തിരുവനന്തപുരം: ബന്ധുവീട്ടിൻ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിൽ മാസങ്ങൾക്ക് ശേഷം യുവതി പിടിയിൽ. വീട്ടിൽ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഭരതന്നൂർ നിഖിൽ ഭവനിൽ നീതു (33)വിനെയാണ് പൊലീസ് പിടികൂടിയത്. ഭരതന്നൂർ കാവുവിള വീട്ടിൽനിന്ന് ജൂണിലായിരുന്നു സ്വർണാഭരണങ്ങൾ മോഷണം പോയത്.
കല്യാണത്തിനുശേഷം പുതിയ വീട്ടിൽ ഇവർ 25 ദിവസത്തോളം ഉണ്ടായിരുന്നില്ല. മടങ്ങി എത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. ആഗസ്റ്റ് എട്ടിന് പാങ്ങോട് പൊലീസിൽ പരാതി നൽകി.
അന്വേഷണം തുടരുന്നതിനിടെ ബന്ധുവായ നീതുവിന്റെ ആർഭാട ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് മൂന്ന് തവണ സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും ചോദ്യംചെയ്തെങ്കിലും താൻ മോഷണം നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു നീതു. എന്നാൽ മോഷ്ടിച്ച ആഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചതായി പൊലീസിന് വിവരം ലഭിച്ചു.
സ്ഥാപനം കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ നീതു സ്ഥാപനത്തിലെത്തി പണയത്തിലുള്ള ആഭരണങ്ങൾ വിൽപ്പനയും നടത്തി. എന്നാൽ യുവതിയുടെ ഇടപെടലിൽ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ആഭരണങ്ങളുടെ ചിത്രമെടുത്ത് പൊലീസിന് കൈമാറി. ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം പാങ്ങോട് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. ഈ കേസിൻ്റെ അന്വേഷണത്തിനെന്ന പേരിൽ നീതുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
ഇത്തവണ പൊലീസ് തെളിവുകൾ നിരത്തിയതോടെ മറ്റു വഴികളില്ലാതെ കുറ്റംസമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
