ഷിക്കാഗോ: ക്നാനായ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ഷിക്കാഗോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയ സ്ഥാപനത്തിന്റെ 20-ാം വാർഷികാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തപ്പെടും.
2006ലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ തുടക്കം ക്നാനായ റീജിയനിലെ മറ്റ് സമൂഹങ്ങൾക്കും ദൈവാലയങ്ങൾ സ്ഥാപിക്കുന്നതിനും വളരുന്നതിനും പ്രചോദനമായി. ക്നാനായ വിശ്വാസവും തനതായ പാരമ്പര്യങ്ങളും തലമുറകളിലേക്ക് കൈമാറുന്നതിനുള്ള ഈ ദൈവാലയത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്.
ഞായറാഴ്ച രാവിലെ 10 മണിക്ക് വികാരി ഫാ. അബ്രാഹം കളരിയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വാർഷികാഘോഷ സമ്മേളനം നടക്കും. ക്നാനായ റീജിയൻ ഡയറക്ടർ റവ. ഫാ. തോമസ് മുളവനാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിൽ ചടങ്ങിൽ സന്നിഹിതനായിരിക്കും.
ഇടവക ട്രസ്റ്റിമാരായ തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽ കരോട്ട് എന്നിവരുടെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ ഏകോപിപ്പിക്കും.
അതോടൊപ്പം, ക്നാനായ കത്തോലിക്കർക്കായി കോട്ടയം അപ്പസ്തോലിക് വികാരിയാത്ത് പ്രത്യേകമായി സ്ഥാപിക്കാൻ അനുമതി നൽകിയതിലൂടെ, ക്നാനായ സമൂഹത്തിന്റെ വിശ്വാസവും തനതായ പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാനത്തിന് ശക്തമായ അടിത്തറ പാകിയ വി. പത്താം പീയൂസിന്റെ തിരുനാളും ഭക്തിപൂർവ്വം ആഘോഷിക്കും.
ഇടവകയുടെ ഏറ്റവും പ്രധാന ശുശ്രൂഷാമേഖലയായ വിശ്വാസപരിശീലന ക്ലാസ്സുകളുടെതുടക്കവും അന്നേദിവസമായിരിക്കും. ഈ ഇടവക സമൂഹത്തിന്റെ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി ഓണാഘോഷവും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറത്തുള്ള ക്നാനായ ജനതയുടെ ആദ്യത്തെ ദൈവാലയം എന്ന ചരിത്രപ്രാധാന്യവും സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയ്ക്കുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ക്നാനായ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതിലും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിലും ഈ ദൈവാലയം നിർണായകമായ പങ്കാണ് വഹിച്ചുവരുന്നത്.
ദൈവത്തിന്റെ അനന്തമായ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനുള്ള അവസരമാണ് ഈ ഇരുപതാം വാർഷികാഘോഷം. കഴിഞ്ഞ 20 വർഷത്തിനിടെ ഇടവക സമൂഹം അതിവേഗം വളരുകയും ശക്തമായ കൂട്ടായ്മയായി മാറുകയും ചെയ്തു. ഇടവകാംഗങ്ങളുടെ സഹകരണവും പിന്തുണയും കൂട്ടായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്ക് അടിത്തറയായത്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വർക്കുമായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷങ്ങളിൽ ദൈവം ചൊരിഞ്ഞ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിച്ചുകൊണ്ട്, വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ഈ മഹത്തായ ആഘോഷത്തിൽ എല്ലാവരും കുടുംബസമേതം പങ്കുചേർന്ന് വിജയിപ്പിക്കണമെന്ന് ഇടവകവികാരി ഫാ. അബ്രാഹം കളരിയ്ക്കലും ട്രസ്റ്റിമാരും അഭ്യർത്ഥിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
