കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ധിഖ്. പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നേതാക്കളെ അധിക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്നും നിലവിലെ സംഭവങ്ങളിൽ കടുത്ത അമർഷവും വേദനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സമുന്നത നേതാക്കളാണെന്നും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലും പൊതുവിടങ്ങളിലും അണികൾ പരിധി വിടരുതെന്നും പ്രവർത്തകർ ചേരിതിരിഞ്ഞ് തെരുവിലിറങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിയ നടപടി അതീവ വേദനാജനകമാണ്. ഫ്ലക്സ് വെക്കലും അത് നശിപ്പിക്കലുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മാനദണ്ഡമെന്നും ഇത്തരം പ്രവണതകൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുന്നതിലുണ്ടായ കാലതാമസമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. സമവായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം എഐസിസി (AICC) അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge) നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ താല്പര്യവും സീനിയോറിറ്റിയും പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
