജന്‍സ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എസ്.ബി.ഐ കാക്കനാട് ശാഖയിലെ അക്കൗണ്ട് വഴി മാത്രം 436 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. കൂടാതെ ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ കളമശ്ശേരി ശാഖകളിലെ അക്കൗണ്ടുകള്‍ വഴി 111.80 കോടി രൂപയും കമ്പനി കൈകാര്യം ചെയ്തു. അക്കൗണ്ടുകളിലേക്ക് പണം എത്തിയ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇത് പൂര്‍ണ്ണമായും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തല്‍ സാമ്പത്തിക ഇടപാടുകളുടെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

അതേസമയം, ഹിന്ദുജ ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് ആര്‍.ബി.സിക്ക് പണമെടുക്കാന്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ് ജാമ്യം നിന്നതെന്ന് എസ്.ഐ.ടി.ക്ക് നല്‍കിയ മറുപടിയില്‍ ധനകാര്യ സ്ഥാപനം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി, ടി.ബി.സി എന്റര്‍പ്രൈസസ്, എമരാജ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് പുറമെ മെല്‍ബി ജോസ്, ബില തെരേസ, കെ.ജെ. ജോസ്, റോജി എം. അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരുടെ പേരുകളിലായി എടുത്ത 75 കോടി രൂപയുടെ വായ്പ മുഴുവന്‍ ഒടുവില്‍ ആര്‍.ബി.സിയുടെ ഒറ്റ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ജി.എസ്.ടി ഇന്റലിജന്‍സിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam