സര്‍ക്കാരിന് കോളടിച്ചു! ജില്ലാ കലോത്സവങ്ങളുടെ അപ്പീല്‍ വഴി കിട്ടിയത് 80 ലക്ഷം

DECEMBER 27, 2024, 9:47 PM

പത്തംതിട്ട: ജില്ലാ കലോത്സവങ്ങളില്‍ പങ്കെടുത്ത് സംസ്ഥാനതല മത്സരത്തിന് യോഗ്യരാകാത്തവര്‍ നല്‍കിയ അപ്പീല്‍ അപേക്ഷകള്‍ വഴി സര്‍ക്കാരിന് ലഭിച്ചത് 80 ലക്ഷത്തോളം രൂപ. എല്ലാ ജില്ലകളിലുമായി രണ്ടായിരത്തോളം അപേക്ഷകള്‍ വന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ ഇരുനൂറോളം അപേക്ഷകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ജില്ലാ തലത്തില്‍ കൊടുക്കുന്ന അപ്പീല്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കിയ 5000 രൂപയില്‍ നിന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക എത്തിയത്. കെട്ടിവെച്ച പണം അപ്പീല്‍ അനുവദിച്ചാല്‍ മാത്രം തിരികെ നല്‍കുന്നതാണ് കലോത്സവ ചട്ടം. അപ്പീല്‍ അപേക്ഷകള്‍ക്കൊപ്പം ഒരു കോടി രൂപയാണ് എല്ലാ ജില്ലകളില്‍ നിന്നുമായി കിട്ടിയത്.

ഇരുനൂറോളം അപ്പീലുകള്‍ക്ക് അനുവാദം നല്‍കിയതിനാല്‍ 10 ലക്ഷത്തോളം രൂപ തിരികെ കൊടുക്കേണ്ടി വന്നു. ബാക്കിയുള്ള 90 ലക്ഷത്തോളം രൂപയില്‍ 10 ലക്ഷത്തോളം രൂപ അപ്പീലുകള്‍ക്ക് തീരുമാനമെടുക്കുന്ന നടപടികള്‍ക്ക് ചെലവായി. വിധികര്‍ത്താക്കളുടെ പ്രതിഫലം അടക്കമുള്ള ചെലവാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അങ്ങനെയാണ് 80 ലക്ഷം എന്ന സംഖ്യ സര്‍ക്കാരിലേക്ക് എത്തിയത്.

വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരാണ് ജില്ലാ കലോത്സവങ്ങളിലെ അപ്പീല്‍ അധികാരി. വിവിധ ജില്ലകളില്‍ ഏറിയും കുറഞ്ഞുമായിരുന്നു അപ്പീല്‍ അപേക്ഷകള്‍ എത്തിയത്. ലഭിക്കുന്ന അപേക്ഷകളുടെ 10 ശതമാനമേ അനുവദിക്കാവൂ എന്ന അനൗദ്യോഗിക നിര്‍ദേശം ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ അല്‍പം കൂടുതല്‍ അനുവദിച്ച ചില ജില്ലകളുമുണ്ട്.

ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകള്‍ വന്നത്. ഇവിടെ 38 പേര്‍ അപ്പീല്‍ അപേക്ഷ നല്‍കിയതില്‍ ഒമ്പതെണ്ണമാണ് അനുവദിച്ചത്. വയനാട് ജില്ലയില്‍ 45 അപേക്ഷകള്‍ വന്നതില്‍ ഏഴെണ്ണവും പത്തനംതിട്ട ജില്ലയില്‍ 65 എണ്ണം വന്നതില്‍ എട്ടെണ്ണവും അനുവദിച്ചു. കൊല്ലം ജില്ലയില്‍ 130 എണ്ണത്തില്‍ 13-ഉം, പാലക്കാട് ജില്ലയില്‍ 139-ല്‍ 19എണ്ണവുമാണ് അനുവദിച്ചത്. സംസ്ഥാന കലോത്സവം നടക്കുന്ന തിരുവനന്തപുരത്ത് 213 അപ്പീല്‍ അപേക്ഷകള്‍ വന്നതില്‍ അംഗീകരിച്ചത് 33 എണ്ണമായിരുന്നു. ചില ജില്ലകളില്‍ മൊത്തം എത്ര അപേക്ഷകള്‍ വന്നു എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

മലപ്പുറത്ത് 25 അപ്പീലുകള്‍ക്കാണ് അനുവാദം കൊടുത്തത്. ജില്ലാതലത്തില്‍ അപ്പീല്‍ കിട്ടിയ കുട്ടി സംസ്ഥാനത്ത് മത്സരിക്കണമെങ്കില്‍ അവിടെ 10,000 രൂപ കെട്ടിവെയ്ക്കണം. സംസ്ഥാനതലത്തില്‍ മത്സരിച്ച്, ജില്ലയിലെ ഒന്നാം സ്ഥാനക്കാരെക്കാള്‍ സ്‌കോര്‍ നേടിയാലേ ഈ തുക തിരിച്ചുകിട്ടൂ. ജില്ലാ തലത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്കൊപ്പം എത്തിയാലും തുക തിരിച്ചുകിട്ടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam