ശബരിമല നെയ്യ് ക്രമക്കേട്: ഉന്നതരുടെ പങ്കും അന്വേഷിക്കും; ടെൻഡർ അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദമെന്ന് സംശയം

AUGUST 11, 2026, 12:44 AM

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഉന്നതരുടെ പങ്കും അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നീക്കം തുടങ്ങി. ടെൻഡർ നടപടികൾ അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദം ഉണ്ടായിരുന്നുവെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് വിവരം.

ടെൻഡർ നടപടികളിൽ ക്രമക്കേട് നടത്തി മിൽമയ്ക്ക് കരാർ നൽകിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.3 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാനും എസ്‌ഐടി നീക്കം നടത്തുന്നുണ്ട്.

ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇടപാടിൽ പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയ്ക്ക് പുറമെ മറ്റ് ക്ഷേത്രങ്ങളിലേക്കും ഇതേ നെയ്യ് വിതരണം ചെയ്തിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

vachakam
vachakam
vachakam

മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തൽ. 2025ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്ന് നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ് 2024ലാണ് തീരുമാനിച്ചത്. ഇതിനായി നടത്തിയ ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു.

ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ നടപടികൾ റദ്ദാക്കി മിൽമയ്ക്ക് നേരിട്ട് കരാർ നൽകുകയായിരുന്നു. സാധാരണ നെയ്യ് ഉപയോഗിച്ച് ഒരു കൂട്ടം അരവണ തയ്യാറാക്കാൻ 10 ലിറ്റർ നെയ്യ് ആവശ്യമായിരുന്നപ്പോൾ മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ ഏഴ് മുതൽ ഏഴര ലിറ്റർ വരെ മതിയാകുമെന്നായിരുന്നു മിൽമയ്ക്ക് അനുകൂലമായി ഉയർത്തിയ വാദം.

ഇതിന്റെ അടിസ്ഥാനത്തിൽ മിൽമയ്ക്ക് മുൻഗണന നൽകണമെന്ന് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ശുപാർശ ചെയ്തിരുന്നു. എന്നാൽ ദേവസ്വം കമ്മീഷണർ ഇതിനെ എതിർത്തു. ഈ എതിർപ്പ് മറികടന്നാണ് പി.എസ്. പ്രശാന്തും ബോർഡ് അംഗം അജികുമാറും മിൽമയ്ക്ക് കരാർ നൽകാൻ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

vachakam
vachakam
vachakam

ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഒരു സ്ഥാപനം ഒരു ലിറ്റർ നെയ്യിന് 369 രൂപയാണ് ക്വോട്ട് ചെയ്തത്. എന്നാൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ലിറ്ററിന് 510 രൂപയാണ് ചെലവായത്. 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.

ടെൻഡർ റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നിൽ ആരൊക്കെയുണ്ടായിരുന്നു, രാഷ്ട്രീയ സമ്മർദം ഉണ്ടായിരുന്നോ, ബോർഡിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ഇടപാടിൽ എന്തെങ്കിലും പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എസ്‌ഐടി ഇനി വിശദമായി പരിശോധിക്കുക. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യുകയും പ്രതിപ്പട്ടിക വിപുലീകരിക്കുകയും ചെയ്യുമെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam