തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ അധിക വായ്പയ്ക്ക് കേന്ദ്രാനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വം. തിങ്കളാഴ്ചയെങ്കിലും അനുമതി കിട്ടിയില്ലെങ്കില്‍ ഏകദേശം 6250 കോടിയുടെ വായ്പ നഷ്ടപ്പെടും. ഇതോടെ ട്രഷറി നിയന്ത്രണത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍.
തിങ്കളാഴ്ച മുതല്‍ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ട്രഷറികളില്‍ ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്കുമുകളിലുള്ള ചെക്കുകള്‍ ക്യൂ സിസ്റ്റത്തിലേക്ക് മാറ്റേണ്ടിവരുമെന്ന സൂചന ട്രഷറി ഓഫീസര്‍മാര്‍ക്ക് നല്‍കി. ഇതില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാവും. നേരത്തേ 26 മുതലുള്ള ബില്ലുകളാണ് ക്യൂവിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നത്. മാര്‍ച്ച് അവസാനം ബില്ലുകള്‍ മാറാനാകാത്ത അസാധാരണമായ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്.
വൈദ്യുതി മേഖലയിലെ പരിഷ്‌കാരം മുന്‍നിര്‍ത്തി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അരശതമാനം അധികകടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കാറുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തിന് ഇങ്ങനെ വായ്പ കിട്ടിയിരുന്നു. ഇത്തവണ ഇത്തരത്തില്‍ 6250 കോടിയാണ് കേരളത്തിന്റെ അര്‍ഹത. എന്നാല്‍, ഇതുവരെയും ഇതിന് കേന്ദ്രാനുമതി കിട്ടിയിട്ടില്ല.
റിസര്‍വ് ബാങ്കുവഴി കടപ്പത്രം ഇറക്കി വായ്പ എടുക്കാനുള്ള അവസാന അവസരം ചൊവ്വാഴ്ചയാണ്. ഇതിന് കേന്ദ്രം അനുമതി നല്‍കുകയും റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിക്കുകയും വേണം. വെള്ളിയാഴ്ച അനുമതി കിട്ടുമെന്ന് ധനവകുപ്പ് പ്രതീക്ഷിച്ചിരുന്നു. തിങ്കളാഴ്ചയെങ്കിലും കിട്ടിയാല്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയോടെ കടപ്പത്രം ഇറക്കാനാവുമെന്നാണ് പ്രതീക്ഷ. നടപടിക്രമം ഇളവ് നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ലെങ്കില്‍ അനുമതി കിട്ടിയാലും പ്രയോജനമുണ്ടാവില്ല.
അധികവായ്പകൂടി പ്രയോജനപ്പെടുത്തി ഈ വര്‍ഷത്തെ ചെലവ് നിര്‍വഹിക്കാനാണ് ധനവകുപ്പ് ആസൂത്രണം നടത്തിയിരുന്നത്. വൈദ്യുതി മേഖലയ്ക്കുള്ളതും കൂടി ചേര്‍ത്ത് ഡിസംബറിന് ശേഷം 12,000 കോടി രൂപ വായ്പയെടുക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. ഇതില്‍ 5990 കോടി അനുവദിച്ചത് എടുത്തുകഴിഞ്ഞു. ഇതുള്‍പ്പെടെ ഈ വര്‍ഷം 47,517 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്ന് കേരളം കടമെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്