കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിൽ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്ന് കുറ്റപത്രം. കേസിലെ അഞ്ച് പ്രതികളും ചേർന്ന് ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ നാല് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
അന്വേഷണ സംഘം ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാഗിംഗ് ചെയ്തിരുന്നുവെന്നും നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങളും പകർത്തി.
റാഗിംഗ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്.
ദേഹോപദ്രവമേറ്റ് വേദന കൊണ്ട് ഇരകളായവർ പുളയുമ്പോൾ ദൃശ്യങ്ങൾ പകർത്തിയും പ്രതികൾ സന്തോഷം കണ്ടെത്തി. നടന്ന സംഭവങ്ങൾ പുറത്ത് പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്