കണ്ണൂർ: കണ്ണൂരിൽ 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം തറച്ചു കയറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തതായി റിപ്പോർട്ട്. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി അച്ഛൻ ശ്രീജു നൽകിയ പരാതിയിന്മേലാണ് നടപടി ഉണ്ടായിരിക്കുന്നത്.
കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 24 ദിവസത്തോളം കുഞ്ഞിന്‍റെ കാലിൽ സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
എന്നാൽ ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം കുഞ്ഞിന്റെ തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടെത്തിയത്. ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്നും ആണ് കുഞ്ഞിന്‍റെ അച്ഛൻ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുട്ടിയുടെ അച്ഛൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്